അഞ്ചു ദിവസം മഴ: നശിച്ചത് 3,275.24 ഹെക്ടറിലെ കൃഷി, 10 കോടി രൂപയുടെ നഷ്ടം

അഞ്ചു ദിവസം മഴ: നശിച്ചത് 3,275.24 ഹെക്ടറിലെ കൃഷി, 10 കോടി രൂപയുടെ നഷ്ടം

മഴക്കെടുതി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍. കൃഷി നഷ്ടപരിഹാരത്തിന് എയിംസ് പോര്‍ട്ടല്‍.

ജൂലൈ ഒന്നു മുതല്‍ അഞ്ചുവരെ പെയ്ത പരുമഴയില്‍ സംസ്ഥാനത്ത് 10 കോടി 94.51 ലക്ഷത്തിന്റെ കൃഷിനാശം. ജൂലൈ നാലിലെ അതിതീവ്ര മഴയാണ് കൃഷിനഷ്ടത്തിന്റെ ആക്കം വര്‍ധിപ്പിച്ചത്. 133.1 മില്ലീമീറ്റര്‍ മഴയാണ് കുമരകം പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ നാലിന് രേഖപ്പെടുത്തിയതെന്ന് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ. അജിത്ത് പറഞ്ഞു. ഇന്ന് (ജൂലൈ 5) 78 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. ഒരു ദിവസം രാവിലെ എട്ടരമുതല്‍ പിറ്റേദിവസം രാവിലെ എട്ടരവരെയുള്ള മഴ കണക്കാക്കിയാണ് ഒരുദിവസത്തെ മഴയുടെ കണക്ക് രേഖപ്പെടുത്തുന്നത്. പുതിയ കണക്കനുസരിച്ച് 124.5 മില്ലി മീറ്റര്‍ മുതല്‍ 244.4 മില്ലി മീറ്റര്‍ വരെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്.

മഴയുടെ തീവ്രത കണക്കാക്കുന്ന രീതി.
മഴയുടെ തീവ്രത കണക്കാക്കുന്ന രീതി.

സംസ്ഥാനത്ത് 6060 കര്‍ഷകരുടെ 3,275.24 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൃഷി വകുപ്പില്‍ നഷ്ടം റിപ്പോര്‍ട്ടു ചെയ്ത കര്‍ഷകരുടെ നഷ്ടകണക്കാണിത്. എന്നാല്‍ യഥാര്‍ഥ നഷ്ടം കണക്കാക്കുമ്പോള്‍ സംഖ്യ ഇരട്ടിയിലധികമാകാന്‍ സാധ്യതയുണ്ട്.

ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടായത് ആലപ്പുഴ ജില്ലയിലാണ്. 1523 കര്‍ഷകരുടെ 244.51 ഹെക്ടര്‍ കൃഷി നശിച്ച ഇവിടെ മൂന്നു കോടി 67.51 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഒരുകോടി 6.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായ മലപ്പുറമാണ് കൃഷി നഷ്ടത്തില്‍ രണ്ടാമത്. 287 കര്‍ഷകരുടെ 9.41 ഹെക്ടര്‍ കൃഷിയാണിവിടെ നശിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കൃഷി നഷ്ടം(കൃഷി വകുപ്പിന്റെ കണക്ക്.)
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കൃഷി നഷ്ടം(കൃഷി വകുപ്പിന്റെ കണക്ക്.)

എറണാകുളത്ത് 540 കര്‍ഷകരുടെ 108.17 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 68.64 ലക്ഷത്തിന്റെ കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 17.02 ലക്ഷത്തിന്റെ കൃഷി നാശമുണ്ടായ ഇടുക്കിയില്‍ 140 കര്‍ഷകരുടെ 5.42 ഹെക്ടറിലെ കൃഷി നശിച്ചു. കണ്ണൂരില്‍ 157 കര്‍ഷകരുടെ 8.38 ഹെക്ടറിലെ കൃഷി നശിച്ചു. 59.99 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. കാസര്‍ഗോഡ് 51.06 ഹെക്ടറിലെ കൃഷി നശിച്ചു. 906 കര്‍ഷകര്‍ക്കായി 35.82 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കൊല്ലത്ത് 91.83 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 1,146 കര്‍ഷകരുടെ 149.13 ഹെക്ടറിലെ കൃഷി നശിച്ചു. കോട്ടയത്ത് 10.39 ഹെക്ടറിലെ കൃഷി നശിച്ചു. 64 കര്‍ഷകര്‍ക്കായി 23.15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട് 69.30 ലക്ഷം, പാലക്കാട് 30.38 ലക്ഷം, പത്തനംതിട്ട 66.48 ലക്ഷം, തിരുവനന്തപുരം 87.32 ലക്ഷം, തൃശൂര്‍ 3.11 ലക്ഷം, വയനാട് 67.20 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൃഷിനാശക്കണക്ക്.

കൃഷി നാശം: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൃഷി വകുപ്പ് ജില്ലതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കര്‍ഷകര്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം.

 • തിരുവനന്തപുരം: 9446289277, 9562435768

 • കൊല്ലം: 9447905620, 9497158066

 • പത്തനംതിട്ട: 9446041039, 9446324161

 • ആലപ്പുഴ: 7559908639 , 9539592598

 • കോട്ടയം: 9446333214, 7561818724

 • എറണാകുളം: 8921109551, 9496280107

 • തൃശൂര്‍: 9495132652, 8301063659

 • ഇടുക്കി: 9447037987, 8075990847

 • പാലക്കാട് : 8547395490, 9074144684

 • മലപ്പുറം: 9744511700, 9446474275

 • കോഴിക്കോട്: 9847402917, 9383471784

 • വയനാട്: 9495622176, 9495143422

 • കണ്ണൂര്‍: 9383472028, 9495887651

 • കാസര്‍ഗോഡ്: 9446413072, 7999829425

കൃഷി നഷ്ടപരിഹാരത്തിന് എയിംസ് പോര്‍ട്ടല്‍

കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. അതിനായി എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളുടെയും വിവരങ്ങള്‍ ചേര്‍ത്ത് കൃഷിഭവനുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്ന് കൃഷി വകുപ്പ് അറിയിച്ചു.

logo
The Fourth
www.thefourthnews.in