ചേലോടെ കാണാം, ബ്രിട്ടീഷ് കാലത്തെ തേയില നിര്‍മാണം

ബ്രിട്ടീഷ് കാലത്തെ തേയില നിര്‍മാണം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചേലോട് ടീ എസ്‌റ്റേറ്റിലെത്താം. ചേലോട്ടെ തേയിലകൃഷിയുടെയും ഫാക്ടറിയുടെയും കാഴ്ചകളിലൂടെ

മലയോരങ്ങളിലെ തേയിലത്തോട്ടങ്ങള്‍ക്ക് പറയാനുള്ളത് സ്വാതന്ത്ര്യത്തിനും അപ്പുറത്തുള്ള കൃഷി കഥകളാണ്. അക്കാലങ്ങളില്‍ ദാരിദ്രത്തില്‍ നട്ടം തിരിഞ്ഞ ഒരു ജനതയുടെ മുന്നിലുള്ള ഉപജീവനമാര്‍ഗവുമായിരുന്നു തേയില തോട്ടങ്ങളും ചായപ്പൊടി നിര്‍മാണവുമെല്ലാം. അക്കാലത്തെ ഓര്‍മകള്‍ അയവിറക്കി നില്‍ക്കുകയാണ് വയനാട് ചൂണ്ടേലിലെ ചേലോട് ടീ എസ്‌റ്റേറ്റ്. ഇവിടെ ചെന്നാല്‍ തേയില നിര്‍മാണത്തിന്റെ പരമ്പരാഗത വഴികളിലൂടെ സഞ്ചരിക്കാം. സ്വാതന്ത്ര്യത്തിനും അപ്പുറമുള്ള തേയില നിര്‍മാണ രീതി കാണാം. 1927 ല്‍ തുടങ്ങിയ തേയില ഫാക്ടറിയില്‍ അന്നത്തെ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇന്നും തേയില ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. നല്ല സ്വര്‍ണ നിറമുള്ള ഈ യന്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ഗണ്‍ മെറ്റല്‍ കൊണ്ടാണ്. അതിനാല്‍ ഇവ ഇന്നും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. 1927 കളില്‍ കുടിയേറ്റ ജനതയുടെ ഉപജീവനമാര്‍ഗമായാണ് ഈ തേയില ഫാക്ടറിയുടെ ഉദയം.

പരമ്പരാഗത രീതിയുടെ രുചി

പരമ്പരാഗത രീതിയില്‍ തേയില കൊളുന്തുകള്‍ സംസ്‌കരിച്ച് ഉണ്ടാക്കുന്ന തേയിലയെ അടുത്തറിയണമെങ്കില്‍ ഇവിടെയെത്തണം. കൊളുന്തുകളിലെ ജലാംശം കുറയ്ക്കുന്നതിന് വിറകില്‍ പ്രവര്‍ത്തിക്കുന്ന ഡ്രയറുകളിലേക്കാണ് ആദ്യം ഇടുന്നത്. ഇലകളിലെ ജലാംശം നിശ്ചിത സമയത്തിനുള്ളില്‍ വാട്ടി താഴെയുള്ള തടി കുഴലിലൂടെ അരയ്ക്കുന്നതിനായി നല്‍കുന്നു. ഇവിടെയാണ് തേയിലയുടെ നാരുകള്‍ പൊട്ടി സുഗന്ധം വമിക്കുന്ന രീതിയിലേക്കത് മാറുന്നത്. ശേഷം പുളിപ്പിക്കല്‍ പ്രക്രിയയാണ്.

ഓര്‍ത്തഡോക്സ് തേയില നിര്‍മാണം അവസാന ഘട്ടത്തില്‍.
ഓര്‍ത്തഡോക്സ് തേയില നിര്‍മാണം അവസാന ഘട്ടത്തില്‍.

അരച്ച തേയില നിലത്തു വിരിച്ച് നിശ്ചിത സമയം ഇട്ടതിനു ശേഷം വീണ്ടും ഡ്രൈയറിലേക്കു മാറ്റുന്നു. അവിടെ നിന്ന് ഗ്രേഡിംഗ് യൂണിറ്റിലെത്തി വിവിധയിനം തേയിലയായി പായ്ക്കറ്റുകളിലാക്കുന്നു. വലിയബാഗുകളില്‍ ഈ തേയില പോകുന്നത് വിദേശങ്ങളിലേക്കാണ്. മലയാളിക്ക് ഓര്‍ത്തഡോക്‌സ് തേയിലയുടെ രൂചി നുകരണമെങ്കില്‍ ഫാക്ടറിയില്‍ നേരിട്ടെത്തുകയോ ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കുകയോ വേണം.

ഫോണ്‍: ടെനി 73062 61254.

Related Stories

No stories found.
logo
The Fourth
www.thefourthnews.in