ഒരു വാഴക്കൂമ്പില്‍ നിന്ന് ഒരായിരം തൈകള്‍

എംടെക് ബയോ ടെക്‌നോളജി ബിരുദധാരിയായ ബിന്ദ്യാ ബാലകൃഷ്ണനും കുറച്ചു സ്ത്രീകളും ചേര്‍ന്നു നടത്തുന്ന സംരംഭത്തിന് പറയാനൊരു കഥയുണ്ട്

വാഴക്കൂമ്പില്‍ നിന്ന് വാഴക്കന്നുകള്‍ ഉണ്ടാക്കാനാകുമോ? ഒന്നല്ല, ഒരായിരം തൈകള്‍ ഉണ്ടാക്കാനാകും. പ്രകൃതിയുടെ ഈ ഇന്ദ്രജാലം കാണണമെങ്കില്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലുള്ള പ്ലാന്റ് മില്ലിലെത്തണം. എംടെക് ബയോ ടെക്‌നോളജി ബിരുദധാരിയായ ബിന്ദ്യാ ബാലകൃഷ്ണനും കുറച്ചു സ്ത്രീകളും ചേര്‍ന്നു നടത്തുന്ന ഈ സംരംഭത്തിന് പറയാനൊരു കഥയുണ്ട്.

ഇരിങ്ങാലക്കുട കോണത്തുകുന്നിലെ പ്ലാന്റ് മില്‍ എന്ന ടിഷ്യൂ കള്‍ച്ചര്‍ ലാബിലെ പ്രവര്‍ത്തനങ്ങളെല്ലാം സ്ത്രീകള്‍ ചേര്‍ന്നാണ്. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. ലാബില്‍ തൈകള്‍ തയാറാക്കുന്നതുമുതല്‍ പോളിഹൗസിലേക്കും മഴമറയിലേക്കും അവയെ മാറ്റി ഹാര്‍ഡന്‍ ചെയ്ത് കര്‍ഷകര്‍ക്കു നല്‍കുന്നതുവരെ എല്ലാ ജോലികളും ചെയ്യുന്നത് ഇവരാണ്. പടിപടിയായി വര്‍ഷങ്ങളെടുത്താണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്. പ്ലാന്റ് ശേഷിയുടെ മുപ്പതു ശതമാനം വരെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ നാലു ലക്ഷം തൈകള്‍വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ടിഷ്യൂകള്‍ച്ചര്‍ ലാബ്. ഒരു സെന്റി മീറ്റര്‍ മാത്രമുള്ള ഒരു മാതൃസസ്യത്തിന്റെ കഷണം അഥവാ എക്‌സ്പ്ലാന്റ ഒരു വര്‍ഷം ലാബില്‍ വച്ചാണ് തൈകളാക്കുന്നത്. ഇതിനുള്ള ദ്രവ ഭക്ഷണം പ്രത്യേക സംവിധാനത്തില്‍ അണുവിമുക്തമാക്കിയാണ് ലാബിലേക്കു നല്‍കുന്നത്. എട്ട് സ്റ്റേജുകളിലൂടെ കടന്നാണ് ഒരു എക്‌സ്പ്ലാന്റ് പൂര്‍ണവളര്‍ച്ചയെത്തിയ ചെടിയായി പുറത്തേക്കു വരുന്നത്.

അഞ്ചിനം വാഴകള്‍

ക്വിന്റല്‍ നേന്ത്രന്‍, മഞ്ചേരി നേന്ത്രന്‍, ആറ്റുനേന്ത്രന്‍, പൂജാ കദളി, ചങ്ങാലിക്കോടന്‍ എന്നീയിനം വാഴകളുടെ ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അഗ്ലോണിമ ഇനം അലങ്കാരച്ചെടികളുടെ തൈകള്‍ക്കും വലിയ ഡിമാന്‍ഡാണെന്ന് ബിന്ദ്യ പറയുന്നു.

സ്വയം തൊഴില്‍ സംരംഭം

നല്ലൊരു സ്വയം തൊഴില്‍ സംരംഭം കൂടിയാണ് ടിഷ്യൂകള്‍ച്ചര്‍ ലാബിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍. ലാബിനു പുറത്തുവന്ന തൈകള്‍ സാധാരണ താപനിലയില്‍ വച്ച് ഹാര്‍ഡന്‍ ചെയ്തതിനു ശേഷമാണ് വില്‍പനയ്ക്കു തയാറാകുന്നത്. പോളിഹൗസോ ഗ്രീന്‍ ഹൗസോ ഉള്ളവര്‍ക്ക് ഈ ജോലികള്‍ ചെയ്ത് തൈകള്‍ വില്‍കുന്ന സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാമെന്നും ബിന്ദ്യ പറയുന്നു.

ഫോണ്‍: ബിന്ദ്യ- 96560 45358.

logo
The Fourth
www.thefourthnews.in