തീറ്റയില്‍ ഹോര്‍മോണുകളോ?
ഇറച്ചിക്കോഴിയെന്നാല്‍ എന്ത്?

തീറ്റയില്‍ ഹോര്‍മോണുകളോ? ഇറച്ചിക്കോഴിയെന്നാല്‍ എന്ത്?

ഇറച്ചിക്കോഴി വ്യവസായത്തോളം പഴക്കമുള്ള ആരോപണമാണ് ഇവയ്ക്ക് ഹോര്‍മോണുകള്‍ നല്‍കുന്നു എന്ന സംശയം. സംഗതി സത്യമാണെന്ന് ചിന്തിക്കാനുള്ള സാധ്യതയുമുണ്ട്

ശാസ്ത്രഗ്രന്ഥകാരിയായ ആലിസ് റോബര്‍ട്ട്സിന്റെ ഒരു പുസ്തകത്തിന്റെ പേരാണ് Tamed : Ten species that changed our world എന്നത്. മനുഷ്യരാശിയുടെ ചരിത്രത്തെ മാറ്റിമറിച്ച പത്തു ജീവജാതികളെക്കുറിച്ച് ഇതില്‍ പറയുന്നു. നായ, ഗോതമ്പ്, പശു, ചോളം, ഉരുളക്കിഴങ്ങ്, കോഴി, നെല്ല്, കുതിര, ആപ്പിള്‍ തുടങ്ങി സാക്ഷാല്‍ മനുഷ്യന്‍ വരെ. കൂടുതല്‍ പോഷകസമ്പന്നമായ ആഹാരമെന്ന ആവശ്യം സൃഷ്ടിയുടെ മാതാവായപ്പോള്‍ മനുഷ്യന്റെ കരവിരുതില്‍ കൂടുതല്‍ മുട്ടയിടുന്നവയും, നല്ല മാംസം തരുന്നതുമായ ഇനം കോഴികളുണ്ടായി. മനുഷ്യരാശിയുടെ പ്രോട്ടീന്‍, ഭക്ഷ്യസുരക്ഷയില്‍ പങ്കുവഹിക്കുന്ന ഭക്ഷണമായി ഇറച്ചിക്കോഴികള്‍ മാറിയിരിക്കുന്നു. മനുഷ്യവികാസത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടും, ഇറച്ചിക്കോഴികള്‍ എന്നും അപവാദത്തിന്റെ മുള്‍മുനയിലാണ്. ഹോര്‍മോണ്‍ കുത്തിവയ്പ് മുതല്‍ വൈറസ് ബാധകള്‍ വരെയുള്ള ആരോപണശരങ്ങള്‍. ഏതൊരു ഭക്ഷ്യവസ്തുവിന്റെയും ഗുണദോഷങ്ങള്‍ അതിന്റെ ഉത്പാദനം, ഉപഭോഗം, പാചകരീതി, കഴിക്കുന്ന അളവ് തുടങ്ങി നിരവധി കാര്യങ്ങളില്‍ അധിഷ്ഠിതമാണ്. ഒന്നും പൂര്‍ണമായി നല്ലതെന്നോ മോശമെന്നോ പറയാന്‍ കഴിയുമോ? ഈ തത്വം തന്നെ ബ്രോയ്ലര്‍ മാംസത്തിനും ബാധകം. നല്ലതിനെ ചീത്തയാക്കാന്‍ മനുഷ്യപ്രവൃത്തികള്‍ക്കു കഴിയുമെന്ന് നമുക്കറിയാം. യുക്തിയില്ലാത്ത കാര്യങ്ങള്‍ തള്ളിക്കളയാനും, ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങളില്‍ അവബോധം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യമെന്ന് ഓര്‍ക്കുക. ഭക്ഷ്യസമൃദ്ധി എന്നത് ആജീവനാന്ത ഉറപ്പൊന്നുമല്ല. പട്ടിണിയുടെയും, വറുതിയുടെയും കാലം ഭൂതത്തിലും, വര്‍ത്തമാനത്തിലും, ഭാവിയിലും മറഞ്ഞിരിപ്പുണ്ട്. അതിനാല്‍ സാധാരണക്കാരന് ലഭിക്കാവുന്ന ഭക്ഷ്യവസ്തുക്കളില്‍ അല്‍പജ്ഞാനം കൊണ്ട് മണ്ണു വാരിയിടരുത്. ബ്രോയിലര്‍ കോഴി ഒരു ഭീകര ജീവിയല്ല. ആരെയും എന്തിനെയും ഭീകരമാക്കുന്നതും നന്നാക്കുന്നതും മനുഷ്യ പ്രവര്‍ത്തികളാണ്.

കേവലം അമ്പത് വര്‍ഷങ്ങള്‍ക്കൊണ്ട് ആഗോള ഭക്ഷണമായി വളര്‍ന്ന കഥയാണ് ഇറച്ചി അഥവാ ബ്രോയ്ലര്‍ കോഴികള്‍ക്ക് പറയാനുള്ളത്. മലയാളിയുടെ തീന്‍മേശയില്‍, വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തിന്റെ ചിറകിലേറി സംസ്ഥാനത്ത് ഏറെ പ്രധാനപ്പെട്ട ഭക്ഷ്യവസ്തുവായി ഇത് മാറിയിരിക്കുന്നു. പതിനഞ്ചു ശതമാനത്തിലേറെയാണ് ദേശീയ തലത്തില്‍ ഈ മേഖലയുടെ വളര്‍ച്ചാ നിരക്ക്. ഒപ്പം ഏറെ ആശങ്കകളും ഈ മേഖലയെ വിടാതെ പിന്‍തുടരുന്നു. ശാസ്ത്രീയ അടിത്തറയുള്ള ഭീഷണികള്‍ക്കൊപ്പം കെട്ടുകഥകളും ഒട്ടും കുറവല്ല.

ബ്രോ‍യ്‌ലർ കോഴിയെന്നാല്‍ എന്ത്?

പ്രജനന പ്രക്രിയ വഴി കൂടുതല്‍ മാംസോത്പാദനത്തിന് വേണ്ടി ഉത്പാദിപ്പിച്ചെടുത്ത കോഴിയിനങ്ങളാണ് ഇവ. കേവലം 6-8 ആഴ്ചത്തെ ജീവിതത്തിനുള്ളില്‍ ഇവ മാംസത്തിനായുള്ള ഉപയോഗത്തിനു യോഗ്യമാകുന്നു. മൃദുമാംസവും മിനുസമുള്ള ചര്‍മ്മവും വളയുന്ന നെഞ്ചെല്ലുമുള്ള ഉത്തമ മാംസാഹാരം. ത്വരിതഗതിയിലുള്ള വളര്‍ച്ച, ഉയര്‍ന്ന ജീവനക്ഷമത, മെച്ചപ്പെട്ട തീറ്റ പരിവര്‍ത്തനശേഷി, ഉത്തമ ശരീരഘടന തുടങ്ങിയ പൊതുഗുണങ്ങളാണ് ഇവയ്ക്കുള്ളത്. കോര്‍ണിഷ്, പ്ലിമത്ത് റോക്ക് തുടങ്ങിയ ഇനങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത്, പ്രജനനം നടത്തി സൃഷ്ടിക്കപ്പെട്ട വിവിധ സ്ട്രെയ്നുകള്‍ (strains) ആണ് റോസ്, കോബ് തുടങ്ങിയ ഇന്നത്തെ ബ്രോയ്ലര്‍ ഇനങ്ങള്‍. കേവലം 35 ദിവസംകൊണ്ട് 1.9 കിലോഗ്രാമും 42 ദിവസംകൊണ്ട് 2.5 കിലോഗ്രാം ശരീരഭാരം ആര്‍ജിക്കുന്നു ഇവ. ഒരു കിലോഗ്രാം തൂക്കം വയ്ക്കാന്‍ യഥാക്രമം 1.58, 1.70 കിലോഗ്രാം മാത്രം തീറ്റയേ ആവശ്യമുള്ളൂ. ആഗോളതലത്തില്‍ രണ്ടോ, മൂന്നോ, പ്രജനന കമ്പനികളുടെ കൈകളിലാണ് ഇറച്ചിക്കോഴികളുടെ അടിസ്ഥാന ശുദ്ധ ഇനങ്ങള്‍ (Pure line) ഉള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഇവയുടെ മുതുമുത്തച്ഛന്മാര്‍ (Great Grand Parents), മുത്തച്ഛന്മാര്‍ (Grand Parents), അച്ഛനമ്മമാര്‍ (Parents) ഇവയെ കൊണ്ടുവന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചാണ് ഇന്ത്യയില്‍ ആവശ്യം നിറവേറ്റുന്നത്.

തെരഞ്ഞെടുപ്പും പ്രജനനവും

1920-കളില്‍ തന്നെ അമേരിക്കയില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ ആരംഭിച്ചെങ്കിലും ജനിതകശേഷി വര്‍ദ്ധനവിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയത് 1940 കളിലാണ്. ഇവ വിപണിയിലെത്താന്‍ വീണ്ടും 20 വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു. വീട്ടുമുറ്റങ്ങളിലെ പ്രിയങ്കര ഇനമായിരുന്ന വെള്ള പ്ലിമത്ത് റോക്ക് ഇനങ്ങളുടെ ശേഖരത്തില്‍ നിന്ന് ശരീരഭാരം കൂടിയവയെ തെരഞ്ഞെടുത്ത് പ്രജനനം നടത്തിയായിരുന്നു തുടക്കം. ഇറച്ചിക്കോഴികളുടെ പിതാക്കന്മാര്‍ വളര്‍ച്ച, മാംസഗുണം എന്നിവയിലും, മാതാക്കള്‍ മുട്ടയുത്പാദനത്തിലും മിടുക്കരായിരുന്നു. പിന്നീട് ഓരോ തലമുറയിലും മുതുമുത്തച്ഛന്‍ മുതല്‍ മാതാപിതാക്കള്‍വരെയുള്ളവരില്‍ നടത്തിയ തെരഞ്ഞെടുപ്പും പ്രജനനവുമാണ് ബ്രോയിലര്‍ കോഴികളുടെ ഗുണത്തിന്റെ അടിസ്ഥാനം. ഓരോ കാലത്തും വിപണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വന്നുവെന്നുമാത്രം. തുടക്കത്തില്‍ വളര്‍ച്ചയും നെഞ്ചിലേയും തുടയിലേയും മാംസത്തിന്റെ അളവും പ്രധാനമായിരുന്നു. തീറ്റവില കൂടിവന്നപ്പോള്‍ ശ്രദ്ധ തീറ്റ പരിവര്‍ത്തനശേഷിയിലേക്കായി. ലാഭകരമായി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കണമെങ്കില്‍ അമ്മമാര്‍ കൂടുതല്‍ മുട്ടയിടുന്നവരും, മുട്ടകളുടെ വിരിയല്‍ശേഷി കൂടുതലുള്ളവയുമാകണമായിരുന്നു. പിന്നീട് ശ്രദ്ധ നെഞ്ചിലെ മാംസത്തിന്റെ അളവിലായി. രണ്ടായിരമാണ്ടോടെ കോബ്, ഏവിയ, ജന്‍, ഗ്രിമൗഡ് തുടങ്ങി വിരലിലെണ്ണാവുന്ന ബ്രീഡിംഗ് കമ്പനികള്‍ മാത്രമായി ചിത്രത്തില്‍ ശേഷിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ പുതിയ ദിശയിലാണ്. ഉപഭോക്താവിന്റെ ആരോഗ്യം, പക്ഷികളുടെ ക്ഷേമം, ഉത്പാദകന്റെ സാമ്പത്തിക സുസ്ഥിരത, വ്യവസായത്തിന്റെ നിലനില്‍പ് തുടങ്ങി സുസ്ഥിര വികസനത്തിനുള്ള തെരഞ്ഞെടുപ്പും പ്രജനനവുമാണ് ഇന്ന് ലക്ഷ്യമാക്കുന്നത്. ഒരു കാര്യം ഉറപ്പിക്കാം. ഇന്ന് ഇറച്ചിക്കോഴികള്‍ക്ക് നാം കാണുന്ന വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനം നിരവധി തലമുറകളിലായി വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ശാസ്ത്രലോകം നടത്തിയ തെരഞ്ഞെടുപ്പും പ്രജനനവുമാണ്.

പരിപാലനത്തിലൂടെ പൂര്‍ണ വളര്‍ച്ച

ദ്രുതഗതിയിലുള്ള വളര്‍ച്ച സാധ്യമാക്കുന്ന പാരമ്പര്യഗുണങ്ങള്‍ പേറുന്ന കോഴിക്കുഞ്ഞുങ്ങളാണ് വാണിജ്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഫാമുകളിലെത്തുന്നത്. ഇവയെ മികച്ച പാര്‍പ്പിടം, തീറ്റക്രമം, ആരോഗ്യ പരിപാലനം എന്നിവ വഴി കൃത്യസമയത്ത് വളര്‍ച്ച കൈവരിച്ച് വിപണിയിലെത്തിക്കേണ്ട ചുമതലയാണ് കര്‍ഷകനുള്ളത്. ഒരു ചതുരശ്രയടി എന്ന വിധത്തില്‍ മാത്രം സ്ഥല സൗകര്യമാണ് ഒരു പക്ഷിക്ക് ലഭിക്കുക. ഈ പരിമിതി മൂലം ശരീരചലനങ്ങള്‍ നിയന്ത്രിക്കപ്പെടുകയും ശരീരഭാര നഷ്ടം ഒഴിവാകുകയും ചെയ്യുന്നു. പാര്‍പ്പിടമൊരുക്കുമ്പോള്‍ സ്ഥല സൗകര്യത്തോടൊപ്പം അന്തരീക്ഷതാപം, വായുസഞ്ചാരം ഇവ ക്രമീകരിക്കുകയും തീറ്റയും വെള്ളപ്പാത്രങ്ങളും സജ്ജീകരിക്കുകയും വേണം. ശാസ്ത്രീയ ഗവേഷണങ്ങളുടെ ഫലമായി ഓരോ കോഴിക്കും ഓരോ സമയത്തും ലഭിക്കേണ്ട പോഷകങ്ങളുടെ അളവ് കൃത്യമായി കണക്കാക്കിയിട്ടുണ്ട്. ഉയര്‍ന്ന ഊര്‍ജ്ജവും, മാംസ്യവും അടങ്ങിയ തീറ്റയാണ് ഇറച്ചിക്കോഴിയുടേത്. ആദ്യത്തെ മൂന്നാഴ്ചക്കാലം 23 ശതമാനവും പിന്നീട് 20 ശതമാനവും ഊര്‍ജ്ജം അടങ്ങിയ തീറ്റയാണ് നല്‍കുന്നത്. സാധാരണ രീതിയില്‍ 42 ദിവസം പ്രായത്തില്‍ 3.75 കിലോഗ്രാം തീറ്റയെടുത്ത് 2.25 കിലോഗ്രാം ഭാരത്തില്‍ ഇവ വിപണിയിലെത്തുന്നു.

തീറ്റയില്‍ ഹോര്‍മോണുകളോ?

മഞ്ഞച്ചോളം, ഗോതമ്പ്, അരി, റാഗി തുടങ്ങിയ ധാന്യങ്ങള്‍ നിലക്കടല, തേങ്ങ, സൂര്യകാന്തി, എള്ള്, പിണ്ണാക്കുകള്‍, മത്സ്യപ്പൊടി, സോയബീന്‍, വിറ്റമിനുകള്‍, മിനറലുകള്‍, കോക്സീഡിയ പരാദങ്ങള്‍ക്കെതിരേയുള്ള മരുന്നുകള്‍ ഇവയൊക്കെയാണ് പ്രധാനമായുള്ളത്. വിലയും ലഭ്യതയും അനുസരിച്ച് മേല്‍പ്പറഞ്ഞ ഘടകങ്ങളില്‍ നിന്ന് തീറ്റ മിശ്രിതം തയാറാക്കും. വൈറസ് രോഗങ്ങളായ മാരക്സ്, കോഴിവസന്ത, ഐബിഡി തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ പ്രതിരോധ കുത്തിവയ്പുകളും കൃത്യസമയത്തുണ്ടാവും. ഇങ്ങനെ കൃത്യമായ ശരീരപ്രകൃതിയും ജനിതക ശേഷിയുമുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ പരിപാലനം നല്‍കിയാല്‍ ഇവ വിപണി ഭാരത്തില്‍ കൃത്യസമയത്ത് എത്തും. അതിനായി ഹോര്‍മോണുകളുടെ അകമ്പടി വേണ്ട.

മാംസത്തിന്റെ ഗുണവും രുചിയും

ചെറിയ നേര്‍ത്ത നാരുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട മാംസമാണ് ഇവയുടേത്. അതിനാല്‍ തന്നെ എളുപ്പും ദഹിക്കുന്നതും മൃദുവുമാണ്. നിശ്ചിത പോഷക ഗുണങ്ങളോടൊപ്പംതന്നെ ഊര്‍ജ്ജത്തിന്റെ അളവ് കുറവുള്ള മാംസമാണിത്. ദുര്‍മ്മേദസ് ഒഴിവാക്കാനാഗ്രഹിക്കുന്നവര്‍ക്കും വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും, രോഗത്തില്‍ നിന്ന് വിമുക്തി പ്രാപിക്കുന്നവര്‍ക്കും ഉത്തമം. 100 ഗ്രാം കോഴിയിറച്ചിയില്‍ കേവലം 50-60 മില്ലിഗ്രാം കൊളസ്ട്രോള്‍ മാത്രമേയുള്ളൂ. കോഴിയിറച്ചിയില്‍ അടങ്ങിയിരിക്കുന്ന 4.5 ശതമാനം കൊഴുപ്പില്‍ അപൂരിത കൊഴുപ്പമ്ലങ്ങളുടെ അളവാണ് കൂടുതലെന്നതിനാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നുമില്ല. ശരീരത്തിനാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും അടങ്ങിയ ഉത്തമ പ്രോട്ടീന്‍ സ്രോതസുമാണ് കോഴിയിറച്ചി. ഒപ്പം വിറ്റമിനുകളും ഖനിജങ്ങളും അടങ്ങിയ കോഴി മാംസത്തിന് മതപരമായ വിലക്കുകളുമില്ല.

എക്കാലവും നിറംപിടിപ്പിച്ച കഥകള്‍

ഫലമുള്ള വൃക്ഷത്തിനേല്‍ക്കുന്ന കല്ലേറു പോലെയാണ് അനുദിനം വളര്‍ന്നു വരുന്ന ഇറച്ചിക്കോഴി വിപണിക്കെതിരേയുള്ള ഗോസിപ്പുകളും. ഇവയില്‍ പലതും മറുപടി അര്‍ഹിക്കുന്നതിനേക്കാള്‍ താഴെയാണ്. ഏകദേശം പത്തുവര്‍ഷം മുന്‍പത്തെ ഒരു ക്രിസ്മസ്, പുതുവത്സര കാലത്താണ് ഇതില്‍ ഏറ്റവും അബദ്ധജടിലവും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതുമായ ആരോപണം ഉയര്‍ന്നത്. മന്ത് രോഗം ബാധിച്ച രോഗികളുടെ രക്തം അല്ലെങ്കില്‍ സീറം ഇറച്ചിക്കോഴികള്‍ക്ക് കുത്തിവയ്ക്കുന്നുവെന്നും, ഇതാണ് ദ്രുതഗതിയിലുള്ള വളര്‍ച്ചാ നിരക്കിനു കാരണമെന്നുമുള്ള വാര്‍ത്തയായിരുന്നു അത്. വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഇടംപിടിക്കരുതാത്തതെങ്കിലും, ഈ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിക്കുകയും വിപണിയില്‍ കോലാഹലം സൃഷ്ടിക്കുകയും ചെയ്തു. ഫലമോ ഇറച്ചിക്കോഴി വില്‍പ്പന 30-40 ശതമാനം വരെ കുറഞ്ഞു. പ്രത്യേകിച്ച് വടക്കേ മലബാറില്‍ വിപണി കുത്തനേ ഇടിഞ്ഞു. താറാവും, പോത്തും, പന്നിയും, മത്സ്യവുമൊക്കെ വിപണി കൈയടക്കി. ജനന സമയത്തെ ശരീര ഭാരത്തില്‍ നിന്ന് 65 മടങ്ങോളം ഭാരത്തിലേക്ക് ഇറച്ചിക്കോഴി വളരാനുള്ള കാരണം അവയുടെ ജനിതകശേഷിയും, പരിപാലന മികവും മാത്രമാണ്. പകരം കൊതുകുകള്‍ വഴി പകരുകയും നൂല്‍ രൂപത്തിലുള്ള ഒരു സൂക്ഷ്മ പരാദം മൂലം മനുഷ്യനെ ബാധിക്കുകയും ചര്‍മ്മം, തൊലിക്കടിയിലെ കലകള്‍, കാലുകള്‍, വൃഷണങ്ങള്‍ എന്നിവിടങ്ങളില്‍ നീര്‍വീക്കം കാണിക്കുകയും ചെയ്യുന്ന മന്ത് രോഗത്തിന് ഇറച്ചിക്കോഴിയുമായി പുലബന്ധമില്ല. രക്തംപോലെ ശരീരത്തിലെ മേദോവാഹിനികളില്‍ ഒഴുകുന്ന ലസിക എന്ന ദ്രവ വസ്തു (Lymph) അവയുടെ വാഹിനികള്‍ക്കുണ്ടാകുന്ന തടസംമൂലം അടിഞ്ഞുകൂടുന്നതാണ് മന്തില്‍ കാലുകള്‍ക്ക് വലുപ്പം വയ്ക്കാനുള്ള കാരണം. ദുരുപദിഷ്ടമായ പ്രചാരണത്തിന് കാരണമെന്തായാലും കേരളത്തിലെ അഭ്യസ്തവിദ്യരായ ഉപഭോക്തൃ സമൂഹം അത് വിശ്വസിക്കുകയും, വിപണിയില്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. തമിഴ്നാട്ടുകാരനായാലും മലയാളിയായലും ഒരു വ്യവസായത്തെ തകര്‍ക്കാനുള്ള കള്ളപ്രചരണം ശരിയല്ല.

ഇറച്ചിക്കോഴികള്‍ക്ക് ഹോര്‍മോണുകള്‍ നല്‍കുന്നുണ്ടോ?

ഇറച്ചിക്കോഴി വ്യവസായത്തോളം പഴക്കമുള്ള ആരോപണമാണ് ഇവയ്ക്ക് ഹോര്‍മോണുകള്‍ നല്‍കുന്നു എന്ന സംശയം. സംഗതി സത്യമാണെന്ന് ചിന്തിക്കാനുള്ള സാധ്യതയുമുണ്ട്. ഹോര്‍മോണുകള്‍ മനുഷ്യന്റേയും മൃഗങ്ങളുടേയും ശരീരത്തില്‍ ചില പ്രത്യേക ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ്. കുറഞ്ഞ അളവിലെങ്കിലും പ്രധാന ശാരീരിക ധര്‍മ്മങ്ങളെ ഇവ നിയന്ത്രിക്കുന്നു. വളര്‍ച്ച, വികാസം, പ്രത്യുത്പാദനം തുടങ്ങിയവ ഹോര്‍മോണ്‍ നിയന്ത്രണത്തിലാണ്. ഇങ്ങനെയുള്ള ഹോര്‍മോണുകള്‍ കുത്തിവെച്ച കോഴിയിറച്ചി തിന്നുന്ന പെണ്‍കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയെത്തുന്നു എന്ന ആരോപണവും അനുബന്ധമായുണ്ട്. എന്നാല്‍ ശാസ്ത്രീയ വിവരങ്ങള്‍ പ്രകാരം ഇറച്ചിക്കോഴികളെ സംബന്ധിച്ചിടത്തോളം നിര്‍ദ്ദിഷ്ട വളര്‍ച്ചയ്ക്ക് നല്ല കുഞ്ഞുങ്ങളും, പരിപാലനവും മാത്രം മതി. വളര്‍ച്ച കൂട്ടാന്‍ നല്‍കുന്നു എന്ന് ആരോപിക്കപ്പെടുന്ന ഗ്രോത്ത് ഹോര്‍മോണ്‍ ഒരു പ്രോട്ടീന്‍ ഹോര്‍മോണ്‍ ആയതിനാല്‍ അവ തീറ്റയുടെ കൂടെ ചേര്‍ത്താല്‍ ദഹിച്ചുപോകും. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഹോര്‍മോണ്‍ വായിലൂടെ നല്‍കാറില്ല എന്നോര്‍ക്കുക. ഇനി ഈ ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്നു എന്ന വാദം നോക്കാം. ലക്ഷക്കണക്കിന് വരുന്ന കോഴികളില്‍ വിലകൂടിയ ഹോര്‍മോണുകള്‍ കുത്തിവയ്ക്കാന്‍ ചിലവഴിക്കേണ്ടു വരുന്ന സമയവും, ആള്‍ബലവും ഓര്‍ക്കുക. ഇതൊന്നും വേണ്ട, സമയമുണ്ടെങ്കില്‍ നല്ലയിനം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി നല്ല പരിപാലനം നല്‍കി വളര്‍ത്തുക. സംശയം മാറും. ഇനി അത്ലറ്റുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ കഴിച്ചാല്‍ മാത്രം പോര ശാരീരിക വ്യായാമവും വേണം ഗുണം കിട്ടാന്‍. ഒരടിയില്‍ ജീവിതം തീര്‍ക്കുന്ന ഇറച്ചിക്കോഴികള്‍ക്ക് ചലനം തന്നെ പരിമിതമല്ലേ. കേവല വിശ്വാസമെന്നതിലുപരി ശാസ്ത്രീയതെളിവുകള്‍ ഇല്ലെന്നതു തന്നെ മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ കാരണം.

ചെറുകിടക്കാരെ സഹായിക്കണം

കേരളത്തിനകത്തും പുറത്തും നിരവധി ചെറുകിട കര്‍ഷകരുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. താരതമ്യേന കുറഞ്ഞ മുതല്‍ മുടക്കും ചുരുങ്ങിയ കാലയളവുകൊണ്ടുണ്ടാകുന്ന വരുമാനവും, നിരവധി ചെറുകിട കര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ ഇറച്ചിക്കോഴി ഉത്പാദനത്തിന്റെ സുപ്രധാന ഭാഗവും ചെറുകിട മേഖലയായി. എന്നാല്‍ ചെറുകിട കര്‍ഷകര്‍ വിവിധ കാരണങ്ങളാല്‍ ഇന്ന് വളരെ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇറച്ചിക്കോഴിയുടെ അടിക്കടിയുള്ള വിലയിടിവു കാരണം, നിരവധി ചെറുകിട ഫാമുകള്‍ ഇതിനോടകം അടച്ചുപൂട്ടിയിരിക്കുന്നു. നല്ലൊരു ശതമാനം ചെറുകിട കര്‍ഷകരും സ്വന്തം നിലയിലുള്ള ഇറച്ചിക്കോഴി ഉത്പാദനം മതിയാക്കി വന്‍കിട ഇറച്ചിക്കോഴി ഉത്പാദകരുടെ കോണ്‍ട്രാക്ട് കര്‍ഷകരായി മാറിയിരിക്കുന്നു. സ്ഥലത്തിനും, ഷെഡിനും, ഉപകരണങ്ങള്‍ക്കും, വൈദ്യുതി്ക്കും മറ്റും നല്ലൊരു തുക ചിലവാക്കേണ്ടി വരുന്ന കോണ്‍ട്രാക്ട് കര്‍ഷകര്‍ക്ക് വളരെ തുച്ഛമായ വരുമാനം മാത്രമെ ലഭിക്കുന്നുള്ളൂ. യഥാസമയം കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിലും, വളര്‍ച്ചയെത്തിയ കോഴികളെ വില്‍ക്കുന്നതിലും, വളര്‍ത്തുകൂലി നല്‍കുന്നതിലും ഇന്റഗ്രേറ്റേഴ്സ് പലപ്പോഴും വീഴ്ച വരുത്തുന്നു. ഇത്തരം, നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങള്‍, തുഛവരുമാനം ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

യഥാര്‍ത്ഥ പ്രശ്നങ്ങള്‍, സാധ്യതകള്‍

മന്ത് സീറവും, ഹോര്‍മോണുമല്ല ഇറച്ചിക്കോഴി വ്യവസായം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍. 15-18 ശതമാനം വളര്‍ച്ചയാണ് ബ്രോയിലര്‍ വ്യവസായത്തിന് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ച. ലോകത്തില്‍ നാലാം സ്ഥാനമാണ് ഈ മേഖലയില്‍ ഇന്ത്യയ്ക്കുള്ളത്. 30,000 കോടിയുടെ വിപണി. കേരളത്തിലാകട്ടെ 500 കോടിയിലധികം വിലയുള്ള കോഴികള്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം എത്തുന്നു. വളരുന്ന പ്രതിശീര്‍ഷ വരുമാനം, വാങ്ങല്‍ ശേഷി വര്‍ദ്ധനവ്, നഗരവത്കരണം, മാറുന്ന ഭക്ഷണശീലങ്ങള്‍ ഇവ മൂലം ഇവ ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.

റോക്കറ്റ് പോലെ കുതിച്ചുയരുന്ന തീറ്റവിലയാണ് പ്രധാന പ്രശ്നം. തീറ്റയുടെ അമ്പതു ശതമാനം മഞ്ഞച്ചോളമാണ്. സോയാബീന്‍ ആണ് മറ്റൊരു പ്രധാന ഘടകം. അമേരിക്കയില്‍ എത്തനോള്‍ ഉത്പാദനത്തിന് (ജൈവ ഡീസല്‍ നിര്‍മാണം) ആവശ്യമുള്ളതിനാല്‍ ചോളത്തിന് ആഗോള ആവശ്യം കൂടുന്നു. മനുഷ്യന്റെ ഭക്ഷണക്രമത്തിലുള്ള സോയാബീനും ആവശ്യമേറുന്നു. ജനിതകശേഷിയിലും, പരിപാലന രീതികളിലും മാറ്റമുണ്ടാകുന്നതോടെ ഇടയ്ക്കിടെ പക്ഷിപ്പനിപോലെയുള്ള രോഗങ്ങളും ഭീഷണിയുയര്‍ത്തുന്നു. കാലാവസ്ഥാ മാറ്റത്തിനും ആഗോളതാപനത്തിനും ഇറച്ചിക്കോഴികള്‍ സംഭാവന നല്‍കുന്നത് കുറവെങ്കിലും താപനില ഉയരുന്നത് പക്ഷികളുടെ ഉത്പാദനശേഷിയെ ബാധിക്കും. മാത്രമല്ല ഉത്പാദനശേഷി കൂടിയ പാരമ്പര്യമുള്ള കാരണം ചൂട് താങ്ങുവാനുള്ള കഴിവ് കുറവായിരിക്കും. പൗള്‍ട്രി ഫാമുകളില്‍ നിന്ന് വരുന്ന മാലിന്യവും ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. മാംസത്തിന്റെ ഗുണമേന്മയോടൊപ്പം പക്ഷികളുടെ ക്ഷേമത്തേക്കുറിച്ചന്വേഷിക്കുന്ന ഉപഭോക്തൃ സമൂഹവും ഇന്ന് വളര്‍ന്നുവരുന്നു.

ഒടുവിലായി വ്യവസായത്തിലുണ്ടായ ഘടനാപരമായ മാറ്റം പ്രധാനം. രോഗഭീതിയും വിപണിവിലയിലെ അസ്ഥിരതയും ഉത്പാദനച്ചിലവും വിപണനത്തിലെ പരാജയവും മൂലം ചെറുകിട കര്‍ഷകര്‍ ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷരായിക്കൊണ്ടി രിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ വിപണനം വരെ കൈയ്യാളുന്ന ഇന്റഗ്രേഷന്‍ കമ്പനികള്‍ മാത്രമാണ് ഇന്ന് നിലവിലുള്ളത്. കര്‍ഷകര്‍ കമ്പനികളുടെ കരാര്‍ ജോലിക്കാരായി. കോഴി കര്‍ഷകരുടെ സ്ഥാനം കോഴി വ്യവസായികള്‍ കൈയടക്കി. ഉത്പാദിപ്പിച്ചുകൊടുക്കുന്ന ഉത്പന്നത്തിന്റെ ലാഭവിഹിതമല്ല കൂലിയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍തന്നെ ചെറുകിട കര്‍ഷകര്‍ക്ക് ഈ വ്യവസായ വളര്‍ച്ചയുടെ ഗുണം ലഭിക്കുന്ന വിപണി നിയന്ത്രണമേ വിപണിലംബ വളര്‍ച്ചയെ സഹായിക്കൂ. ഒപ്പം വിവേചന ബുദ്ധിയോടെ മരുന്നുകളുടെ ഉപയോഗം നടത്തി രോഗപ്രതിരോധത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന വളര്‍ത്തല്‍ രീതിയും വേണം. ഇനിയും ചെന്നെത്താന്‍ പറ്റാത്ത ആകര്‍ഷകമായ വിദേശ വിപണി സ്വപ്നം കാണാനും നമ്മുടെ കര്‍ഷകര്‍ക്ക് കഴിയണം.

ഇറച്ചിക്കോഴി മേഖല, നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് നല്‍കുന്ന സംഭാവന വിലമതിക്കാനാവില്ല. ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ഉത്പാദനക്ഷമതയുടെ മികവ്, ഇറച്ചിക്കോഴിയുടെ ഉത്പാദനച്ചിലവ് ഗണ്യമായി കുറയ്ക്കുകയും, കോഴിയിറച്ചിയെ, സാധാരണക്കാരനും പ്രാപ്യമായ ഭക്ഷണമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. മാട്ടിറച്ചിയുടെ വില, പ്രതിവര്‍ഷം 21 ശതമാനം എന്ന നിരക്കില്‍ വര്‍ധിച്ചപ്പോള്‍ കോഴിയിറച്ചിയുടെ വിലയില്‍ 12 ശതമാനം മാത്രമാണ് വര്‍ദ്ധനവുണ്ടായത്.

logo
The Fourth
www.thefourthnews.in