മേടത്തില്‍ വിത്തെറിഞ്ഞാല്‍ കര്‍ക്കടകത്തില്‍ മുറ്റത്ത്

കേരളത്തിലെ നെല്‍കൃഷിക്കാലം മേടം ഒന്നോടെ ആരംഭിച്ചിരിക്കുകയാണ്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് നെല്‍കൃഷി സീസണുകളാണ് കേരളത്തിലുള്ളത്.

മേടത്തില്‍ വിത്തെറിഞ്ഞാല്‍ കര്‍ക്കടകത്തില്‍ മുറ്റത്തെന്നാണ് പഴമൊഴി. കേരളത്തിലെ നെല്‍കൃഷിക്കാലം മേടം ഒന്നോടെ ആരംഭിച്ചിരിക്കുകയാണ്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് നെല്‍കൃഷി സീസണുകളാണ് കേരളത്തിലുള്ളത്. ഇതില്‍ ആദ്യത്തേതായ വിരിപ്പ് കൃഷി മെയ്- ജൂണ്‍ മാസങ്ങളിലാണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ വിരിപ്പുകൃഷിയുടെ വിളവെടുപ്പാണ്. ഈ വിളവെടുപ്പ് പുത്തരികൊയ്ത്ത് എന്നാണ് അറിയപ്പെടുന്നത്. കന്നികൃഷിയെന്നും കന്നിപ്പൂവെന്നും അറിയപ്പെടുന്ന ഒന്നാം വിളയാണ് വിരിപ്പുകൃഷി. കാലവര്‍ഷം എന്ന് വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ ഇടവപ്പാതിയെ ആശ്രയിച്ചാണ് ഈ കൃഷി മുന്നോട്ട് നീങ്ങുന്നത്.

കേരളത്തിന്റെ കൃഷി പാരമ്പര്യത്തില്‍ ഏറ്റവും പഴയതും പ്രാധാന്യമുള്ളതുമായ വിളയാണ് നെല്ല്. അതുകൊണ്ടുതന്നെ നെല്‍കൃഷിയുമായി ബന്ധപ്പെടുന്ന പഴഞ്ചൊല്ലുകള്‍ക്കും പഞ്ഞമില്ല.

ഒക്കത്തില്‍ വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷി ചെയ്യാം

നമ്മുടെ എഴുതപ്പെട്ട സാഹിത്യ പാരമ്പര്യത്തിന് സമാന്തരമായി വളര്‍ന്നുവന്ന കര്‍ഷകരുടെ സാഹിത്യമാണ് വാമൊഴിയായി പ്രചരിച്ച കാര്‍ഷിക പഴഞ്ചൊല്ലുകള്‍. മണ്ണിനെക്കുറിച്ചും കൃഷിരീതികളെ കുറിച്ചുമുള്ള അറിവുകള്‍ അടങ്ങിയ ക്യാപ്‌സ്യൂളുകളാണിവ. വിത്തും, വളവും എപ്പോഴിടണമെന്നതും കൃഷിയറിവില്‍ പ്രധാനമാണ്. മണ്ണറിഞ്ഞ്, കാലമറിഞ്ഞ് കൃഷിയിറക്കേണ്ടതിന്റെ പ്രാധാന്യം ചെറുതല്ലെന്ന നമ്മുടെ പൂര്‍വികരുടെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ് ഞാറ്റുവേല ചൊല്ലുകള്‍. മനുഷ്യനെ കൂട്ടായ്മയുടെ സംസ്‌കാരത്തിലേക്ക് നയിക്കുന്ന ഒന്നുകൂടിയാണ് കൃഷി.

'ഏറെ വിളഞ്ഞാല്‍ വിത്തിനാകാ' എന്നൊരു പഴഞ്ചൊല്ലുണ്ട്. വിത്തിനായി ശേഖരിക്കുന്ന നെല്ല് കൊയ്യാതെ കിടന്ന് മൂപ്പുകൂടിയതാവരുത് എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 'ഒക്കത്തില്‍ വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷി ചെയ്യാം' എന്നാണ് പഴമൊഴി. കൃഷിക്കായി വിത്ത് നേരത്തേ ഒരുക്കി, സമയത്ത് വിതയ്ക്കണമെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിക്കുന്നത്. വിത്ത് ശേഷിയുള്ളതാകാന്‍ മൂന്ന് മുതല്‍ ഏഴ് ദിവസം വരെ മഞ്ഞും വെയിലും കൊള്ളിക്കുന്ന പതിവുമുണ്ടായിരുന്നു നമ്മുടെ പൂര്‍വികര്‍ക്ക്. 'ഉഴവ് പിഴച്ചാല്‍ വിളവ് പിഴയ്ക്കും' എന്നാണ് പഴമൊഴി. നന്നായി ഉഴുതുമറിച്ച മണ്ണിലേ വേരോട്ടമുണ്ടാകൂ. വളപ്രയോഗം ഫലപ്രദമാകൂ.. ഇങ്ങനെ നമ്മുടെ നാടിന്റെ കാര്‍ഷിക വാമൊഴി വഴക്കങ്ങളിലേക്കൊന്ന് ശ്രദ്ധിച്ചാല്‍ ലഭിക്കുന്ന അറിവുകള്‍ അമൂല്യമാണ്. അടുത്ത തലമുറയിലേക്ക് പകര്‍ത്തേണ്ടതുമാണ്.

ഇനി മെയ് മാസത്തിലെ ഞായറിന്റെ വേലയിലേക്ക് കടക്കാം.

ഭരണിയില്‍ തുടങ്ങി രോഹിണിയില്‍ അവസാനിക്കും

ഏപ്രില്‍ 28 ന് തുടങ്ങി മേയ് 11 വരെ നീളുന്ന ഭരണിയാണ് മെയ് മാസത്തെ ആദ്യ ഞാറ്റുവേല. മെയ് 12 ന് ആരംഭിച്ച് 25 വരെ നീളുന്ന കാര്‍ത്തിക, മെയ് 25 മുതല്‍ ജൂണ്‍ എട്ടുവരെ നീളുന്ന രോഹിണി എന്നിവയാണ് മേയിലെ മറ്റ് ഞാറ്റുവേലകള്‍. മേടം 14ന് തുടങ്ങി 27 വരെ നീളുന്നതാണ് ഭരണി ഞാറ്റുവേല. വിരിപ്പ് നിലങ്ങളില്‍ ഒരു പ്രാവശ്യം മാത്രം കൃഷി നടത്തുന്ന ഒരുപ്പൂ നിലങ്ങളില്‍ വിത്തിനങ്ങള്‍ വിതയക്കാനുള്ള സമയമാണിത്. കരനെല്ല് വിതയ്ക്കാനും മധുരക്കിഴങ്ങ് വള്ളിവച്ച് പിടിപ്പിക്കാനും പറ്റിയ സമയം കൂടിയാണ് ഭരണി.

ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണ് മേടം 27 ന് തുടങ്ങി ഇടവം 11 ന് അവസാനിക്കുന്ന കാര്‍ത്തിക ഞാറ്റുവേല. വര്‍ഷകാല പച്ചക്കറികളായ കക്കിരി, വെണ്ട, വഴുതിന, മുളക് എന്നിവ നട്ടുപിടിപ്പിക്കാന്‍ പറ്റിയ സമയവുമാണിത്. പാവല്‍, കുമ്പളം, മത്തന്‍, കോവല്‍, പീച്ചില്‍ എന്നിവയും ഈ ഞാറ്റുവേലയില്‍ നട്ടാല്‍ നന്നായി വിളയും. മഴ വന്നിട്ട് നട്ടാല്‍ നന ഒഴിവാക്കാമല്ലോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ വേനല്‍ക്കാലത്ത് നട്ട്, നനച്ച് പിടിപ്പിക്കുന്ന ചെടികള്‍ക്ക് പ്രതിരോധ ശക്തി കൂടുതലായിരിക്കും. മഴ ലഭിക്കുമ്പോള്‍ ഇവ നന്നായി വളരുകയും ചെയ്യും.

ഇടവം 11 മുതല്‍ 25 വരെ നീളുന്ന രോഹിണി ഞാറ്റുവേലയോട് കൂടിയാണ് മേയിലെ കൃഷിപ്പണികള്‍ അവസാനിക്കുന്നത്. പയര്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയമാണിത്. തെങ്ങിന് തടമെടുക്കാനും ശ്രദ്ധിക്കണം. കാലവര്‍ഷം അഥവാ ഇടവപ്പാതി എത്തുന്ന സമയമാണിത്. ഇടവപ്പാതി തെങ്ങിന്‍ തടത്തിനുള്ളിലും തുലാവര്‍ഷം തടത്തിന് പുറത്തും പെയ്യണമെന്നാണ് പഴമൊഴി. നാടന്‍ വാഴ, കപ്പ, മധുരക്കിഴങ്ങ് എന്നിവ നടാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണിത്. ചെറുധാന്യമായ റാഗി ഈ ഞാറ്റുവേലയില്‍ വിതയ്ക്കാം. മൂപ്പുള്ള വിത്തിനങ്ങള്‍ പൊടിവിതയായി നടാം. തേങ്ങയും അടയ്ക്കയും പാകാനും യോജിച്ച സമയമാണിത്. പച്ചക്കറികള്‍ ഈ ഞാറ്റുവേലയുടെ തുടക്കത്തിലെങ്കിലും നട്ട് പിടിപ്പിച്ചിരിക്കണം. മഴ ശക്തമായാല്‍ അത് ഇവയുടെ വളര്‍ച്ചയെ ബാധിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in