കേരളം വിപണി നല്‍കുന്നില്ല: തമിഴ്‌നാടിനായി പച്ചക്കറി ഉത്പാദിപ്പിച്ച് കേരളത്തിന്റെ ശീതകാല പച്ചക്കറി ഹബ്

കേരളം വിപണി നല്‍കാത്തതിനാല്‍ തമിഴ്‌നാടിനായി പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് കേരളത്തിന്റെ സ്വന്തം ശീതകാല പച്ചക്കറി ഹബ്

കേരളം വിപണി നല്‍കാത്തതിനാല്‍ തമിഴ്‌നാടിനായി പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് കേരളത്തിന്റെ സ്വന്തം ശീതകാല പച്ചക്കറി ഹബ്. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ മാറിക്കിടക്കുന്ന വട്ടവട എന്ന കാര്‍ഷികഗ്രാമം. 2000 ഹെക്ടറിലായി പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍ സ്ഥിതിചെയ്യുന്നത് നാലു മലകളിലായാണ്. മലകള്‍ തട്ടുകളാക്കി തിരിച്ചാണ് കൃഷി. കേരളത്തിലെ എട്ടു ജില്ലകള്‍ക്കാവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ പര്യാപ്തമായ, 99 ശതമാനം കര്‍ഷകരുള്ള ഈ ഗ്രാമം ഇന്ന് തമിഴ്‌നാടിനാവശ്യമുള്ള പച്ചക്കറി ഉത്പാദിപ്പിക്കുകയാണ്. വറുതിയിലാഴുകയാണ് വട്ടവട.

തമിഴ്‌നാട് ആവശ്യപ്പെടുന്ന വിളകള്‍ വിളയുന്ന കൃഷിയിടങ്ങള്‍

ഒരുകാലത്ത് നെല്‍കൃഷിയിടങ്ങളായിരുന്നു വട്ടവടയിലെ മലമടക്കുകള്‍. പിന്നീട് ഇവിടത്തെ ശൈത്യകാലവസ്ഥ മൂലം ഈ കാലാവസ്ഥയില്‍ വിളയുന്ന ശീതകാല പച്ചക്കറി കൃഷിയിലേക്ക് ഇവിടം മാറി. കാബേജും കാരറ്റും ഗ്ലീന്‍പീസും കോളീഫ്‌ളവറുമെല്ലാം സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടത്തെ കൃഷിയിടങ്ങള്‍ ഇന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്ന ബട്ടര്‍ബീന്‍സിന്റെയും സോയബീന്‍സിന്റെയുമൊക്കെ കൃഷിയിലേക്ക് വഴുതി മാറുകയാണ്. കേരളം വിപണി നല്‍കാത്തതിനാല്‍ കേരളത്തിനാവശ്യമുള്ളവ ഉത്പാദിപ്പിക്കാനാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തമിഴ്‌നാടിനാവശ്യമായ ബീന്‍സിനങ്ങള്‍ നല്ല വില നല്‍കി എടുക്കാന്‍ പ്രത്യേകം ഏജന്റുമാരുണ്ട്. മധുര മാര്‍ക്കറ്റിലേക്കാണ് ഇവിടത്തെ പച്ചക്കറി അധികവും പോകുന്നത്.

കേരളത്തിലേക്ക് പച്ചക്കറി എത്തിക്കാനായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്.

എന്നാല്‍ കേരളത്തിലേക്ക് പച്ചക്കറി എത്തിക്കാനായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. കൃഷിയിടങ്ങള്‍ നില്‍ക്കുന്ന സ്ഥത്തു നിന്ന് മാറി ഊര്‍ക്കാട് എന്ന സ്ഥലത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്ക് കയറിച്ചെല്ലാന്‍ പോലും സാധിക്കാത്ത സ്ഥലത്തെ ഈ കെട്ടിടം ഇന്ന് വന്യജീവികളുടെ വാസസ്ഥലമാണെന്ന് കര്‍ഷകനായ സുഭാഷ് പറയുന്നു. പച്ചക്കറികള്‍ സംഭരിക്കാനും ഗ്രേഡ്തിരിക്കാനും ലേലം വിളിച്ചു നല്‍കാനുമൊക്ക സംവിധാനമുള്ള കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്. ഓണക്കാലത്തുമാത്രമാണ് കേരളത്തിലേക്ക് പച്ചക്കറിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കാരറ്റ് പോലുള്ള വിളകള്‍ കഴുകി പായ്ക്ക് ചെയ്യാനായി സര്‍ക്കാര്‍ നല്‍കിയ യന്ത്രങ്ങള്‍ കാലഹരണപ്പെട്ടവയായതിനാല്‍ ഇതിനായി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.

വെള്ളത്തിന് എവിടെ പോണം സാര്‍?

നാലു കൃഷിവരെ ഇറക്കാന്‍ സാധിക്കുന്ന കൃഷിയിടങ്ങളില്‍ ജലമില്ലാത്തതിനാല്‍ രണ്ടുകൃഷി മാത്രമാണ് നടക്കുന്നത്. ഇതില്‍ ഓണത്തിനു വിളവെടുക്കുന്ന കൃഷി മാത്രമാണ് പൂര്‍ണതോതില്‍ നടക്കുന്നത്. ഇവിടത്തെ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളിലെ ജലം ഒരു ചെക്ക് ഡാമെങ്കിലും കെട്ടി തടഞ്ഞു നിര്‍ത്താന്‍ കേരളം ശ്രമിക്കാത്തപ്പോള്‍ ഈ ജലം അമരാവതി അണക്കെട്ടിലേക്കൊഴുക്കി പൊള്ളാച്ചിയിലെ വരെ കൃഷിയിടങ്ങള്‍ കൃഷി സമൃദ്ധമാക്കുകയാണ് തമിഴ്‌നാട്.

കല്ലും മണ്ണും നിറഞ്ഞ റോഡുകള്‍

വട്ടവടയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കാര്യമായൊന്നും ചെയ്യുന്നില്ല കേരളം. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ പച്ചക്കറികള്‍ കൊണ്ടു പോകുന്നത് ദുഷ്‌കരമായതിനാലാവാം ഇത്തരം ജോലികള്‍ക്ക് ഇപ്പോഴും കോവര്‍കഴുതകളുടെ സഹായം ഇവര്‍ തേടുന്നത്.

എവിടെ ജൈവകൃഷി

നാഴികയ്ക്ക് നാല്‍പതു വട്ടവും ജൈവകൃഷി എന്നുരുവിടുന്ന കൃഷിവകുപ്പ് കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി ഉത്പാദനകേന്ദ്രത്തില്‍ ഇവയെത്തിക്കാന്‍ ഒരു കടപോലും തുടങ്ങിയിട്ടില്ല. രാസവളങ്ങളും കീടനാശിനികളും മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. അമിതമായി ഇവ ഉപയോഗിച്ചുള്ള കൃഷി മൂലം ഇവിടത്തെ മണ്ണിനുവരെ രൂപമാറ്റം സംഭവിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. നല്ല കറുപ്പു നിറമുള്ള ഇവിടത്തമണ്ണിന്റെ നിറം ഇപ്പോള്‍ ചുവപ്പായി മാറുകയാണെന്നും ഇവിടെ ധാരാളമായി വിളഞ്ഞിരുന്ന ഉരുളക്കിഴങ്ങു പോലുള്ളവ ഇപ്പോള്‍ വിളയുന്നില്ല. ഈ രീതിയില്‍ പോയാല്‍ വട്ടവടയിലെ പച്ചക്കറി ഉത്പാദനം അധികകാലം മുന്നോട്ടു പോകില്ലെന്നും ഇവിടത്തെ കര്‍ഷകര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ട കൃഷി വകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in