ഐടി ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്; ഇന്ന് നൂറിലധികം കര്‍ഷകര്‍ക്ക് വിപണിയുണ്ടാക്കുന്ന യുവകര്‍ഷകന്‍

എംബിഎക്കാരനാണ് ഭാഗ്യരാജ്. സ്വന്തമായി കൃഷിചെയ്യുന്നതിനൊപ്പം കഞ്ഞിക്കുഴിയിലെ നൂറിലധികം കര്‍ഷകര്‍ക്ക് വിപണിയുണ്ടാക്കുന്നുമുണ്ട് ഈ യുവകര്‍ഷകന്‍.

ഐടി കമ്പനിജോലി ഉപേക്ഷിച്ച് ചേര്‍ത്തലയിലെ കൃഷിയിടങ്ങളിലേക്കിറങ്ങിയ എംബിഎക്കാരനാണ് ഭാഗ്യരാജ്. സ്വന്തമായി കൃഷിചെയ്യുന്നതിനൊപ്പം കഞ്ഞിക്കുഴിയിലെ നൂറിലധികം കര്‍ഷകര്‍ക്ക് വിപണിയുണ്ടാക്കുന്നുമുണ്ട് ഈ യുവകര്‍ഷകന്‍. ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റുള്‍പ്പെടെ ചേര്‍ത്തലയിലും എറണാകുളത്തുമായി നടത്തുന്ന നാലുപച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ നാടന്‍പച്ചക്കറി തേടി ആവശ്യക്കാര്‍ ധാരാളമെത്തുന്നു.

പൂനൈ ടിസിഎസിലുണ്ടായിരുന്ന ജോലി എട്ടുവര്‍ഷം മുമ്പ് രാജിവച്ചാണ് ഭാഗ്യരാജ് കൃഷിയിലേക്കിറങ്ങുന്നത്. ഇന്ന് എട്ടേക്കറില്‍ വിവിധ പച്ചക്കറികള്‍ വിളയിക്കുന്നു. ജൈവരീതിയില്‍ വിളയുന്ന നാടന്‍ പച്ചക്കറികള്‍ തേടി ആവശ്യക്കാര്‍ ധാരാളമെത്തിയതോടെ വിപണി ഒരുക്കുന്നതിനെക്കുറിച്ചായി ചിന്ത. ദേശീയപാതയില്‍ ചേര്‍ത്തല- ആലപ്പുഴ റൂട്ടില്‍ 11-ാം മൈലില്‍ വെജ് റ്റു ഹോം എന്ന പേരില്‍ പച്ചക്കറി കട തുറന്നുകൊണ്ടായിരുന്നു തുടക്കം. സുഹൃത്തായ സുജിത്തിന്റെ നിര്‍ദേശങ്ങളാണ് കൃഷിയിലേക്ക് വഴികാട്ടിയായത്.

കടയില്‍ പച്ചക്കറി വാങ്ങാനെത്തുന്നവരേയും ആവശ്യക്കാരേയും ചേര്‍ത്ത് വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി. സ്‌റ്റോക്കുള്ള പച്ചക്കറികളുടെ ലിസ്റ്റ് അതിലിടേണ്ട താമസം ആവശ്യക്കാര്‍ ഓര്‍ഡറുകള്‍ നല്‍കുകയായി. പച്ചക്കറി എത്തിക്കേണ്ട സ്ഥലം കൂടി ഇട്ടാല്‍ പറയുന്നിടത്ത് പച്ചക്കറിയെത്തും. ഇന്ന് കൊറിയര്‍ വഴി പ്രത്യേക പാക്കിംഗ് സംവിധാനത്തില്‍ ഇന്ത്യയിലെവിടെയും കഞ്ഞിക്കുഴിയിലെ പച്ചക്കറിയെത്തിക്കാനും കഴിയുന്നുണ്ടിവര്‍ക്ക്. വെള്ളരി എന്ന ബ്രാന്‍ഡില്‍ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലും കച്ചവടം തകൃതിയാണ്.

ഫോണ്‍: 99955 64936.

Related Stories

No stories found.
logo
The Fourth
www.thefourthnews.in