വിരലൂന്നിയാലും മുളയ്ക്കുന്ന തിരുവാതിരക്കാലം

ജൂണ്‍ 22 മുതല്‍ ജൂലൈ അഞ്ചുവരെ നീളുന്ന പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേല അടുത്തെത്തി. തിരുവാതിരയില്‍ വിരലൂന്നിയാലും മുളയ്ക്കും എന്നാണു ചൊല്ല്.

ജൂണ്‍ 22 മുതല്‍ ജൂലൈ അഞ്ചുവരെ നീളുന്ന പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേല അടുത്തെത്തി. തിരുവാതിരയില്‍ വിരലൂന്നിയാലും മുളയ്ക്കും എന്നാണ് ചൊല്ല്. നടുതലകളും നടീല്‍ വസ്തുക്കളും വാങ്ങാനും വയ്ക്കാനുമുള്ള സമയമാണിത്. ഒപ്പം നഴ്‌സറി ഒരു സംരംഭമായി തുടങ്ങാനുള്ള അവസരവും.

എങ്ങനെയായിരിക്കണം ഇതൊക്കെ ചെയ്യേണ്ടതെന്നു പഠിക്കേണ്ടവര്‍ക്ക് ഇവിടെയെത്താം. ചേര്‍ത്തല- ആലപ്പുഴ ദേശീയപാതയ്ക്കരികില്‍ കലവൂരിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ നഴ്‌സറിയില്‍. കൃഷി ശാസ്ത്രജ്ഞനായിരുന്ന പി സി വര്‍ഗീസ് തുടങ്ങിയ നഴ്‌സറിയില്‍ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന്റെ മകന്‍ എ വി സുനിലുണ്ടാകും.

വീടിന് ചുറ്റുമുള്ള പച്ചക്കറി കൃഷിയും അടുക്കളമതിലിലെ പടരുന്ന പച്ചക്കറി വിളകളുടെ കൃഷിയുമൊക്കെ ഒന്ന് കാണേണ്ടതു തന്നെ

നഴ്‌സറിക്ക് സമീപമുള്ള സുനിലിന്റെ വീടുതന്നെ ഒരു കൃഷി പാഠശാലയാണ്. വിശാലമായ മതിലില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തീര്‍ത്തിരിക്കുകയാണ്. മനോഹരമായ വര്‍ണസസ്യങ്ങള്‍ക്ക് നടുവില്‍ പച്ചപ്പ് തീര്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. വീടിന് ചുറ്റുമുള്ള പച്ചക്കറി കൃഷിയും അടുക്കളമതിലിലെ പടരുന്ന പച്ചക്കറി വിളകളുടെ കൃഷിയുമൊക്കെ ഒന്ന് കാണേണ്ടതു തന്നെ. പാവലും പടവലവും ഇളവനും മുളകുമെല്ലാം അടുക്കളമതിലില്‍ ചാരിനിന്ന് കായ്ക്കുകയാണ്.

എ വി സുനില്‍ നഴ്സറിയില്‍
എ വി സുനില്‍ നഴ്സറിയില്‍

നഴ്‌സറിക്കുള്ളില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കായി പ്രത്യേക വീട് തന്നെയുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള ചട്ടികളില്‍ ഇവ വളരുന്നു. 200 രൂപ മുതല്‍ മുകളിലേക്ക് കൊടുത്താല്‍ ഇവയെ സ്വന്തമാക്കാം. വിശേഷാവസരങ്ങളില്‍ ഇത്തരം വിലകൂടിയ സസ്യങ്ങള്‍ സമ്മാനമായി നല്‍കുന്നവരുടെ എണ്ണം കൂടുകയാണ്.

ഔഷധസസ്യങ്ങളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്. അന്യം നിന്നു പോകുന്നതുള്‍പ്പെടെ 350 ഇനം ഔഷധസസ്യങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇതിനടുത്തുതന്നെ പൂച്ചപ്പഴം, മൂട്ടിപ്പഴം തുടങ്ങി നാടുനീങ്ങുന്ന നാടന്‍ പഴച്ചെടികളുടെ വന്‍ശേഖരവുമുണ്ട്.

മാവ്, പ്ലാവ്, ബെര്‍ ആപ്പിള്‍ തുടങ്ങി ഫലവര്‍ഗ സസ്യങ്ങളുടെയും ചെടികളുടെയുമൊക്കെ വന്‍ശേഖരവുമുണ്ട്. പി സി വര്‍ഗീസ് ഫൗണ്ടേഷന്റെ കാര്‍ഷിക ലൈബ്രറിയും നഴ്‌സറിക്കുള്ളില്‍ തന്നെയുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് ഉള്‍പ്പെടെ കാര്‍ഷിക രംഗത്തെ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമെല്ലാം ഇവിടെയുണ്ട്. ഇവയൊക്കെ വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ ഇവിടെയെത്താം. വായിക്കാം. ഹോര്‍ട്ടിക്കള്‍ച്ചറില്‍ ബിരുദാനന്തര ഡിപ്ലോമയുള്ള സുനിലിന്റെ അടുത്തെത്തിയാല്‍ നഴ്‌സറി ഒരു സംരംഭമായി തുടങ്ങുന്നവര്‍ക്കും തൈകള്‍ വാങ്ങുന്നവയ്ക്കുമുള്ള നിര്‍ദേശങ്ങളും നല്ല തൈകള്‍ എവിടെ ലഭിക്കുമെന്നതിനെക്കുറിച്ചുമെല്ലാമുള്ള അറിവും നേടി മടങ്ങാം.

ഫോണ്‍: എ വി സുനില്‍- 93493 04500

Related Stories

No stories found.
logo
The Fourth
www.thefourthnews.in