കാര്‍ഷിക കേരളത്തിന് പുതുവത്സരാരംഭം: അശ്വതി നാളിലിട്ട വിത്ത് കേടാകില്ല

ഈ മാസം 15 ന് അതായത് മേടം ഒന്നിന് വിഷുവിന് തുടങ്ങി 14 ന് അവസാനിക്കുന്ന അശ്വതി ഞാറ്റുവേലയോടെയാണ് കേരളത്തിലെ കാര്‍ഷിക വര്‍ഷം ആരംഭിക്കുന്നത്.

അശ്വതി നാളിലിട്ട വിത്തും അച്ഛന്‍ വളര്‍ത്തിയ മക്കളും ഭരണിയിലിട്ട മാങ്ങയും കേടാകില്ല എന്നൊരു ചൊല്ലുണ്ട്. കേരളത്തിന്റെ കാര്‍ഷിക വര്‍ഷം തുടങ്ങുന്ന അശ്വതി ഞാറ്റുവേലയെകുറിച്ചാണിത്. ഈ മാസം 15 ന് അതായത് മേടം ഒന്നിന് വിഷുവിന് തുടങ്ങി 14 ന് അവസാനിക്കുന്ന അശ്വതി ഞാറ്റുവേലയോടെയാണ് കേരളത്തിലെ കാര്‍ഷിക വര്‍ഷം ആരംഭിക്കുന്നത്.

കേരളത്തില്‍ രണ്ട് മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ തുടങ്ങി ഓഗസ്റ്റ് വരെ നീളുന്ന തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണാണ് ഇതില്‍ ആദ്യത്തേത്. ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുനിന്ന് വീശുന്ന കാറ്റുമൂലം ഉണ്ടാകുന്ന മഴയായതിനാലാണ് ഇതിനെ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം എന്ന് വിശേഷിപ്പിക്കുന്നത്. മലയാള മാസം ഇടവം പകുതിയാകുമ്പോള്‍ എത്തുന്നതിനാല്‍ ഇടവപ്പാതി എന്നും ഇത് അറിയപ്പെടുന്നുണ്ട്.

ഒക്ടോബറില്‍ തുടങ്ങുന്ന വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷമാണ് രണ്ടാമത്തെ മഴ സീസണ്‍. മലയാളം കലണ്ടറിലെ തുലാമാസത്തില്‍ എത്തുന്നതിനാലാണിതിന് തുലാവര്‍ഷം എന്ന പേര് വീണത്. കേരളത്തില്‍ കന്നി കൃഷിയെന്നറിയപ്പെടുന്നതാണ് ഒന്നാംവിളയായ വിരിപ്പ് കൃഷി. ഇത് ആരംഭിക്കുന്നത് ഏപ്രില്‍ 15ന് അഥവാ മേടമാസം ഒന്നാം തീയതിയിലെ വിഷുവിനൊപ്പമാണ്. കാലവര്‍ഷത്തെ ആശ്രയിച്ച് നീങ്ങുന്നതാണ് വിരിപ്പുകൃഷി. അതിനാല്‍ വിരിപ്പിനെക്കുറുച്ച് വര്‍ഷം പോലെ കൃഷി എന്ന പഴഞ്ചൊല്ലുമുണ്ട്. വിഷുവില്‍ പിന്നെ വേനലില്ല എന്ന ചൊല്ല് സൂചിപ്പിക്കുന്നത് വിഷുവോട് കൂടി വേനലിന്റെ കാഠിന്യം കുറയുമെന്നാണ്. ഈ സമയത്ത് ലഭിക്കുന്ന മഴയെതുടര്‍ന്ന് കൃഷി ഇറക്കുന്നത് പൊടിവെത രീതിയിലാണ്. വിത്ത് മുളപ്പിക്കാതെ പാടങ്ങളില്‍ നേരിട്ട് വിതയ്ക്കുന്ന രീതിയാണിത്. മഴയ്ക്ക് മുമ്പോ മഴയോടൊപ്പമോ ആണ് പൊടിവെത നടത്തുന്നത്.

രേവതിയില്‍ അവസാനിച്ച് അശ്വതിയിലേക്ക്

മൂന്നു ഞാറ്റുവേലകളാണ് ഏപ്രില്‍ മാസത്തിലുള്ളത്. മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 14 ന് അവസാനിക്കുന്ന രേവതിയാണ് ആദ്യ ഞാറ്റുവേല. മീനം 17 നു തുടങ്ങി 31ന് അവസാനിക്കുന്ന ഈ ഞാറ്റുവേലയോടെയാണ് കേരളത്തിലെ കാര്‍ഷിക വര്‍ഷം അവസാനിക്കുന്നത്. പുഞ്ചക്കൊയ്ത്ത് കാലമാണിത്. ഉഴുതിട്ട വിരിപ്പ് പാടങ്ങള്‍ വീണ്ടും ഉഴുത് വെയില്‍ കൊള്ളിക്കേണ്ട സമയം. വിളവ് കൂടാനും പുല്ല് മുളച്ചുപോകാനും ഇത് സഹായിക്കും. മൂപ്പ് കൂടിയ വിത്തിനങ്ങള്‍ വിതയ്ക്കാന്‍ പറ്റിയ സമയം കൂടിയാണ് ഈ ഞാറ്റുവേല.

ഏപ്രില്‍ 15 മുതല്‍ 27 വരെ അശ്വതി ഞാറ്റുവേലയാണ്. ഇരുപ്പൂനിലങ്ങളില്‍ നെല്‍കൃഷി തുടങ്ങേണ്ടത് ഈ മാസമാണ്. ഇരുപ്പൂനിലങ്ങളില്‍ ഒറ്റപ്പൂവായി കൃഷി നടക്കുന്ന സ്ഥലങ്ങളില്‍ മൂപ്പുകൂടിയ വിത്തിനങ്ങള്‍ വിതയ്ക്കേണ്ടത് ഈ സമയത്താണ്. വിരിപ്പ് നിലങ്ങളില്‍ ഒന്നാംവിള കൃഷിയിറക്കേണ്ട സമയമാണിത്. പറമ്പുകളില്‍ കിഴങ്ങുവിളകളുടെ കൃഷി ആരംഭിക്കാന്‍ പറ്റിയ സമയവുമാണിത്. വര്‍ഷകാല കൃഷിക്കുള്ള തൈകളും ഈ ഞാറ്റുവേലയില്‍ തയാറാക്കാം.

ഏപ്രില്‍ 28 മുതല്‍ മേയ് 11 വരെയുള്ള ഭരണി ഞാറ്റുവേലയോടെയാണ് ഏപ്രിലിലെ ഞാറ്റുവേലകള്‍ അവസാനിക്കുക. വിരിപ്പ് നിലങ്ങളില്‍ ഒറ്റപ്പൂവായി ചെയ്യുന്ന വിത്തിനങ്ങള്‍ ഈ ഞാറ്റുവേലയില്‍ വിതയ്ക്കാം. കരനെല്ല് കൃഷി തുടങ്ങാനും മധുരക്കിഴങ്ങിന്റെ വള്ളികള്‍ നട്ടുപിടിപ്പിക്കാനും പറ്റിയ സമയമാണിത്.

തവളക്കണ്ണന്‍, മുണ്ടോന്‍കുട്ടി, പുക്കുലത്തരി, പാപ്പാര്‍മണി, വട്ടന്‍ചീര, കൊടിയന്‍ മുതലായ മൂപ്പ് അല്‍പം കൂടിയ വിത്തിനങ്ങള്‍ ഈ മാസത്തില്‍ വരുന്ന രേവതി, അശ്വതി, ഭരണി ഞാറ്റുവേലകളില്‍ ഇറക്കണം എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. ഞാറ്റുവേല തെറ്റി വിത്തിറക്കിയാല്‍ പുഴുക്കേടും പുഴുശല്യവും കൂടുമെന്നും വിളവ് കിട്ടാതെ വരുമെന്നും അവര്‍ക്കറിയാമായിരുന്നു. മൂലത്തില്‍ വിത്തിട്ടാല്‍ മുച്ചൂടും മുടിയും, പൂയത്തില്‍ നട്ടാല്‍ പുഴുക്കേട് എന്നൊക്കെ നമ്മുടെ പൂര്‍വീകര്‍ പറഞ്ഞുവയ്ക്കുന്നത് വെറുതെയല്ല. കൃഷിപ്പണികള്‍ കാലമറിഞ്ഞ് ചെയ്യണമെന്നാണ് ഇതൊക്കെ ഓര്‍മപ്പെടുത്തുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in