ഞാറ്റുവേല കലണ്ടറിലെ നവംബറും പ്രത്യേകതകളും

ഞാറ്റുവേല കലണ്ടറിലെ നവംബറും പ്രത്യേകതകളും

വാസ്ഗോ ഡ ഗാമയും കുരുമുളക് വള്ളിയും ഞാറ്റുവേലയും തമ്മിലുള്ള ബന്ധമെന്താണ്

കറുത്തപൊന്നും സുഗന്ധവ്യഞ്ജനങ്ങളും തേടി ഇന്ത്യയിലെത്തിയ വാസ്ഗോ ഡ ഗാമയ്ക്ക് ഇവിടെ വിളയുന്ന കുരുമുളകിനോടുള്ള ഭ്രമം ചെറുതായിരുന്നില്ല. കുരുമുളകിനൊപ്പം കുരുമുളക് വള്ളികള്‍ കൂടി തങ്ങളുടെ നാട്ടിലേക്കെത്തിച്ചാല്‍ കറുത്തപൊന്ന് അന്നാട്ടിലും വിളയിക്കാമല്ലോ എന്നായി ഗാമയുടെ ആലോചന. പക്ഷെ കുരുമുളക് വള്ളികള്‍ പോര്‍ച്ചുഗീസിലേക്ക് കൊണ്ടുപോകണമെങ്കില്‍ കോഴിക്കോട് സാമൂതിരിയുടെ അനുമതി വേണം. ഇതിനായി സാമൂതിരിയുടെ മുന്നിലെത്തിയ ഗാമയ്ക്ക് അനുമതി വേഗം ലഭിച്ചു. ഈ സമയം സാമൂതിരിയുടെ അടുത്തുണ്ടായിരുന്ന മന്ത്രി മങ്ങാട്ടച്ചന്‍ ഒരു സംശയം ഉന്നയിച്ചു. കുരുമുളകു വള്ളികള്‍ പറങ്കികള്‍ യൂറോപ്പിലെത്തിച്ച് അവിടെ കൃഷി ചെയ്താല്‍ കുരുമുളകു വിപണിയില്‍ നമുക്കുള്ള കുത്തക നഷ്ടപ്പെടില്ലേ എന്നതായിരുന്നു ആ സംശയം. ചിരിച്ചുകൊണ്ടായിരുന്നു സാമൂതിരിയുടെ മറുപടി, അവര്‍ക്ക് കുരുമുളക് വള്ളിയല്ലേ കൊണ്ടു പോകാനാകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ എന്നതായിരുന്നു അത്. കേരളത്തിലെ കൃഷി മേഖലയില്‍ ഞാറ്റുവേലകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം സൂചിപ്പിക്കുന്ന വാക്കുകളിലാണിത്

കുരുമുളക് വള്ളിയല്ലേ കൊണ്ടു പോകാനാകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ

കോഴിക്കോട് സാമൂതിരി

ഞാറ്റുവേല കലണ്ടറിലെ നവംബര്‍

നവംബര്‍ അഞ്ചിന് അവസാനിക്കുന്ന ചോതി, ആറിനു തുടങ്ങി 19 ന് അവസാനിക്കുന്ന വിശാഖം, 19 മുതല്‍ ഡിസംബര്‍ ഒന്നുവരെ നീളുന്ന അനിഴം എന്നീ മൂന്നു ഞാറ്റുവേലകളാണ് നവംബറിലുള്ളത്. ചോതി ഞാറ്റുവേലയ്ക്കു ശേഷം മഴ കുറയേണ്ടതാണ്. ചോതി വര്‍ഷിച്ചാല്‍ ചോറിനു പഞ്ഞമില്ലെന്നൊരു ചൊല്ലുണ്ട്. ഈ ഞാറ്റുവേലയില്‍ പെയ്യുന്ന മഴ നെല്‍കൃഷിയിലും തോട്ടവിളകളിലും ഉത്പാദനം കൂട്ടും. കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തില്‍ വിതയും കൊയ്ത്തും താമസിക്കുന്നതിനാല്‍ ഈ കലണ്ടറിലെ കൃഷി ക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം.

ചേന, ചേമ്പ്, കിഴങ്ങുകള്‍ എന്നിവ വിളവെടുക്കുന്ന സമയമാണ് ഈ ഞാറ്റുവേല.

ചേന, ചേമ്പ്, കിഴങ്ങുകള്‍ എന്നിവ വിളവെടുക്കുന്ന സമയമാണ് ചോതി ഞാറ്റുവേല

വിശാഖത്തില്‍ മഴ പെയ്താല്‍ ചാഴി ചാകുമെന്നാണ്. ഈര്‍പ്പം നിലനിര്‍ത്താന്‍ തെങ്ങ്, കവുങ്ങ് തോട്ടങ്ങള്‍ കിളയ്ക്കുന്ന സമയം കൂടിയാണ് വിശാഖം ഞാറ്റുവേല. ഈ സമയത്ത് ചെടികള്‍ക്ക് പുതയിടുന്നതും നല്ലതാണ്.

അനിഴം ഞാറ്റുവേലയോടു കൂടി മഴകുറയുന്നതിനാല്‍ ഞാറ്റുവേലകളുടെ പ്രസക്തിയും കുറയും. കേരളത്തില്‍ ശീതകാല പച്ചക്കറികൃഷി തുടങ്ങുന്ന കാലം കൂടെയാണിത്. കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ തൈകളും, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ വിത്തുപാകിയുമാണ് കൃഷി ചെയ്യേണ്ടത്. വേനല്‍ക്കാല കൃഷിക്കായുള്ള ഒരുക്കങ്ങളും അനിഴത്തില്‍ നടത്താം. നെല്ലില്‍ ചാഴി ശല്യം പ്രതീക്ഷിക്കാവുന്നതിനാല്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ നേരത്തേ സ്വീകരിക്കണം.

logo
The Fourth
www.thefourthnews.in