അയലറിഞ്ഞു വിളവിറക്കണം

കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് ചോതി, വിശാഖം, അനിഴം എന്നീ മൂന്നു ഞാറ്റുവേലകളാണ് നവംബറിലുള്ളത്. അറിയാം നവംബറില്‍ കൃഷിയിടത്തില്‍ എന്തൊക്കെയെന്ന്

നമ്മുടെ ചുറ്റുപാടും കാണുന്ന ചെടികള്‍ തനിയെ അവിടെ വളരുന്നതാണെന്നാണ് നമ്മള്‍ പലരും വിചാരിക്കുന്നത്. എന്നാല്‍ ആ ചെടിക്ക് വളരാനുള്ള അന്തരീക്ഷം അവിടെയുള്ളതിനാലാണ് അത് അവിടെ വളരുന്നതെന്നതാണ് സത്യം. ചെടികള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുക എന്നതാണ് കൃഷിയിലൂടെ കര്‍ഷകന്‍ ചെയ്യുന്നത്. ഇത്തരത്തില്‍ വ്യാപകമായി കൃഷിയിറക്കുമ്പോള്‍ അയല്‍പാടത്ത് എന്തുകൃഷി ചെയ്യുന്നെന്നുകൂടി അറിഞ്ഞേ വിളവിറക്കാവൂ എന്നാണ് അയലറിഞ്ഞു വിളവിറക്കണം എന്ന പഴഞ്ചൊല്ലിലൂടെ പൂര്‍വീകര്‍ ഉദ്ദേശിക്കുന്നത്. ഒരു പാടത്ത് മൂപ്പുകുറഞ്ഞതും മറുപാടത്ത് മൂപ്പുകൂടിയതുമായ നെല്‍വിത്തുകള്‍ വിതച്ചാല്‍ കൃഷിപ്പണികള്‍ ഒരേരീതിയില്‍ കൊണ്ടുപോകുന്നതു മുതല്‍ വിള പരിചരണത്തില്‍ വരെ ബുദ്ധിമുട്ടുകളുണ്ടാകാം. നെല്ലിന്റെ വിവിധ ഘട്ടങ്ങളിലെത്തുന്ന കീടങ്ങളെ ഒന്നിച്ച് നശിപ്പിക്കാനും സാധിക്കില്ല. ഒരു പാടത്തുനിന്ന് അടുത്ത വളര്‍ച്ചാ ഘട്ടത്തിലുള്ള മറുപാടത്തേക്ക് കീടങ്ങള്‍ മാറിമാറി സഞ്ചരിച്ചുകൊണ്ടിരിക്കും. അതിനാലാണ് അയല്‍പാടത്തെ കൃഷി അറിഞ്ഞ് വിളവിറക്കണം എന്നു പറയുന്നത്. കാലാവസ്ഥ അറിഞ്ഞ് കൃഷിയിടത്തിലെ പരിസ്ഥിതി സംരക്ഷിച്ച് കൃഷിയിറക്കിയാല്‍ വിളവും വര്‍ധിക്കും. പരമ്പരാഗത അറിവുകള്‍ മനസിലാക്കി കാലത്തിനൊത്ത് അവയെ പരിഷ്‌കരിച്ചാല്‍ മനുഷ്യന്‍ അറഞ്ഞോ അറിയാതേയോ കാലവസ്ഥയില്‍ വന്ന വ്യതിയാനത്തെ ഒരു പരുിധിവരെ തടയാനുമാകും. ഇനി കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് ഈ മാസം കൃഷിയിടത്തില്‍ എന്തൊക്കെ ചെയ്യണമെന്നു നോക്കാം.

ഒക്ടോബര്‍ 24 നു തുടങ്ങി നവംബര്‍ ആറുവരെ നീളുന്ന ചോതി ഞാറ്റുവേലയോടെയാണു നവംബറിലെ കാര്‍ഷിക കലണ്ടര്‍ ആരംഭിക്കുക. ഈ ഞാറ്റുവേലയ്ക്കു ശേഷം മഴകുറയുമെന്നാണ്. ചോതി കഴിഞ്ഞാല്‍ പിന്നെ മഴയെക്കുറിച്ച് ചോദിക്കരുത് എന്ന അര്‍ഥത്തില്‍ ചോതി കഴിഞ്ഞാല്‍ പിന്നെ ചോദ്യമില്ലെന്നു പണ്ടുള്ളവര്‍ പറയുമായിരുന്നു. ചോതി ഞാറ്റുവേലയില്‍ ലഭിക്കുന്ന മഴ നെല്ലിനും തോട്ടവിളകള്‍ക്കും വളരെ നല്ലതാണ്. തുലാം ഏഴു മുതല്‍ 20 വരെയാണിത്.

വിശാഖത്തില്‍ മഴപെയ്താല്‍ ചാഴി ചാകുമെന്നൊരു പഴഞ്ചൊല്ലുണ്ട്.

തുലാം 20 മുതല്‍ വൃശ്ചികം നാലുവരെ അതായത് നവംബര്‍ ആറു മുതല്‍ 20 വരെയാണ് വിശാഖം ഞാറ്റുവേല. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ട ജോലികള്‍ ആരംഭിക്കേണ്ട സമയമാണിത്. ഇതിനായി തെങ്ങ്, കവുങ്ങ് തോട്ടങ്ങള്‍ കിളച്ചൊരുക്കാം. ചെടികള്‍ക്ക് പുതയിടുന്നതും നല്ലതാണ്. നെല്‍ക്കതിരുകള്‍ വരുന്ന സമയമാണ് വിശാഖം. കിഴങ്ങുകള്‍ ഈ ഞാറ്റുവേലയില്‍ വിളവെടുക്കാം.

അനിഴമാണ് ഈ മാസത്തെ അവസാനത്തെ ഞാറ്റുവേല. നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്നുവരെയാണിത്. വൃശ്ചികം നാലു മുതല്‍ 17 വരെ നീളുന്ന ഈ ഞാറ്റുവേലയോടെ മഴകുറയും. അതിനാല്‍ ഞാറ്റുവേലകളുടെ പ്രസക്തി കുറയുന്ന കാലവുമാണ്. വേനല്‍ക്കാല കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ട കാലമാണിത്. തൈകള്‍ തയാറാക്കേണ്ട സമയവും. ശീതകാല പച്ചക്കറികളായ കാബേജ്, കോളീഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ വിളകള്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയമാണ് അനിഴം ഞാറ്റുവേല. നെല്ലില്‍ ചാഴി ശല്യം പ്രതീക്ഷിക്കാം. അതിനുള്ള നിയന്ത്രണ മാര്‍ഗങ്ങളും സ്വീകരിക്കണം.

വിരിപ്പൂ നിലങ്ങളില്‍ രണ്ടാം വിളയുടെ കൊയ്ത്തുകാലമാണ് ഡിസംബര്‍ മൂന്നു മുതല്‍ തുടങ്ങുന്ന തൃക്കേട്ട ഞാറ്റുവേല. അതേക്കുറിച്ച് ഡിസംബറില്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in