തോവാളയും ഗൂഡല്ലൂരും പഴങ്കഥ: ഓണം കളറാക്കാന്‍ കഞ്ഞിക്കുഴി

അത്തപ്പുലരിയില്‍ മലയാളിയുടെ പൂക്കളത്തിലേക്കെത്തുകയാണ് കഞ്ഞിക്കുഴിയിലെ പൂക്കള്‍. അത്തപ്പൂക്കളത്തിന് നിറം പകരാന്‍ ബന്തിയും വാടാമല്ലിയും തുമ്പയും തുളസിയും ഒക്കെ റെഡിയാണിവിടെ

തമിഴ്‌നാട്ടിലെ തോവാളയും ഗൂഡല്ലൂരും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടുമൊക്കെ ഓണപ്പൂകൃഷിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറയുന്ന കാലത്തിനു വിട. അത്തപ്പുലരിയില്‍ മലയാളിയുടെ പൂക്കളത്തിലേക്കെത്തുകയാണ് കഞ്ഞിക്കുഴിയിലെ പൂക്കള്‍. അത്തപ്പൂക്കളത്തിന് നിറം പകരാന്‍ ബന്തിയും വാടാമല്ലിയും തുമ്പയും തുളസിയും ഒക്കെ റെഡിയാണിവിടെ. ഓണത്തിനായി പത്തേക്കറിലാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കര്‍ഷകനായ വി.പി. സുനില്‍ കൃഷിയിറക്കിയിരിക്കുന്നത്. രണ്ടര ഏക്കറില്‍ പൂക്കൃഷി, ബാക്കി സ്ഥലത്ത് പന്തലുകളില്‍ പാവലും പടവലവും പയറും വെള്ളരിയും മത്തങ്ങയും പീച്ചിലും ഉള്‍പ്പെടെ 12 ഇനം പച്ചക്കറികള്‍ ഓണ സദ്യയൊരുക്കാന്‍ റെഡിയായി നില്‍ക്കുന്നു.

ഓണത്തിന് പൂക്കള്‍ നിറയണമെങ്കില്‍ രണ്ടുമാസം മുമ്പേ തുടങ്ങണം ബന്തികൃഷി. ബന്തിയുടെ തൈകളാണ് നടുന്നത്. പച്ചക്കറി കൃഷിക്കു നല്‍കുന്ന ജൈവ വളങ്ങള്‍ തന്നെയാണ് ഇതിനും നല്‍കുന്നത്. തുള്ളി നന രീതിയില്‍ മള്‍ച്ചിംഗ് ഒക്കെ നല്‍കിയാണ് ജലസേചനം. രാവിലെയും വൈകുന്നേരവുമായി ദിവസം രണ്ടു നേരം രണ്ടു മണിക്കൂറാണിത്. ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിച്ചും നേരിട്ടും പൂക്കള്‍ വിപണനം നടത്തുന്നു. ഏഴര ഏക്കറിലാണ് പച്ചക്കറി കൃഷി. വരമ്പുകള്‍ കോരി മള്‍ച്ചിംഗും ഡ്രിപ് ഇറിഗേഷനും നല്‍കി നടത്തുന്ന കൃഷിയില്‍ ചീരയാണ് ആദ്യം വിളവെടുക്കുന്നത്. പിന്നീട് വെള്ളരി, മത്തന്‍, കുക്കുമ്പര്‍ തുടങ്ങിയവ വിളവെടുക്കുന്നു. ഈ സമയത്തിനു ശേഷമാണ് പന്തല്‍ വിളകള്‍ കായ്ച്ചു തുടങ്ങുന്നത്. അങ്ങനെ 50 സെന്റില്‍ നിന്ന് രണ്ടേക്കറിലെ വിളവു കിട്ടുന്ന രീതിയിലാണ് കൃഷി ക്രമീകരിച്ചിരിക്കുന്നത്.

ഫോണ്‍: വി.പി സുനില്‍: 92493 33743

Related Stories

No stories found.
logo
The Fourth
www.thefourthnews.in