നെല്‍ കര്‍ഷകരെ വലയ്ക്കുന്ന 'കിഴിവ് സമ്പ്രദായം'; കുട്ടനാട്ടില്‍ രോഷം

കുട്ടനാട്ടിലെ നെല്ലുസംഭരണത്തില്‍ കര്‍ഷകരെ വലയ്ക്കുകയാണ് മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ്. അനുകൂല കാലാവസ്ഥയില്‍ നൂറുമേനി വിളഞ്ഞപാടങ്ങളില്‍ തോന്നുംപടിയാണ് ഇവര്‍ കിഴിവ് ആവശ്യപ്പെടുന്നത്.

കുട്ടനാട്ടിലെ നെല്ലുസംഭരണത്തില്‍ കര്‍ഷകരെ വലയ്ക്കുകയാണ് മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ്. അനുകൂല കാലാവസ്ഥയില്‍ നൂറുമേനി വിളഞ്ഞപാടങ്ങളില്‍ തോന്നുംപടിയാണ് ഇവര്‍ കിഴിവ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോയുടെ നേതൃത്വത്തില്‍ സ്വകാര്യ മില്ലുകളാണ് കുട്ടനാട്ടില്‍ നിന്ന് നെല്ലെടുക്കുന്നത്. നൂറു കിലോ നെല്ലിന് 68 കിലോ അരി നെല്ലുസംഭരിക്കുന്ന മില്ലുകാര്‍ സര്‍ക്കാരിന് തിരികേ നല്‍കണം. നെല്ലിലെ ജലാംശ തോത് അളന്നാണ് കിഴിവ് നിശ്ചയിക്കുന്നത്. എന്നാല്‍ ജലാംശം മാത്രമല്ല കിഴിവില്‍ മാനദണ്ഡമാക്കുന്നതെന്നാണ് നെല്ലുസംഭരണത്തിനു നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോ പറയുന്നത്.

സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരത്തെ കുറിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. നെല്ലുസംഭരണത്തിന് രജിസ്റ്റര്‍ ചെയ്യുന്ന കരാറില്‍ ഈ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്നുണ്ടെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. സംഭരിക്കുന്ന ഒരു കിന്റല്‍ നെല്ലില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ ഒരു ശതമാനമേ ആകാവൂ, കേടായതും കീടബാധയേറ്റതുമായ നെല്ല് നാലുശതമാനത്തില്‍ കൂടരുത്, നിറം മാറിയ നെല്ലിന്റെ അളവ് ഒരു ശതമാനം വരെയേ ആകാവൂ, പാകമാകാത്തതും ചുരുങ്ങിയതുമായ നെല്ല് മൂന്നു ശതമാനം വരെയേ പാടുള്ളൂ. ഈര്‍പ്പം 17 ശതമാനത്തില്‍ കൂടരുത് എന്നിവയാണിവ. എന്നാല്‍ ഈ പറയുന്ന ഗുണനിലവാര പരിശോധനകള്‍ ശാസ്ത്രീയമായി ഒരെടുത്തും നടക്കുന്നില്ലെന്ന് കര്‍ഷകരും പറയുന്നു. ഏജന്റുമാര്‍ തോന്നുംപടിയാണ് ഇത് നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

പുഞ്ചകൃഷി 28720 ഹെക്ടറില്‍

28720 ഹെക്ടറിലാണ് കുട്ടനാട്ടില്‍ ഇത്തവണ പുഞ്ചകൃഷിയിറക്കിയിരിക്കുന്നത്. 645 പാടശേഖരങ്ങളിലായി നടന്ന കൃഷിയില്‍ 130 പാടശേഖരങ്ങളിലെ നെല്ലുസംഭരണമാണ് 59 മില്ലുകള്‍ ഇപ്പോള്‍ നടത്തുന്നത്. ഓരോ പാടശേഖരങ്ങളിലുമെത്തി ഗുണനിലവാര പരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പരാതി ഉയരുന്ന പാടശേഖരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.

ഒരു കിന്റല്‍ നെല്ലിന് 68 കിലോ അരിയാണ് മില്ലുടമകള്‍ പൊതുവിതരണ സംവിധാനത്തിലേക്ക് നല്‍കേണ്ടത്. ഇതു ലഭിക്കില്ലെന്ന് ഉറപ്പുള്ള നെല്ലിനാണ് കിഴിവ് ആവശ്യപ്പെടുന്നതെന്നാണ് മില്ലുടമകള്‍ പറയുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ എഫ്‌സിഐയുടേയും ഐഐടി ഖരഖ്പൂറിന്റെയും വിദഗ്ധസംഘം മാര്‍ച്ച് 22,23 തീയതികളില്‍ കുട്ടനാട്ടില്‍ എത്തുന്നുണ്ട്. ഇതോടൊപ്പം എല്ലാ പാടശേഖരങ്ങളിലും നെല്ലിന്റെ ഗുണപരിശോധന നടത്താനുള്ള സംവിധാനങ്ങളുമെത്തിയാലേ കര്‍ഷകര്‍ ചൂഷണത്തില്‍ നിന്നു മുക്തരാകൂ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in