സൗഹൃദം നട്ടുനനച്ച അകത്തള സസ്യങ്ങള്‍

പെരുമ്പാവൂര്‍ നാനേത്താന്‍ വീട്ടിലെ ഓരോ അകത്തള സസ്യങ്ങള്‍ക്കും പറയാന്‍ ഒരു കഥയുണ്ട്. ഒരു സൗഹൃദത്തിന്റെ, ഒരു സന്ദര്‍ശനത്തിന്റെ ഒക്കെ കഥയാണത്

ബെംഗളൂരു നഗരത്തെയാണല്ലോ നമ്മള്‍ ഉദ്യാന നഗരമെന്ന് വിശേഷിപ്പിക്കുക. എന്നാല്‍, പെരുമ്പാവൂര്‍ നാനേത്താന്‍ വീട്ടിലേക്ക് പ്രധാന റോഡില്‍ നിന്ന് തിരിയുമ്പോഴേ നമ്മള്‍ ബെംഗളൂരുവിലെത്തിയോ എന്നു സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. അടിച്ചു വൃത്തിയാക്കി, ഒരു കരിയില പോലും കാണാനില്ലാത്ത ടാറിട്ട റോഡിനിരുവശവും അലങ്കാരച്ചെടികള്‍ താലപ്പൊലിയേന്തി നമ്മെ സ്വീകരിക്കും.

തെച്ചിയും പാരിജാതവും ഗൗളിതെങ്ങുമെല്ലാം അതിന് പിറകിലായുണ്ട്. വീട്ടിലെത്തിയാല്‍ തുമ്പിയും തേനീച്ചകളും ചെടികള്‍ക്കിടയിലൂടെ നൃത്തം വയ്ക്കുന്ന മനോഹരകാഴ്ച മനം നിറയ്ക്കും, മനസിനൊരു കുളിര്‍മ പകരും. മാവുകള്‍ പന്തലുവിരിച്ച മുറ്റം നിറയെ സൂര്യനെ നേരേ നോക്കാനാഗ്രഹിക്കാത്ത അകത്തള സസ്യങ്ങള്‍ വര്‍ണപ്രപഞ്ചം തീര്‍ക്കുകയാണ്. ഇവിടത്തെ ഓരോ അകത്തള സസ്യങ്ങള്‍ക്കും ഒരു കഥപറയാനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു സൗഹൃദത്തിന്റെ, ഒരു സന്ദര്‍ശനത്തിന്റെ ഒക്കെ കഥയാണത്. സൗഹൃദസന്ദര്‍ശനങ്ങള്‍ നടത്തുന്ന വീടുകളില്‍ നിന്ന് ഒപ്പം കൂട്ടിയ സസ്യശകലങ്ങള്‍ നട്ടുനനച്ചു. ഇന്നവ വളര്‍ന്നു വലുതായി വര്‍ണ വിസ്മയമൊരുക്കുകയാണിവിടെ.

അഗ്ലോണിമ, കലാത്തിയം, കലേഡിയം, മണിപ്ലാന്റുകള്‍, സീസീ പ്ലാന്റുകള്‍, കഡ്‌ലസ്, ബിഗ്‌റോയി, ബോക്‌സര്‍, ഡിഫംബാച്ചിയ, ഫിലോഡെന്‍ഡ്രന്‍, അലോക്കേഷ്യ, ഫിറ്റോണിയ തുടങ്ങി ഇന്‍ഡോര്‍ പ്ലാന്റുകളുടെ ആകര്‍ഷക ശേഖരം തന്നെ ഇവിടുണ്ട്. വേനല്‍ക്കാലത്ത് ഒരു നേരമാണ് ജലസേചനം. വര്‍ഷകാലത്ത് നന ആവശ്യമില്ല. അകത്തള സസ്യങ്ങള്‍ എന്നാണ് പേരെങ്കിലും ഇവയെ പലതിനേയും പൂര്‍ണമായും അകത്തുതന്നെ ഒതുക്കുന്നത് ഇവയ്ക്കിഷ്ടമില്ലെന്നാണ് അനിത കെരിം പറയുന്നത്. അതിനാല്‍ ഒരാഴ്ച അകത്തു വയ്ക്കുന്നവയെ അടുത്തയാഴ്ച വീടിനുപുറത്തെ സണ്‍ഷെയ്ഡിനടിയിലേക്കോ മാവിന്റെ തണലിലേക്കോ മാറ്റും.

ചെടിച്ചട്ടിയുടെ അടിയില്‍ ചെറിയ കരിങ്കല്‍ കഷണങ്ങള്‍ നിരത്തി അതില്‍ മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതം നിറച്ച് അതിലാണ് ചെടികള്‍ നടുന്നത്. പിന്നീട് ഓരോ 15 ദിവസം കൂടുമ്പോഴും ചാണകം കലക്കി അതിന്റെ തെളിയൂറ്റി ഒഴിക്കുന്ന വളവെള്ളമാണ് ചെടികളുടെ കരുത്ത്. സമയമുള്ള വീട്ടമ്മമാര്‍ക്ക് ഇത്തരത്തിലുള്ള വിനോദങ്ങള്‍ തരുന്നത് സന്തോഷമുള്ള മനസും ടെന്‍ഷന്റെ പിടിയില്‍ നിന്നുള്ള മോചനവുമാണെന്നും അനിത പറയുന്നു.

ഫോണ്‍: അനിത- 90727 77771.

Related Stories

No stories found.
logo
The Fourth
www.thefourthnews.in