എരുമവളര്‍ത്തല്‍ സ്വയംതൊഴില്‍ സംരംഭമാക്കാം, പക്ഷെ ശ്രദ്ധിക്കണം

എരുമവളര്‍ത്തല്‍ സ്വയംതൊഴില്‍ സംരംഭമാക്കാം, പക്ഷെ ശ്രദ്ധിക്കണം

വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പു നിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാണ്. അതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ എരുമകളെ വളര്‍ത്താം.

പാലിനായി എരുമകളേയും ഇറച്ചിക്കായി പോത്തിനേയുമൊക്കെ വളര്‍ത്തുന്നത് സ്വയംതൊഴില്‍ സംരംഭമാക്കാം. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. പാലുത്പാദനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ്. 2021-22 ല്‍ 221 ദശലക്ഷം ടണ്ണാണ് നമ്മുടെ ഉത്പാദനം. ഇതില്‍ പകുതിയിലേറെയും സംഭാവന ചെയ്യുന്നത് എരുമകളാണ്. 145 ദശലക്ഷത്തോളം പശുക്കളുള്ള ഇന്ത്യയില്‍ 100 ദശലക്ഷം എരുമകളുണ്ട്. സങ്കരയിനത്തില്‍പ്പെട്ട പശുക്കളാണ് കേരളത്തിലെ പാലുത്പാദനത്തിന്റെ 93.5 ശതമാനവും സംഭാവന ചെയ്യുന്നത്. പത്തുലക്ഷത്തോളം സങ്കരയിനം പശുക്കള്‍ കേരളത്തിലുള്ളപ്പോള്‍ എരുമകളുടെ എണ്ണം പതിനയ്യായിരത്തിനടുത്തുമാത്രമാണ്. നാമമാത്രമായ സംഭാവനയാണ് കേരളത്തിന്റെ പാലുത്പാദനത്തില്‍ എരുമകള്‍ക്കുള്ളത്. എന്നാല്‍ മാംസത്തിനായി വളര്‍ത്തുന്ന പോത്തുകളുടെ എണ്ണം എണ്‍പതിനായിരത്തിനടുത്താണ്. ഏറെ പ്രത്യേകതകളും സാധ്യതകളുമുള്ള എരുമവളര്‍ത്തല്‍ സ്വയം തൊഴില്‍ സംരംഭമാക്കാനാഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പെരുമയേറും എരുമ

ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഗുണമേന്മ കുറഞ്ഞ പരുഷാഹാരവും ഉപയോഗിക്കാനുള്ള കഴിവ്, കൊഴുപ്പു കൂടിയ പാല്‍ എന്നിവ എരുമകളുടെ പ്രത്യേകതകളാണ്. പഞ്ചാബിന്റെ ഓമനകളായ മുറ, നീലിരവി, ഗുജറാത്തിലെ സുര്‍ത്തി, മെഹ്സാന, ജാഫ്രാബാദി തുടങ്ങിയവ ലോകത്തിലെ തന്നെ മികച്ച എരുമ ജനുസുകളാണ്. ഇവയുടെ പാലില്‍ കൊഴുപ്പും ഖരപദാര്‍ത്ഥങ്ങളും കൂടുതലാണ്. മാംസ്യം, കാത്സ്യം, വിറ്റാമിന്‍ എ, ഇ എന്നിവയും വര്‍ധിച്ച തോതില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് താരതമ്യേന കുറവാണെന്നത് മറ്റൊരു പ്രത്യേകത. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഏറെ അനുയോജ്യം. രുചികരവും മൃദുവുമായ ഇറച്ചി മാംസ്യത്തിന്റെ കലവറയാണ്. ഭ്രാന്തിപ്പശു പോലുള്ള രോഗങ്ങള്‍ എരുമകളില്‍ കാണാത്തതിനാല്‍ മാംസത്തിന് ആഗോള വിപണിയിലും ആവശ്യക്കാരേറെയുണ്ട്. അകിടുവീക്കം പോലെയുള്ള അസുഖങ്ങള്‍ കുറവ്, മരുന്നുകള്‍ പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകള്‍ അധികം ഉപയോഗിക്കാത്തതിനാല്‍ ഉത്പന്നങ്ങളില്‍ ഇവയുടെ തോത് കുറവായിരിക്കും. അതിനാല്‍ ജൈവ ഉത്പന്നമായും വിറ്റഴിക്കാം. ചൂടും, ഈര്‍പ്പവും അധികമുള്ള കാലാവസ്ഥാ പ്രശ്നങ്ങള്‍, തീറ്റക്രമത്തിലെ സവിശേഷതകള്‍, സങ്കീര്‍ണമായ പ്രത്യുത്പാദനം, കറവ സംബന്ധമായ പ്രശ്നങ്ങള്‍, എരുമക്കുട്ടികളുടെ ആരോഗ്യം എന്നിവയാണ് എരുമ വളര്‍ത്തലിലെ പ്രധാന വെല്ലുവിളികള്‍.

ഏറെ പ്രത്യേകതകളും സാധ്യതകളുമുള്ള എരുമവളര്‍ത്തല്‍ സ്വയം തൊഴില്‍ സംരംഭമാക്കാനാഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പാലില്‍ കൊഴുപ്പും ഖരപദാര്‍ത്ഥങ്ങളും കൂടുതലാണ്. മാംസ്യം, കാത്സ്യം, വിറ്റാമിന്‍ എ, ഇ എന്നിവയും വര്‍ധിച്ച തോതില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് താരതമ്യേന കുറവാണെന്നത് മറ്റൊരു പ്രത്യേകത. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഏറെ അനുയോജ്യം.

സവിശേഷതകള്‍

വെള്ളത്തോടും ജലാശയങ്ങളോടും സ്വതസിദ്ധമായൊരിഷ്ടം എരുമകള്‍ക്കുണ്ട്. ചെളിവെള്ളത്തിലുരുളുന്നതും വെള്ളത്തില്‍ നീന്തിത്തുടിക്കുന്നതും ഏറെയിഷ്ടപ്പെടുന്ന മികച്ച നീന്തല്‍ക്കാര്‍. ഇത് ശരീരതാപത്തേയും ബാഹ്യപരാദങ്ങളേയും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടാണ്. കറുപ്പു നിറവും കട്ടിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവുമൊക്കെ ശരീരതാപനില നിയന്ത്രിക്കാനുള്ള ശേഷിക്കുറവിന് കാരണമാണ്. ചൂടു കൂടുമ്പോള്‍ ജലവും തണലും തേടി ഇവ നീങ്ങുന്നു. വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പു നിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാണ്. അതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ എരുമകളെ വളര്‍ത്താം. ഇത് ഒരു ഉത്തരേന്ത്യന്‍ ഗ്രാമക്കാഴ്ചയുമാണ്.

തീറ്റയാണ് വെല്ലുവിളി

ഗുണമേന്മ കുറഞ്ഞ പരുഷാഹാരം പോലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ എരുമകള്‍ക്കാകും. അതിനാല്‍തന്നെ ഭക്ഷ്യയോഗ്യമായ കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ തീറ്റയായി നല്‍കാം. സെല്ലുലോസ് ദഹിപ്പിക്കാനുള്ള കഴിവ് എരുമകള്‍ക്ക് കൂടുതലുണ്ട്. ഓരോ രണ്ട് കിലോ ഗ്രാം പാലുല്പാദനത്തിനും ഒരു കിലോഗ്രാം സമീകൃത തീറ്റ വേണം. ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ വ്യാപ്തി കൂടുതലാണ് എരുമകളില്‍. തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ള പരുഷാഹാരത്തിന്റെ ലഭ്യതക്കുറവ് തന്നെ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി.

എരുമവളര്‍ത്തല്‍ സ്വയംതൊഴില്‍ സംരംഭമാക്കാം, പക്ഷെ ശ്രദ്ധിക്കണം
മലയാളി കഴിക്കുന്നത് ശുദ്ധമായ മാംസമോ? മാംസ സംസ്‌കരണത്തില്‍ പരിശീലനത്തിന് വെറ്ററിനറി സര്‍വകലാശാല

എരുമകിടാങ്ങളുടെ ഉയര്‍ന്ന മരണ നിരക്കാണ് എരുമ വളര്‍ത്തലിലെ വലിയൊരു പ്രശ്നം. ഇത് രോഗം മൂലമോ അനാസ്ഥ മൂലമോ ആവാം. എരുപ്പാലിന് ആവശ്യക്കാരേറെയും, വിലയധികവുമായതിനാല്‍ കിടാങ്ങള്‍ക്ക് പാല്‍ നിഷേധിക്കപ്പെടുന്നു.

എരുമകിടാങ്ങളില്‍ കൂടിയ മരണനിരക്ക്

എരുമകിടാങ്ങളുടെ ഉയര്‍ന്ന മരണ നിരക്കാണ് എരുമ വളര്‍ത്തലിലെ വലിയൊരു പ്രശ്നം. ഇത് രോഗം മൂലമോ അനാസ്ഥ മൂലമോ ആവാം. എരുപ്പാലിന് ആവശ്യക്കാരേറെയും, വിലയധികവുമായതിനാല്‍ കിടാങ്ങള്‍ക്ക് പാല്‍ നിഷേധിക്കപ്പെടുന്നു. ന്യൂമോണിയ, വയറിളക്കം, അണുബാധ, വിരബാധ എന്നിവയാണ് പ്രധാന രോഗങ്ങള്‍ കന്നിപ്പാല്‍ ആവശ്യത്തിന് നല്‍കി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാത്തത് പ്രധാന കാരണം. 10-12 ദിവസം പ്രായമുള്ളപ്പോള്‍ വിരയിളക്കാം. ഈര്‍പ്പരഹിതവും, ശുചിത്വവും കാലാവസ്ഥാ മാറ്റങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമായ പാര്‍പ്പിടം നിഷേധിക്കപ്പെടുമ്പോഴും കിടാവുകള്‍ പ്രശ്നത്തിലാവുന്നു.

എളുപ്പമല്ല കറവ

കിടാവിന്റെ സാമീപ്യമില്ലാതെ പാല്‍ ചുരത്താന്‍ മടിക്കുന്ന എരുമകളുടെ മാതൃഗുണം കറവ ബുദ്ധിമുട്ടുള്ളതാക്കുന്നു. സ്ഥിരം കറവക്കാര്‍ തന്നെ എരുമകള്‍ക്ക് വേണം. കറവയന്ത്രവുമായി പരിചയപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. എരുമകള്‍ പശുക്കളെ പെട്ടെന്ന് പേടിക്കുന്നവയാണ്. അതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും ഉത്പാദനത്തെ സാധിക്കും അകിടില്‍ തലോടി മുലക്കാമ്പുകള്‍ വലിച്ച് ഉത്തേജിതരാക്കി മാത്രമേ ഇവയെ ചുരത്താന്‍ പ്രേരിപ്പിക്കാന്‍ സാധിക്കൂ. കറവ നടത്താന്‍ ക്ഷമ വേണം. കറവക്കാരന്‍ മാറിയാലും കറവസ്ഥലവും, സമയവും മാറിയാലും പാല്‍ കുറയും.

എരുമവളര്‍ത്തല്‍ സ്വയംതൊഴില്‍ സംരംഭമാക്കാം, പക്ഷെ ശ്രദ്ധിക്കണം
കുറഞ്ഞ ചെലവില്‍ എങ്ങനെ ക്ഷീര സംരംഭം വിജയിപ്പിക്കാം; അറിയാം പാല്‍ വരുന്ന വഴി

പ്രശ്നങ്ങളുടെ പരിഹാരം തേടുന്നതിനു മുമ്പ് പശുക്കളുടേതില്‍ നിന്നു വ്യത്യസ്തമായ ശാരീരിക, സ്വഭാവ പ്രത്യേകതകള്‍ ഉള്ള മൃഗമാണ് എരുമയെന്നും അവയുടെ പ്രത്യേകളേക്കുറിച്ചുമുള്ള പാഠങ്ങള്‍ എരുമ കര്‍ഷകര്‍ മനസിലാക്കിയിരിക്കണം.

വന്ധ്യതയാണ് വലിയ പ്രശ്‌നം

കേരളത്തില്‍ എരുമകളുടെ വലിയ കുറവു വന്നിരിക്കുമ്പോഴും എരുമകളെ ഇഷ്ടപ്പെടുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു വിഭാഗം കര്‍ഷകരുണ്ട്. ഇവര്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം എരുമകളിലെ വന്ധ്യതയാണ്. എന്നാല്‍ വന്ധ്യതയ്ക്ക് കാരണമാകുന്ന ചില പ്രധാന പ്രശ്നങ്ങളെങ്കിലും ശാസ്ത്രീയ പരിപാലനത്തിലൂടെ ഒഴിവാക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. എരുമകളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സാധാരണ കര്‍ഷകര്‍ പറയാറുള്ള സ്ഥിരം പരാതികളുണ്ട്. വയസു രണ്ടു കഴിഞ്ഞിട്ടും മദി കാണിക്കുന്നില്ല, മദിയ്ക്ക് ശക്തമായ വ്യക്തമായ ലക്ഷണങ്ങളില്ല, രണ്ടോ അതില്‍ കൂടുതലോ ദിവസങ്ങള്‍ നീളുന്ന മദി, പല തവണ കുത്തിവയ്പിച്ചാലും ഗര്‍ഭധാരണം നടക്കുന്നില്ല, 2-3 മാസം ഇടവിട്ടുള്ള മദി തുടങ്ങിയവയാണിത്. മേല്‍ പറഞ്ഞ പ്രശ്നങ്ങളുടെ പരിഹാരം തേടുന്നതിനു മുമ്പ് പശുക്കളുടേതില്‍ നിന്നു വ്യത്യസ്തമായ ശാരീരിക സ്വഭാവ പ്രത്യേകതകള്‍ ഉള്ള മൃഗമാണ് എരുമയെന്നും അവയുടെ പ്രത്യേകളേക്കുറിച്ചുമുള്ള പാഠങ്ങള്‍ എരുമ കര്‍ഷകര്‍ മനസിലാക്കിയിരിക്കണം.

എരുമ കിടാരികളില്‍ മദിചക്രം 18-20 ദിവസവും, അമ്മമാരില്‍ 20-24 ദിവസവുമാണ്. മദി സമയം 18-24 മണിക്കൂര്‍ ആയിരിക്കും. മദിയുടെ പുറം ലക്ഷണങ്ങള്‍ ശക്തമായി പ്രകടിപ്പിക്കില്ല. പശുക്കളില്‍ മദിയുടെ മുഖ്യലക്ഷണമായി നാം കാണുന്ന മറ്റു പശുക്കളുടെ പുറത്തു കയറുന്ന സ്വഭാവം എരുമകള്‍ കാണിക്കില്ല. എന്നാല്‍ മദിയിലുള്ള എരുമകള്‍ പോത്തുകളെ മേലില്‍ കയറാന്‍ അനുവദിക്കുന്നു. മദിയിലല്ലെങ്കില്‍ ഇതൊരിക്കലും അനുവദിക്കുകയുമില്ല. പാല്‍ കുറയുക, കരച്ചില്‍, പതിവില്ലാതെ ഓട്ടവും ചാട്ടവും, ഇടവിട്ട് കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കല്‍, ഈറ്റത്തില്‍ തടിപ്പ്, തെളിഞ്ഞ മാച്ചു പോകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം.

നല്ല തീറ്റക്രമം അനുവര്‍ത്തിച്ചാല്‍ 30-36 മാസം പ്രായത്തില്‍ ആദ്യ മദി ലക്ഷണം കാണിക്കുന്നു. ഈ സമയം 300 കിലോഗ്രാംവരെ തൂക്കവുമെത്തുന്നു.

കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ എരുമകളിലെ മദി സമയം തിരിച്ചറിയാന്‍ കഴിയൂ. ആദ്യമായി എരുമകള്‍ മദി കാണിക്കുന്നത് പശുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം പ്രായമെത്തിയതിനു ശേഷമാണ്. നല്ല തീറ്റക്രമം അനുവര്‍ത്തിച്ചാല്‍ 30-36 മാസം പ്രായത്തില്‍ ആദ്യ മദി ലക്ഷണം കാണിക്കുന്നു. ഈ സമയം 300 കിലോഗ്രാംവരെ തൂക്കവുമെത്തുന്നു. ഒന്നോര്‍ക്കുക പ്രായമല്ല, ശരീരമാണ് ഇക്കാര്യത്തില്‍ പ്രധാനം. എരുമകളില്‍ ബീജാധാനം നടത്തുന്ന സമയം ഏറെ ശ്രദ്ധിക്കണം. മദിയുള്ള സമയത്ത് അതായത് മദിയുടെ മധ്യഭാഗത്തും മദി അവസാനിക്കുന്നതിന് മുമ്പുമാണ് പറ്റിയ സമയം. അതായത് മദി തുടങ്ങി 12 മണിക്കൂറിനു ശേഷം കുത്തിവയ്പ് നടത്താം. മദി തുടങ്ങിയ സമയം അറിയാത്ത സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ബീജാധാനം നടത്തുകയും അടുത്ത ദിവസം മദിലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുത്തിവയ്പ് ഒന്നുകൂടി നടത്തുകയും ചെയ്യണം. രണ്ട് തവണ കുത്തിവയ്പ് നടത്തിയിട്ടും ഗര്‍ഭധാരണം നടക്കാത്തവയേയും രണ്ടില്‍ കൂടുതല്‍ ദിവസം മദി കാണിക്കുന്നവയേയും വെറ്ററിനറി ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം. കുത്തിവയ്പ് സംബന്ധിച്ച അബദ്ധ ധാരണകള്‍ കാര്യങ്ങള്‍ പഠിച്ച് മാറ്റിയെടുക്കണം. ബീജാധാനത്തിനു ശേഷം വെള്ളം നല്‍കരുത്. ബീജാധാനത്തിനു മുമ്പ് വെള്ളവും തീറ്റയും നല്‍കരുത്. ബീജാധാനത്തിന് ശേഷം എരുമ കിടക്കരുത്, മൂത്രമൊഴിക്കരുത് തുടങ്ങിയ പല ധാരണകളുമുണ്ട്. എന്നാല്‍ ഇവയ്ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ല. എന്നാല്‍ ബീജാധാനത്തിനായി ഏറെ ദൂരം ഓടിച്ചുകൊണ്ടു വരിക, അടിക്കുക, വേദന നല്‍കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കും.

സഹിക്കാനാവില്ല വേനല്‍

വേനല്‍ക്കാലമാണ് എരുമകളുടെ പ്രധാന ശത്രു. ഈ സമയത്ത് വന്ധ്യതയും പ്രശ്നമാകും. ഉയര്‍ന്ന ചൂട് എരുമകള്‍ സഹിക്കില്ല. മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക, പ്രകടിപ്പിച്ചാലും ഗര്‍ഭധാരണം നടക്കാതിരിക്കുക എന്നിവയുണ്ടാകും. എന്നാല്‍ വര്‍ഷക്കാലം തുടങ്ങുന്നതോടെ മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ ചികിത്സിച്ചില്ലെങ്കിലും അവസാനിക്കാറാണ് പതിവ്. ഗര്‍ഭാശയ അണുബാധയും എരുമകളില്‍ വന്ധ്യതയുണ്ടാക്കും. പ്രസവ സമയത്തും, മദി സമയത്തും മാത്രമാണ് ഗര്‍ഭാശയം തുറക്കുന്നത്. ഈ സമയങ്ങളില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുന്നു. ഈ സമയത്തുണ്ടാകുന്ന പിഴവുകള്‍ അണുബാധയുണ്ടാക്കും. അതിനാല്‍ പ്രസവവും, ബീജാധാനവും വിദഗ്ധ ഡോക്ടര്‍മാര്‍തന്നെ ചെയ്യാന്‍ ശ്രദ്ധിക്കണം. പോഷക കുറവും, വന്ധ്യതയുടെ കാരണമായതിനാല്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശ പ്രകാരം സമീകൃത തീറ്റക്രമം അനുവര്‍ത്തിക്കണം. പുല്ലിനും, വൈക്കോലിനും ഒപ്പം രണ്ടു കിലോഗ്രാം പാലിന് ഒരു കിലോഗ്രാം സമീകൃത കാലിത്തീറ്റ എന്ന അളവില്‍ നല്‍കണം. എരുമകളുടെ ഗര്‍ഭകാലം 310-315 ദിവസമാണ്. പ്രസവം കഴിഞ്ഞാല്‍ 3-4 മാസങ്ങള്‍ക്കുള്ളിലാവും മദിലക്ഷണങ്ങള്‍. ആദ്യം മദി ഒഴിവാക്കി അടുത്ത മദിയില്‍ ബീജാധാനം നടത്താം. മൂന്നു വര്‍ഷത്തില്‍ രണ്ടു പ്രസവമെങ്കിലും കിട്ടിയാലേ എരുമ വളര്‍ത്തല്‍ വിജയകരമാകൂ. ചൂടു കൂടിയ സമയത്ത് ഗര്‍ഭധാരണ ശേഷി കുറയുമെങ്കിലും ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരയുള്ള മാസങ്ങളില്‍ ഗര്‍ഭധാരണശേഷി കൂടുതലുള്ളതായി കാണപ്പെടുന്നു. തണുത്ത കാലാവസ്ഥയും, പകലിന്റെ നീളക്കുറവും കാരണമാണിത്. ഈ സമയത്ത് കാണുന്ന മദിയില്‍ കുത്തിവെയ്പ് നിര്‍ബന്ധമായും ചെയ്യണം. എരുമ കര്‍ഷകര്‍ മദിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകിച്ച് മദി കണ്ട ദിവസം, ലക്ഷണങ്ങള്‍ തുടങ്ങിയ സമയം, അവസാനിച്ച സമയം തുടങ്ങിയ വിവരങ്ങളും കുത്തിവയ്പുമായി ബന്ധപ്പെട്ട തീയതികളും എഴുതി സൂക്ഷിക്കുന്നത് ഏറെ സഹായകരമാകും. ഇത്തരത്തില്‍ അറിഞ്ഞും ഫാമുകള്‍ സന്ദര്‍ശിച്ചും എരുമവളര്‍ത്തലിലേക്കു കടന്നാല്‍ സംരംഭം വിജയിപ്പിക്കാം.

logo
The Fourth
www.thefourthnews.in