വെള്ള ചെറുതേനും കഠിനാധ്വാനത്തിന്റെ 
തേന്‍പാഠങ്ങളും

വെള്ള ചെറുതേനും കഠിനാധ്വാനത്തിന്റെ തേന്‍പാഠങ്ങളും

കണ്ടാല്‍ വെള്ള മുന്തിരിക്കുലപോലിരിക്കും. കൈയ്യിലെടുത്താല്‍ കണ്ണീരാണെന്നേ തോന്നൂ. ഔഷധ ഗുണമേറിയ വെള്ള ചെറുതേനിന്റെ പക്ഷെ വിലകേട്ടാല്‍ ഞെട്ടും

കണ്ടാല്‍ വെള്ള മുന്തിരിക്കുലപോലിരിക്കും. കൈയ്യിലെടുത്താല്‍ കണ്ണീരാണെന്നേ തോന്നൂ. പക്ഷെ വില കേട്ടാല്‍ ഞെട്ടും, ഔഷധ ഗുണമേറിയ വെള്ള ചെറുതേനിന്റെ- കിലോയ്ക്ക് 20,000 മുതല്‍ 30,000 വരെ. കഠിനാധ്വാനികളായ തേനീച്ചകള്‍ക്ക് ഉറക്കമില്ല. രാത്രിയില്‍ കൂടിനു പുറത്തു ചെവിവച്ചാല്‍ ആശാരിമാര്‍ പണിയുന്നതുപോലുള്ള ശബ്ദം കേള്‍ക്കാം. നിരവധിയിനം തേനീച്ചകളുടെ അപൂര്‍വ ശേഖരവുമിവിടെയുണ്ട്. കോട്ടയം പൊന്‍കുന്നം പാറയ്ക്കല്‍ ബീഫാമിലെത്തിയാല്‍ വന്‍ തേനും ചെറുതേനും ഉത്പാദിപ്പിക്കുന്ന തേനീച്ചകളുടെ ഈ വൈവിധ്യം കാണാം. 50 വര്‍ഷമായി തേനീച്ച വളര്‍ത്തുന്ന സിബി അഗസ്റ്റിന്‍ എന്ന കര്‍ഷകനില്‍ നിന്ന് വിലയേറിയ തേനറിവുകളും സ്വന്തമാക്കാം. ചെറുതേനും വന്‍തേനുമായി 6000 പെട്ടികളിലാണ് സിബിയുടെ തേനീച്ച വളര്‍ത്തല്‍. ജില്ലയിലെ 150 പറമ്പുകളില്‍ നിന്നാണ് തേന്‍ശേഖരണം. 50 വര്‍ഷമായി തേനീച്ച വളര്‍ത്തല്‍ രംഗത്തുള്ള സിബിയുടെ ജീവിതം തന്നെ മുന്നോട്ടു നീങ്ങുന്നത് തേനീച്ചകള്‍ക്കൊപ്പം നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ്.

കഠിനാധ്വാനത്തിന്റെ തേന്‍ പാഠങ്ങള്‍

കഠിനാധ്വാനത്തിന്റെ വിലയെന്തെന്നു മനുഷ്യനെ പഠിപ്പിക്കുന്ന ജീവിയാണ് തേനീച്ച. ജോലി 24 മണിക്കൂറാണ്. രാവിലെ അഞ്ചരയക്ക് തേനെടുക്കാനിറങ്ങുന്ന ഇവര്‍ ഉറങ്ങുന്നു പോലുമില്ല. തേനും പൂമ്പൊടിയും വെള്ളവുമൊക്കെ ശേഖരിക്കലാണ് പകല്‍സമയത്തെ തേനീച്ചയുടെ പ്രധാന ജോലി. തേനില്‍ നിന്ന് ഇവര്‍തന്നെ വേര്‍തിരിച്ചെടുക്കുന്ന മെഴുകുപയോഗിച്ച് തേന്‍ ശേഖരിച്ചുവയ്ക്കാനുള്ള അട നിര്‍മാണം രാത്രിയിലെ പ്രധാന ജോലിയാണ്. അറയില്‍ ശേഖരിക്കുന്ന തേനിന്റെ ജലാംശം ഒന്നിച്ചു ചിറകടിച്ച് വറ്റിക്കലും രാത്രിയിലെ പ്രധാന ജോലിയാണ്. രണ്ടു മൂന്നു മിനിറ്റ് ഇടവിട്ട് കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കലും ഇതിനൊപ്പം നടക്കുന്നു. ആയിരക്കണക്കിനു ചെടികളിലെത്തിയാണ് തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നത്. ഒപ്പം പൂമ്പൊടി കാലുകളില്‍ ഉരുട്ടി കൊണ്ടുവരും. രണ്ടു ദിവസം കൊണ്ട് മനോഹരമായെ തേനറ ഇവ നിര്‍മിക്കും.

നിരവധിയിനം തേനീച്ചകളുടെ അപൂര്‍വ ശേഖരവുമിവിടെയുണ്ട്. കഠിനാധ്വാനികളായ തേനീച്ചകള്‍ക്ക് ഉറക്കമില്ല, രാത്രിയില്‍ കൂടിനു പുറത്തു ചെവിവച്ചാല്‍ ആശാരിമാര്‍ പണിയുന്നതുപോലുള്ള ശബ്ദം കേള്‍ക്കാം.

തേന്‍ പെട്ടികള്‍ തയാറാക്കല്‍

തേനീച്ച വളര്‍ത്തലിന്റെ ആദ്യഘട്ടം പ്രത്യേകം തയാറാക്കിയ സ്റ്റാന്‍ഡില്‍ തേന്‍പെട്ടികള്‍ വയ്ക്കുക എന്നതാണ്. ഇതില്‍ ആദ്യത്തെ തട്ടിലാണ് റാണിയിച്ചയും പുഴുക്കളും മുട്ടകളുമെല്ലാമിരിക്കുന്നത്. പുഴുഅറ, ബ്രൂഡര്‍ ചേമ്പര്‍ എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. നിറഞ്ഞ പെട്ടികളില്‍ നിന്ന് രണ്ടോ മൂന്നോ ഫ്രയിം തേനീച്ചകളെ പുതിയ പെട്ടിയിലേക്ക് മാറ്റിയാണ് പുതിയ കോളനിയുണ്ടാക്കുന്നത്. ഇതിലുള്ള നൂല്‍ മുട്ടകളിലൊന്നിന് തേനീച്ചകള്‍ റോയല്‍ജെല്ലിയുണ്ടാക്കി നല്‍കി റാണിയാക്കി മാറ്റിയെടുക്കുന്നു. ബ്രൂഡര്‍ ചേമ്പറിനു മുകളില്‍ അഞ്ചു തേന്‍തട്ടുകള്‍ അഥവാ സൂപ്പറുകള്‍ വരെ സ്ഥാപിക്കാം. ഇതിലാണ് ഈച്ചകള്‍ അടകളുണ്ടാക്കി തേന്‍ ശേഖരിക്കുന്നത്.

വന്‍തേനും ചെറുതേനും

മൂന്നിനം തേനീച്ചകളാണ് വന്‍തേന്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത്. മഞ്ഞ ഞൊടിയല്‍, കരിഞൊടിയല്‍, വെള്ള ഞൊടിയല്‍ എന്നിവയാണിവ. മഞ്ഞഞൊടിയലിന്റെ റാണി ചുവന്നിരിക്കും ഈച്ചകള്‍ക്ക് മഞ്ഞ നിറമായിരിക്കും. കരിഞൊടിയലിന്റെ റാണിക്കും ഈച്ചകള്‍ക്കും കറുപ്പു നിറമാണ്. തേന്‍ ഉത്പാദനത്തില്‍ ഇവരാണ് മുന്‍പില്‍. വെള്ളഞൊടിയലിന്റെ റാണിക്ക് കറുപ്പും ചുവപ്പും ചേര്‍ന്ന കളറായിരിക്കും.

എട്ടു ജനുസില്‍പ്പെട്ട ചെറു തേനീച്ചകളാണ് ഇവിടെ വളരുന്നത്. ആനത്തുമ്പിക്കൈയ്യന്‍ രണ്ടു തരം. കടിയനും സാധായും. തുമ്പിക്കൈപോലെ കൂടിന്റെ മുമ്പിലെ പ്രവേശനകവാടം രൂപകല്‍പന ചെയ്യുന്നതിനാലാണ് ഈ പേര് പ്രാദേശികമായി വീണത്. പ്രവേശനകവാടം പന്നിമൂക്കുപോലെ വലുതായിരിക്കുന്ന പന്നിമൂക്കന്‍ കടിയനും സാധായും. കടിയനാണ് തേനുത്പാദിപ്പിക്കാന്‍ മിടുക്കന്‍. കടിയനീച്ചകള്‍ കേരളത്തില്‍ പത്തോ ഇരുപതോ കൂടേ കാണൂ.്അതിലൊന്നാണ് സിബിയുടെ പക്കലുള്ളത്. സൈലന്റ് ഡാമര്‍ ബീസ്, ചെമ്പന്‍ കുഞ്ഞ്, വലിപ്പം കുറവുള്ള കരിങ്കണ്ണി തേനീച്ച എന്നിവയും സിബിയുടെ പക്കലുണ്ട്. എന്നാല്‍ വെള്ളതേനീച്ചയാണ് തേനീച്ചകളിലെ താരം. ഇത് പെട്ടികളില്‍ വെള്ള മുന്തിരിക്കുലകള്‍ ഇരിക്കുന്നതു പോലെയാണ് തേന്‍കുടങ്ങള്‍ നിര്‍മിക്കുന്നത്. ഈ തേനിനിന് വിലയും കൂടുതലാണ് 20000-30000 ഒക്കെയാണ് ഒരു കിലോയുടെ വില. വെള്ള ചെറുതേനീച്ച ഒരുകൂട്ടില്‍ 50 മില്ലിലിറ്റര്‍ തേനേ വയ്ക്കൂ. 40 കൂടുവരെ തുറന്നാലാണ് ഒരു ലിറ്റര്‍ തേന്‍ ലഭിക്കുക. ഏറ്റവും ചെറിയതേനീച്ചകളെടുക്കുന്ന ഈ തേനിന്റെ ഔഷധഗുണം കൊണ്ടുകൂടിയാണ് തേനിന് ഇത്ര വിലവരുന്നത്.നാടന്‍ തേനീച്ചയെയും ഒപ്പം കൂട്ടിയിട്ടുണ്ട് സിബി.

കോട്ടയം പൊന്‍കുന്നം പാറയ്ക്കല്‍ ബീഫാമിലെത്തിയാല്‍ വന്‍ തേനും ചെറുതേനും ഉത്പാദിപ്പിക്കുന്ന തേനീച്ചകളുടെ ഈ വൈവിധ്യം കാണാം. 50 വര്‍ഷമായി തേനീച്ച വളര്‍ത്തുന്ന സിബി അഗസ്റ്റിന്‍ എന്ന കര്‍ഷകനില്‍ നിന്ന് വിലയേറിയ തേന്‍പാഠങ്ങളും സ്വന്തമാക്കാം.

വേലക്കാരികളും റാണിയും

റാണിയീച്ച, വേലക്കാരിയീച്ച, ആണീച്ച എന്നിവയടങ്ങുന്നതാണ് തേനീച്ചകളുടെ ഒരു കോളനി. ഇതില്‍ റാണി ആണീച്ചകളുമായി ഇണചേര്‍ന്നാണ് പുതിയ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നത്. മറ്റു പണിയൊന്നും ചെയ്യാത്തതിനാല്‍ ആണീച്ചകളെ മടിയന്‍മാരെന്നും പറയാറുണ്ട്. ആകാശത്തോളം ഉയര്‍ന്നു പൊങ്ങിയാണ് റാണിയും ആണ്‍ തേനീച്ചയും ഇണചേരുന്നത്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ആണ്‍തേനീച്ച ചാകും. റാണി തിരിച്ച് കൂട്ടിലേക്കുവരും. വേലക്കാരിയീച്ചകളും ആണ്‍തേനീച്ചകളും ഒക്കെ വിരിയുന്നത് റാണി ഇടുന്ന മുട്ടയില്‍ നിന്നാണ്. റാണി ഇടുന്ന ബീജസങ്കലനം നടന്ന മുട്ടയില്‍ നിന്നാണ് റാണിയുടെ സെല്ലുകളും വേലക്കാരി ഈച്ചകളും ഉണ്ടാകുന്നത്. ബീജസങ്കലനം നടക്കാത്ത മുട്ടയില്‍ നിന്ന് ആണീച്ചകളുണ്ടാകുന്നു.

റാണിയും വേലക്കാരികളും പെണ്ണീച്ചകളാണ്. റാണിയില്ലാത്ത സമയത്തു മാത്രമേ വേലക്കാരികള്‍ മുട്ടയിടാറുള്ളൂ. റാണി ഒരു ദിവസം 300 മുതല്‍ 700 വരെ മുട്ടകളിടുന്നു. ഇതില്‍ തേന്‍ ശേഖരിക്കുന്നതും തേനറ ഉണ്ടാക്കുന്നതുമെല്ലാം വേലക്കാരി ഈച്ചകളാണ്. അഞ്ചു തേനറകളുള്ള ഒരു കൂട്ടില്‍ നിന്ന് വര്‍ഷം 40 കിലോ വരെ തേനെടുക്കാം. ഒരുലക്ഷത്തോളം തേനീച്ചകളുടെ കഠിനാധ്വാനത്തിന്റെ ഫലംകൂടിയാണിത്. ജനുവരിയില്‍ തുടങ്ങി ഏപ്രിലോടെ അവസാനിക്കുന്നതാണ് തേന്‍കാലം.

വന്യജീവികളെ തടയും തേനീച്ച

വന്യജീവികളില്‍ നിന്നു തോട്ടങ്ങളെ രക്ഷിക്കുന്ന ജൈവ വേലിയായും തേനീച്ചക്കോളനികളെ ഉപയോഗിക്കാം. നിശ്ചിത അകലത്തില്‍ കൃഷിയിടങ്ങളുടെ അതിരുകളില്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. തേനീച്ചകളുടെ കൂട്ടില്‍ നിന്നുവരുന്ന ഇരമ്പല്‍ കേട്ട് വന്യമൃഗങ്ങള്‍ മാറിപ്പോകും. അഥവാ തേന്‍ തട്ടില്‍ ഇവ തട്ടിയാല്‍ തേനീച്ച കൂട്ടമായെത്തി ഇവയെ ആക്രമിച്ച് തുരത്തുകയും ചെയ്യും.

ഈച്ചകളിലെ ഡോക്ടറും നഴ്‌സും

വേലക്കാരി ഈച്ചകള്‍ മൂന്നുമാസമാണ് ജീവിക്കുക. ആണീച്ചകള്‍ക്ക് ആറുമാസവും റാണിക്ക് മൂന്നു വര്‍ഷവുമാണ് ആയുസ്. എന്നാല്‍ ചെറുതേനീച്ചകളുടെ പ്രായത്തില്‍ വ്യത്യാസമുണ്ട്. പത്തുമാസം വരെ വേലക്കാരി ഈച്ചകള്‍ ജീവിക്കും. ആണീച്ചകള്‍ ഒരു വര്‍ഷം വരെയും റാണി ആറുവര്‍ഷം വരെയും ജീവിക്കുമെന്ന് സിബി പറയുന്നു. വേലക്കാരിയീച്ചകളില്‍ ഡോക്ടറും നഴ്‌സും പട്ടാളക്കാരുമൊക്കെയുണ്ട്. ചെറുതേന്‍ വേര്‍പെടുത്താന്‍ ഡാമര്‍ ഹണി എക്‌സ്ട്രാക്ടറും രൂപകല്‍പന ചെയ്തിട്ടുണ്ട് സിബി.

ഫോണ്‍: സിബി അഗസ്റ്റിന്‍- 85471 21939.

logo
The Fourth
www.thefourthnews.in