വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

അരളി അറിയാതെ ചവച്ച യുവതി മരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായതാണ്. കന്നുകാലികളിലും ഇത് വിഷബാധയ്ക്ക് കാരണമാണ്. മഴയെത്തുന്നതോടെ മുളച്ചു വളരുന്ന മറ്റു ചില സസ്യങ്ങളും വിഷാംശമുള്ളവയാണ്.

അരളി ചവച്ച യുവതി മരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ വിഷാംശത്തില്‍ അരളിമാത്രമല്ല വില്ലന്‍. നമ്മുടെ തൊടികളില്‍ കാണുന്ന മറ്റു ചില സസ്യങ്ങളും വിഷാംശമുള്ളവയാണ്. ഇവയില്‍ ചിലത് മരണകാരികളാണ്. ചിലത് അത്ര അപകടകാരികളല്ലെങ്കിലും ശരീരത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. അയ്യായിരത്തിലധികം അലങ്കാര ചെടികളാണ് കേരളത്തിലുള്ളത്. അവയില്‍ അറുപതിലധികം ചെടികളില്‍ വിഷാംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഔഷധ നിര്‍മാണത്തിനുപയോഗിക്കുന്ന ചില വൃക്ഷങ്ങളും ഒരു ഉപയോഗവുമില്ലാതെ പറമ്പുകളെ കാടുപിടിപ്പിക്കുന്ന ചില അധിനിവേശ സസ്യങ്ങളും വിഷാംശം ഉള്ളില്‍ കൊണ്ടു നടക്കുന്നവയാണ്. ഇവയില്‍ ചിലത് മനുഷ്യരിലും ചിലത് മൃഗങ്ങളിലും ചിലവ രണ്ടു കൂട്ടരിലും വിഷബാധയുണ്ടാക്കുന്നവയാണ്. സംസ്‌കരിച്ചാല്‍ ഔഷധങ്ങളാകുന്നവയും ഇവയിലുണ്ട്. അതിനാല്‍ ഇവയെ ഒഴിവാക്കുന്നതിനേക്കാള്‍ തിരിച്ചറിയുന്നതിലാണ് കാര്യം.

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം
പറമ്പിലെ അരളിയല്ല പാട്ടിലെ അരളി

അരളിയിലെന്ത്?

അരളിയുടെ ഇലയും തണ്ടും പൂവും കൊടിയ വിഷം അടങ്ങിയിട്ടുള്ളവയാണ്. അമ്പത് ഗ്രാം പോലും വേണ്ട മരണത്തിലേക്കു നയിക്കാന്‍. അരളിയിലെ ഒലിയാന്‍ഡ്രിന്‍ എന്ന രാസപദാര്‍ഥമാണ് വിഷകാരി. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്ന വിഷാംശമാണിതിലുള്ളത്.

വിഷാംശം ഒളിപ്പിച്ചവ

അരളിയുടെ അത്രയുമില്ലെങ്കിലും വിഷാംശമുള്ള അലങ്കാരച്ചെടികളാണ് മഞ്ഞകോളാമ്പി, മഞ്ഞ അരളി, സര്‍പ്പകോള, വര്‍ണച്ചേമ്പ് എന്നിവ. കുന്നിക്കുരു, എരുക്ക്, ഒടുക്, ഒതളം, ആവണക്ക്, കാട്ടാവണക്ക്, മെന്തോന്നി എന്നിവയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന വിഷാംശം വഹിക്കുന്നവരാണ്.

ആനത്തൊട്ടാവാടി
ആനത്തൊട്ടാവാടി
  • ആനത്തൊട്ടാവാടി: കണ്ടാല്‍ തൊട്ടാവാടിയോടു ചെറിയൊരു സാമ്യമുണ്ട്. ഇലകളും തണ്ടുമെല്ലാം തൊട്ടാവാടിയേക്കാള്‍ വലുതും മാംസളവും. ആനത്തൊട്ടാവാടിയാണ് കന്നുകാലികളില്‍ വിഷബാധയുണ്ടാക്കുന്ന മറ്റൊരു സസ്യം. മറ്റു വിളകളെ വളരാന്‍ അനുവദിക്കാത്ത ഒരു അധിനിവേശ സസ്യമാണിത്. മഴയെത്തുന്നതോടെ മുളച്ച് തളിര്‍ത്തു വളരുന്ന സ്വഭാവമാണിതിന്. അതിനാല്‍ മഴക്കാലത്ത് പ്രത്യേക ശ്രദ്ധ അനിവാര്യം.

കൊങ്ങിണിപൂവ്
കൊങ്ങിണിപൂവ്
  • കൊങ്ങിണിപൂവ്: നമ്മുടെ ഉദ്യാനങ്ങളിലെ തന്നെ പ്രധാനിയായ കൊങ്ങിണിപ്പൂവാണ് മറ്റൊരു പ്രശ്‌നക്കാരന്‍. കന്നുകാലികള്‍ ഇവ തിന്ന് ചാകില്ലെങ്കിലും വെയിലേല്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് കേരള വെറ്ററിനറി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബിബു ജോണ്‍ പറഞ്ഞു.

കാഞ്ഞിരം
കാഞ്ഞിരം
  • കാഞ്ഞിരം: മറ്റൊന്ന് കാഞ്ഞിരമാണ്. പൂച്ചകളിലും പട്ടികളിലും മറ്റു ജീവജാലങ്ങളിലും മരണകാരണമാണ് ഇത്. ഇലയും ഫലവും വിഷാംശം ധാരാളമടങ്ങിയിട്ടുള്ളവയാണ്.

പ്രശ്‌നം വേനല്‍ക്കാലം

വേനല്‍ക്കാലത്ത് മറ്റു പുല്ലുകള്‍ കരിഞ്ഞുണങ്ങുന്ന സമയത്താണ് കന്നുകാലികള്‍ ഇത്തരം വിഷാംശമുള്ള സസ്യങ്ങള്‍ ആഹരിക്കുന്നത്. വിഷച്ചെടികളുടെ ഗന്ധം മൂലം സാധാരണ ഇവ കന്നുകാലികള്‍ തനിയെ ഒഴിവാക്കുന്നതാണ്. എന്നാലും ഇത്തരം സസ്യങ്ങള്‍ ധാരാളമായി വളരുന്ന സ്ഥലങ്ങളില്‍ കന്നുകാലികളെ കെട്ടുന്നത് ശ്രദ്ധിച്ചുവേണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in