കൊടും ചൂടില്‍ തളര്‍ന്ന് കാലികള്‍, ചത്തുപൊങ്ങുന്ന മീനുകള്‍; പ്രതിസന്ധികളെ എങ്ങനെ മറികടക്കാം

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്കുയരുകയും ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നത് മറ്റു ജീവജാലങ്ങളെയും വല്ലാണ്ട് വലയ്ക്കുന്നുണ്ട്. എന്താണ് ഉഷ്ണതരംഗത്തില്‍ സംഭവിക്കുന്നത്?

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്കുയരുകയും ഉഷ്ണതരംഗ സമാനമായ സാഹചര്യങ്ങളും മനുഷ്യനെ മാത്രമല്ല, മറ്റു ജീവജാലങ്ങളെയും വലയ്ക്കുന്നുണ്ട്. കൊടും ചൂടില്‍ എന്താണ് പക്ഷി, മൃഗാദികകള്‍ക്ക് സംഭവിക്കുന്നത്? തൃശൂര്‍ ഇരിങ്ങാലക്കുട അഷ്ടമിച്ചിറയിലെ ഫാം ടൂറിസം സംരംഭമായ അന്നാസ് സ്വിസ് ഫാം ഉടമയും കര്‍ഷകനുമായ സെബിയുടെ ഫാമില്‍ പാലുത്പാദനത്തില്‍ 50 ശതമാനം ഇടിവാണുണ്ടായത്. കാടകള്‍ പ്രതിദിനം ചത്തു വീഴുന്നു. ചൂടിനെ അതിജീവിക്കാനാവാതെ മീനുകള്‍ ചത്തു പൊങ്ങുന്നു. ചൂടുകാലത്ത് കര്‍ഷകര്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

കേരള വെറ്ററിനറി സര്‍വകലാശാലയിലെ ഡോ. ജസ്റ്റിന്‍ ഡേവിസ് പറയുന്നു.

പാലിലെ ഇടിവും താപ സമ്മര്‍ദവും

താപസമ്മര്‍ദം സഹിക്കാനാവാതെ തളരുന്നവരില്‍ പ്രധാനി പശുക്കളാണ്. സെബിയുടെ ഫാമിലെ പാലുത്പാദനത്തില്‍ അമ്പത് ശതമാനത്തിന്റെ ഇടിവാണുണ്ടായത്. പ്രതിദിനം 300 ലിറ്റര്‍ പാലുത്പാദിപ്പിച്ചിരുന്ന ഇവിടെ ഇപ്പോള്‍ 150 ലിറ്റര്‍ കിട്ടിയാലായി എന്നതാണ് സ്ഥിതി. മാസം 4000-4500 ലിറ്റര്‍ പാലിന്റെ കുറവാണുള്ളത്. മസത്തില്‍ 3 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.

പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളായ തൈര്, നറു നെയ്യ്, സിപ്പപ്പ്, പനീര്‍, ബട്ടര്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും പാല്‍ ലഭ്യത കുറഞ്ഞതിനാല്‍ ഉത്പാദനം നടക്കുന്നില്ല. സഹകരണ സംഘങ്ങളില്‍ നിന്നു പാല്‍ കൂടിയവിലയില്‍ വാങ്ങിയാണ് ഇവയുടെ ഉത്പാദനം കുറച്ചെങ്കിലും നടത്തുന്നത്.

വരള്‍ച്ചയില്‍ പച്ചപ്പുല്ലുകള്‍ ഉണങ്ങി നശിച്ചു. പച്ചപ്പുല്ലാണ് കടും ചൂടില്‍ പശുക്കള്‍ക്ക് ആശ്വാസം നല്‍കുന്നത്. എന്നാല്‍ ഇവ ലഭ്യമല്ലാത്തതിനാല്‍ കൈത വാങ്ങാന്‍ തുടങ്ങി. ചൂടില്‍ ഇവയും കിട്ടാതായി. ലളിതമായ തൊഴുത്തു നിര്‍മാണ രീതിയാണ് സെബിയുടേത്. രണ്ടു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന മേല്‍ക്കൂരയുടെ ഇടയിലൂടെ വായൂസഞ്ചാരം കൃത്യമായി ലഭിക്കുന്നു. ഓലമേഞ്ഞ് അതിനു മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച മേല്‍ക്കൂരയ്ക്കടിയില്‍ അധികം ചൂടില്ല. ദേഹത്ത് പറ്റിപ്പിടിച്ച ചാണകം കളയാന്‍ മാത്രം കുളിപ്പിക്കും.

എമുവും ഒട്ടകപ്പക്ഷിയും ഹാപ്പി

ഫാമിലെ മുഖ്യ ആകര്‍ഷണങ്ങളായ എമുവും ഒട്ടകപക്ഷിയും ചൂട് ഇഷ്ടപ്പെടുന്നവയായതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ കാണിക്കുന്നില്ല. ആടും ഉഷ്ണതരംഗത്തെ അതിജീവിക്കുന്നുണ്ട്. 6000 കാടകള്‍ വളരുന്ന ഫാമില്‍ പ്രതിദിനം 50 കാടകള്‍ ചാവുകയാണ്. മുട്ട ഉത്പാദനവും പിറകോട്ടാണ്. കോഴിയും താറാവും വാത്തയുമെല്ലാം ചൂടില്‍ വലയുന്നു. കോഴിക്കുഞ്ഞുങ്ങള്‍ വിരിയുന്നതിലും പ്രയാസം നേരിടുന്നു. മീന്‍ വളര്‍ത്തുന്ന സ്വാഭാവിക തോടുകളെല്ലാം വറ്റിവരണ്ടു. ഇവിടങ്ങളിലെ മത്സ്യങ്ങള്‍ ചൂടേറ്റ് ചത്തുപൊങ്ങി. നിലവില്‍ മത്സ്യങ്ങളുടെ പ്രജനനവും കാര്യമായി നടക്കുന്നില്ല.

പശുക്കള്‍ ചാകുന്നത് സൂര്യതാപമേറ്റ്

ഉഷ്ണതരംഗത്തില്‍ പശുക്കള്‍ ചാകുന്നത് സൂര്യതാപമേറ്റാണെന്ന് കേരള വെറ്ററിനറി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ജസ്റ്റിന്‍ ഡേവീസ് പറയുന്നു. പശുക്കള്‍ക്ക് ഉഷ്ണഗ്രന്ഥികള്‍ കുറവാണ്. അണയ്ക്കുന്നതിലൂടെയാണ് അവര്‍ ചൂട് പുറംതള്ളുന്നത്. അമിതമായി അണച്ച് പശു വീഴുകയാണെങ്കില്‍ അത് സൂര്യതാപമെന്ന് അനുമാനിക്കാം. സൂര്യതാപമേറ്റാല്‍ പശുവിനെ തണലിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. കിടക്കുന്ന പശുവിനെ എങ്ങനെയെങ്കിലും നേരെ ഇരുത്തണം. അതിനു ശേഷം ഐസ്‌ക്യൂബിട്ട തണുത്തവെള്ളം കുടിക്കാന്‍ നല്‍കാം. തൊഴുത്തിന്റെ മുകളില്‍ സ്പ്രിംഗ്‌ളറുകള്‍ ഘടിപ്പിച്ച് നനയ്ക്കുന്നത് നല്ലതാണ്. ഷീറ്റിട്ട മേല്‍ക്കൂരയ്ക്കു മുകളില്‍ ചണച്ചാക്കിടുന്നതും താപസമ്മര്‍ദം കുറയ്ക്കും.

ഫോണ്‍: സെബി പഴയാറ്റില്‍- 960 59 00838.

ഡോ. ജസ്റ്റിന്‍ ഡേവിസ് - 94472 37868.

logo
The Fourth
www.thefourthnews.in