കൃഷി പരിസ്ഥിതിയെ നശിപ്പിക്കുമോ?
എന്താണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി

കൃഷി പരിസ്ഥിതിയെ നശിപ്പിക്കുമോ? എന്താണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി

കൃഷിയില്‍ നിന്നുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ (Green house gases- GHG) പരിസ്ഥിതിയെ നശിപ്പിക്കുമോ? ഇന്ത്യയിലെ കൃഷി കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുണ്ടോ?

കൃഷിയില്‍ നിന്നുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ (Green house gases- GHG) പരിസ്ഥിതിയെ നശിപ്പിക്കുമോ, ഇന്ത്യയിലെ കൃഷി കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുണ്ടോ? കുറച്ചു നാളുകളായി ഉയരുന്ന ചോദ്യങ്ങളാണിത്. കാലാവസ്ഥാ മാറ്റത്തിനും ചൂടുകൂടുന്നതിനും കാരണമായേക്കാവുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, മീതൈന്‍, നൈട്രസ് ഓക്‌സൈഡ് മുതലായവയാണ് കൃഷിയില്‍ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങള്‍. അതോടൊപ്പം നല്ലൊരു പങ്ക് ഹരിതഗൃഹ വാതകങ്ങളെ കൃഷി ആഗിരണം ചെയ്യുന്നുമുണ്ട് (sequestration). ഇവയുടെ പുറംതള്ളലും ആഗിരണവും തുല്യമാകുന്ന അവസ്ഥയാണ് കാര്‍ബണ്‍ ന്യൂട്രല്‍. പാരീസ് കാലാവസ്ഥ ഉടമ്പടിക്കു ശേഷം നെറ്റ് സീറോ( net zero) എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പുറന്തള്ളുന്നതിനെക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ കഴിഞ്ഞാല്‍ കാര്‍ബണ്‍ നെഗറ്റീവാകും. 2050 ല്‍ ആഗോള ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവില്‍ പിടിച്ചു നിര്‍ത്തുക മാത്രമല്ല, 800 കോടിയില്‍ നിന്നും 1000 കോടിയിലേക്ക് കുതിക്കുന്ന ലോക ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും വേണം. അതിന് ഭക്ഷ്യോത്പാദനം 60 ശതമാനം വര്‍ധിക്കണം. കാലാവസ്ഥയെ വെല്ലുന്ന രീതികളിലേക്ക് കൃഷി (Climate Smart Agriculture, CSA) മാറിയാലേ ഇതിനു സാധിക്കൂ.

കാര്‍ബണ്‍ മാത്രം ന്യൂട്രലായാല്‍ മതിയോ?

ഹരിതഗൃഹ വാതകങ്ങളുടെ അമിത ബഹിര്‍ഗമനം ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുമെന്നിരിക്കേ കാര്‍ബണ്‍ മാത്രം ന്യൂട്രല്‍ ആയിട്ടെന്തു പ്രയോജനമെന്നൊരു സംശയമുയരാം. ഹരിതഗൃഹവാതകങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന പദമായാണ് തുടക്കം മുതലേ കാര്‍ബണ്‍ ഉപയോഗിച്ചു വന്നിരുന്നത്. ഹരിതഗൃഹവാതകങ്ങളില്‍ പലതിലും കാര്‍ബണുണ്ട്. കാര്‍ബണിന്റെ ഒരു ആറ്റവും ഓക്‌സിജന്റെ രണ്ട് ആറ്റവും ചേരുന്നതാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് (CO2), കാര്‍ബണിന്റെ ഒരാറ്റവും ഹൈഡ്രജന്റെ നാലും ചേരുമ്പോള്‍ അത് മീതൈന്‍ (CH4) ആയി മാറുന്നു. ഇത്തരത്തില്‍ ഹരിതഗൃഹ വാതകങ്ങളെയും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെയും പൊതുവേ കാര്‍ബണ്‍ എന്നു വിളിച്ചുപോന്നു. ഇത് കണക്കെടുപ്പില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടാക്കി. എല്ലാ ഹരിതഗൃഹവാതകങ്ങളിലും കാര്‍ബണ്‍ അടങ്ങിയിട്ടില്ലെന്നത് ആശയക്കുഴപ്പം രൂക്ഷമാക്കി.

കാര്‍ബണ്‍ ഡയോക്‌സൈഡ് തുല്ല്യത(equivalent-CO2e)

ഹരിതഗൃഹവാതകങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പൊതു അളവുകോല്‍ ഉണ്ടാക്കുകയെന്നത് ഇവയുടെ കൃത്യമായ കണക്കെടുപ്പിന് അനിവാര്യമായി തീര്‍ന്നു. അങ്ങനെയാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് തുല്ല്യത( CO2e) എന്ന ഏകകത്തിന്റെ പിറവി. ഇത് കണക്കാക്കാനും എളുപ്പമാണ്. കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സൂചിക മൂല്യം ഒന്നാക്കി, മറ്റു വാതകങ്ങളുടെ ആഗോളതാപന സാധ്യതയുമായി (Global Warming Potential- GWP) ഗുണിച്ചാണ് കാര്‍ബണ്‍ ഡയോക്‌സൈഡ്് തുല്ല്യത കണക്കാക്കുന്നത്. 100 വര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത ഹരിതഗൃഹ വാതകങ്ങള്‍ എത്രനാള്‍ അന്തരീക്ഷത്തില്‍ ചൂടുണ്ടാക്കുമെന്നതിന്റെ അളവാണ് ആഗോളതാപന സാധ്യത. ഉദാഹരണത്തിന് ഒരു കിലോ കാര്‍ബണുമായി താരതമ്യപ്പെടുത്തുമ്പോള്‍ മീതെയിന്‍ 100 വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കുന്ന ചൂട് 25 മടങ്ങ് കൂടുതലാണ്.

അങ്ങനെയെങ്കില്‍ മീതെയിന്റെ ആഗോള താപന സാധ്യത 25 ആണ് (1 x 25 = 25). ഇത്തരത്തില്‍ മറ്റു ഹരിതഗൃഹവാതകങ്ങളുടെ താപനസാധ്യത കണക്കാക്കി കാര്‍ബണിലേക്ക് മാറ്റുതിനാലാണ് എല്ലാ ഹരിതഗൃഹ വാതകങ്ങളെയും കൂടി കാര്‍ബണെന്നു വിശേഷിപ്പിക്കുന്നത്.

ഹരിതഗൃഹ വാതക കണക്കെടുപ്പ്

കാര്‍ഷിക വിളകളും കന്നുകാലി വളര്‍ത്തലും ചേരുന്നതാണ് കൃഷി. കൃഷിയോടൊപ്പം വനവും മറ്റ് ഭൂവുപയോഗങ്ങളും കൂടി ഉള്‍പ്പെടുന്നതിനെ AFOLU (Agriculture, Forestry, Other Land Use) എന്നാണ് വിശേഷിപ്പിക്കുക. AFOLUവിനെ രണ്ടു ഭാഗങ്ങളാക്കിയാണ് ഹരിതഗൃഹ വാതക കണക്കെടുപ്പ് നടത്തുക.

1. കന്നുകാലി വളര്‍ത്തല്‍ ഉള്‍പ്പെടെ ഹരിതഗൃഹ വാതകങ്ങളുടെ തള്ളല്‍ മാത്രം നടക്കുന്ന കൃഷി.

2. കാര്‍ബണ്‍ ഡൈഓക്‌സൈഡ് തള്ളലും സ്വീകരിക്കലും നടക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്കായുള്ള ഭൂ ഉപയോഗവും വനവും ചേര്‍ന്ന LULUCF (Land Use, Land Use Change, and Forestry).

ഇന്ത്യയില്‍ കാര്‍ബണ്‍ നെഗറ്റീവ് ആയത് LULUCF ല്‍ ഉള്‍പ്പെട്ട കന്നുകാലി വളര്‍ത്തല്‍ ചേര്‍ക്കാതെയുള്ള കൃഷി, വനം, സെറ്റില്‍മെന്റ്‌സ് എന്നിവയില്‍ മാത്രമാണ്. കേരളത്തില്‍ അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ മാത്രമല്ല, കാര്‍ബണ്‍ നെഗറ്റീവുമാണ്. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ കുറച്ചു കൂടി കാര്‍ബണ്‍ നെഗറ്റീവാക്കാന്‍ കഴിയുമെന്ന് സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ് തോമസ് പറഞ്ഞു. ഇപ്പോഴത്തെ മാനദണ്ഡമനുസരിച്ച് കന്നുകാലി വളര്‍ത്തല്‍, ചാണകം, നെല്‍കൃഷി എന്നിവയില്‍ നിന്നുള്ള മീതൈന്‍, മണ്ണില്‍ നിന്നുള്ള നൈട്രസ് ഓക്സൈഡ് എന്നിവ മാത്രമാണ് AFOLU വിലെ കൃഷി വാതക നിര്‍ഗമന കണക്കില്‍ വരിക.

കൃഷിയും ഹരിതഗൃഹ വാതകങ്ങളും

ഇന്ത്യയുടെ ആകെ ഹരിതഗൃഹ വാതക നിര്‍ഗമനം 283.9 കോടി ടണ്‍ കാര്‍ബണാണെന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിന്റെ 'India: Third Biennial Update Report to The United Nations Framework Convention on Climate Change' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷി പുറംതള്ളുന്നത് 14 ശതമാനം മാത്രമാണ്. ഇതില്‍ ഒമ്പതു ശതമാനം കന്നുകാലി വളര്‍ത്തലില്‍ നിന്നും അഞ്ചു ശതമാനം കൃഷിയില്‍ നിന്നുമാണ്. ആകെ 40.8 കോടി ടണ്‍ കാര്‍ബണ്‍. നെല്‍കൃഷിയില്‍ നിന്നുള്ള മീതൈന്‍ (17%), മണ്ണില്‍ നിന്നുള്ള നൈട്രസ് ഓക്സൈഡ് (19%), വൈക്കോല്‍ കത്തിക്കല്‍ (2%) എന്നിങ്ങനെയാണ് വാതക നിര്‍ഗമന കണക്ക്. നെല്‍കൃഷി, വൈക്കോല്‍ കത്തിക്കല്‍ ഉള്‍പ്പെടെ കാര്‍ഷിക വിളകളുടെ മാത്രം പങ്ക് 15.5 കോടി ടണ്‍ കാര്‍ബണ്‍ ആണ്. എന്നാലിവ 25.2 കോടി ടണ്‍ കാര്‍ബണ്‍ ആഗീരണം ചെയ്ത് അന്തരീക്ഷത്തില്‍ നിന്നു മാറ്റുന്നുമുണ്ട്. ഏറ്റവും പുതിയ കണക്കു പ്രകാരം ഭാരതത്തില്‍ കന്നുകാലി വളര്‍ത്തല്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള കൃഷിയില്‍ (LULUCF) അന്തരീക്ഷത്തില്‍ നിന്നു 15 ശതമാനം കാര്‍ബണ്‍ ആഗിരണം ചെയ്ത് മാറ്റുന്നുണ്ട് (33 കോടി ടണ്‍). കാര്‍ഷിക വിളകളാണ് ഇക്കാര്യത്തില്‍ ഒന്നാമത്, 76.2 ശതമാനം (25.2 കോടി ടണ്‍). വനങ്ങള്‍ 23.3 ശതമാനവും (7.5 കോടി ടണ്‍), വാസസ്ഥലങ്ങള്‍ 0.5 ശതമാനവും (0.18 കോടി ടണ്‍) ആഗിരണം ചെയ്യുന്നു. ഇക്കാര്യത്തില്‍ കൃഷിയാണ് വനത്തെക്കാള്‍ മുന്നില്‍. ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കാര്‍ഷിക വിളകളുടെ മാത്രം പങ്ക് പരിശോധിച്ചാല്‍ ന്യൂനമാണ്. ആകെ തള്ളുന്നതിനെക്കാള്‍ 9.7 കോടി ടണ്‍ ആഗിരണം ചെയ്തു മാറ്റുന്നു. ട്രാക്ടര്‍, പമ്പിംഗ് എന്നിങ്ങനെ കാര്‍ഷിക രംഗത്തുള്ള ഊര്‍ജ ഉപയോഗം ഇവിടെ പരിഗണിച്ചിട്ടില്ല. അവ വേറെ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൃഷിയിലെ ഹരിതഗൃഹ വാതക നിര്‍ഗമനം കുറയ്ക്കാന്‍

1. മെച്ചപ്പെട്ട കന്നുകാലി വളര്‍ത്തലും തീറ്റക്രമവും.

2. കന്നുകാലികളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുക.

- കുറച്ചു കന്നുകാലികളില്‍ നിന്ന് കൂടുതല്‍ പാല്‍, മാംസം എന്നിവ ഉത്പാദിപ്പിച്ചാല്‍ മീതൈന്‍ ബഹിര്‍ഗമനം തടയാം.

3. പെട്ടന്ന് ദഹിച്ചു പോകുന്നതരം കാലിത്തീറ്റകള്‍ ഉള്‍പ്പെടുത്തുക.

4. കാലിത്തീറ്റയില്‍ മീതൈന്‍ ഉത്പാദനം കുറയ്ക്കുന്ന സപ്ലിമെന്റുകള്‍ ഉള്‍പ്പെടുത്തുക.

5. മീതൈന്‍ ഉത്പാദനം കുറയുന്ന ചാണക സൂക്ഷിപ്പു മാര്‍ഗങ്ങള്‍ അവലംബിക്കുക.

6. ചാണകത്തില്‍ നിന്നുള്ള ബയോഗ്യാസ് (മീതൈന്‍) ഇന്ധനമായി ഉപയോഗിക്കുക.

7. തീറ്റയുടെ ഉപയോഗത്തില്‍ കാര്യശേഷിയുള്ള കന്നുകാലി ഇനങ്ങള്‍.

8. നെല്‍കൃഷിയില്‍ പറിച്ചു നടീലിന് പകരം നേരിട്ടുള്ള വിത.

9. വെള്ളം തുടര്‍ച്ചയായി കെട്ടി നിര്‍ത്താതെ ഇടക്കിടെയുള്ള നീര്‍വാര്‍ച്ച.

10. വിളാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തുക.

11. ജൈവ വളങ്ങളുടെയും നൈട്രജന്‍ വളങ്ങളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കുക.

12. കാലാവസ്ഥയെ വെല്ലുന്ന കൃഷി രീതികള്‍ ഉപയോഗിക്കുക.

logo
The Fourth
www.thefourthnews.in