കർഷകർ അറിയേണ്ട 'ഞായറിന്റെ വേല'കള്‍

കർഷകർ അറിയേണ്ട 'ഞായറിന്റെ വേല'കള്‍

എന്താണ് ഞാറ്റുവേല? കാര്‍ഷിക കലണ്ടര്‍ ഉപയോഗിച്ചുള്ള കൃഷി ക്രമീകരണം എങ്ങനെ?

'തിരുവാതിരയില്‍ തിരിമുറിയാതെ', 'വിരിപ്പ് കായണം, മുണ്ടകന്‍ മുങ്ങണം' എന്നിങ്ങനെയുള്ള ചൊല്ലുകളൊക്കെ മലയാളി പറഞ്ഞു നടന്നിരുന്നൊരു കാലമുണ്ടായിരുന്നു. ഞാറ്റുവേലകളും മലയാളിയുടെ കാർഷിക ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നൊരു കാലം. സൂര്യനും ചന്ദ്രനും കൃഷിയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞായിരുന്നു മലയാളിയുടെ കൃഷി ക്രമീകരണം. ഭൂമി, സൂര്യനെ വലംവയ്ക്കാനെടുക്കുന്ന 365 ദിവസത്തെ 27 ഞാറ്റുവേലകളിലാക്കിയ കാർഷിക കലണ്ടര്‍ കര്‍ഷകര്‍ക്ക് ഹൃദിസ്ഥവുമായിരുന്നു.

മാറുന്നകാലാവസ്ഥയില്‍ ഞാറ്റുവേല കലണ്ടറിലും മാറ്റങ്ങളുണ്ടായേക്കാം. എന്നാല്‍ മണ്ണ്, കാലാവസ്ഥ, വിത്ത്, ജലം എന്നിവയുടെ പാരസ്പര്യം നോക്കി പൂര്‍വീകര്‍ തയാറാക്കിയ ഞാറ്റുവേല കലണ്ടറിന് ഇന്നും പ്രസക്തി നഷ്ടപ്പെടുന്നില്ല. കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ വിവിധകാലങ്ങളിലെ സസ്യവളര്‍ച്ച, പരിപാലനമുറകള്‍, കീടരോഗ ആക്രമണം എന്നിവ നിരീക്ഷിച്ചായിരുന്നു ഞാറ്റുവേലകളിലെ കൃഷി ക്രമീകരണം.

എന്താണ് ഞാറ്റുവേല?

ഞാറ്റുവേലയെന്നാല്‍ ഞായറിന്റ(സൂര്യന്റ) വേല(സഞ്ചാരം) എന്നര്‍ത്ഥം. സൂര്യന്റെ സഞ്ചാരവും മലയാളമാസത്തിലെ നക്ഷത്രങ്ങളും സംയോജിപ്പിച്ചുള്ള ഒന്നായിരുന്നു ഞാറ്റുവേലകള്‍. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. ഒരു ഞാറ്റുവേലയെ 13.5 ദിവസങ്ങളായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടര ഞാറ്റുവേലകള്‍ ഉള്‍പ്പെട്ടതാണ് ഒരു മലയാളമാസം. ഓരോ ഞാറ്റുവേലകളിലും ചെയ്യേണ്ട കൃഷിപ്പണികള്‍ കൃത്യമായി പിന്തുടർന്നിരുന്നു കേരളത്തിലെ കർഷകർ. വിളവർധനവിനും കീടനിയന്ത്രണത്തിനും ഞാറ്റുവേലകള്‍ ഉപയോഗിച്ചുള്ള കൃഷി ക്രമീകരണം കർഷകരെ ഏറെ സഹായിച്ചിരുന്നു.

സൂര്യനും ചന്ദ്രനും കൃഷിയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞായിരുന്നു മലയാളിയുടെ കൃഷി ക്രമീകരണം. ഭൂമി സൂര്യനെ വലംവയ്ക്കാനെടുക്കുന്ന 365 ദിവസത്തെ 27 ഞാറ്റുവേലകളിലാക്കിയ കാർഷിക കലണ്ടര്‍ കര്‍ഷകര്‍ക്ക് ഹൃദിസ്തവുമായിരുന്നു.

അമാവാസിയില്‍ വിത്തിടില്ല, പൗര്‍ണമിയില്‍ വിളയിറക്കാം

ഞാറ്റുവേല പ്രകാരം കൃഷിയിലെ പ്രധാന ഘടകങ്ങളാണ് സൂര്യനും ചന്ദ്രനും. ഇവയുടെ ചലനം നിരീക്ഷിച്ചായിരുന്നു കേരളത്തിലെ കൃഷി ക്രമീകരിച്ചിരുന്നത്. സൂര്യന്‍ സസ്യവളര്‍ച്ചയെ നിയന്ത്രിക്കുമ്പോള്‍ ചന്ദ്രന്‍ ജലക്രമീകരണമാണ് നിര്‍വഹിക്കുന്നത്. സൂര്യനും ചന്ദ്രനും അടുക്കുന്ന അമാവാസി ദിനങ്ങളില്‍ അന്തരീക്ഷത്തില്‍ ജലാംശം കുറയുമെന്നതിനാല്‍ വിത്തിറക്കിയിരുന്നില്ല. അമാവാസിയില്‍ നിന്ന് പൗര്‍ണമിയിലേക്ക് നീങ്ങുമ്പോള്‍ സൂര്യ, ചന്ദ്ര അകലം കൂടുന്നു. ഈ സമയത്ത് അന്തരീക്ഷത്തില്‍ ജലാംശം വര്‍ധിക്കുന്നതിനാല്‍ വിത്തുവിതയ്ക്കാന്‍ ഇത് നല്ല സമയമാണ്. പൂര്‍ണചന്ദ്രനിലേക്ക് നീങ്ങുന്നതിന് മണിക്കൂകള്‍ക്ക് മുമ്പ് വിത്തുവിതച്ചാല്‍ പരമാവധി മുളയ്ക്കുമെന്നാണ് കാര്‍ഷിക കലണ്ടര്‍ പറയുന്നത്.

സൂര്യനും ചന്ദ്രനും അടുക്കുന്ന അമാവാസി ദിനങ്ങളില്‍ അന്തരീക്ഷത്തില്‍ ജലാംശം കുറയുമെന്നതിനാല്‍ വിത്തിറക്കിയിരുന്നില്ല.

മേടത്തില്‍ തുടങ്ങുന്ന കൃഷി

മലയാളമാസത്തിലെ മേടത്തില്‍ തുടങ്ങുന്ന ഒന്നായിരുന്നു പൂര്‍വീകരുടെ കാര്‍ഷിക കലണ്ടര്‍. ഞാറ്റുവേല തുടങ്ങുന്നതും ഈ മാസം തന്നെ. മേടം ഒന്നു മുതല്‍ മീനം 30 വരെയുള്ള ഒരുവര്‍ഷം 27 ഞാറ്റുവേലകളിലൂടെയാണ് കടന്നുപോകുന്നത്.

ഞാറ്റുവേല സമയക്രമം

മലയാളമാസം, ഞാറ്റുവേലകള്‍

 1. മേടം- അശ്വതി, ഭരണി, കാര്‍ത്തിക

 2. ഇടവം- കാര്‍ത്തിക, രോഹിണി, മകയിരം

 3. മിഥുനം- മകയിരം, തിരുവാതിര പുണര്‍തം

 4. കര്‍ക്കിടകം- പുണര്‍തം, പൂയം, ആയില്യം

 5. ചിങ്ങം- മകം, പൂരം, ഉത്രം

 6. കന്നി- ഉത്രം, അത്തം, ചിത്തിര

 7. തുലാം- ചിത്തിര, ചോതി, വിശാഖം

 8. വൃശ്ചികം- വിശാഖം, അനിഴം, തൃക്കേട്ട

 9. ധനു- മൂലം, പൂരാടം, ഉത്രാടം

 10. മകരം- ഉത്രാടം, തിരുവോണം, അവിട്ടം

 11. കുംഭം- അവിട്ടം, ചതയം, പൂരുരുട്ടാതി

 12. മീനം- പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി

logo
The Fourth
www.thefourthnews.in