കടുകു പൂത്തപ്പോള്‍.
കടുകു പൂത്തപ്പോള്‍.

കാത്തിരിപ്പിനൊടുവില്‍ കര്‍ഷകരിലെത്തുമോ ജിഎം കടുക്?

ജിഇഎസിയുടെ തീരുമാനത്തിനെതിരേ അരുണാ റോഡ്രിഗസ് നല്‍കിയ ഇടക്കാല ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. എന്താണ് ജിഎം കടുക്? എന്താണ് ഇതുണ്ടാക്കുന്ന വിവാദങ്ങള്‍?

ഇന്ത്യയില്‍ വാണിജ്യകൃഷിക്ക് അനുമതി നേടുന്ന ആദ്യത്തെ ജനിതക വ്യതിയാനം വരുത്തിയ (ജിഎം- ജനറ്റിക്കലി മോഡിഫൈഡ്) ഭക്ഷ്യ വിളയായി മാറിയിരിക്കുകയാണ് ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് 11 (ഡിഎംഎച്ച്- 11) എന്ന സങ്കരയിനം കടുക്. ഇന്ത്യയില്‍ ജിഎം വിളകളുടെ വാണിജ്യകൃഷിക്ക് അന്തിമാനുമതി നല്‍കുന്ന സ്റ്റാറ്റ്യൂട്ടറി സമിതിയായ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ജനറ്റിക് എന്‍ജിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റിയുടെ (ജിഇഎസി) അംഗീകാരത്തോടെയാണ് ഡിഎംഎച്ച്- 11 കടുക്, കൃഷിക്കായി എത്തുന്നത്. ജിഇഎസി കഴിഞ്ഞ 18 നും കേന്ദ്ര സര്‍ക്കാര്‍ 25 നുമാണ് അനുമതി നല്‍കിയത്. ജിഇഎസിയുടെ തീരുമാനത്തിനെതിരേ അരുണാ റോഡ്രിഗസ് എന്ന ആക്ടിവിസ്റ്റ്, പ്രശാന്ത് ഭൂഷണ്‍ മുഖേന സുപ്രീം കോടതിയില്‍ നല്‍കിയ ഇടക്കാല ഹര്‍ജി സുപ്രീം കോടതി നാളെ (നവംബര്‍ 10ന്) പരിഗണിക്കും. ജിഎം കടുക് പുറത്തിറക്കാന്‍ തീരുമാനമെടുത്താല്‍ അത് സുപ്രീം കോടതിക്കു മുന്നില്‍ വെയ്ക്കുമെന്ന് 2017 ല്‍ കേന്ദ്രം നല്‍കിയ ഉറപ്പു ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണ റോഡ്രിഗസ് സുപ്രീം കോടതിയെ വീണ്ടും സമീപിച്ചത്.

എന്താണ് ജിഎം കടുക്?

സങ്കരയിനങ്ങള്‍ വികസിപ്പിക്കുന്നതിന് ശ്രമകരമായ ജോലി ആവശ്യമുള്ള സ്വയം പരാഗണം നടക്കുന്ന വിളയാണ് കടുക്. മണ്ണിലുള്ള ബാസിലസ് അമിലോലിക്വിഫേസിയന്‍സ് എന്ന ബാക്ടീരിയയില്‍ നിന്നു വേര്‍തിരിച്ചെടുത്ത ബര്‍ണാസെ, ബര്‍സ്റ്റാര്‍ ജീനുകള്‍ ഉപയോഗിച്ച് കടുകിന്റെ സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കാമെന്ന് കണ്ടെത്തിയത് 1990-ല്‍ ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞന്മാരാണ്. പുരുഷ വന്ധ്യത ഉണ്ടാക്കുന്ന ജീനാണ് ബര്‍ണാസെ. പുരുഷ വന്ധ്യതക്കെതിരേ പ്രവര്‍ത്തിച്ച് പ്രത്യുത്പാദന ശേഷി വീണ്ടെടുക്കുന്ന ജീനാണ് ബര്‍സ്റ്റാര്‍. ഇന്ത്യന്‍ കടുകിനമായ 'വരുണ' യും പിതൃ സസ്യമായ യൂറോപ്യന്‍ ഇനം ഏര്‍ലി ഹിരയും സംയോജിപ്പിച്ച് ബര്‍ണാസെ, ബര്‍സ്റ്റാര്‍ ജീനുകള്‍ സന്നിവേശിപ്പിച്ചാണ് ഡിഎംഎച്ച് 11 ഇനം ഉരിത്തിരിച്ചിരിക്കുന്നത്. ഈ രണ്ടു ജീനുകള്‍ക്കു പുറമെ ബാര്‍ എന്ന മൂന്നാമതൊരു ജീനും മാതൃ - പിതൃ നിരകളില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റ് രണ്ടു ജീനുകള്‍ എവിടെയാണിരിക്കുന്നതെന്നു കാണിക്കുന്ന മാര്‍ക്കര്‍ ജീനാണ് ബാര്‍. ബഹുരാഷ്ട്ര കുത്തക കമ്പനിയായ ബേയറിന് പേറ്റന്റുള്ള ഗ്ലുഫോസിനേറ്റ് എന്ന കളനാശിനിയോട് പ്രതിരോധ ശേഷി പകരുന്ന ജീന്‍ കൂടിയാണ് ബാര്‍. അതിനാല്‍ കൃഷി നടക്കുന്ന പാടങ്ങളില്‍ ഈ കളനാശിനി തളിച്ചാല്‍ കടുകിന് നാശമുണ്ടാക്കാതെ കളകള്‍ നശിപ്പിക്കാം. ഇന്ത്യന്‍ കടുകിനങ്ങളും കിഴക്കന്‍ യൂറോപ്യന്‍ ഇനങ്ങളും സങ്കരണം നടത്തിയാല്‍ ഉത്പാദനം കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.

ജിഇഎസിയുടെ തീരുമാനത്തിനെതിരേ അരുണാ റോഡ്രിഗസ് എന്ന ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണ്‍ മുഖേന സുപ്രീം കോടതിയില്‍ നല്‍കിയ ഇടക്കാല ഹര്‍ജി നാളെ സുപ്രീം കോടതി (നവംബര്‍ 10ന്) പരിഗണിക്കും.

ജിഎം കടുക് പഴയ സാങ്കേതിക വിദ്യ

ഡിഎം എച്ച് 11 പുതിയ ജിഎം കടുക് ഇനമൊന്നുമല്ല. ഇതിന് രണ്ടു പതിറ്റാണ്ടെങ്കിലും പഴക്കമുണ്ട്. സാങ്കേതിക നൂലാമാലകള്‍ കാരണം പാരിസ്ഥിതികാനുമതി നീണ്ടു പോവുകയായിരുന്നു. 2002ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അറിയപ്പെടുന്ന ജനിതക ശാസ്ത്രജ്ഞനുമായ ദീപക് പെന്റാളിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇത് വികസിപ്പിച്ചത്. ദേശീയ ക്ഷീര വികസന ബോര്‍ഡ്, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് എന്നിവ 50 കോടിയിലേറെ രൂപ ഇതിനു ധനസഹായവും നല്‍കിയിരുന്നു. 2008-ല്‍ തുടങ്ങിയ ജിഎം കടുകിന്റെ ജൈവസുരക്ഷാ പഠനങ്ങള്‍ 2016-ല്‍ പൂര്‍ത്തിയായി. 2017 മേയ് മാസം ചേര്‍ന്ന ജിഇഎസിയുടെ 136 മത് യോഗം ഡിഎംഎച്ച് 11 പുറത്തിറക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതിയും നല്‍കി.

പരിസ്ഥിതി സംഘടനകളും സ്വദേശി ജാഗരണ്‍ മഞ്ചും എതിര്‍ത്ത ഇനം

ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ നിര്‍ണായക വഴിത്തിരിവാണ് ജിഎം കടുകു കൃഷിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി. പരിസ്ഥിതി സംഘടനകളും ആര്‍എസ്എസിനോട് ആഭിമുഖ്യമുള്ള സ്വദേശി ജാഗരണ്‍ മഞ്ചും ഉയര്‍ത്തിയ എതിര്‍പ്പുകളെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മരവിപ്പിച്ച തീരുമാനമാണ് ഇപ്പോള്‍ പ്രാവർത്തികമാകുന്നത്. ജിഎം കടുകിന്റെ വിത്ത് കര്‍ഷകരില്‍ എത്താന്‍ ഇനിയും രണ്ടു വര്‍ഷം കൂടി എടുക്കും. ഈ വര്‍ഷം മാതൃ -പിതൃ നിരകളുടെ വന്‍ തോതിലുള്ള ഉത്പാദനം നടക്കും. അടുത്ത വര്‍ഷം സങ്കരയിനം വിത്തുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കും. 2024 ലെ റാബി സീസണോടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാണ് പദ്ധതി.

പരിസ്ഥിതി സംഘടനകളും ആര്‍എസ്എസിനോട് ആഭിമുഖ്യമുള്ള സ്വദേശി ജാഗരണ്‍ മഞ്ചും ഉയര്‍ത്തിയ എതിര്‍പ്പുകളെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മരവിപ്പിച്ച തീരുമാനമാണ് ഇപ്പോള്‍ പ്രാവർത്തികമാകുന്നത്. ജിഎം കടുകിന്റെ വിത്ത് കര്‍ഷകരില്‍ എത്താന്‍ ഇനിയും രണ്ടു വര്‍ഷം കൂടി എടുക്കും.

മഞ്ഞ വിപ്ലവം തീര്‍ക്കാന്‍ കൂടുതല്‍ സങ്കര ഇനങ്ങള്‍

ഡിഎം എച്ച് 11 മാത്രമല്ല ഇവിടെ ജനിതക പരിവര്‍ത്തനത്തിനു വിധേയമായിരിക്കുന്നത്. മാതൃ-പിതൃ നിരകളും ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ടവയാണ്. ഈ ഇനം പുറത്തിറങ്ങുന്നതോടെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ സങ്കര ഇനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയും. മികച്ച ഇന്ത്യന്‍ കടുക് ഇനങ്ങളും ഏര്‍ലി ഹീരാ, ഡോണ്‍സ് കജാ തുടങ്ങിയ കിഴക്കന്‍ യൂറോപ്യന്‍ ഇനങ്ങളും തമ്മിലുള്ള സങ്കരണത്തിലൂടെ പുറത്തിറക്കുന്ന പുതിയ സങ്കരയിനം കടുകിനങ്ങള്‍ രാജ്യത്ത് പുതിയ മഞ്ഞ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ജിഎം കടുകിന്റെ നേട്ടങ്ങള്‍

ഇന്ത്യയില്‍ കൃഷി ചെയ്യുന്ന ഒമ്പത് പ്രമുഖ എണ്ണക്കുരു വിളകളില്‍ ഏറ്റവും കൂടുതല്‍ എണ്ണയുടെ അംശമുള്ളത് കടുകിലാണ്. എന്നാല്‍ ഇന്ത്യയിലെ കടുകെണ്ണയുടെ ശരാശരി ഉത്പാദനം 1.2 ടണ്‍ മാത്രമാണ്. ആഗോള ശരാശരി ഉത്പാദനം 2.2 ടണ്ണും. ഡിഎം എച്ച് 11 കടുകിന് രാജ്യത്തെ മികച്ച കടുകിനങ്ങളെക്കാള്‍ 25-30 ശതമാനം വിളവ് കൂടുതലാണെന്നാണ് ഇത് വികസിപ്പിച്ചെടുത്തവരുടെ അവകാശവാദം. ഇതിന് ഹൈക്ടറിന് മൂന്നു ടണ്ണിലേറെ കടുകെണ്ണ ലഭിക്കും. രാജ്യത്ത് പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 60 ലക്ഷത്തിലേറെ കടുക് കര്‍ഷകരുണ്ട്. 70 ലക്ഷം ഹെക്ടറിലാണ് കടുക് കൃഷി. പുതിയ ജിഎം കടുകിനത്തിന്റെ കൃഷി ഭക്ഷ്യഎണ്ണ ഉത്പാദനം കൂട്ടുന്നതോടൊപ്പം കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കും.

ഇന്ത്യയിലെ കടുകെണ്ണയുടെ ശരാശരി ഉത്പാദനം 1.2 ടണ്‍ മാത്രമാണ്. ആഗോള ശരാശരി ഉത്പാദനം 2.2 ടണ്ണും. ഡിഎം എച്ച് 11 കടുകിന് രാജ്യത്തെ മികച്ച കടുകിനങ്ങളെക്കാള്‍ 25-30 ശതമാനം വിളവ് കൂടുതലാണെന്നാണ് ഇത് വികസിപ്പിച്ചെടുത്തവരുടെ അവകാശവാദം.

ജിഎം കടുകിനെ അനുകൂലിക്കുന്നവരുടെ വാദം

ലോകത്തെ ഭക്ഷ്യ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യവും രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവുമാണ് ഇന്ത്യ.രാജ്യത്തിന് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 60 ശതമാനത്തിലേറെയും വിദേശത്തു നിന്നുള്ള ഇറക്കുമതിയാണ്. ഒരു വര്‍ഷം 14 ദശലക്ഷം ടണ്ണോളമാണ് ഇറക്കുമതി. ഭക്ഷ്യ എണ്ണ ഇറക്കുമതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 2021-22 ല്‍ ചെലവഴിച്ചത് ഒന്നര ലക്ഷം കോടിയോളം രൂപയാണ്. കടുകെണ്ണയുടെ ഉത്പാദനം വര്‍ധിപ്പിച്ചാല്‍ ഇറക്കുമതി ഭാരം കുറയ്ക്കാം. കുത്തക കമ്പനികളുടെ സഹായമില്ലാതെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഡിഎം എച്ച് 11 സങ്കരയിനം കടുക്. ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന് ഹാനികരമല്ല. ജിഎം വിളകളോടുള്ള ആശയപരമായ എതിര്‍പ്പ് ജനറ്റിക് എന്‍ജിനീയറിംഗ് മേഖലയിലെ ശാസ്ത്ര മുന്നേറ്റത്തെയും രാജ്യത്തിന്റെ കാര്‍ഷിക പുരോഗതിയെയും തടയുമെന്ന് ജിഎം കടുകിനെ അനുകൂലിക്കുന്ന കൃഷി ശാസ്ത്രജ്ഞര്‍ പറയുന്നു. രാജ്യത്തേക്ക് ഇപ്പോള്‍ തന്നെ കനോലയില്‍ നിന്ന് ഉത്പാദിപ്പിച്ച ജനിതക പരിവര്‍ത്തനം ചെയ്ത സോയാബീനില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടൊന്നും മനുഷ്യരുടെ ആരോഗ്യത്തിന് എന്തെങ്കിലും ഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. 'ആരോഗ്യകരമായ ഭക്ഷ്യ എണ്ണ' എന്ന ലേബലിലാണ് ഇന്ത്യയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇവ വിറ്റഴിക്കപ്പെടുന്നത്.

കടുകിന്റെ അടുത്ത ബന്ധുവാണ് കനോല. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചു വികസിപ്പിച്ച ജിഎം കനോല 1996 മുതല്‍ കാനഡയില്‍ കൃഷി ചെയ്യുന്നുണ്ട്. 2002 ല്‍ അമേരിക്കയും 2007ല്‍ ഓസ്‌ട്രേലിയയും ഇതിന്റെ വാണിജ്യ കൃഷിക്ക് അനുമതി നല്‍കി. ഇന്ത്യയില്‍ മാത്രം ഇത് എതിര്‍ക്കപ്പെടുന്നതില്‍ ന്യായമില്ലെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

എതിര്‍ക്കുന്നവര്‍ പറയുന്നത്

  • ബെയറിന് പേറ്റന്റുള്ള ഗ്ലുഫോസിനേറ്റ് എന്ന കളനാശിനിയോട് പ്രതിരോധ ശേഷിയുള്ള സങ്കര ഇനമാണ് ഡിഎം എച്ച് 11. കളനാശിനിയോടുള്ള പ്രതിരോധ ശേഷിക്ക് പ്രാധാന്യം കൊടുക്കാതെയാണ് ജിഎം കടുകിന്റെ സുരക്ഷാ പഠനങ്ങള്‍ നടത്തിയത്. മനുഷ്യന്റെ നാഡികളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുവാണ് ഗ്ലുഫോസിനേറ്റ്.

  • ഗ്ലുഫോസിനേറ്റ് ഓര്‍മ്മ നഷ്ടത്തിനും കാരണമാകും. വയലുകളില്‍ ഉപയോഗിക്കാതെ വിത്തുത്പാദനം നടത്തുന്ന പ്ലോട്ടുകളില്‍ മാത്രം കളനാശിനി തളിക്കാനാണ് ജിഇഎസിയുടെ ശുപാര്‍ശ. എന്നാല്‍ കൃഷിച്ചെലവു കുറയ്ക്കാന്‍ കടുക് പാടങ്ങളില്‍ കര്‍ഷകര്‍ ഗ്ലുഫോസിനേറ്റ് തളിക്കുന്നത് തടയാനാവില്ല. ഇത് മനുഷ്യരുടെ ആരോഗ്യത്തിലും പരിസ്ഥിതിയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പല യൂറോപ്യന്‍ രാജ്യങ്ങളിലും നിരോധനമുള്ള കളനാശിനിയാണ് ഗ്ലുഫോസിനേറ്റ്.

  • സ്വദേശി ടെക്‌നോളജിയൊന്നുമല്ല ജിഎം കടുകിന്റേത്. ബഹുരാഷ്ട്ര കമ്പനിയായ ബെയറിന് പേറ്റന്റുള്ള കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണിത്.

  • വിളവു വര്‍ധിപ്പിക്കാനുള്ള ജീനുകളൊന്നുമില്ലാത്ത ജിഎം കടുകിനെ വിളവു കുറഞ്ഞ കടുക് ഇനങ്ങളുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്. അതിനാല്‍ അവകാശപ്പെടുന്ന വിളവ് ലഭിക്കില്ല. ഇതിലുമധികം വിളവു നല്‍കുന്ന ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെടാത്ത കടുകിനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതേ ജീനുകള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ജിഎം കടുകിന് 2002 ല്‍ ബെയറിന്റെ പ്രോ അഗ്രോ കമ്പനി അനുമതി തേടിയിരുന്നു. അധിക വിളവില്ല എന്ന ഐസിഎആര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ന് ജിഇഎസി അനുമതി നിഷേധിക്കുകയായിരുന്നു. അതേ കടുകാണ് സ്വദേശി എന്ന ലേബലില്‍ പെന്റാളും സംഘവും ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

  • 2003 ല്‍ അനുമതിക്ക് അപേക്ഷ നല്‍കുമ്പോള്‍ സമര്‍പ്പിച്ച അതേ ജിഎം കടുകിനമല്ല അന്തിമ അനുമതി നേടിയ ഇനമെന്നും പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. ഇടയ്ക്കു വെച്ച് മാതൃ-പിതൃ നിരകള്‍ പരസ്പരം മാറി. മാതൃ - പിതൃ നിരകള്‍ക്കും സങ്കരണം നടത്തി വികസിപ്പിച്ചെടുത്ത പുതിയ സങ്കരയിനത്തിനും പ്രത്യേകം സുരക്ഷാ പഠനങ്ങള്‍ നടത്തിയിട്ടില്ല. അനുമതിക്കു മുമ്പു തന്നെ തുറന്ന കൃഷിയിടങ്ങളില്‍ പരീക്ഷണം നടത്തി മലിനീകരണത്തിനു വഴിയൊരുക്കി. 20 ശതമാനത്തോളം പരപരാഗണം നടക്കുമെന്നതിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ജീനുകള്‍ മറ്റ് കടുകിനങ്ങളില്‍ കലരുന്നത് തടയാനാവില്ല. കടുകിന്റെ ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജിഎം കടുക് മാത്രമായാല്‍ നാടന്‍ ഇനങ്ങള്‍ നശിക്കും.

  • 2017ല്‍ തേനീച്ചകള്‍, തേന്‍, പരാഗണം നടത്തുന്ന മറ്റ് പ്രാണികള്‍, മണ്ണിലെ സൂക്ഷ്മ ജീവികള്‍ എന്നിവയെ ജിഎം കടുക് എങ്ങനെ ബാധിക്കുമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജിഇഎസി അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ജിഇഎസി ഇടപെട്ട് മണ്ണിലെ സൂക്ഷ്മ ജീവികളെ ഏകപക്ഷീയമായി പഠനങ്ങളില്‍ നിന്നും ഒഴിവാക്കി. ബാര്‍ ജീനിന്റെ പ്രഭാവം വേരുകളിലാണ് കാണപ്പെടുന്നതെന്നും ഡിഎം എച്ച് 11 കളനാശിനിയോട് പ്രതിരോധ ശേഷിയുള്ള ഇനമാണെന്നും പരിഗണിക്കാതെയായിരുന്നു ഈ തീരുമാനം. സമയം നീട്ടി നല്‍കിയെങ്കിലും തേനീച്ച, തേന്‍, പരാഗണം നടത്തുന്ന പ്രാണികള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയേ ചെയ്തില്ല. 2012 നും 2020 നും ഇടയില്‍ കാനഡയില്‍ ജിഎം കനോലയില്‍ നടത്തിയ പഠനങ്ങളില്‍ തേനീച്ചകള്‍ക്ക് ഹാനികരമല്ലെന്ന കണ്ടെത്തല്‍ ജിഇഎഎസിയുടെ ഉപസമിതി അതെപടി അംഗീകരിക്കുകയായിരുന്നു.

  • ഒരു ഘട്ടത്തിലും ജിഎം കടുകിന്റെ ജൈവ സുരക്ഷയെക്കുറിച്ച് ഗൗരവകരമായ ഗവേഷണം നടന്നിട്ടില്ലെന്ന് ജിഎം ഫ്രീ ഇന്ത്യ മുന്നണി കേന്ദ്രത്തിനു നല്‍കിയ പരാതിയില്‍ പറയുന്നു. സുരക്ഷ പരിശോധിക്കാന്‍ ജിഇഎസി നിയോഗിച്ച കമ്മറ്റി അംഗങ്ങള്‍ ജിഎം വിളകളെ അനുകൂലിക്കുന്നവരാണ്. നിഷ്പക്ഷമായ സുരക്ഷാ പഠനങ്ങള്‍ നടന്നിട്ടില്ല.

  • ജിഎം കടുകില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന ബര്‍ണാസെ ജീന്‍ സസ്യങ്ങളില്‍ പുരുഷ വന്ധ്യത ഉണ്ടാക്കും. തേനീച്ചകള്‍ പൂമ്പൊടി ശേഖരിക്കുന്ന പ്രധാന വിളകളിലൊന്നാണ് കടുക്. ജിഎം കടുകുകൃഷി വ്യാപകമായാല്‍ ഇന്ത്യന്‍ തേനിന് വിദേശ വിപണികളിലുള്ള 'ജിഎം ഫ്രീ' ടാഗ് നഷ്ടമാകും കടുകും കടുകെണ്ണയും ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവകളാണ്. ജിഎം കടുക് ഇതിനെ എങ്ങനെ ബാധിക്കുമെന്നും പഠിച്ചിട്ടില്ല.

  • ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരക്കരാറുകളാണ് എണ്ണക്കുരു ഉത്പാദനത്തിലെ സ്വയം പര്യാപ്ത നഷ്ടപ്പെടാന്‍ കാരണം. കുറഞ്ഞ തീരുവ നിരക്കില്‍ പാമോയിലും സോയാബീന്‍ എണ്ണയും ഇറക്കുമതി ചെയ്യുന്നിടത്തോളം കാലം ഇന്ത്യയിലെ എണ്ണക്കുരു വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ രക്ഷപെടില്ലെന്നും ജിഎം വിരുദ്ധ മുന്നണിയിലുള്ള സംഘടനകള്‍ ആരോപിക്കുന്നു.

വിളവു വര്‍ധിപ്പിക്കാനുള്ള ജീനുകളൊന്നുമില്ലാത്ത ജിഎം കടുകിനെ വിളവു കുറഞ്ഞ കടുക് ഇനങ്ങളുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്. അതിനാല്‍ അവകാശപ്പെടുന്ന വിളവ് ലഭിക്കില്ല. ഇതിലുമധികം വിളവു നല്‍കുന്ന ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെടാത്ത കടുകിനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

ജിഎം ഇനങ്ങള്‍ സുരക്ഷിതവും സുസ്ഥിരവും അല്ലെന്ന് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് കമ്മറ്റി

ജിഎം വിളകളെ കുറിച്ചു പഠിക്കാന്‍ 2012 ല്‍ സുപ്രീം കോടതി ഒരു ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കളനാശിനികളോട് പ്രതിരോധ ശേഷിയുള്ള ജിഎം ഇനങ്ങള്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ സുരക്ഷിതവും സുസ്ഥിരവും അല്ലെന്നായിരുന്നു കമ്മറ്റി 2013-ല്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിഗമനം. കളനാശിനികളുടെ അമിതമായ ഉപയോഗം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകും. ഒരു കളനാശിനിയും ഫലിക്കാത്ത സൂപ്പര്‍ കളകള്‍ ഉരുത്തിരിയും. കളനാശിനികളോട് പ്രതിരോധ ശേഷിയുള്ള ജിഎം വിളകള്‍ രാജ്യത്ത് സമ്പൂര്‍ണമായി നിരോധിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

മുന്നോട്ടുള്ള വഴി

കൃഷിയില്‍ ജൈവസങ്കേതിക വിദ്യ പോലുള്ള പുതിയ ശാസ്ത്രീയ മാര്‍ഗങ്ങളുടെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്കു നിഷേധിക്കരുതെന്ന ആവശ്യം ന്യായമാണ്. എന്നാല്‍ ജിഎം വിളകള്‍ക്ക് അംഗീകാരം നല്‍കുന്ന കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞതാണ്. സുരക്ഷാ പഠനങ്ങള്‍ സുതാര്യമല്ല. വിശ്വസനീയവുമല്ല. ജിഇഎസി യുടെ നിഗൂഡമായ പ്രവര്‍ത്തന ശൈലികളും കര്‍ശനമല്ലാത്ത പരീക്ഷണ മാനദണ്ഡങ്ങളും പലപ്പോഴും സംശയജനകമാണ്.

നിഷ്പക്ഷമായ സുരക്ഷാ പഠനങ്ങള്‍ നടത്താനുള്ള സ്വതന്ത്ര സംവിധാനം കേന്ദ്രം ഒരുക്കണം. കളനാശിനികളോട് പ്രതിരോധ ശേഷിയുള്ള ജിഎം വിത്തിനങ്ങള്‍ തത്കാലത്തേക്ക് നേട്ടമുണ്ടാക്കിയേക്കാം. എന്നാല്‍ മാരകമായ കളനാശിനികളുടെ പ്രയോഗം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷം ചെയ്യും. ഇത്തരം സാങ്കേതിക വിദ്യകള്‍ക്ക് അംഗീകാരം നല്‍കും മുമ്പ് സുസ്ഥിരമായ ബദല്‍ ടെക്‌നോളജികള്‍ ലഭ്യമാണോ എന്ന് പരിശോധിക്കണം.

logo
The Fourth
www.thefourthnews.in