തിരുവാഴാംകുന്നിലെ വളര്‍ത്തു പക്ഷികള്‍

ലോകത്തിലെ തന്നെ നാല്‍പതിലധികം പക്ഷി ഇനങ്ങളെ ഈ കുന്നിന്‍മുകളിലെത്തിയാല്‍ കാണാം. നാടനും സങ്കരയിനവും വിദേശികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

ലോകത്തിലെ തന്നെ നാല്‍പതിലധികം പക്ഷി ഇനങ്ങളെ ഈ കുന്നിന്‍മുകളിലെത്തിയാല്‍ കാണാം. നാടനും സങ്കരയിനവും വിദേശികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. കാടയും ടര്‍ക്കിയും ഗിനിയും താറാവുകളും അലങ്കാര പക്ഷികളുമെല്ലാം ഒന്നിക്കുന്ന ഒരു കൂട്ടുകുടുംബമാണിവിടം. കേരള വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവാഴാംകുന്നിലെ പക്ഷി ഗവേഷണ കേന്ദ്രം( Avian Research Station Thiruvazhamkunnu). കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവയെ ആവശ്യമുണ്ടെങ്കില്‍ സെന്ററില്‍ വിളിച്ച് ബുക്കുചെയ്താല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലഭിക്കും.

400 ഏക്കറില്‍ പരന്നു കിടക്കുന്ന കേന്ദ്രം ജൈവവൈവിധ്യങ്ങളുടെ കലവറകൂടിയാണ്. വലിയ കുന്നുകളും തടാകങ്ങളും മരങ്ങള്‍ അതിരിടുന്ന കൃഷിയിടങ്ങളും. മയിലും കുഞ്ഞന്‍പ്രാവുകളും കാട്ടുതാറാവുമൊക്കെ ആതിഥേയരാകുന്നിടം. പക്ഷിഗവേഷണകേന്ദ്രത്തില്‍ നടത്തുന്ന കോഴ്‌സുകള്‍ക്കും പഠനങ്ങള്‍ക്കും കൂടിയാണ് ഇവിടെ പക്ഷി വര്‍ഗങ്ങളെ സംരക്ഷിക്കുന്നത്. കോളജിന്റെ മുന്‍വശത്തായുള്ള ഡെമോണ്‍സ്ട്രഷന്‍ ഷെഡുവരെയേ പൊതുജനത്തിനു പ്രവേശനമുള്ളൂ. ഇവിടെയെത്തുന്നവര്‍ക്ക് സ്റ്റേഷന്റെ ഉള്ളിലെ ഷെഡുകളില്‍ വളരുന്ന പക്ഷിവര്‍ഗങ്ങളെ ഒറ്റയടിക്ക് കാണാം. നേരത്തെ ബുക്കു ചെയ്താല്‍ അരുമ പക്ഷികളെ സ്വന്തമാക്കി മടങ്ങാം.

ചാര, ചെമ്പല്ലി തുടങ്ങിയ കുട്ടനാടന്‍ താറാവുകള്‍, ഇറച്ചിത്താറാവ് ഇനമായ വിഗോവ, വിവിധയിനം അലങ്കാര താറാവുകള്‍, വിവിധയിനം ഫാന്‍സി കോഴികള്‍, തൂവെള്ള നിറത്തിലുള്‍പ്പെടെ വിവിധ വര്‍ണങ്ങളിലുള്ള കാടകള്‍ എന്നിവയെല്ലാം വിസ്തൃതമായ കൂടുകളില്‍ അന്തിയുറങ്ങുന്നു. ഹൈടെക് വളര്‍ത്തല്‍ രീതികള്‍ കണ്ടുപഠിക്കണമെങ്കിലും ഈ കേന്ദ്രത്തിലെത്തിയാല്‍ മതി.

ഫോണ്‍- ഡോ. എസ്. ഹരികൃഷ്ണന്‍, സ്‌പെഷല്‍ ഓഫീസര്‍- 98469 88211.

Related Stories

No stories found.
logo
The Fourth
www.thefourthnews.in