കൊടും ചൂട്, വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം... കാലാവസ്ഥ വ്യതിയാനം മൂലം 'ന്യൂ നോര്‍മലാ'യി മാറുന്ന പ്രകൃതിദുരന്തങ്ങള്‍

കൊടും ചൂട്, വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം... കാലാവസ്ഥ വ്യതിയാനം മൂലം 'ന്യൂ നോര്‍മലാ'യി മാറുന്ന പ്രകൃതിദുരന്തങ്ങള്‍

ഓരോ രാജ്യത്തും പ്രകൃതി ദുരന്തം അപഹരിക്കുന്ന മനുഷ്യ ജീവനുകളുടെയും മറ്റ് നഷ്ടങ്ങളുടെയും തോത് ദിനംപ്രതിയെന്നോണമാണ് വര്‍ധിക്കുന്നത്

വടക്കേ ഇന്ത്യയിലെ വിനാശകരമായ പേമാരി, യൂറോപ്പിലെയും ചൈനയിലെ കൊടുംചൂട്, അമേരിക്കയിലെയും ജപ്പാനിലെയും കനത്ത മഴയും വെള്ളപ്പൊക്കവും...ലോകത്തെങ്ങുനിന്നും പ്രകൃതിദുരന്തങ്ങള്‍ വാര്‍ത്തകളായി ദിവസവും നമ്മളെ തേടിയെത്തുകയാണ്. ഇത്തരം സംഭവങ്ങള്‍ ഒരു ദശാബ്ദം മുന്‍പ് നമുക്ക് അത്ഭുതമായിരുന്നുവെങ്കില്‍ ഇന്നത് നിത്യജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. കാലാവസ്ഥവ്യതിയാനം പ്രതീക്ഷിക്കുന്നതിനുമപ്പുറം മാറ്റങ്ങളാണ് ലോകത്തുടനീളം സൃഷ്ടിക്കുന്നതെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

വടക്കേ ഇന്ത്യയില്‍ നാല് ദിവസങ്ങമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ ജീവന്‍ നഷ്ടമായത് നാല്പതിലധികം മനുഷ്യര്‍ക്കാണ്. വീടുകളും റോഡുകളും തകര്‍ന്നുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍ വേറെ. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളിലും പ്രകൃതി ദുരന്തം അപഹരിക്കുന്ന മനുഷ്യ ജീവനുകളുടെയും മറ്റ് നഷ്ടങ്ങളുടെയും തോത് ദിനംപ്രതിയെന്നോണമാണ് വര്‍ധിക്കുന്നത്.

1961ന് ശേഷം പാകിസ്താനിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. നാനൂറോളം കുട്ടികള്‍ ഉള്‍പ്പെടെ 1100ല്‍ അധികം പേര്‍ മരിച്ചു. സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരുന്ന രാജ്യത്ത് ആയിരം കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്.

ലോക രാജ്യങ്ങൾ പലവിധത്തിലുള്ള നടപടികൾ എടുക്കുന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിൽ ഒരു പുരോഗതിയും കൈവരിക്കാൻ ആയിട്ടില്ലെന്നതാണ് വാസ്തവം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ ഇങ്ങനെയുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ കണ്ടെത്താവുന്നതാണ്. കാലാവസ്ഥ പ്രതിഭാസമായ എല്‍ നിനോ ഉണ്ടാകുക വഴി ഭൂമി ഒട്ടാകെ ഉഷ്ണതരംഗങ്ങളും വരള്‍ച്ചയും ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പ് ലോക കാലാവസ്ഥ സംഘടനാ നല്‍കിയിരുന്നു. ജൂലൈ അവസാനത്തോടെ എല്‍ നിനോ 60 ശതമാനവും സെപ്റ്റംബര്‍ അവസാനത്തോടെ 80 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. അടുത്ത ഒരു വര്‍ഷം താപനില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ മൂന്നാം തീയതിയെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനമായി പ്രഖ്യാപിച്ചിരുന്നു. 17.01 ഡിഗ്രി സെല്‍ഷ്യസായിരുന്നു ആ ദിവസത്തെ ആഗോള ശരാശരി താപനില.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലോകം 1.5 ഡിഗ്രി സെല്‍ഷ്യസ് ആഗോള താപന പരിധി മറികടക്കാന്‍ 66 ശതമാനം സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് അടുത്തിടയാണ്. അത്രത്തോളം ഭീകരമായ അവസ്ഥയിലേക്ക് ഭൂമി നീങ്ങിക്കഴിഞ്ഞു. മനുഷ്യന്റെ ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള ദുരന്തങ്ങളില്‍നിന്ന് ഭൂമിയെ രക്ഷപ്പെടുത്താന്‍ വളരെ കുറച്ച് സമയമേ മുന്നിലുള്ളൂ. എന്നിട്ടും ഈ തിരിച്ചറിവുകള്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര മാറ്റങ്ങള്‍ കൊണ്ടുവരുന്നില്ല.

100 കോടി ഡോളറിന്റെ നഷ്ടങ്ങൾ സംഭവിക്കുന്ന ദുരന്തങ്ങൾ എൺപതുകളിൽ 82 ദിവസം ഇടവേളകളിലായിരുന്നു വന്നുകൊണ്ടിരുന്നത് എങ്കിൽ 2018-22ൽ അത് 18 ദിവസങ്ങളിലേക്ക് എത്തി

ലോക രാജ്യങ്ങള്‍ പലവിധത്തിലുള്ള നടപടികള്‍ എടുക്കുന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ഒരു പുരോഗതിയും കൈവരിക്കാനായിട്ടില്ലെന്നതാണ് വാസ്തവം. കാലാവസ്ഥ വ്യതിയാനം എന്നൊന്നില്ലെന്ന് അവകാശപ്പെടുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജയീര്‍ ബോള്‍സെനാരോയെയും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരും മറ്റൊരു വശത്തുണ്ട്.

അടുത്തിടെ എന്‍പിആര്‍ /പിബിഎസ് ന്യൂസ് ഹവര്‍ /മാരിസ്റ്റ് കോളേജ് എന്നീ സ്ഥാപനങ്ങള്‍ അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ കേവലം എട്ട് ശതമാനം പേര്‍ മാത്രമാനം ആഗോള താപനത്തെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായി മനസിലാക്കുന്നത്. 34 ഇന്ത്യന്‍ വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് തുല്യമായ അളവിലാണ് ഒരു അമേരിക്കക്കാരന്റെ വൈദ്യുതി ഉപയോഗം. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ജനങ്ങള്‍ക്കുപോലും കാര്യങ്ങള്‍ ബോധ്യപ്പെടുന്നില്ലെന്നത് നമ്മുടെ പ്രയത്‌നങ്ങള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ സൂചകമാണ്.

ഇന്നും നമ്മുടെ രാജ്യങ്ങളിലെ ജനങ്ങള്‍ പണപ്പെരുപ്പം, രാഷ്ട്രീയ അഴിമതികള്‍, സെലിബ്രിറ്റി കലഹങ്ങള്‍ എന്നിവ മാത്രമാണ് പ്രശ്‌നങ്ങളായി കാണുന്നത് എന്നത് തന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിനേല്‍ക്കുന്ന തിരിച്ചടിയാണ്. മറ്റിടങ്ങളില്‍ നടക്കുന്ന ദുരന്തങ്ങള്‍ നമ്മളെ ബാധിക്കില്ലെ ന്നൊരു മിഥ്യാബോധവും ജനങ്ങള്‍ക്കുണ്ട്. ഇനിയിപ്പോള്‍ തിരിച്ചറിഞ്ഞാല്‍ തന്നെ അതിന്റെ പരിഹാരമാര്‍ഗങ്ങളിലേക്ക് കടക്കാനും തയ്യാറാകാറില്ല.

കാറ്റ്, സൗരോര്‍ജം എന്നിവയില്‍നിന്ന് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമ്പോഴും ലോകം ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ പ്രാഥമിക ഉറവിടങ്ങളായ പെട്രോള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളാണ്. കാര്യങ്ങളുടെ അപകടാവസ്ഥ മനസ്സിലാക്കിയവര്‍ പോലും ഇതുതന്നെയാണ് ചെയ്യുന്നതെങ്കില്‍ മാറ്റമെങ്ങനെ ഉണ്ടാകുമെന്നതാണ് ചോദ്യം.

ആധുനിക ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണെന്ന് ഗവേഷകര്‍ പറഞ്ഞ ദിവസം ഫ്‌ലൈറ്റ്ട്രാഡാര്‍ 24 അനുസരിച്ച്, ഗ്രഹത്തെ ചൂടാക്കുന്ന വാതകങ്ങള്‍ പുറപ്പെടുവിക്കുന്ന വാണിജ്യ വിമാനങ്ങളുടെ എണ്ണം റെക്കോര്‍ഡ് തരത്തിലായിരുന്നു.

100 കോടി ഡോളറിന്റെ നഷ്ടങ്ങള്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ എണ്‍പതുകളില്‍ 82 ദിവസം ഇടവേളകളിലായിരുന്നു വന്നുകൊണ്ടിരുന്നതെങ്കില്‍ 2018-22ല്‍ അത് 18 ദിവസങ്ങളിലേക്ക് എത്തി. അമേരിക്കയിലെ കണക്കാണിത്. എന്നാല്‍ ലോകത്ത് മുഴുവന്‍ ഏകദേശം ഇതുതന്നെയാണ് അവസ്ഥ. ഭൂമിയെയും കാലാവസ്ഥയെയും തിരിച്ചുപിടിക്കാന്‍ ഇനി നമുക്ക് മുന്നിലുള്ളത് വളരെ കുറച്ചുസമയം മാത്രമാണ്. ദുരന്തങ്ങള്‍ ഉണ്ടായശേഷം പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും അത് വരാതെ നോക്കുകയാണ് ഉത്തമം.

logo
The Fourth
www.thefourthnews.in