തുലാവര്‍ഷം തകര്‍ത്ത് പെയ്തതിന്റെ കാരണമെന്ത്?

തുലാവര്‍ഷം തകര്‍ത്ത് പെയ്തതിന്റെ കാരണമെന്ത്?

കുടുതല്‍ മഴ ലഭിക്കാറുള്ള ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇത്തവണ കേരളത്തില്‍ മഴ കുറവായിരുന്നു. എന്നാല്‍ തുലാവര്‍ഷമായതോടെ കാര്യങ്ങള്‍ മാറി

തുലാവര്‍ഷം അഥവാ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലം കേരളത്തിന് സാധാരണയായി അപകടമില്ലാത്ത, അധികം മഴ ലഭിക്കാത്ത കാലമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങളായിരുന്നു തുലാവര്‍ഷത്തില്‍ കൂടുതലായി ഉണ്ടാകാറുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സാഹചര്യം മാറി. 2021 ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുലാവര്‍ഷ മഴ കേരളത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയുടെ അളവ് പരിശോധിച്ചാല്‍ 2021 ന് സമാനമായ ജാഗ്രത ഇത്തവണയും പുലര്‍ത്തേണ്ടി വരുമെന്ന് കരുതണം.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ തുടര്‍ച്ചയായ തുലാവര്‍ഷ പെയ്ത്ത് വെള്ളപ്പൊക്കത്തിനും, ഉരുള്‍പ്പൊട്ടല്‍ അടക്കമുള്ള മറ്റ് അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. കേരള- തമിഴ്‌നാട് തീരത്തിന്‌ സമീപത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതാണ് കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയ്ക്ക് കാരണമായത്. വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്നും, ഇത് തീവ്രന്യൂനമര്‍ദ്ദമായിമാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതായത് വരും ദിവസങ്ങളിലും മഴ മുന്നില്‍ കാണണം.

കുടുതല്‍ മഴ ലഭിക്കാറുള്ള ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇത്തവണ കേരളത്തില്‍ മഴ കുറവായിരുന്നു. എന്നാല്‍ തുലാവര്‍ഷമായതോടെ കാര്യങ്ങള്‍ മാറി. ഇതുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് തുലാവര്‍ഷം ശരാശരിയെക്കാള്‍ 22 ശതമാനമാണ് കൂടുതല്‍. അതായത് സംസ്ഥാനത്ത് ലഭിക്കേണ്ട ശരാശരി മഴ 442.8 മില്ലീമീറ്ററാണ്. എന്നാല്‍ ലഭിച്ചതാകട്ടെ 540.6 മില്ലീമീറ്ററും. ഇതില്‍ തന്നെ പത്തനംതിട്ട ജില്ലയില്‍ ശരാശരിയെക്കാള്‍ 85 ശതമാനവും, തിരുവനന്തപുരം ജില്ലയില്‍ ശരാശരിയെക്കാള്‍ 51 ശതമാനവും അധികം മഴ ലഭിച്ചു.

തുലാവര്‍ഷം തകര്‍ത്ത് പെയ്തതിന്റെ കാരണമെന്ത്?
'ഭൂമി ചുട്ടുപൊള്ളുന്നു'; നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയുടെ താപനിലയില്‍ മൂന്നു ഡിഗ്രി വര്‍ധന, മുന്നറിയിപ്പുമായി യുഎൻ

ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പോസിറ്റീവ്

ഇത്തവണ ഇടവപ്പാതി കുറയാന്‍ പ്രധാന കാരണം ആഗോള പ്രതിഭാസമായ എല്‍നിനോയാണ്. പസഫിക്‌ സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ ചൂട് കൂടുന്നതാണ് എല്‍നിനോ പ്രതിഭാസം. മഴമേഘങ്ങളെയും, കാലവര്‍ഷക്കാറ്റിനെയും എല്‍നിനോ സ്വാധീനിക്കും. സമാനമായി ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാകുന്ന പ്രതിഭാസമാണ് ഓഷ്യന്‍ ഡൈപോള്‍.

ന്യൂട്രല്‍ നിലയിലായിരുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ഇപ്പോള്‍ പോസിറ്റീവ് ആയി. അതായത് പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉപരിതല താപനില ഉയര്‍ന്നു. സെപ്തംബറിന്‌ ശേഷമാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പോസിറ്റീവ് ആയത്. ഇത് ചക്രവാത ചുഴി മുതല്‍ ന്യൂനമര്‍ദ്ദം വരെ രൂപപ്പൈനുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചു. ഇതാണ് തുലാവര്‍ഷപ്പെയ്ത്ത് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

മാഡെന്‍ ജൂലിയന്‍ ഓസിലേഷന്‍ (MJO) അനുകൂലമായി

ഉഷ്ണമേഖല പ്രദേശങ്ങളിലെ മേഘങ്ങള്‍, മഴ, കാറ്റ് എന്നിവ ഒരു പ്രദേശത്തു നിന്ന്‌ കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച് ശരാശരി 60 ദിവസത്തിനുള്ളില്‍ അതേ ഭാഗത്ത് എത്തിച്ചേരുന്ന പ്രതിഭാസമാണ് മാഡെന്‍ ജൂലിയന്‍ ഓസിലേഷന്‍. നിലവില്‍ MJO സ്ഥാനം കേരളത്തിന് മഴ ലഭിക്കാനുള്ള അനുകൂലമായ സ്ഥാനത്താണ് എന്നതും കൂടുതല്‍ മഴയ്ക്ക് കാരണമായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in