ആഗോള താപനം ശരവേഗത്തിലെന്ന് മുന്നറിയിപ്പ്; കാര്‍ബണ്‍ ബഹിർഗമനം സർവകാല റെക്കോർഡിൽ

ആഗോള താപനം ശരവേഗത്തിലെന്ന് മുന്നറിയിപ്പ്; കാര്‍ബണ്‍ ബഹിർഗമനം സർവകാല റെക്കോർഡിൽ

ദശാബ്ദത്തില്‍ 0.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുന്നുവെന്നാണ് കണക്ക്

ആഗോളതാപന തോത് അതിവേഗത്തില്‍ ഉയരുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ദശാബ്ദത്തില്‍ 0.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുന്നുവെന്നാണ് കണക്ക്. ആശങ്കാജനകമായ സാഹചര്യമെന്നാണ് ശാസ്ത്രലോകം ഭരണാധികാരികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

ലോകമെമ്പാടുമുള്ള 50 ശാസ്ത്രജ്ഞര്‍ അടങ്ങിയ സംഘമാണ് പഠനം നടത്തിയത്. മനുഷ്യ സ്വാധീനത്താലുള്ള താപനം അഭൂതപൂര്‍വമായ വേഗത്തിലാണ് ഉയരുന്നതെന്ന് 2013 മുതല്‍ 2022 വരെയുള്ള കണക്ക് അധികരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹരിതഗൃഹവാതകം പുറംതള്ളലിലുണ്ടായ റെക്കോര്‍ഡ് വര്‍ധനയും വായുമലിനീകരണവും ആഗോള താപനം ത്വരിതപ്പെടുത്തി.

ഇതേകലായളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‌റെ ശരാശരി വാര്‍ഷിക പുറന്തള്ളല്‍ സര്‍വകാലറെക്കോര്‍ഡിലാണ്. 54 ബില്യണ്‍ ടണ്‍ ആണിത്. അതായത് ഓരോ സെക്കന്‍ഡിലും ഏകദേശം 1700 ടണ്‍ കാര്‍ണബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നുണ്ട്. കാര്‍ബണ്‍ ബജറ്റിനേക്കാള്‍ വളരെ താഴെയാണ് ഇതെങ്കിലും മുന്‍ കരുതലെടുക്കണമെന്നാണ് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്.

കാര്‍ബണ്‍ ബജറ്റ് -കാലാവസ്ഥാ നയത്തില്‍ ഉപയോഗിക്കുന്ന ഒരു ആശയമാണ് ഇത്. ആഗോള താപനം ഒരു നിശ്ചിത തോതിലേക്ക് പരിമിതപ്പെടുത്തുന്നതിന് മനുഷ്യജന്യമായി പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‌റെ അനുവദനീയമായ അളവാണിത്. വ്യവസായവത്കരണകാലത്തിന് മുന്‍പുള്ള തോതുമായി തുലനം ചെയ്ത് പറയുമ്പോള്‍ ഇതിനെ ടോട്ടല്‍ കാര്‍ബണ്‍ ബജറ്റ് എന്നും സമീപകാല തോതുമായി താരതമ്യം ചെയ്ത് പറയുമ്പോള്‍ റിമൈനിങ് കാര്‍ബണ്‍ ബജറ്റ് എന്നുമാണ് പ്രയോഗിക്കാറ്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ലോക നേതാക്കള്‍ക്ക് സമര്‍പ്പിക്കാന്‍ നടത്തിയ പഠനത്തിന്‌റെ ഭാഗമാണ് ഈ റിപ്പോര്‍ട്ട്. ദുബായിയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന കോപ്28 കാലാവസ്ഥാ ഉച്ചകോടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭൂമി തിരിച്ചുപിടിക്കാനാകാത്ത വിധം നാശത്തിന്റെ വക്കിലാണെന്ന ഐപിസിസി (Intergovernmental Panel on Climate Change) റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. പാരീസ് ഉച്ചകോടി നിശ്ചയിച്ചിട്ടുള്ള താപന പരിധിയില്‍ തുടരാന്‍ 2019 നെ അപേക്ഷിച്ച് 2035 ഓടെ ഹരിതഗൃഹ വാതകം പുറന്തള്ളല്‍ 60 ശതമാനം കുറയ്‌ക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടിന്‌റെ നിഗമനം.

logo
The Fourth
www.thefourthnews.in