പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേരളം; മുനിസിപ്പൽ നിയമം ഭേദഗതി ചെയ്യും

2016ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളും അവ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളും ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യും.

ഖരമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനുള്ള ചട്ടങ്ങൾ പാലിക്കുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ. ഇതിനായി പദ്ധതി രൂപീകരിച്ച് 1994ലെ കേരള മുനിസിപ്പൽ ആക്ട് (കെഎംഎ) ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. 2016ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഖരമാലിന്യ സംസ്കരണത്തിനായി നിലവിലുള്ള നിയമങ്ങളും ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് മുനിസിപ്പൽ നിയമം ഭേദഗതി ചെയ്യുക.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിമർശനത്തിന് പിന്നാലെയാണ് പുതിയ പദ്ധതി ആവിഷ്ക്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം

ഖരമാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) അടുത്തിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. മാലിന്യങ്ങൾ കുന്നുകൂടുന്നതുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ച എൻജിടി, അവ കൃത്യമായി സംസ്കരിക്കുന്നതിലെ പാളിച്ചകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി തയാറാക്കിയ പദ്ധതിയുടെ രൂപരേഖ പൂർത്തിയായെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരിന് കൈമാറുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

മുനിസിപ്പൽ നിയമം പ്രാബല്യത്തിൽ വന്നത് 1994ൽ.

1994ൽ നിലവിൽ വന്ന മുനിസിപ്പൽ നിയമത്തിൽ മാലിന്യ സംസ്കരണം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഖര ദ്രാവക മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടില്ല. നിലവിൽ ആരോഗ്യവുമായി ബന്ധപ്പെട്ട നിയമത്തിലെ ഒരു ഉപവിഭാഗമായാണ് മാലിന്യ സംസ്കരണം കൈകാര്യം ചെയ്യുന്നത്.

ഇത്തരം പരിമിതികൾ പരിഹരിച്ചുകൊണ്ടുള്ള വിപുലമായ പദ്ധതിയാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പറഞ്ഞു. ലോക ബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്‍റ് ബാങ്കും സംയുക്തമായി നടപ്പാക്കുന്ന 2,300 കോടി രൂപയുടെ കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) നടപ്പാക്കുന്നതിന് മുനിസിപ്പൽ ആക്ട് ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.

2016 ലെ ഖര മാലിന്യ സംസ്കരണ ചട്ടം

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ മാലിന്യ സംസ്കരണ ചട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യം, ഖര മാലിന്യം, ദ്രവ മാലിന്യം, നിർമാണ അവശിഷ്ടങ്ങൾ, ബയോ-മെഡിക്കൽ മാലിന്യം, ഇലക്ട്രോണിക് മാലിന്യം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. അവയുടെ സംസ്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളും വെവ്വേറെ ചിട്ടപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഖരമാലിന്യങ്ങള്‍ സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഖരമാലിന്യങ്ങള്‍ സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നു.

പ്രതിദിനം 3,472 ടൺ ഖരമാലിന്യമാണ് കേരളം ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ 781 ടൺ കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചല്ല സംസ്കരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ എൻജിടിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഖര, ദ്രാവക, പ്ലാസ്റ്റിക്, മെഡിക്കൽ മാലിന്യങ്ങൾ, നിർമ്മാണ അവശിഷ്ടങ്ങൾ, ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിങ്ങനെ വിവിധ തരം മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക നിയമങ്ങളുണ്ട്. നിലവിലെ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ഇത്തരം വേർതിരിവുകൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

പ്രതീകാത്മക ചിത്രം
കേരളത്തിലെ വഴിയോരങ്ങൾ തെരുവു നായകൾ കീഴടക്കിയതെങ്ങനെ? ഈ വർഷം കടിയേറ്റത് ഒരു ലക്ഷത്തോളം പേർക്ക്

നിർദ്ദിഷ്ട ഭേദഗതിയിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പൊതുജനപ്രതിരോധം ലഘൂകരിക്കുന്നതിനുള്ള വ്യവസ്ഥകളുമുണ്ടാകും. മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ, പലപ്പോഴും പൊതുജനങ്ങളുടെ എതിർപ്പിനും പ്രതിഷേധത്തിനും കാരണമാകാറുണ്ട്. ഇതിന് പരിഹാരമായി പദ്ധതി പ്രതികൂലമായി ബാധിക്കുന്നവർക്ക് വസ്തു നികുതി, തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഇളവ് നൽകുന്ന ഒരുപാധികൂടി ചേർക്കുന്നത് പരിഗണനയിലുണ്ട്. കൂടാതെ, മാലിന്യങ്ങളുടെ ഉറവിടം അടിസ്ഥാനമാക്കിയുള്ള വേർതിരിക്കലിനും, ഉപയോക്ത-ഫീസ് ശേഖരണത്തിനുമായി ഉപനിയമങ്ങൾ ആവിഷ്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

കൊച്ചിയിലെ ബ്രഹ്മപുരം പ്ലാന്‍റിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കാത്തത് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഭേദഗതി ചെയുന്ന നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം നടപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

logo
The Fourth
www.thefourthnews.in