കെനിയയ്ക്ക് 'തലവേദന'യായി മാറി കാക്കകള്‍; കൂട്ടക്കുരുതിക്ക് ഒരുങ്ങി ഭരണകൂടം

കെനിയയ്ക്ക് 'തലവേദന'യായി മാറി കാക്കകള്‍; കൂട്ടക്കുരുതിക്ക് ഒരുങ്ങി ഭരണകൂടം

കെനിയന്‍ ജനതയ്ക്കും മറ്റു ജന്തുജാലങ്ങള്‍ക്കും കാക്കകള്‍ ഉണ്ടാക്കുന്ന ഉപദ്രവങ്ങള്‍ കണക്കിലെടുത്താണ് ഇത്രയും ഭീകരമായ ഒരു നീക്കത്തിലേക്ക് അവര്‍ പോകുന്നത്

കാക്കകളെ കൂട്ടക്കുരുതി ചെയ്യാന്‍ ഒരു രാജ്യത്തിലെ ഭരണസംവിധാനം തീരുമാനിക്കുന്നു. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നാമെങ്കിലും അത്തരത്തിലൊരു നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് കെനിയന്‍ ഭരണകൂടം. 1947-ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് കെനിയയില്‍ എത്തി എന്ന് വിശ്വസിക്കപ്പെടുന്ന പ്രത്യേക ഇനം കാക്കകളുടെ എണ്ണം നിലവില്‍ ഏഴു ലക്ഷം മുതല്‍ പത്തു ലക്ഷം വരെയാണ്. 2024 ഡിസംബര്‍ 31 നകം പത്തു ലക്ഷം കാക്കകളെയും വിഷം നല്‍കി കൊല്ലാനാണ് കെനിയന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കാക്കകള്‍ക്ക് മേല്‍ കെനിയന്‍ ഭരണകൂടം പ്രഖ്യാപിച്ച ഈ യുദ്ധത്തിന് കാരണങ്ങള്‍ പലതാണ്. കെനിയന്‍ ജനതയ്ക്കും മറ്റു ജന്തുജാലങ്ങള്‍ക്കും കാക്കകള്‍ ഉണ്ടാക്കുന്ന ഉപദ്രവങ്ങള്‍ കണക്കിലെടുത്താണ് ഇത്രയും ഭീകരമായ ഒരു നീക്കത്തിലേക്ക് അവര്‍ പോകുന്നത്.

ക്രമാതീതമായി വര്‍ധിച്ച കാക്കകളുടെ ജനസംഖ്യ കെനിയയിലെ ജനജീവിതത്തെതന്നെ മാറ്റി മറിച്ചിരിക്കുകയാണ്. ആളുകളുടെ കയ്യില്‍ നിന്ന് ഭക്ഷണം തട്ടിക്കൊണ്ടുപോകുക, സ്വാഭാവിക ആവാസവ്യവസ്ഥയിലുള്ള പക്ഷികളെ കൊത്തിയോടിക്കുക, വിളകള്‍ നശിപ്പിക്കുക, ഹോട്ടലുകളിലെയും റസ്‌റോറന്റുകളിലെയും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുക തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര കുറ്റകൃത്യങ്ങളാണ് കാക്കകള്‍ക്ക് മേലെ ആരോപിക്കപ്പെട്ടിരിക്കുന്നത്.

കൂട്ടമായെത്തി മറ്റു പക്ഷികളെയും അവയുടെ കുഞ്ഞുങ്ങളെയും ആക്രമിക്കുന്ന ഈ പക്ഷികളുടെ ഉപദ്രവം സഹിക്കവയ്യാതെ കെനിയയില്‍ സാധാരണയായി കണ്ടു വരുന്ന പ്രത്യേക ഇനം കുരുവികള്‍, തേന്‍കിളികള്‍, തുന്നല്‍ക്കാരന്‍ പക്ഷികള്‍, പൈഡ് കാക്കകള്‍, വാക്‌സ്ബില്ലുകള്‍ എന്നിവ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു എന്നാണ് കെനിയന്‍ വനം വകുപ്പ് പറയുന്നത്. ഇത് കെനിയയുടെ ഭൂപ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കെനിയയിലെ കാര്‍ഷികവിളകള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും ഇത് കനത്ത നാശനഷ്ടമുണ്ടാക്കുന്നുണ്ട്. ഏതു തരത്തിലുള്ള സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ കഴിയുന്ന ഈ പക്ഷികളുടെ പെരുപ്പം കെനിയയിലെ ടൂറിസം വിഭാഗത്തിനും സന്ദര്‍ശകര്‍ക്കും തലവേദനയുണ്ടാക്കുകയാണ്. ഇതുകൂടാതെ കെട്ടിടങ്ങളിലെ എയര്‍ കണ്ടിഷനിങ് സംവിധാനങ്ങള്‍ക്ക് മേല്‍ കൂടു കൂട്ടി ഇവ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുളളിലെ മനുഷ്യ നിര്‍മിിത ജലാശയങ്ങള്‍ക്കും തകരാറുകള്‍ ഉണ്ടാക്കുന്നുണ്ട്.

കെനിയയ്ക്ക് 'തലവേദന'യായി മാറി കാക്കകള്‍; കൂട്ടക്കുരുതിക്ക് ഒരുങ്ങി ഭരണകൂടം
ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്ന സൂപ്പര്‍ബഗുകള്‍; കോവിഡ് പോലെ എളുപ്പമാകില്ല അതിജീവനം

മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ടാന്‍സാനിയയിലെ സാന്‍സിബാര്‍ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ട കാക്കകളുടെ ശല്യം സഹിക്കവയ്യാതെ സന്‍സിബാറിലെ ഭരണകൂടം ഇവയെ ദോഷകരമായ കീടങ്ങളായി പ്രഖ്യാപിക്കുകയും ഇവയെ ജീവനോടെയോ അല്ലാതെയോ പിടികൂടി നല്‍കുന്നവര്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവ കെനിയയിലേക്ക് എത്തിത്തുടങ്ങിയത് എന്നാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ചരക്കുകപ്പലുകള്‍ വഴി എത്തിയ കാക്കകളും അവയുടെ പിന്‍ തലമുറക്കാരുമാണ് കെനിയയില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഏതു വിധേന ആയിരുന്നാലും കെനിയയിലെത്തിയ ഈ വിദേശികള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ വന്‍തോതില്‍ മുട്ടയിട്ടു പെരുകുകയും ജനജീവിതത്തിനുതന്നെ നാശമായി മാറുകയും ചെയ്തു. ആകാശത്തിലൂടെ വിഹരിക്കുന്ന വമ്പന്‍ കാക്കക്കൂട്ടങ്ങള്‍ കെനിയയിലെ സ്ഥിരം കാഴ്ചയാണ്. മറ്റു ജീവജാലങ്ങള്‍ക്ക് ദോഷമാകാത്ത വിധത്തിലുള്ള, പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിഷം നല്‍കി ഇവയെ കൊല്ലാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ദേശാടന പക്ഷികളെയും മറ്റു ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നതിന് 1979 ലെ ബോണ്‍ കണ്‍വെന്‍ഷന്‍ പ്രകാരം നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കുടിയേറ്റം നടത്താറുണ്ടെങ്കിലും കാക്കകളെ എല്ലായിടത്തും ദേശാടനപ്പക്ഷികളായി കണക്കാക്കുന്നില്ല. നിലവില്‍ സാധാരണ കാക്കകളുടെ സംരക്ഷണത്തിനായി ശക്തമായ നിയമങ്ങളൊന്നും തന്നെ നിലവിലില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള പക്ഷിസ്‌നേഹികള്‍ കെനിയന്‍ ഭരണകൂടത്തിന്റെ ഈ അതിശക്തമായ തീരുമാനത്തിനെതിരെ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്നത് കാണേണ്ടിയിരിക്കുന്നു.

logo
The Fourth
www.thefourthnews.in