Video | കേരളതീരം കടലെടുക്കുന്നു; 14 വർഷത്തിനുള്ളിൽ ഒലിച്ചുപോയത് 647 ഏക്കർ

2027 വരെ ഈ ആക്രമണങ്ങൾ തുടരുകയും സമയാടിസ്ഥാനത്തിൽ ഇതിന്റെ ആഘാതം വർധിക്കുകയും ചെയ്യും; കടൽഭിത്തികൾ കൊണ്ട് മാത്രം തടുക്കാനാവില്ലെന്നും പഠനം

സംസ്ഥാനത്ത് 14 വർഷത്തിനുള്ളിൽ 647 ഏക്കർ തീരശോഷണം ഉണ്ടായതായി പഠനം . തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയിലെ 58 കിലോമീറ്റർ തീരപ്രദേശത്തിനുള്ളിലാണ് 647 ഏക്കർ കടലെടുത്തതായി കണ്ടെത്തിയത്. കേരള സർവകലാശാല ജിയോളജി വിഭാഗം മേധാവി ഡോ.ഇ ഷാജിയുടെ നേതൃത്വത്തിൽ നടന്ന ‘കേരളത്തിലെ തീരശോഷണം: അവലോകനവും കർമ പദ്ധതി നിർദേശങ്ങളും’ എന്ന പഠനത്തിലാണ് കേരളത്തിലെ തീരശോഷണത്തിൻ്റെ തീവ്രത ബോധ്യമായത്. തീരദേശമേഖലയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ ഉടനെ സ്വീകരിച്ചില്ലെങ്കിൽ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

കടലാക്രമണങ്ങൾ ഇന്ത്യയുടെ മിക്ക തീരപ്രദേശങ്ങളിലും ശക്തമാണെങ്കിലും കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ ഇത് വളരെ രൂക്ഷമാണ് . തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ തീരദേശങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത് . ശംഖുമുഖം,വലിയതുറ,പൊഴിയൂർ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട് . ഓരോ വർഷവും ശരാശരി 5 മീറ്റർ സ്ഥലം കടലെടുക്കുന്നുണ്ടെങ്കിലും വേളി, പൊഴിയൂർ , പാെഴിക്കര പ്രദേശങ്ങളിൽ ഓരോ വർഷവും ഇത് ശരാശരി 10.5 മീറ്റർ ആണ്. സ്വാഭാവിക അന്തരീക്ഷത്തിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതാണ് ഈ പ്രതിഭാസത്തിന് പഠനത്തിൽ പറയുന്ന കാരണം.

ഇതിനെ സ്വാധീനിക്കുന്ന പല ഘടകങ്ങൾ ഉണ്ട്. ആഗോളമായി വരുന്ന കാലാവസ്ഥ വ്യതിയാനമാണ് അതിലൊന്ന് . കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രനിരപ്പിലും മാറ്റങ്ങൾ ഉണ്ടാവുന്നു . 2006 , 2013 , 2022 എന്നീ വർഷങ്ങളിലായി നടത്തിയ പഠനങ്ങൾ പ്രകാരം കടലും കരയും തമ്മിൽ ചേരുന്ന തീരപ്രദേശത്ത് കടൽ ഭാഗം കൂടുതൽ കരയിലേക്ക് കയറുന്നതായി കണ്ടെത്തി. സമുദ്രനിരപ്പ് ഉയരുന്നതും ഒരു പ്രശ്നമാണ് .ഓരോ വർഷവും മില്ലിമീറ്റർ സ്കെയിലിൽ സമുദ്ര നിരപ്പ് കൂടുന്നുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് അറബിക്കടലിന്റെ താപനില കൂടുതൽ ആണ്.

അറബിക്കടലിന് ചുറ്റുമുള്ള അന്തരീക്ഷത്തിലും അതനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു . കാറ്റുകളുടെ ഗതി , തിരമാലകളുടെ ഊർജ്ജം , തിരമാലകളുടെ ഉയരം എന്നിവ കൂടുകയും ആനുപാതികമായി കടലാക്രമണത്തിൽ ആഘാതം വർധിക്കുകയും ചെയ്യുന്നു .

ഒരു മീറ്റർ ഉയരത്തിൽ വരുന്ന തിരമാലയെക്കാൾ ആഘാതം കൂടുതൽ മൂന്നു മീറ്റർ ഉയരത്തിൽ വരുന്ന തിരയ്ക്ക് എന്നതാണ് അതിന്റെ ഏറ്റവും ലളിതമായ രൂപം.

വർഷങ്ങളായി വന്ന ഇത്തരം ചെറിയ മാറ്റങ്ങൾ 14 വർഷത്തെ സമയം കൊണ്ട് വളരെ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾക്ക് കാരണമായി എന്നാണ് പഠനം തെളിയിക്കുന്നത് . അറബി കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ ഭാഗമായി കേരളത്തിൽ ലഭിക്കുന്ന അധിക മഴയും ഈ പ്രതിഭാസത്തെ സ്വാധീനിക്കുന്നുണ്ട്. മുൻപേ ബംഗാൾ ഉൾക്കടലിൽ മാത്രം അധികമായി കണ്ടിരുന്ന ന്യൂനമർദ്ദങ്ങൾ അറബിക്കടലിൽ ഇപ്പോൾ സർവസാധാരണമായി കാണുന്നതിനും കാരണം ഇതാണ്.

Picture courtasy: google

വേനലിൽ പോലും കനത്ത മഴ ലഭിക്കുന്നത് കടലിലെ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കുന്നു . പുഴ കടലിൽ കൊണ്ടിടുന്ന മണൽ കുറയുന്നതും ഒരു കാരണം ആയതിനാൽ വർധിച്ചു വരുന്ന മണൽ ഖനനവും ഇത്തരം കടലാക്രമണങ്ങളിൽ പങ്ക് വഹിക്കുന്നു എന്ന് പഠനം വ്യക്തമാക്കുന്നു. ഇങ്ങനെ അനേകം ഘടകങ്ങളിൽ വരുന്ന ചെറിയ മാറ്റങ്ങൾ സമുദ്രത്തിലെ സന്തുലിതാവസ്ഥയെ ബാധിക്കുന്നത് കൊണ്ടാണ് കടലാക്രമണങ്ങൾ വർധിക്കുന്നതും അതുമൂലം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുന്നതെന്നും ഗവേഷകനായ ഇ ഷാജി ദി ഫോർത്ത് ന്യൂസിനോട് പറഞ്ഞു.

തീരദേശ മേഖലകളിൽ താമസിക്കുന്ന ആളുകളെ ഈ പ്രശ്നങ്ങൾ വളരെ വലിയ രീതിയിൽ ബാധിക്കുന്നു.അവരുടെ ജീവനും സ്വത്തിനും ഭീഷണിയാണ് കടലാക്രമണങ്ങൾ .

"ദൈനംദിന ജീവിതം കഴിയാനുള്ള അന്നം തരുന്നത് ഈ കടലാണെന്നിരിക്കെ ആകെയുള്ള തുണ്ടുഭൂമി വിട്ട് പോവുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ജീവൻ കടലെടുക്കുന്നതിനേക്കാൾ പ്രയാസകരമാകും"
ഇ ഷാജി

പഠനത്തിന്റെ ഭാഗമായി നടത്തിയ മെഷീൻ ലേർണിംഗ്‌ വെച്ചുള്ള കമ്പ്യൂട്ടർ മോഡലിംഗിന്റെ പ്രവചനപ്രകാരം 2027 വരെ ഈ ആക്രമണങ്ങൾ തുടരുകയും സമയടിസ്ഥാനത്തിൽ ഇതിന്റെ ആഘാതം വർധിക്കുകയും ചെയ്യും. ഇപ്പോഴുള്ള ഗതിയിൽ നിന്ന് ആഘാതം ഇനിയും വർധിക്കുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് തീരദേശവാസികളെ നയിക്കുക. പാരിസ്ഥിതികമായും അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും . 2027 നു ശേഷമുള്ള കാര്യങ്ങൾക്ക് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

കടലാക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി പണിയുന്ന കടൽ ഭിത്തികൾ കൊണ്ട് മാത്രം മണ്ണൊലിപ്പ് തടയാൻ ആവില്ലെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. കോൺക്രീറ്റ് ,ടെട്രാപോഡ് ,പുലിമുട്ട് , ജിയോട്യൂബ് , മറ്റു പ്രകൃതിദത്ത സംവിധാനങ്ങൾ എന്നീ മാർഗങ്ങൾ അവലംബിക്കുന്നത് സഹായം ചെയ്യുമെങ്കിലും തീരദേശ സ്ഥിരതയ്ക്കായി ഉചിതമായ ഹൈബ്രിഡ് എഞ്ചിനീയറിംഗ് പരിഹാരങ്ങൾ വേണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Picture courtesy : google

തീരപ്രദേശത്തെ തീവ്രശോഷണം, ഇടത്തരം ശോഷണം , ശോഷണ സാധ്യത, ശോഷണ മുക്തം എന്നിങ്ങനെ തരം തിരിച്ചു വേണം പരിഹാരമാർഗങ്ങൾ അവലംബിക്കാൻ. തീരത്ത് എത്തുന്നതിന് മുമ്പ് തിരമാലകളെ ദുർബലപ്പെടുത്താൻ കടലിനുള്ളിൽ 500 മീറ്റർ ദൂരത്തിൽ കൃത്രിമ റീഫ് ഇംപ്ലാന്റേഷനും തിരമാലകളെ തകർക്കാൻ ഫ്ലോട്ടിംഗ് സ്റ്റീൽ ഘടനകൾ സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in