ആഴക്കടല്‍ ഖനനം കടല്‍ ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് പഠനം

ആഴക്കടല്‍ ഖനനം കടല്‍ ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് പഠനം

ഖനനം നടത്തിയ മേഖലയില്‍ മത്സ്യം, ചെമ്മീന്‍ തുടങ്ങി സമുദ്ര ജീവികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കണ്ടെത്തി

വര്‍ധിച്ചുവരുന്ന ആഴക്കടല്‍ ഖനനം കടല്‍ജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് പഠനം. ജപ്പാനിലെ ജിയോളജിക്കൽ സർവേയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനായ ട്രാവിസ് വാഷ്ബേണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2020ല്‍ ജപ്പാനില്‍ നടത്തിയ ഡ്രില്ലിങ് ടെസ്റ്റ് ഫലങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ പഠനത്തില്‍ ഖനനം നടത്തിയ ആ മേഖലയില്‍ മത്സ്യം, ചെമ്മീന്‍ തുടങ്ങി സമുദ്രജീവികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കണ്ടെത്തി.

ആഴക്കടല്‍ ഖനനം എത്രത്തോളം കടല്‍ ജീവികളെ ബാധിച്ചിട്ടുണ്ടെന്നതറിയാന്‍ പതിറ്റാണ്ടുകളെടുക്കും

ജാപ്പനീസ് മൈനിങ് എൻജിനീയർമാർ തകുയോ-ഡൈഗോ സീമൗണ്ട് സന്ദർശിച്ചതിന്റെ ഡേറ്റയും ശാസ്ത്രജ്ഞരുടെ സംഘം വിശകലനം ചെയ്തു. ഖനനത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയ നിരീക്ഷണത്തില്‍ ഖനനം നേരിട്ടുബാധിച്ച മേഖലയില്‍ മത്സ്യം, ചെമ്മീൻ തുടങ്ങി ജലജീവികളുടെ തോത് 43 ശതമാനമായതായും അതിനു ചുറ്റുമുള്ള പ്രദേശത്തെ സമുദ്ര ജീവികളുടെ നിരക്ക് 56 ശതമാനമായതായും ഗവേഷകര്‍ കണ്ടെത്തി.

നിക്ഷേപമേഖലയ്ക്ക് പുറത്താണെങ്കിൽ ഖനനത്തിൽനിന്ന് ഒരു പ്രത്യാഘാതവും ഉണ്ടാകില്ലെന്ന് ഊഹിക്കാൻ എളുപ്പമാണ്. എന്നിരുന്നാലും, ചില ജീവികള്‍ നിക്ഷേപപ്രദേശത്തിന്റെ ചുറ്റളവിൽനിന്ന് പുറത്തുപോകുകയാണെങ്കിൽ, അത് വലിയ ആഘാതത്തിന് വഴിയൊരുക്കുമെന്നും വാഷ്ബേൺ പറയുന്നു.

അതേസമയം, ആഴക്കടല്‍ ഖനനം എത്രത്തോളം കടല്‍ ജീവികളെ ബാധിച്ചിട്ടുണ്ടെന്നതറിയാന്‍ പതിറ്റാണ്ടുകളെടുക്കുമെന്നും വാഷ്ബേൺ അഭിപ്രായപ്പെട്ടു.

പുറത്തുവന്ന റിപ്പോര്‍ട്ട് താനടക്കമുള്ള ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കളഞ്ഞെന്ന് അഭിപ്രായപ്പെട്ട വാഷ്ബേൺ ആഴക്കടല്‍ ഖനനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ റിപ്പോര്‍ട്ട് ഏറെ ഉപകാരപ്പെടുമെന്നും വിലയിരുത്തി.

ആഴക്കടലിലെ ധാതുക്കളുടെ പര്യവേക്ഷണവും ചൂഷണവും നിയന്ത്രിക്കുന്നതിനായി നിലകൊള്ളുന്ന ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയും അതിലെ 168 അംഗങ്ങളും ആഴക്കടല്‍ വ്യവസായത്തെ നിയന്ത്രിക്കുന്ന നിയന്ത്രണങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ആഴക്കടൽ ഖനനം പുതിയ നിയമങ്ങളില്ലാതെ തുടരുകയാണെന്നും വാഷ്ബേൺ കുറ്റപ്പെടുത്തി.

ഇത്രയേറെ വിവരങ്ങള്‍ പുറത്തുവരുമ്പോഴും അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇനിയും ഉണ്ടെന്നാണ് വാഷ്ബേണിന്റെ അഭിപ്രായം. എന്നിരുന്നാലും നിലവില്‍ ലഭ്യമായ വിവരങ്ങള്‍ ഏറെ ഉപകാരപ്പെടുമെന്നാണ് വാഷ്ബേണിന്റെ നിഗമനം.

logo
The Fourth
www.thefourthnews.in