ചുട്ടുപൊള്ളി സ്‌പെയിന്‍; രാജ്യത്തെ 27 ശതമാനം പ്രദേശവും കടുത്ത വരൾച്ചയിൽ

ചുട്ടുപൊള്ളി സ്‌പെയിന്‍; രാജ്യത്തെ 27 ശതമാനം പ്രദേശവും കടുത്ത വരൾച്ചയിൽ

കനത്ത ചൂട് രാജ്യത്ത് പലയിടത്തും കാട്ടുതീ പടരുന്നതിന് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്

താപനില അതിന്റെ എല്ലാ അതിർത്തികളും ഭേദിച്ചതോടെ ചുട്ടുപൊള്ളി സ്പെയിൻ. അന്തരീക്ഷ താപനില വരും ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വരാനിരിക്കുന്ന ഉഷ്ണതരംഗത്തെക്കുറിച്ച് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത ചൂട് രാജ്യത്ത് പലയിടത്തും കാട്ടുതീ പടരുന്നതിന് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്.

ആഫ്രിക്കയിൽ നിന്നുള്ള വളരെ ചൂടുള്ളതും വരണ്ടതുമായ കാറ്റ് സ്പെയിനിലെ ഉയരുന്ന താപനിലയ്ക്കും ഉഷ്ണതരംഗത്തിനും കാരണമാകുന്നുണ്ട്. ആഴ്ചാവസാനത്തോടെ രാജ്യത്തുടനീളം താപനില ഉയരുമെന്നും ഏപ്രിൽ അവസാനത്തോടെ പ്രതീക്ഷിക്കുന്നതിനേക്കാൾ മുകളിലായിരിക്കും സ്ഥിതിയെന്നുമാണ് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. സ്‌പെയിനിലെ കാര്‍ഡോബ നഗരം ഉള്‍പ്പെടുന്ന തെക്കന്‍ ഗ്വാഡല്‍ക്വിവിര്‍ താഴ്വരകളില്‍ ചൂട് 38 മുതല്‍ 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സ്‌പെയിനില്‍ തുടര്‍ച്ചയായ 36 വര്‍ഷവും കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചിട്ടുള്ളത്

വേനൽ ചൂട് ശക്തമാകുന്നത് പല പ്രദേശങ്ങളിലും കനത്ത വരൾച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സ്‌പെയിനില്‍ തുടര്‍ച്ചയായ 36 വര്‍ഷവും കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചിട്ടുള്ളത്. ജലസംഭരണികളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അല്‍പം വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ട്. എന്നാലിത് കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരിയേക്കാള്‍ താഴെയാണ്.

സ്ഥിതി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇക്കോളജിക്കല്‍ ട്രാൻസിഷൻ മന്ത്രാലയം വരൾച്ച അനുഭവപ്പെടുന്ന മേഖലകളെ തരം തിരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ 27 ശതമാനം പ്രദേശം "അടിയന്തരാവസ്ഥ" മേഖല ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ കർഷകർക്ക് സർക്കാർ, ജലസേചനം 90% വരെ വെട്ടിക്കുറച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഒലിവ് എണ്ണ കയറ്റുമതിക്കാരും പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രധാന ഉത്പാദകരുമാണ് സ്പെയിൻ. വരൾച്ച കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനകം തന്നെ സ്പാനിഷ് ഒലിവ് എണ്ണയുടെ വില റെക്കോർഡ് നിലയിൽ എത്തിയിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ അഗ്രികള്‍ച്ചറല്‍ പോളിസിയുടെ ഫണ്ടില്‍ നിന്ന് 572 കോടിയിലധികം കഴിഞ്ഞ വര്‍ഷം രാജ്യത്തിന് ലഭിച്ചിരുന്നു

കടുത്ത വരള്‍ച്ചയില്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതിനായി സ്‌പെയിന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് അടിയന്തര ഫണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. യുക്രെയിന്‍- റഷ്യ യുദ്ധം മൂലം അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ അഗ്രികള്‍ച്ചറല്‍ പോളിസിയുടെ ഫണ്ടില്‍ നിന്ന് 572 കോടിയിലധികം കഴിഞ്ഞ വര്‍ഷം രാജ്യത്തിന് ലഭിച്ചിരുന്നു.

ചുട്ടുപൊള്ളി സ്‌പെയിന്‍; രാജ്യത്തെ 27 ശതമാനം പ്രദേശവും കടുത്ത വരൾച്ചയിൽ
കനത്ത ചൂട് കാര്‍ഷിക ഉത്പാദനത്തെ ബാധിക്കും; രാജ്യത്തെ ഭക്ഷ്യശേഖരത്തിന് തിരിച്ചടിയെന്ന് വിദഗ്ധര്‍

സ്പെയിനിൻ്റെ തലസ്ഥാനമായ സെന്‍ട്രല്‍ മാന്‍ഡ്രിഡ് സര്‍ക്കാര്‍ ചൂട് കൂടുന്നതിനോട് അനുബന്ധിച്ച് തിങ്കളാഴ്ച വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ ടൈംടേബിളുകള്‍ ക്രമീകരിക്കാന്‍ സാഹചര്യത്തിന് അനുസരിച്ച് ക്രമീകരിക്കും. ആരോഗ്യ കേന്ദ്രങ്ങളില്‍ എ സി ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ, പദ്ധതി അനുസരിച്ച് മാഡ്രിഡിലെ നിരവധി ഔട്ട്‌ഡോര്‍ നീന്തല്‍കുളങ്ങള്‍ പതിവിലും ഒരു മാസം മുമ്പ് മെയ് പകുതിയോടെ തുറക്കും.

തലസ്ഥാനത്തിന്റെ സബ് വേ സംവിധാനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാഡ്രിഡിലെ സബ് വേയിൽ എയര്‍ കണ്ടീഷനിങ് വര്‍ധിപ്പിക്കാനും തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി കൂടുതല്‍ ട്രെയിനുകള്‍ പതിവാക്കാനും സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in