നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി

ഒന്‍പത് ലക്ഷം സർക്കാർ വാഹനങ്ങള്‍ പിൻവലിക്കും; ഏപ്രിൽ ഒന്ന് മുതൽ നടപടിയെന്ന് നിതിൻ ഗഡ്കരി

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്

രാജ്യത്ത് 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പത് ലക്ഷത്തിലധികം വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നും അവയ്ക്ക് പകരം പുതിയ വാഹനങ്ങള്‍ പുറത്തിറക്കുമെന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രി വ്യക്തമാക്കി.

മലിനീകരണം ഉണ്ടാക്കുന്ന ബസുകളും കാറുകളും പിന്‍വലിക്കും, പകരം ബദല്‍ ഇന്ധനങ്ങളുള്ള പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങും

എഥനോള്‍, മെഥനോള്‍, ബയോ-സിഎന്‍ജി, ബയോ എല്‍എന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു. വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പത് ലക്ഷത്തിലധികം സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാ‍ക്കുന്നതിന് ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മലിനീകരണം ഉണ്ടാക്കുന്ന ബസുകളും കാറുകളും പിന്‍വലിക്കും, പകരം ബദല്‍ ഇന്ധനങ്ങളുള്ള പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങും. ഇത് അന്തരീക്ഷ മലിനീകരണത്തെ വലിയ തോതില്‍ കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും നീക്കം ചെയ്യുകയും ചെയ്യും.

രാജ്യത്തിന്റെ പ്രതിരോധത്തിനും ക്രമസമാധാനപാലനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന പ്രത്യേക വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ല. 2021-22 ലെ കേന്ദ്ര ബജറ്റ് പ്രകാരം, വ്യക്തിഗത വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിന് ശേഷവും വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം. 2022 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം പഴയ വാഹനങ്ങള്‍ ഒഴിവാക്കി പുതിയത് വാങ്ങുന്നവര്‍ക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റോഡ് നികുതിയില്‍ 25% വരെ ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ സ്‌ക്രാപ്പിങ് ഹബ്ബായി മാറാന്‍ രാജ്യത്തിന് കഴിയുമെന്നും, അതിന്റെ പ്രാരംഭ നടപടിയായി, ഓരോ നഗരത്തിനും 150 കിലോമീറ്ററിനുള്ളില്‍ ഒരു ഓട്ടോ മൊബൈല്‍ സ്‌ക്രാപ്പിങ് സൗകര്യമെങ്കിലും വികസിപ്പിക്കാന്‍ ശ്രമിക്കുമെന്നുംം കഴിഞ്ഞ വര്‍ഷം തന്നെ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.

2070 ഓടെ ആ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും ഗതാഗതത്തില്‍ തന്ത്രപരവും ചിട്ടയായതുമായ സമീപനമാണ് ഈ കാര്യത്തില്‍ രാജ്യം പിന്തുടരുന്നതെന്നും ഗഡ്കരി പറഞ്ഞു

''ഗതാഗതമേഖലയെ കാർബൺ ബഹിർഗമനമുക്തമാക്കുക എന്നതാണ് അടിയന്തരമായ ആവശ്യം'' അദ്ദേഹം വ്യക്തമാക്കി. 2070 ഓടെ ആ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും ഗഡ്കരി പറഞ്ഞു. പൊതുഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് വ്യക്തിഗത വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും ലോകോത്തര സൗകര്യങ്ങളോട് കൂടിയ ഇലക്ട്രിക് മോഡല്‍ ബസുകള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in