മാറ്റിപ്പാർപ്പിച്ചാൽ ആനകൾ ശാന്തരാകുമോ? തമിഴ്നാട്, ബംഗാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ അനുഭവങ്ങൾ പറയുന്നതെന്ത്?

മാറ്റിപ്പാർപ്പിച്ചാൽ ആനകൾ ശാന്തരാകുമോ? തമിഴ്നാട്, ബംഗാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ അനുഭവങ്ങൾ പറയുന്നതെന്ത്?

കാട്ടാനകളുടെ പ്രശ്നം പരിഹരിക്കാൻ അവയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയെന്നത് ശാസ്ത്രീയമാണോ? ഇന്ത്യയിലെയും ശ്രീലങ്കയിലെയും പഠനങ്ങൾ ചൂണ്ടിക്കാട്ടി ഇത് ശാസ്ത്രീയമല്ലെന്ന് വിശദീകരിക്കുകയാണ് ഗവേഷകനായ ലേഖകൻ

മനുഷ്യ-വന്യജീവി സംഘര്‍ഷം കേരളത്തിന്റെ മുഖ്യധാര ചര്‍ച്ചയുടെ ഭാഗമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എന്നാല്‍ ഈയടുത്ത കാലത്ത് ഇത് വീണ്ടും സാമൂഹ്യ, രാഷ്ട്രീയ, മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. അതിനു പ്രധാന കാരണം, കേരളത്തിലെ വര്‍ധിച്ചുവരുന്ന മനുഷ്യ-ആന സംഘര്‍ഷവും (Human-Elephant Conflict അഥവാ HEC) അനുബന്ധമായുണ്ടാകുന്ന മനുഷ്യ മരണങ്ങളുമാണ്. വര്‍ധിച്ചുവരുന്ന HEC ഒരേസമയം ആനകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളെയും മനുഷ്യജീവിതത്തെയും മുന്‍പില്ലാത്ത വിധം ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്.

ഇപ്പോള്‍ വീണ്ടും HEC കേരളത്തില്‍ ദൈനംദിന ചര്‍ച്ചാവിഷയമായതിനു കാരണം അരിക്കൊമ്പന്‍ എന്ന് വിളിക്കപ്പെടുന്ന കൊമ്പനാനയാണ്. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലെ വീടുകളില്‍നിന്നും കടകളില്‍നിന്നുമൊക്കെ അരിയടക്കമുള്ള ഭക്ഷണസാധനങ്ങള്‍ തേടി അരിക്കൊമ്പന്‍ വരുന്നത് കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ സാധാരണ വാര്‍ത്തയായിരുന്നു. ആനയുടെ സഞ്ചാരവും ആക്രമണവും അവിടുത്തെ സാധാരണജീവിതത്തെ ദുസ്സഹമാക്കിത്തുടങ്ങിയപ്പോഴാണ് അതിനെ മയക്കുവെടിവച്ച് പിടിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ആനയെ പിടികൂടി കുങ്കിയാനയാക്കി മാറ്റുന്നതിനെതിരെ മൃഗക്ഷേമ സംഘടനകള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തടയുകയും അതിനെ അനുയോജ്യമായ കാട്ടിലേക്ക് മാറ്റണമെന്നും ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവനുസരിച്ചാണ് വനം വകുപ്പ് സംഘം അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ കടുവ സങ്കേതത്തിലെക്ക് മാറ്റിയത്.

പ്രശ്‌നക്കാരായി കണക്കാക്കുന്ന ആനകളുടെ കാര്യത്തില്‍ സാധാരണ സ്വീകരിക്കാറുള്ള രണ്ടു രീതികളില്‍ ഒന്നാണ് ട്രാന്‍സ് ലൊക്കേഷന്‍ (translocation). ആനയെ പിടിച്ച് മെരുക്കി കുങ്കിയാനയാക്കി മാറ്റുന്നതാണ് മറ്റൊരു രീതി. വിവിധ രാജ്യങ്ങളില്‍ ട്രാന്‍സ് ലൊക്കേഷന്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ നാട്ടുനടപ്പെന്ന രീതിയില്‍ പിന്തുടര്‍ന്നുപോകുന്നുണ്ട്. അരിക്കൊമ്പന്റെ കാര്യത്തില്‍ കേരളത്തില്‍ ചെയ്തതും ഇത് തന്നെ. തത്വത്തില്‍ അരിക്കൊമ്പനെ ട്രാന്‍സ്‌ലൊക്കേറ്റ് ചെയ്യുന്നതിനെ എതിര്‍ത്തില്ലെങ്കിലും, അതൊരു ദീര്‍ഘകാല പരിഹാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പക്ഷെ ചിന്നക്കനാലിലെ ജനങ്ങളുടെ എതിര്‍പ്പ് ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നുവന്നതുകൊണ്ട് എത്രയും പെട്ടെന്ന് അരിക്കൊമ്പനെ ട്രാന്‍സ്‌ലൊക്കേറ്റ് ചെയ്യുകയെന്നത് മാത്രമായിരുന്നു സര്‍ക്കാരിന്റെയും വനം-വന്യജീവി വകുപ്പിന്റെയും മുന്നിലുണ്ടായിരുന്ന ഏക പോംവഴി. മുഖ്യധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പ്രശ്‌നം സെന്‍സേഷണലാക്കി മാറ്റിയതും എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്ന രീതിയിലേക്ക് കാര്യങ്ങളെ നയിച്ചു. ഇങ്ങനെ, ആന ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറുകയും അതോടൊപ്പം സെന്‍സേഷണല്‍ വാര്‍ത്തകളില്‍ അതിന്റെ 'ഭീകരപ്രവര്‍ത്തനങ്ങള്‍' നിറയുകയും ചെയ്യുമ്പോള്‍ നമ്മള്‍ അടിസ്ഥാന പ്രശ്‌നത്തില്‍നിന്ന് വ്യതിചലിക്കുകയും അടിസ്ഥാന പരമായ ചോദ്യങ്ങളില്‍നിന്ന് ശ്രദ്ധ മാറുകയും ചെയ്യും. അങ്ങനെ നമ്മുടെ ശ്രദ്ധയില്‍നിന്ന് വിട്ടുപോയ അടിസ്ഥാനപരമായ ഒരു ചോദ്യമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം (പ്രത്യേകിച്ച് HEC) ഇല്ലാതാക്കാന്‍/കുറയ്ക്കാന്‍ ട്രാന്‍സ് ലൊക്കേഷന്‍ നല്ല ഉപാധിയാണോയെന്നത്. ഇന്ത്യയില്‍ ട്രാന്‍സ് ലൊക്കേറ്റ് ചെയ്ത ആനകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഇതൊരു നല്ല മാര്‍ഗമല്ലെന്നാണു കാണിച്ചു തരുന്നത്. അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാര-പെരുമാറ്റ രീതികള്‍ (movement and behaviour patterns) മുന്‍പ് നടന്ന പഠനങ്ങളുടെ വിലയിരുത്തലുകളെ സമര്‍ത്ഥിക്കുന്ന തരത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണു കാണിക്കുന്നത്. ചില ഉദാഹരണങ്ങള്‍ നോക്കാം.

മനുഷ്യ-വന്യജീവി പ്രശ്‌നം ഇല്ലാതാക്കാന്‍ ട്രാന്‍സ് ലൊക്കേഷന്‍ നല്ല ഓപ്ഷന്‍ അല്ലെന്നാണു ഈ പഠനത്തിന്റെ കണ്ടെത്തല്‍. മാത്രമല്ല പ്രശ്‌നത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടല്‍ മാത്രമേ ഇതുകൊണ്ട് സാധിക്കുന്നുള്ളൂവെന്നും പഠനം നിരീക്ഷിക്കുന്നു

1988ലാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് ഏകദേശം 2.45 മീറ്റര്‍ ഉയരം വരുന്ന കൊമ്പനെ അപ്പോള്‍ പുതുതായി ഉണ്ടാക്കിയ ബക്‌സാ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഈ പുതിയ സ്ഥലം നിലവിൽ ആന അധിവസിച്ചിരുന്ന പ്രദേശത്തുനിന്ന് ഏകദേശം 180 കിലോ മീറ്റര്‍ അകലെയായിരുന്നു. ഏകദേശം മൂന്നാഴ്ചയ്ക്കുള്ളില്‍ കൊമ്പന്‍ കാടുകളും മനുഷ്യവാസ സ്ഥലങ്ങളും താണ്ടി പഴയസ്ഥലത്തേക്ക് തിരിച്ചെത്തി. തിരിച്ചെത്താന്‍ ആന നടന്നു താണ്ടിയ ദൂരം ലോറിയില്‍ അതിനെ മാറ്റിപ്പാര്‍പ്പിക്കാന്‍ കൊണ്ടുപോയ 180 കിലോ മീറ്ററിനും എത്രയോ മേലെയായിരുന്നുവെന്നാണ് ഒറിക്‌സ് (oryx) എന്ന ജേര്‍ണലില്‍ ചൗധരി എഴുതിയ കുറിപ്പിൽ പറയുന്നത്.

2006 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ കോളര്‍ പിടിപ്പിച്ച് ട്രാന്‍സ് ലൊക്കേറ്റ് ചെയ്ത ആനയുടെ സഞ്ചാരപഥങ്ങളെപ്പറ്റി പഠിക്കുന്നത്. ബംഗാളിലെ പശ്ചിമ മിഡ്നാപ്പൂരില്‍നിന്നും മഹാനന്ദ സാങ്ച്വറിയിലേക്ക് മാറ്റിയ കൊമ്പനെയാണ് ഗവേഷകര്‍ ആദ്യമായി ട്രാക്ക് ചെയ്യുന്നത്. പുതിയ സ്ഥലത്തേക്കുമാറ്റി കുറച്ചു ദിവസങ്ങള്‍ക്കുള്ളിൽതന്നെ അത് അടുത്തുള്ള വീടുകള്‍ നശിപ്പിക്കാനും വിളകള്‍ നശിപ്പിക്കാനും തുടങ്ങി. അഞ്ച് മാസത്തിനുള്ളില്‍ 17 വീടുകള്‍ നശിപ്പിക്കുകയും 46 പ്ലോട്ടുകള്‍ ക്രോപ്പ് റൈഡ് ചെയ്യുകയും ചെയ്തുവെന്നാണു കണക്കുകള്‍ കാണിക്കുന്നത്. മനുഷ്യ-വന്യജീവി പ്രശ്‌നം ഇല്ലാതാക്കാന്‍ ട്രാന്‍സ് ലൊക്കേഷന്‍ നല്ല ഓപ്ഷന്‍ അല്ലെന്നാണു ഈ പഠനത്തിന്റെ കണ്ടെത്തല്‍. മാത്രമല്ല പ്രശ്‌നത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടല്‍ മാത്രമേ ഇത് കൊണ്ട് സാധിക്കുന്നുള്ളൂവെന്നും പഠനം നിരീക്ഷിക്കുന്നു.

ഇനി 2018ല്‍ കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് മുതുമലെ ടൈഗര്‍ റിസര്‍വ്വിലേക്ക് ട്രാന്‍സ്‌ലൊക്കേറ്റ് ചെയ്യപ്പെട്ട വിനായഗന്റെ കാര്യമെടുക്കുക. തമിഴ്‌നാട് വനംവകുപ്പും വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടും (WWF) വിനായഗനെ ട്രാന്‍സ്‌ലോക്കേറ്റ് ചെയ്തതിനുശേഷം ഏകദേശം മൂന്നു മാസത്തോളം ആനയുടെ സഞ്ചാരപഥവും പെരുമാറ്റരീതികളും പിന്തുടര്‍ന്നിരുന്നു. അദ്യത്തെ കുറച്ചുനാളുകള്‍ക്കുശേഷം വിനായഗന്‍ പുതിയ സ്ഥലത്ത് ക്രോപ്പ് റൈഡ് വീണ്ടും തുടങ്ങുകയാണ് ചെയ്തത്. 107 ദിവസങ്ങളില്‍ 2089 ലൊക്കേഷനുകള്‍ ശേഖരിച്ചതില്‍ 27 ശതമാനം സ്ഥലങ്ങള്‍ കൃഷി/മനുഷ്യവാസ സ്ഥലങ്ങളോ അല്ലെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളോ ആയിരുന്നു.

തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയില്‍ ഫെര്‍ണാഡോയും ടീമും നടത്തിയ ഒരു പഠനം നോക്കാം. പ്രശ്‌നക്കാരെന്ന് കണ്ടെത്തി ശ്രീലങ്കന്‍ വന്യജീവി വകുപ്പ് ട്രാന്‍സ്‌ലൊക്കേറ്റ് ചെയ്ത 12 ആനകളെയാണ് ഫെര്‍ണാണ്ടോയും ടീമും പഠിച്ചത്. അവരുടെ പഠനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''We conclude that problem-elephant translocation causes intensification and broader propagation of HEC and increased elephant mortality, hence defeats both HEC mitigation and elephant conservation goals.'' അതായത്, ആനകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് മനുഷ്യ-ആന സംഘര്‍ഷങ്ങളെ തീവ്രമാക്കുന്നതോടോപ്പം ആനകളുടെ മരണനിരക്ക് കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ പ്രവൃത്തി മനുഷ്യ-ആന സംഘര്‍ഷങ്ങളെ കുറയ്ക്കാനും ആനകളെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളെ ഒരേ സമയം പരാജയപ്പെടുത്തുന്നു.

അനിമല്‍ കണ്‍സര്‍വേഷന്‍ എന്ന ജേര്‍ണലില്‍ 2021ല്‍ ഡി ല ടോറെയും (del a Torre) സംഘവും പ്രസിദ്ധീകരിച്ച പഠനവും മുന്നോട്ടുവയ്ക്കുന്നത് ട്രാന്‍സ്‌ലൊക്കേഷന്‍ എന്ന ഓപ്ഷന്റെ പരിമിതി തന്നെയാണ്. പെനിസുലാര്‍ മലേഷ്യയില്‍, ജി പി എസ് ടെലിമെട്രി, HEC സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ച് ആനകളുടെ ആവാസവ്യവസ്ഥ മുന്‍ഗണനാക്രമവും (habitat preferences), സംഘര്‍ഷം ഉണ്ടാകുന്ന സ്ഥലങ്ങളും തമ്മിലുള്ള ബന്ധമാണ് ഡി ല ടോറയും സംഘവും പഠിച്ചത്. അവരുടെ പഠനം കാണിക്കുന്നത് മനുഷ്യവാസമുള്ള സ്ഥലങ്ങളാണ് ആനകളുടെ പ്രധാന ആവാസവ്യവസ്ഥ എന്നാണ്. മനുഷ്യനും ആനയും പാര്‍ക്കുന്ന സ്ഥലങ്ങള്‍ ചേര്‍ന്നിരിക്കുന്നത് കൊണ്ട് (ഒന്നായിരിക്കുന്നത് കൊണ്ട്?), രണ്ടു ജീവിവര്‍ഗങ്ങളും ആവാസവ്യവസ്ഥ പങ്കിടുമ്പോഴുള്ള സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ തുടര്‍ന്നും നിലനില്‍ക്കുക തന്നെ ചെയ്യും. അതുകൊണ്ട് ആനകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പകരം അവയുടെ habitat preference മനസ്സിലാക്കിയുള്ള, ആനയും മനുഷ്യനും സഹവര്‍ത്തിത്വത്തോടെ (co-existence) ജീവിക്കാന്‍ സഹായകരമാക്കുന്ന സമഗ്രമായ പ്ലാനുകളാണ് സംഘര്‍ഷം കുറയ്ക്കാന്‍ ആവശ്യമെന്നും അവര്‍ നിരീക്ഷിക്കുന്നു. ഇന്ത്യയില്‍നിന്ന് ഏഷ്യന്‍ ആനകളുടെ സ്വഭാവിക വാസസ്ഥലങ്ങളായ ശ്രീലങ്ക, മലേഷ്യയില്‍ നിന്നുമൊക്കെയുള്ള പഠനങ്ങള്‍ കാണിക്കുന്നത് HEC കുറയ്ക്കാന്‍ ട്രാന്‍സ്‌ലൊക്കേഷന്‍ പരിഹാരമാര്‍ഗമായി ഉപയോഗിക്കുന്നതിന്റെ പരിമിതിയാണ്.

മനുഷ്യ-വന്യജീവി സംഘര്‍ഷം ഒരേ സമയം എക്കോളജിക്കല്‍, സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയപ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം സങ്കീര്‍ണവും പരിഹരിക്കാന്‍ കുറുക്കുവഴികള്‍ ഇല്ലാത്തതുമാണ്. വിഷയ വിദഗ്ധരും കര്‍ഷകരും ഒക്കെ കൂടിച്ചേര്‍ന്നു ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തേണ്ട വിഷയമാണ്.

അരിക്കൊമ്പന്‍ വീണ്ടും നടന്നു തുടങ്ങുമ്പോഴെങ്കിലും കേരളത്തിലെ HEC ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള ഇടപെടലുകള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതാം. ആ ഇടപെടല്‍ വന്യജീവി വിദഗ്ധരും മൃഗചരിത്രകാരുമൊക്കെ അംഗങ്ങളായ എലഫന്റ് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ HEC മാനെജ്‌മെന്റ് ടൂളുകളില്‍ ഏറ്റവും ആദ്യം ലിസ്റ്റ് ചെയ്ത, സംഘര്‍ഷങ്ങളുടെ മൂലകാരണമായ ആവാസവ്യവസ്ഥയുടെ ശോഷണം തടഞ്ഞുകൊണ്ടുതന്നെ തുടങ്ങുമെന്നും പ്രത്യാശിക്കാം.

logo
The Fourth
www.thefourthnews.in