'കാർബൺ ബില്ല്യണേഴ്‌സ്'; ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കൂട്ടുന്നത് കോടീശ്വരന്മാരെന്നു പഠനം

'കാർബൺ ബില്ല്യണേഴ്‌സ്'; ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കൂട്ടുന്നത് കോടീശ്വരന്മാരെന്നു പഠനം

'മലിനീകരണത്തിന് കാരണമാകുന്ന ഈ ഉന്നതർ' നിരന്തരം ഉപയോഗിക്കുന്ന എയർ കണ്ടീഷണർ പോലുള്ള ഉപകരണങ്ങളിൽ നിന്നുള്ള കാർബൺ പുറംതള്ളല്‍ 2019ൽ ഏകദേശം 5.9 ജിഗാ ടൺ ആയി രേഖപ്പെടുത്തിയിട്ടുണ്ട്

ലോകത്തെ 66 ശതമാനം ദരിദ്രരെക്കാളും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കൂട്ടുന്നത് സമ്പന്നരായ ഒരു ശതമാനം ധനികരാണെന്ന് പഠനം. കാർബൺ ബഹിർഗമനം സംബന്ധിച്ച വിവരങ്ങൾ ഓക്സ്ഫാം ഇന്റർനാഷണലാണ് പുറത്തുവിട്ടത്. ഞായറാഴ്ച പ്രസിദ്ധീകരിച്ച ഓക്സ്ഫാമിന്റെ വിശദമായ റിപോർട് പ്രകാരം, ലോകത്തെ അതിസമ്പന്നരുടെ ഒരു വർഷത്തെ ജീവിതശൈലി കണക്കാക്കുകയാന്നെകിൽ, അവരുപയോഗിക്കുന്ന അത്യാഢംബര ഉൽപന്നങ്ങളിൽ നിന്നും വാഹനങ്ങളിൽ (ആഡംബര ജെറ്റുകൾ ഉൾപ്പടെ) നിന്നും പുറംതള്ളപ്പെടുന്ന കാർബണിന്റെ വ്യാപ്തിയും തോതും ദാരിദ്ര്യ രേഖയ്ക്ക് പിന്നിലുള്ള സാധാരണക്കാർ ഏകദേശം 1,500 വർഷമെടുത്ത് പുറംതള്ളുന്ന കാർബൺ അളവിലും കൂടുതലായിരിക്കും.

ലോകത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം ഉയർന്നു വരുന്ന പ്രശ്‌നങ്ങളെ നേരിടാൻ ആഞ്ഞ് ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറച്ചുകൊണ്ടുവന്ന് പൂജ്യത്തില്‍ എത്തിക്കേണ്ടത് ഭൂമിയുടെതന്നെ നിലനില്‍പ്പിന് അനിവാര്യമാണെന്നാണ് ഓരോ കാലാവസ്ഥാ ഉച്ചകോടിയിലും ഊന്നി പറയുന്നത്. ഈ പ്രതിസന്ധിയെ എത്രയും വേഗം മറികടക്കണമെന്ന തിരിച്ചറിവാണ് ലോകരാജ്യങ്ങളെ ശക്തമായ നടപടികൾക്ക് നിർബന്ധിതരാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജീവിതത്തിന്റെ ഏല്ലാ സുഖങ്ങളും അത്യാഢംബര രീതിയിൽ അനുഭവിക്കുന്ന സമ്പന്നരുടെ ജീവിതശൈലിയുടെ ദൂഷ്യവശത്തെക്കുറിച്ചുള്ള വിവരങ്ങൾ വാർത്തകളിൽ ഇടം പിടിക്കുന്നത്, ഇത് സമൂഹത്തിന്റെ താഴെ തട്ടിലുള്ള സമൂഹങ്ങൾക്കും കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഓക്സ്‌ഫാമിന്റെ റിപ്പോർട്ട്.

'കാർബൺ ബില്ല്യണേഴ്‌സ്'; ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കൂട്ടുന്നത് കോടീശ്വരന്മാരെന്നു പഠനം
കൊടുംചൂട്, വെള്ളപ്പൊക്കം, ഭക്ഷ്യക്ഷാമം; കാലാവസ്ഥാ വ്യതിയാനംമൂലം ദിവസവും പലായനം ചെയ്യുന്നത് 20,000 കുട്ടികൾ

ആഗോളതലത്തിൽ സാധാരണക്കാരും സമ്പന്നരും തമ്മിലൊരു കാലാവസ്ഥാ അസമത്വം നിലനിൽക്കുന്നുണ്ട്. സമ്പന്ന പട്ടികയിൽ ഉൾപ്പെടുന്ന ശതകോടീശ്വരന്മാരും കോടീശ്വരന്മാരും പ്രതിവർഷം ഒരു കോടിയിലധികം പ്രതിഫലം വാങ്ങുന്നവരുമുൾപ്പെടെ ഏകദേശം ഏഴ് കോടി ജനങ്ങളടങ്ങുന്ന ഈ എലൈറ്റ് ഗ്രൂപ്പാണ് 2019ലെ മൊത്തം കാർബൺ ഡൈഓക്സൈഡ് (CO2) ഉദ്‌വമനത്തിന്റെ 16 ശതമാനത്തിനും കാരണം. 'മലിനീകരണത്തിന് കാരണമാകുന്ന ഈ ഉന്നതർ' നിരന്തരം ഉപയോഗിക്കുന്ന എയർ കണ്ടീഷണർ പോലുള്ള ഉപകരണങ്ങളിൽ നിന്നുള്ള കാർബൺ ഉദ്യമനം 2019ൽ ഏകദേശം 5.9 ജിഗാ ടൺ ആയി രേഖപ്പെടുത്തിയിട്ടുണ്ട്. 1990 മുതൽ 2019 വരെയുള്ള കാലയളവ് വിലയിരുത്തുമ്പോൾ, പുറംതള്ളപ്പെടുന്നവയുടെ ഒരു ശതമാനം ഒരു വർഷത്തെ ധാന്യങ്ങളുടെ വിളവെടുപ്പിനെ ഒന്നടങ്കം ഇല്ലാതാക്കുന്നതിന് തുല്യമാണ്.

ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾ, പാർശ്വവത്കരിക്കപ്പെട്ട വംശീയ സമൂഹങ്ങൾ, കുടിയേറ്റക്കാർ, സ്ത്രീകൾ, പെൺകുട്ടികൾ, തുറസ്സായ സ്ഥലങ്ങളിൽ അതികഠിനമായ കാലാവസ്ഥയ്ക്ക് ഇരയാകാവുന്ന വീടുകളിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവർ തുടങ്ങിയവരെയാണ് കാർബൺ പുറന്തള്ളളിലൂടെയുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക. വികസിത രാജ്യങ്ങളിലെ 91 ശതമാനം മരണങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നാണ് യുഎൻ റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വ്യത്യാസവും കാലാവസ്ഥാ അസമത്വത്തെ ഭാഗികമായി വിശദീകരിക്കുന്നുണ്ട്. 2019ലെ ഔദ്യോഗിക റിപോർട്ടുകൾ പ്രകാരം ഉയർന്ന സാമ്പത്തിക വരുമാനമുള്ള രാജ്യങ്ങള്‍ പുറംതള്ളുന്ന കാർബണിന്റെ തോത് 40 ശതമാനമാണെന്നും താരതമ്യേന സാമ്പത്തിക വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ഈ ശരാശരി 0.4 ശതമാനമാണെന്നും വ്യക്തമാക്കുന്നു. ലോകജനസംഖ്യയുടെ ആറിലൊരാൾ താമസിക്കുന്ന ആഫ്രിക്ക വെറും നാല് ശതമാനം മാത്രമാണ് പുറന്തള്ളുന്നത്.

രാജ്യങ്ങള്‍ പുറം തള്ളുന്ന കാർബൺ ഡൈഓക്സൈഡ് 80 ശതമാനവും ജി20 രാജ്യങ്ങളിൽ നിന്നാണെന്ന് യുഎൻഇപി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ലോകജനസംഖ്യയുടെ 4 ശതമാനമാണ് യുഎസിലുള്ളത്, എന്നാൽ 1850 മുതൽ 2021 വരെ മീഥേൻ, നൈട്രസ് ഓക്സൈഡ് ഉദ്‌വമനത്തിന്റെ ആഘാതം ഉൾപ്പെടെ ആഗോളതാപനത്തിന്റെ 17 ശതമാനവും യുഎസിൽ നിന്നാണ്. എന്നാൽ, ഇതിനു വിപരീതമായി, ലോകജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലാണെങ്കിലും താപവർധനത്തിന്റെ 5 ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നു സംഭവിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in