ഏത് ശാസ്ത്ര മുന്നേറ്റത്തിലും ഹൈന്ദവ സംസ്‌ക്കാരത്തിന്റെയും മിത്തുകളുടേയും വിത്തുകള്‍ തിരയുന്നവര്‍...

പുഷ്പക വിമാനമാണ് ആദ്യ വിമാനം ഗണപതിയാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ആദ്യവ്യക്തി എന്ന് തുടങ്ങി അവകാശവാദങ്ങളുടെ നീണ്ട നിരയുണ്ട്

ലോകത്ത് സംഭവിക്കുന്ന ഏത് ശാസ്ത്ര മുന്നേറ്റത്തിലും ഭാരതീയ ഹൈന്ദവ സംസ്‌ക്കാരത്തിന്റെയും മിത്തുകളുടേയും വിത്തുകള്‍ തിരയുന്നവര്‍. കാലാകാലങ്ങളായി മിത്തുകളുമായി ചേര്‍ത്തുവച്ചുകൊണ്ട് ഇത്തരം കള്ളക്കഥകള്‍ മെനയും. ഇത് സത്യമെന്ന തരത്തില്‍ പ്രചരിക്കപ്പെടും. പുഷ്പക വിമാനമാണ് ആദ്യ വിമാനം ഗണപതിയാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ആദ്യവ്യക്തി എന്ന് തുടങ്ങി അവകാശവാദങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അതാണ് ചരിത്രമെന്നും സത്യമെന്നും ഇവര്‍ പ്രചരിപ്പിക്കും. അത് വിശ്വാസമെന്ന ലേബലില്‍ മാര്‍ക്കറ്റ് ചെയ്യും. അതിലെ രാഷ്ട്രീയം ചികഞ്ഞെടുത്ത് അടിത്തട്ടിലുള്‍പ്പെടെ വില്‍ക്കും. രണ്ട് ലിറ്റററി വര്‍ക്കുകളിലെ കഥകള്‍ അടിത്തറയാക്കി, അതില്‍ രാഷ്ട്രം നിര്‍മ്മിക്കുന്നവരില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനുമാവില്ല.

അങ്ങനെ വിശ്വാസങ്ങള്‍ കാപ്‌സ്യൂളാക്കി വില്‍ക്കുന്ന രാജ്യത്ത് ശാസ്ത്രം എന്നൊക്കെ പറഞ്ഞ് വന്നാല്‍ വെറുതെ വിടാനാവുമോ? ശാസ്ത്രമൊക്കെ പറയാം. പക്ഷെ പറയുമ്പോള്‍ മിത്തുകളും പുരാണങ്ങളും കുറേ ദൈവങ്ങളുമെല്ലാം കൂട്ടിന് വേണം.

പാഠ പുസ്തകങ്ങളില്‍ സൗകര്യാനുസരണം അപ്രിയമായതെല്ലാം ഒഴിവാക്കി, കുഞ്ഞുങ്ങളിലേക്കും മിത്തുകളും പുരാണങ്ങളും കുറേ കളവുകളും ചേര്‍ന്നൊരു ചരിത്രമെത്തിച്ച്, ഹൈന്ദവരാജ്യ നിര്‍മ്മാണത്തിന്റെ വേഗത കൂട്ടുന്നതിനിടെ പാഠ പുസ്തകത്തില്‍ ശാസ്ത്രം പറയണമെന്ന് പറയുന്നത്. അങ്ങനെയൊരു തെറ്റ് എ എന്‍ ഷംസീര്‍ ചെയ്തു.

ഷംസീര്‍ എന്താണ് പറഞ്ഞത്?

നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രൊമോട്ട് ചെയ്യണം. ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം സയന്‍സിനെ പ്രൊമോട്ട് ചെയ്യല്‍ മാത്രമാണ്. ശാസ്ത്രസാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്ന് മാത്രമല്ല, സയന്‍സിനെ മിത്തുകള്‍ കൊണ്ട് റീപ്ലേസ് ചെയ്യുന്നു. പാഠപുസ്തകത്തിനകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ്, വിമാനം കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്സ് എന്ന് ഉത്തരമെഴുതിയാല്‍ തെറ്റാകുന്നതും ഹിന്ദുത്വ കാലം എന്നെഴുതിയാല്‍ ശരിയാകുന്നതും.

പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ ശബരിമല പ്രക്ഷോഭത്തിന് സമാനമായ പ്രക്ഷോഭം ഉയര്‍ത്തുമെന്നാണ് ഭീഷണി. ഹൈന്ദവ വിരോധമാണ് പരാമര്‍ശത്തിന് പിന്നില്‍, വിശ്വാസമാണ് പ്രധാനം, കുറച്ച് കാലമായി അനക്കമൊന്നും ഇല്ലാതിരുന്ന എന്‍ എസ് എസിന് ചൂടുപിടിച്ചു. അപ്പോള്‍ തന്നെ കിട്ടി സംഘപരിവാര്‍ പിന്തുണയും. ധ്രുവീകരണമുണ്ടാക്കി മാത്രം കളം പിടിക്കുന്ന സംഘപരിവാറുകാര്‍ക്ക് അപ്രതീക്ഷിതമായി ഒരു വടി കിട്ടി.

വിശ്വാസം എന്ന് ലേബലില്‍ എന്ത് വീണ് കിട്ടിയാലും നാമം ജപിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്കും അത് ഉപയോഗിച്ച് എന്നാല്‍ ഇവിടെയും ഒരു സീറ്റ് ഒപ്പിക്കാന്‍ പറ്റിയാലോ എന്ന് കരുതി എണ്ണ ഒഴിച്ചുകൊടുക്കുന്നവര്‍ക്കും നല്ല ഒത്ത അവസരം. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാനാവുമെന്ന് കേട്ടയുടനേ കുറേ വിളക്കും കത്തിച്ച് നാമം ജപിച്ച് ഒരിറക്കം ഇറങ്ങിയിട്ട് ഒന്നും അങ്ങോട്ട് ഏശിയില്ല. അന്ന് എടുത്തുവച്ച വിളക്ക് ക്ലാവ് പിടിച്ചിരിക്കുമ്പോഴാണ് ഗണപതിയാണ് ആദ്യം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതെന്ന് പറയുന്നത് ശരിയല്ല എന്ന് ഒരാള്‍ പറയുന്നത്. മിത്തുകള്‍ പഠിപ്പിക്കാതെ സത്യം പഠിപ്പിക്കണമെന്ന് പറയുന്നത്.

പ്രതികരണവുമായി കോണ്‍ഗ്രസ് ഉടനെ രംഗത്തെത്തി. വിശ്വാസവും ശാസ്ത്രവും രണ്ടായി കാണണമെന്ന്. അത് രണ്ടും രണ്ടാണെന്ന് തന്നെയാണല്ലോ പറഞ്ഞത്. മിത്ത് ശാസ്ത്രത്തെ റീപ്ലേസ് ചെയ്യുന്നതാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ അത് പ്രശ്‌നമാക്കുന്നവര്‍ക്കിടയില്‍ കയറി അതും ഇതും വേറെയല്ലേ എന്ന് മൃദുവായി പറച്ചില്‍, എത്ര എളുപ്പം!

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുകയാണല്ലോ, സമൂഹത്തില്‍ സ്പര്‍ദ്ദയോ ധ്രുവീകരണമോ ഉണ്ടാക്കാന്‍ ഒരു കാരണവും കിട്ടുന്നില്ലല്ലോ എന്ന ചിന്തയിലിരിക്കുമ്പോള്‍ കിട്ടിയ വടി വീശാനുറച്ചാണ് എന്‍എസ്എസും സംഘപരിവാറും മുന്നോട്ട് പോവുന്നത്. ശബരിമല നനഞ്ഞപടക്കമായ സ്ഥിതിക്ക് എന്തെങ്കിലും വേണ്ടേ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in