സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ ഒരേസമയം നായകന്റെയും വില്ലന്റെയും പരിവേഷമുള്ള മിഖായേല്‍ ഗോര്‍ബച്ചേവ്

അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റെയ്ഗന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെയും അടുപ്പക്കാരനായി മാറി

സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ ഒരേസമയം നായകന്റെയും വില്ലന്റെയും പരിവേഷമുള്ള നേതാവാണ് മിഖായേല്‍ ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്റെ ആദ്യത്തെയും അവസാനത്തെയും പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവ്, 1985 മുതല്‍ 1991വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയില്‍ 1931 മാര്‍ച്ച് 2നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1955ല്‍ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയപ്പോഴേക്കും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ അംഗമായിരുന്നു. പിന്നീട് സ്റ്റാവ്‌റോപോളിലേക്ക് മടങ്ങിയെത്തിയ ഗോര്‍ബച്ചേവിന്റെ രാഷ്ട്രീയ മുന്നേറ്റം അതിവേഗത്തിലായിരുന്നു. സോവിയറ്റ് അധികാരശ്രേണിയിലെ മുതിര്‍ന്ന നേതാക്കളോട് എതിര്‍പ്പുള്ള പുതിയ തലമുറ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഗോര്‍ബച്ചേവ്. 1961ഓടെ യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ മേഖലാ സെക്രട്ടറിയായ അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി. 1978ല്‍ അദ്ദേഹം കേന്ദ്രകമ്മിറ്റിയുടെ കാര്‍ഷിക സെക്രട്ടറിയേറ്റ് അംഗമായി മോസ്‌കോയിലേക്ക് പോയി. രണ്ട് വര്‍ഷത്തിന് ശേഷം പൊളിറ്റ്ബ്യൂറോ അംഗമായി.

മിഖായേല്‍ ഗോര്‍ബച്ചേവ്
മിഖായേല്‍ ഗോര്‍ബച്ചേവ്

1984ല്‍ യൂറി ആന്‍ഡ്രോപോവ് അന്തരിച്ചപ്പോള്‍ ഗോര്‍ബച്ചേവ് അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പകരം കോണ്‍സ്റ്റാന്റിന്‍ ചെര്‍നെങ്കോ ജനറല്‍ സെക്രട്ടറിയായി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍, ചെര്‍നെങ്കോ മരിക്കുകയും പോളിറ്റ് ബ്യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗോര്‍ബച്ചേവ് നിയമിക്കപ്പെടുകയും ചെയ്തു. ഗോര്‍ബച്ചേവിന്റെ വസ്ത്രരീതിയും തുറന്ന പെരുമാറ്റവും അദ്ദേഹത്തെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമാക്കി. ഏതാണ്ട് തകര്‍ച്ചയുടെ വക്കിലെത്തിയ സോവിയറ്റ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. തന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിജയിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് ഗോര്‍ബച്ചേവ് തീരുമാനിച്ചു. അതിനായി ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. സോവിയറ്റ് യൂണിയനിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമഗ്രാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്താനും കൂടുതല്‍ ജനാധിപത്യ രീതികള്‍ നടപ്പിലാക്കാനും ഗോര്‍ബച്ചേവിന് സാധിച്ചു. മാധ്യമങ്ങള്‍ക്ക് മേല്‍ ഉണ്ടായിരുന്ന കര്‍ശനമായ സെന്‍സര്‍ഷിപ്പ് നീക്കി. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റെയ്ഗന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെയും അടുപ്പക്കാരനായി മാറി ഗോര്‍ബച്ചേവ്. അഫ്ഗാനിസ്ഥാനില്‍നിന്ന്് സോവിയറ്റ് സൈന്യത്തെ പിന്‍വലിച്ചു.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടിലെന്ന് പറഞ്ഞതോടെ അവിടങ്ങളിലെ സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്ന സര്‍ക്കാരുകള്‍ തകര്‍ന്നു. മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടു. ബര്‍ലിന്‍ മതില്‍ തകര്‍ന്നു. ജര്‍മ്മനി ഒന്നായി. ശീതയുദ്ധവും അവസാനിച്ചു. ഗോര്‍ബച്ചേവിന് നോബല്‍ സമ്മാനവും കിട്ടി.

ആഭ്യന്തര രാഷ്ട്രീയ രംഗം പരിഷ്‌ക്കരിപ്പെട്ടതോടെ, സോവിയറ്റ് യൂണിയന്റെ ഭാഗമായി നിലനിര്‍ത്തിയിരുന്ന വിവിധ റിപ്പബ്ലിക്കുകളും വിഘടിച്ചുപോയി. ഒടുവില്‍ കമ്മ്യൂണിസ്റ്ര് പാര്‍ട്ടി തന്നെ ഇല്ലാതായി. റഷ്യ അരജകത്വത്തിലേക്ക് നീങ്ങി. കെജിബിിയിലെും പാര്‍ട്ടിയിലേയും ഉദ്യോഗസ്ഥ തലത്തിലെയും ഉന്നതര്‍ രാജ്യത്തിന്റെ സമ്പത്തില്‍ പലതും കൈയടക്കി. ഇതിനൊടെല്ലാം മാപ്പു സാക്ഷിയായി നില്‍ക്കാന്‍ മാത്രമെ ഗോര്‍ബച്ചേവിന് കഴിഞ്ഞുള്ളൂ. അങ്ങനെ ഉയര്‍ന്നുവന്ന ഒളിഗാര്‍ക്കുകള്‍ പിന്നീട് റഷ്യയുടെ രാഷ്ട്രീയത്തെ നിയന്ത്രിച്ചു. അന്ന് കെജിബിയിലെ ഉദ്യോഗസ്ഥനാണ് ഇന്നത്ത റഷ്യന്‍ നേതാവ് വ്ലാഡിമിര്‍ പുടിന്‍.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടില്‍ മനുഷ്യ മോചനത്തിന്റെയും സമത്വത്തിന്റെയും സ്വപ്ന സാക്ഷാല്‍ക്കാരമാണെന്ന കരുതിയ സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയ നേതാവെന്ന നിലയില്‍ ശത്രുക്കളും, ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും പുതിയ പന്ഥാവ് തെളിയിച്ച മഹാനെന്ന നിലയില്‍ അനുകൂലികളും വാഴ്ത്തുന്ന നേതാവാണ് ഗോര്‍ബച്ചേവ്്. മുതലാളിത്ത സാമൂഹ്യ ക്രമത്തിന്റെ ആത്യന്തിക വിജയമാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലൂടെ സംഭവിച്ചതെന്ന്്് പറഞ്ഞ ലിബറല്‍ ബുദ്ധിജിവികള്‍ സോഷ്യലിസ്റ്റ്് അന്വേഷണങ്ങള്‍ക്ക്്് അന്ത്യമായെന്ന് പറഞ്ഞു. റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പരീക്ഷണമാണ് അല്ലാതെ മാര്‍ക്സിസ്റ്റ് അന്വേഷണമല്ല, പരാജയപ്പെട്ടതെന്നായിരുന്നു എതിരാളികളുടെ ചിലരുടെ വാദം. എന്തായാലും ചരിത്രം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയായി ഇപ്പോഴും റഷ്യയിലും മറ്റിടങ്ങളിലും മുതലാളിത്തേതര പാര്‍ട്ടികള്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി. അതുകൂടി കണ്ടാണ് ഗോര്‍ബച്ചേവ് യാത്രയാകുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in