അവയവദാനത്തിന് പ്രതിഫലം പറ്റുന്നത് ശിക്ഷാര്‍ഹം; നിയമമെന്ത്?

അവയവങ്ങള്‍ മാറ്റിവയ്ക്കുന്നത് സാധ്യമാക്കുന്ന ഇന്ത്യയിലെ നിയമമാണ് 1994-ല്‍ നിലവില്‍ വന്ന ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട്

കൊച്ചിയിലെ ആശുപത്രിക്കെതിരെ അവയവദാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് വന്നതോടെ അവയവദാനത്തെക്കുറിച്ച് ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നിയമപരമായ അവയവദാനത്തിന് വലിയ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അവയവങ്ങള്‍ ദാനം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുമുള്ള നിയമപരമായ രീതിയെന്തെന്ന് നോക്കാം.

മനുഷ്യശരീരത്തിലെ വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കണ്ണുകള്‍, ത്വക്ക്, പാന്‍ക്രിയാസ്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, ചില അസ്ഥികള്‍, രക്തക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്ഥികള്‍, തരുണാസ്ഥി തുടങ്ങി ശരീരത്തിലെ 23-ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയും. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആളുകള്‍ക്ക് ദാനം ചെയ്യാമെങ്കിലും ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കണ്ണ് തുടങ്ങിയവ മരണാനന്തര അവയവദാനത്തിലൂടെ മാത്രമേ ലഭ്യമാകുകയുള്ളൂ.

1994ല്‍ ലോക്‌സഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനി പദ്ധതിക്ക് തുടക്കം കുറിച്ചത്

ആന്തരികാവയവങ്ങള്‍ മാറ്റിവയ്ക്കണമെങ്കില്‍ ജീവനോടുള്ള അവസ്ഥയില്‍ ദാതാവില്‍നിന്ന് അവ നീക്കം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മസ്തിഷ്‌കമരണമെന്ന ആശയം തന്നെ പ്രചാരത്തിലായത്. 1954-ലാണ് ലോകത്തിലാദ്യമായി വിജയകരമായി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. അവയവങ്ങള്‍ മാറ്റിവയ്ക്കുന്നത് സാധ്യമാക്കുന്ന ഇന്ത്യയിലെ നിയമമാണ് 1994-ല്‍ നിലവില്‍ വന്ന Transplantation of Human Organs Act. 2011ലാണ് ഈ നിയമത്തില്‍ അവസാനമായി ഭേദഗതി വന്നത്.

ഇന്ത്യയിലെ നിയമപ്രകാരം അവയവദാനത്തിന് ഏത് രീതിയിലുള്ള പ്രതിഫലം പറ്റുന്നതും നിരോധിച്ചിട്ടുള്ളതും ശിക്ഷാര്‍ഹവുമാണ്. ബന്ധുക്കള്‍ക്ക് മാത്രമേ ജീവിച്ചിരിക്കുമ്പോള്‍ അവയവം ദാനം ചെയാന്‍ പാടുള്ളൂ. എന്നാല്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ലാഭേച്ഛയില്ലാതെ മറ്റുള്ളവര്‍ക്കും അവയവം ദാനം ചെയ്യാം. നിയമപ്രകാരം സ്വീകര്‍ത്താവ്, ദാതാവ്, ദാതാവിന്റെ ബന്ധുക്കള്‍ എന്നിവര്‍ അവയമാറ്റത്തിനായി നിശ്ചയിച്ച ഓതറൈസേഷന്‍ കമ്മിറ്റി മുന്‍പാകെ ഹാജരായി അനുവാദം വാങ്ങണം. അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീരീക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനമാണ് ഓതറൈസേഷന്‍ കമ്മറ്റി.

കേരളത്തില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ചൂഷണം തടയുന്നതിനുമായി 1994ല്‍ ലോക്‌സഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനി പദ്ധതിക്ക് തുടക്കം കുറിച്ചത്. 'ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്‌സ്' എന്ന മുദ്രാവാക്യമുയര്‍ത്തി അവയവദാന പദ്ധതിയെ വിപുലീകരിക്കുകയാണ് ലക്ഷ്യം. 2012 ഓഗസ്റ്റ് 12-ന് മൃതസഞ്ജീവനി പദ്ധതി നിലവില്‍ വന്നു. ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്‍വർക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ് (KNOS) എന്ന ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്.

അവയവങ്ങള്‍ ആവശ്യമുള്ളതും അവയവദാനത്തിന് തയ്യാറാകുന്നതുമായ ആളുകളുടെ ഏകോപന സംവിധാനമാണ് മൃതസഞ്ജീവനി വഴി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അവയവമാറ്റത്തിന് സംവിധാനവും ലൈസന്‍സുമുള്ള ആശുപത്രികള്‍ വഴി മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ മസ്തിഷ്‌കമരണം സംഭവിച്ചാല്‍ മൃതസഞ്ജീവനിയില്‍ അറിയിക്കുന്നു. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവര്‍ത്തനസജ്ജമായ അവയവം എടുക്കുന്നതും സര്‍ക്കാര്‍ ലിസ്റ്റില്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ നല്‍കുന്നതും മൃതസഞ്ജീവനി വഴിയാണ്.

അവയവദാനത്തിന് പ്രതിഫലം പറ്റുന്നത് ശിക്ഷാര്‍ഹം; നിയമമെന്ത്?
'മരിക്കാത്ത മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാനാണോ എന്നെക്കൊണ്ട് ഒപ്പ് വയ്പിച്ചത്?': എബിന്റെ അമ്മ ഓമന

24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് മൃതസഞ്ജീവനി ടീം. അവയവദാന സന്നദ്ധതയുള്ളവരുടെയും നിര്‍ദിഷ്ട സ്വീകര്‍ത്താക്കളുടെയും രജിസ്ട്രി (കേരള നെറ്റ്‍വർക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങ്) ഇതിന്റെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അവയവം മാറ്റിവയ്‌ക്കേണ്ട രോഗികളുടെ വിവരങ്ങളും മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാകുന്നവരുടെ വിവരങ്ങളും ഈ രജിസ്ട്രിയുടെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്.

മരണാനന്തരം അവയവങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും http://knos.org.in/DonorCard.aspx എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ദാതാവിനുള്ള ഡോണര്‍ കാര്‍ഡ് ലഭിക്കും. അത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുകയും തന്റെ ആഗ്രഹം കുടുംബാംഗങ്ങളെ അറിയിക്കുകയും വേണമെന്നാണ് നിയമം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in