വിവാഹേതര ലൈംഗിക ബന്ധവും ബലാത്സംഗവും; പോലീസിന് ഇപ്പോഴും മനസ്സിലാകാത്ത ചില വിധിപ്രസ്താവങ്ങള്‍

ലൈംഗിക ബന്ധത്തിന് സ്ത്രീ സന്നദ്ധയായത് വിവാഹ വാഗ്ദാനത്തിന്‍റെ പേരിൽ മാത്രമാണെങ്കിലേ, വിവാഹവാഗ്ദാനം പാലിക്കാത്തതിന്‍റെ പേരിൽ ബലാത്സംഗകുറ്റം ചുമത്താനാവൂവെന്ന് സുപ്രീംകോടതി

പ്രായപൂർത്തിയായവർ ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാമോ? വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമോ എന്നത് സംബന്ധിച്ചുള്ള നിയമപ്രശ്നത്തിന് കേരളാ ഹൈക്കോടതി വിവിധ കേസുകളിലൂടെ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിധി പ്രസ്താവങ്ങളിൽ നിന്ന് കേരള പോലീസിന് അധികമൊന്നും വ്യക്തമായിട്ടില്ലെന്ന് വേണം മനസിലാക്കാൻ. ഇപ്പോഴും ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ടാകുന്നു.

സ്ത്രീയുടെ സമ്മതം ഇല്ലാതെയോ വിസമ്മതം ഗൗനിക്കാതെയോ ബലപ്രയോഗത്തിലൂടെ നേടിയ സമ്മത പ്രകാരമോ നടക്കുന്ന ശാരീരിക ബന്ധത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗകുറ്റം നിലനിൽക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അതേസമയം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹവാഗ്ദാനം നിഷേധിക്കുകയോ വിവാഹത്തിലേക്ക് എത്താൻ കഴിയാതെ വരികയോ ചെയ്യുന്നത് ബലാത്സംഗത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി കഴിഞ്ഞു.

നിയമപരമായി നടത്തിയ വിവാഹം നിലനിൽക്കുമ്പോൾ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നിലനിൽക്കുന്നതല്ലെന്നാണ് കോടതിയുടെ നിലപാട്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി നിലവിൽ വിവാഹിതയായ ഒരു യുവതി നൽകുന്ന പരാതിയിൽ ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസെടുക്കാനാവില്ല. നിയമപരമായി നടത്തിയ വിവാഹം നിലനിൽക്കുമ്പോൾ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നിലനിൽക്കുന്നതല്ലെന്നാണ് കോടതിയുടെ നിലപാട്. പാലിക്കാനാവില്ലെന്ന ബോധ്യത്തോടെ മനഃപൂർവം വ്യാജ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാനാവൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പുനലൂർ പൊലീസ് യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ക്യത്യമായി പറഞ്ഞിരുന്നു.

വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു ലൈംഗിക ബന്ധമെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാനാകില്ലെന്ന് അറിഞ്ഞിട്ടും യുവതി നൽകിയ പരാതിയിൽ, ബലാത്സംഗത്തിന് കേസെടുക്കാനാവില്ലെന്ന് കാണിച്ച് കോടതി കേസ് റദ്ദാക്കുകയായിരുന്നു. ബലാത്സംഗം ചെയ്‌തെന്ന വിവാഹിതയായ യുവതിയുടെ പരാതിയില്‍ വിവാഹിതനായ യുവാവിനെതിരായ കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവും കഴിഞ്ഞ ദിവസമുണ്ടായി. കാസര്‍ഗോഡ് സ്വദേശികളായ യുവാവും യുവതിയും വിവാഹപങ്കാളിയുണ്ടായിരിക്കെ പ്രണയത്തിലായി. തുടര്‍ന്ന് വീടുവിട്ടുപോയ ഇവരെ പോലീസ് കസ്റ്റഡിലെടുത്തു. പിന്നീട് പ്രണയബന്ധത്തില്‍നിന്ന് പിന്മാറുന്നതായി യുവതി അറിയിച്ചെങ്കിലും യുവാവ് തയ്യാറായിരുന്നില്ല. യുവാവിനെതിരെ പോലീസ് എടുത്ത ബലാത്സംഗകുറ്റം കോടതി റദ്ദാക്കുകയും ചെയ്തു.

തെറ്റായ ഉദ്ദേശ്യത്തോടെ വിവാഹവാഗ്ദാനം നൽകി സമ്മതം നേടിയിട്ടുണ്ടെങ്കിൽ അത് ബലാത്സംഗമാണ്. വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെയാണ് വാഗ്ദാനം നൽകിയതെന്ന് തെളിഞ്ഞാലും കേസ് നിലനിൽക്കും

അതുപോലെ തന്നെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹവാഗ്ദാനം നിഷേധിക്കുകയോ വിവാഹത്തിലേക്ക് എത്താൻ കഴിയാതെ വരികയോ ചെയ്യുന്നത് ബലാത്സംഗത്തിന്‍റെ പരിധിയിൽ വരില്ലെന്ന് അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അഭിഭാഷകന് ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും പ്രണയത്തിലാകുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം പാലിക്കാതായപ്പോൾ അഭിഭാഷകനെതിരെ ബലാത്സംഗകുറ്റത്തിന് പരാതി നൽകി. ഇത്തരം കേസുകളിൽ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് കോടതി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, തെറ്റായ ഉദ്ദേശ്യത്തോടെ വിവാഹവാഗ്ദാനം നൽകി സമ്മതം നേടിയിട്ടുണ്ടെങ്കിൽ അത് ബലാത്സംഗമാണ്. വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെയാണ് വാഗ്ദാനം നൽകിയതെന്ന് തെളിഞ്ഞാലും കേസ് നിലനിൽക്കും.

ലൈംഗിക ബന്ധത്തിന് സ്ത്രീ സന്നദ്ധയായത് വിവാഹ വാഗ്ദാനത്തിന്‍റെ പേരിൽ മാത്രമാണെങ്കിലേ, വിവാഹവാഗ്ദാനം പാലിക്കാത്തതിന്‍റെ പേരിൽ ബലാത്സംഗകുറ്റം ചുമത്താനാവൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. യുവനടിയുടെ പരാതിയിൽ നടൻ വിജയ് ബാബുവിന് ജാമ്യം നൽകിയപ്പോഴും എൽദോസ് കുന്നപ്പിള്ളി എം എൽ എക്ക് ജാമ്യം നൽകുന്ന വേളയിലും ഹൈക്കോടതി ഇക്കാര്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇത്തരം പരാതികളിൽ പോലീസ് കേസെടുക്കുന്നത് തുടരുകയാണ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in