ജിഎസ്ടി നഷ്ടപരിഹാരം; കേരളവും കേന്ദ്ര സര്‍ക്കാരും  തമ്മിലുള്ള പ്രശ്‌നമെന്ത്

ജിഎസ്ടി നഷ്ടപരിഹാരം; കേരളവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമെന്ത്

750 കോടി രൂപയെ ലഭിക്കാനുള്ളു എങ്കില്‍ പിന്നെ എന്താണ് കേരളത്തിന്റെ പ്രശ്‌നം, പ്രേമചന്ദ്രന്‍ ഉന്നയിച്ച വിഷയങ്ങളുടെ വസ്തുത എന്ത്, എജി സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് ഇല്ലാത്തതാണോ പ്രശ്‌നം

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തില്‍ കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെന്ത്. കഴിഞ്ഞ ദിവസം കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നികുതി വിഹിതത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തോടെയാണ് വിഷയം വീണ്ടും ചൂടുള്ള ചര്‍ച്ചയാകുന്നത്. കൊല്ലം എംപിക്ക് മറുപടി നല്‍കിയ കേന്ദ്ര ധനകാര്യ മന്ത്രി, കേരളം കഴിഞ്ഞ 5 വര്‍ഷമായി അക്കൌണ്ടന്റ് ജനറല്‍ അഥവാ എ ജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കേരളം സമര്‍പ്പിക്കാത്തതിനാലാണ് ഈ കുടിശ്ശിക അനുവദിക്കാത്തത് എന്നും വ്യക്തമാക്കി.

ഇതോടെ, കേരളത്തിന്റെ ഇടപെടലാണ് നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുന്നത് എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തു. ഇന്നലെ രാത്രിയോടെ സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും വിഷയത്തില്‍ പ്രതികരിച്ചു. ജിഎസ്ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ തര്‍ക്കമില്ലെന്നും 750 കോടി രൂപയുടെ ഒരു ഘഡു മാത്രമാണ് കേരളത്തിന് ലഭിക്കാനുള്ളതെന്നും ബാലഗോപാല്‍ പറയുന്നു. ഇതോടെ ആശയക്കുഴപ്പം വര്‍ധിച്ചു.

750 കോടി രൂപയെ ലഭിക്കാനുള്ളു എങ്കില്‍ പിന്നെ എന്താണ് കേരളത്തിന്റെ പ്രശ്‌നം, പ്രേമചന്ദ്രന്‍ ഉന്നയിച്ച വിഷയങ്ങളുടെ വസ്തുത എന്ത്, കേന്ദ്ര മന്ത്രി പറഞ്ഞതുപോലെ എജി സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് ഇല്ലാത്തതാണോ പ്രശ്‌നം.

കൊല്ലം എംപി ചോദിച്ചതും കേന്ദ്ര ധനമന്ത്രി പറഞ്ഞതും

പാര്‍ലമെന്റില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉന്നയിച്ചത് കേന്ദ്രം കേരളത്തിന് നല്‍കിയ ജി എസ് ടി കോമ്പന്‍സേഷനെക്കുറിച്ചും ഡിവിഡന്റ് പൂളില്‍ നിന്ന് ലഭിച്ച വിഹിതത്തെക്കുറിച്ചുമാണ്. എന്നാല്‍ ചോദ്യത്തിന് മറുപടി നല്‍കവെ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത് എജി സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നല്‍കാത്തതിനാലാണ് കേരളത്തിന്റെ കോമ്പന്‍സേഷന്‍ നല്‍കാത്തത് എന്നാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരത്തില്‍ ഒരു പരാതി തന്നെയില്ല, മാത്രമല്ല ലഭിക്കേണ്ട 42 639 കോടിയില്‍ 41779 കോടിയും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എം പി ഉന്നയിച്ച ഡിവിഡന്റ് പൂളില്‍ നിന്നുള്ള വിഹിതത്തെക്കുറിച്ച് മറുപടിയില്‍ പരാമര്‍ശവുമില്ല.

ജിഎസ്ടി ഘടന

ചരക്കു സേവന നികുതി അഥവാ ജി എസ് ടി, 2017 ലാണ് രാജ്യത്ത് നിലവിൽ വരുന്നത്. മൂല്യ വർദ്ധക നികുതി, വിൽപ്പന നികുതി ആഡംബര നികുതി എന്നിങ്ങനെ കേന്ദ്രം സംസ്ഥാന സാർക്കാരുകൾ ഈടാക്കിയിരുന്ന വിവിധ തരം നികുതികളെ ഒരു കുടക്കീഴിലാക്കായണ് ജി എസ് ടി അഥവാ ചരക്കു സേവന നികുതി അവതരിപ്പിച്ചത് .

ജി എസ് ടിയിൽ രണ്ട് രീതിയിലാണ് നികുതി പിരിക്കുന്നത്. ഒരു സംസ്ഥാനത്തിന് ഉള്ളിൽ നടക്കുന്ന ഇടപാടുകളിൽ ലഭിക്കുന്ന നികുതി സ്റ്റേറ്റ് ജിഎസ്ടി സെൻട്രൽ ജിസ്റ്റി എന്നിങ്ങനെ വേർതിരിച്ച് കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിയ്ച്ച് എടുക്കുന്നു.

എന്നാൽ രണ്ട് സംസ്ഥാനങ്ങളൾക്കിടിയിലെ ഇടപാടുകളിൽ ഐജിഎസ്ടി എന്ന ഒറ്റ നികുതയാണ് ഈടാക്കുക. ഐ ജി എസ് ടി അഥവാ ഇൻ്റഗ്രേറ്റഡ് ജി എസ് ടി പ്രകാരം കേന്ദ്രം പിരിച്ചെടുക്കുന്ന തുകയുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യമായി വീതിയ്ക്കണം. ഇതിൽ സംസ്ഥാന വിഹിതം വാങ്ങിയെടുക്കേണ്ട ചുമതല ചരക്കുകളോ സേവനങ്ങളോ കൈപ്പറ്റിയ സംസ്ഥാനത്തിനാണ്.

ഡിവിഡന്റ് പൂൾ

ഐജിഎസ്ടി ഇനത്തിൽ കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41 ശതമാനം എല്ലാം സംസ്ഥാനങ്ങൾക്കുമായി തിരിച്ച് നൽകുന്നതിന് ഡിവിഡൻ്റ് പൂളിലേയക്ക് മാറ്റും. എന്നാൽ ഡിവിഡൻ്റ് പൂളിലേക്ക് മാറുന്ന തുക എല്ലാം സംസ്ഥാനങ്ങൾക്ക് തുല്യമായല്ല വീതിയ്ക്കുന്നത്. ജനസംഖ്യ, ഭൂ വിസ്ത്രിതി, വന മേഖല, ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സംസ്ഥാനവുമായുള്ള അന്തരം എന്നിങ്ങനെ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിനും ലഭ്യമാകേണ്ട വിഹിതം നിർണ്ണയിക്കുന്നത്.

2014-15 ൽ പുറത്തുവന്ന പതിനാലാം ധനകാര്യ കമ്മീഷനിൽ കേരളത്തിൻ്റെ വിഹിതം 2.5 ശതമാനമായിരുന്നു. എന്നാൽ 2021 ൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഡിവിഡൻ്റ് പൂളിൽ നിന്നുള്ള കേരളത്തിൻ്റെ വിഹിതം 1.925 ആക്കി കുറച്ചു. അതായത് കേന്ദ്രം 100 രൂപ എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതം വെയ്ക്കുമ്പോൾ കേരളത്തിന് ലഭിക്കുക 1 രൂപ 92 പൈസയാണ്. അതേസമയം കേരളത്തേക്കാൾ ജനസംഖ്യയിലും ഭൂവിസ്ത്രിതിയിലും മുന്നിലുള്ള തമിഴ്നാടിൻ്റെ വിഹിതം 100ൽ 4.07 ആണ്.

ഇത്തരത്തിൽ കേന്ദ്ര സംസ്ഥാനത്തിന് നൽകുന്ന വിഹിത്തിൽ വരുത്തിയ കുറവ് മൂലം 18,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേരളത്തിൻ്റെ പ്രധാന പരാതി.

ജി എസ് ടി നഷ്ടപരിഹാരം

2017 ൽ ജി എസ് ടി സംമ്പ്രദായം നിലവിൽ വരുന്ന അവസരത്തിൽ തങ്ങളുടെ നികുതി വരുമാനത്തിൽ ചോർച്ചയുണ്ടാകുമെന്ന ആശങ്ക സംസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് കേന്ദ്രം ജി എസ് ടി കോമ്പൻസേഷൻ അഥവാ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഓരോ വർഷവും 14 ശതമാനം വളർച്ചയുണ്ടായില്ലെങ്കിൽ ഇത് നികത്താൻ കേന്ദ്രം നൽകുന്ന നഷ്ടപരിഹാരമാണ് ജി എസ് ടി കോമ്പൻസേഷൻ.

2017 - 18 മുതൽ 2021 -22 വരെ അഞ്ചു വർഷത്തേക്ക് നഷ്ട്പരിഹാരം നൽകാനായിരുന്നു കേന്ദ്രം തീരുമാനിച്ചിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജിഎസ്ടി കോമ്പൻസേഷൻ പദ്ധതി ഈ വർഷം അവസാനിക്കും. പ്രകൃതി ദുരന്തങ്ങൾ, രണ്ട് വർഷത്തോളം നീണ്ടു നിന്ന കോവിഡ് പ്രതിസന്ധി എന്നിവ പരിഗണിച്ച ഈ നഷ്ടപരിഹാര പദ്ധതി അഞ്ചു വർഷത്തേക്ക് കൂടി തുടരണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ് ഗഢിനും പുറമെ ചില ബിജെപി സംസ്ഥാനങ്ങളും ഈ ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in