ഹരിയാന: വര്‍ഗീയ സംഘര്‍ഷത്തിനിടയിലെ മേവാത്ത് മേഖലയും മിയോ മുസ്ലീംങ്ങളും; ചരിത്രവും വര്‍ത്തമാനവും

ഹരിയാന: വര്‍ഗീയ സംഘര്‍ഷത്തിനിടയിലെ മേവാത്ത് മേഖലയും മിയോ മുസ്ലീംങ്ങളും; ചരിത്രവും വര്‍ത്തമാനവും

നൂഹില്‍ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ, മേവാത്ത് മേഖലയും മിയോ മുസ്ലീം വിഭാഗത്തിന്റെ ചരിത്രവും വീണ്ടും ചർച്ചചെയ്യപ്പെടുകയാണ്

മൂന്ന് മാസം പിന്നിട്ട മണിപ്പൂരിലെ വർഗീയ സംഘർഷം അണയാതെ തുടരുന്നതിടെയാണ് കഴിഞ്ഞ ദിവസങ്ങളി‍ല്‍ ഹരിയാനയിലും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയിലെ പിന്നോക്ക ജില്ലയായ നൂഹിലാണ് സം ഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച മത ഘോഷയാത്രയ്ക്ക് പിന്നാലെ ആയിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം.

ഘോഷയാത്ര മിയോ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ തടഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ ആറ് പേർ കൊല്ലപ്പെട്ടുകയും 70ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജൂലൈ 31 ന് ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് വംശീയ സ്വഭാവം കൈവന്നതോടെ അക്രമങ്ങള്‍ ഗുരുഗ്രാം ഉൾപ്പെടെയുള്ള സമീപജില്ലകളിലേക്ക് വ്യാപിച്ചു. ഇതിനിടെ ഒരു മുസ്ലിം പള്ളി അഗ്നിക്കിരയാക്കുകയും നായിബ് ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തതോടെ സംഘർഷം കൂടുതൽ ശക്തിപ്പെട്ടു. മേവാത്ത് മേഖലയെയും അവിടുത്തെ തദ്ദേശീയരായ മിയോ മുസ്ലിം വിഭാഗത്തെയും ലക്ഷ്യമിട്ടാണ് അക്രമങ്ങള്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ മേവാത്ത് മേഖലയുടെ ചരിത്രവും മിയോ വിഭാഗങ്ങളുടെ പാരമ്പര്യവും വീണ്ടും രാജ്യത്ത് സജീവ ചർച്ചയാവുകയാണ്.

നിതി ആയോഗിന്റെ 2018 ലെ റാങ്കിങ്ങില്‍ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായാണ് നൂഹിനെ രേഖപ്പെടുത്തിയിട്ടുള്ളത്

മേവാത്ത് : മൂന്ന് സംസ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന സാംസ്കാരിക മേഖല

ഗുരുഗ്രാം ജില്ലയിലെ മിയോ മുസ്ലിം ആധിപത്യ പ്രദേശങ്ങളും ഫരീദാബാദ് ജില്ലയിലെ ഹാതിൻ ബ്ലോക്കും സംയോജിപ്പിച്ച് 2005 ഏപ്രിൽ 4 നാണ് മേവാത്ത് ജില്ല രൂപീകരിച്ചത്. 2005 ൽ ഹാതിൻ ബ്ലോക്ക് പൽവാളുമായി കൂട്ടിച്ചേർക്കുകയും ഫരീദാബാദിലെ ഒരു പുതിയ ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തു. 2016 ൽ മേവാത്ത് ജില്ലയെ നൂഹ് എന്ന് പുനഃനാമകരണം ചെയ്തു.

ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സാംസ്കാരിക മേഖലയാണ് മേവാത്ത്. ആകെ 1,250 മിയോ മുസ്ലിം ഗ്രാമങ്ങളാണ് മേവാത്ത് മേഖലയിൽ ഉള്ളത്. നൂഹ്, പൽവാൽ, ഫരീദാബാദ്, ഗുരുഗ്രാം ജില്ലകളിലായി 550 ഗ്രാമങ്ങളും രാജസ്ഥാനിലെ അൽവാർ, ഭരത്പൂർ ജില്ലകൾക്ക് കീഴിൽ 650 ഗ്രാമങ്ങളുമുണ്ട്. യുപിയിലെ മഥുര ജില്ലയിലെ കോസി കലാൻ, ഛത്ത സബ്ഡിവിഷനുകളിൽ 50 ഗ്രാമങ്ങളും ഉൾപ്പെടുന്നു.

വികസനം തൊട്ടുതീണ്ടാത്ത മേവാത്ത്

വികസനത്തിന്റെ മുന്നേറ്റത്തില്‍ രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മേവാത്ത്. ഒരുകാലത്ത് സമ്പന്നമായിരുന്ന മേവാത്ത് രാജ്യത്തിന്റെ വിഭജന കാലത്തിന് ശേഷമാണ് ക്ഷയിച്ചത്. ഇക്കാലത്ത് വിദ്യാസമ്പന്നരായ ഭൂരിഭാഗം ആളുകളും പലായനം ചെയ്തു. ഇതോടെ ജില്ലയില്‍ അടിസ്ഥാന വികസനമില്ലാതെയായി. സർക്കാരോ ജനങ്ങളോ മുന്‍കൈയെടുത്ത് യാതൊരു വികസനവും ഇവിടെ കൊണ്ടുവരുന്നില്ല.

നിതി ആയോഗിന്റെ 2018 ലെ റാങ്കിങ്ങില്‍ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയായാണ് നൂഹിനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള ജനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെടുത്താൽ, രാജ്യത്തെ മറ്റ് ജില്ലകളിൽ നിന്ന് ഒരു തലമുറ പിന്നിലാണ് മേവാത്തെന്ന് പറയേണ്ടിവരും.

നൂറ്റാണ്ടുകൾക്ക് മുന്‍പ് മിയോകൾ ഘട്ടം ഘട്ടമായി ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്തവരാണെന്നാണ് ചരിത്രം പറയുന്നത്

മേവാത്തിലെ മിയോ മുസ്ലിം വിഭാഗം

നൂറ്റാണ്ടുകൾക്ക് മുന്‍പ് മിയോകൾ ഘട്ടം ഘട്ടമായി ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്തവരാണെന്നാണ് ചരിത്രം പറയുന്നത്. 2011 ലെ സെൻസസ് പ്രകാരം അന്നത്തെ മേവാത്ത് ജില്ലയിൽ, ജനസംഖ്യയുടെ 79.2 ശതമാനവും മുസ്ലിം വിഭാഗങ്ങളാണ്. 20.37 ശതമാനം ഹിന്ദുക്കളും ബാക്കി മറ്റ് സമുദായങ്ങളും ഉൾപ്പെടുന്നു. എഴുപതുകളുടെ അവസാനം വരെയും മിയോ മുസ്ലിം ജനതയില്‍ ഹിന്ദു വേദങ്ങളിലെയും മഹാഭാരതത്തിലെയും പേരുകൾ ഉണ്ടായിരുന്നു. മഹാഭാരതത്തിലെ ഒരു കഥാപാത്രമായ മാദ്രി മിയോകളുടെ പൂർവികര്‍ കൂടിയായിരുന്നെന്ന് പറയപ്പെടുന്നു.

1978ൽ, ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍, മിയോ ജനതയിലധികവും പാകിസ്താൻ ക്രിക്കറ്റ് താരങ്ങളിൽ ആകൃഷ്ടരാകുകയും അവരുടെ കുട്ടികൾക്ക് പാകിസ്താനി താരങ്ങളുടെ പേര് നൽകുകയും ചെയ്തു.

ഓൺലൈൻ തട്ടിപ്പുകൾ മുതൽ ലൈംഗിക വിഡിയോകൾ കാണിച്ച് പണം തട്ടുന്ന സെക്സ്ടോർഷന്‍ വരെയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്ന ഒരു സൈബർ സ്കാമിംഗ് ഹബ്ബായി നൂഹ് മാറുന്നതിലെ പ്രധാന കാരണം സര്‍ക്കാര്‍ തന്നെ

ചരിത്രത്തിലെ മിയോ വിഭാഗം

മിയോ വിഭാഗത്തിന്റെ ചരിത്രം ബിസി 2000 മുതൽ തുടങ്ങുന്നുവെന്നാണ് പറയപ്പെടുന്നത്. ബിസി 750 ൽ, ഇറാനിൽ മിയോകൾ മെദിയൻ വംശത്തിന് രൂപം നൽകി. മെദിയൻ വംശത്തിലെ ആറാമത്തെ ഭരണാധികാരിയെ അദ്ദേഹത്തിന്റെ ചെറുമകനായ സൈറസ് കൊലപ്പെടുത്തുകയും ബിസി 550 ൽ പേർഷ്യൻ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇതിനുശേഷം, മിയോകള്‍ പാകിസ്താനിലെ സിന്ധിലേക്ക് നീങ്ങാൻ തുടങ്ങി. എഡി 630 ൽ അറബ് ചരിത്രകാരനും സഞ്ചാരിയുമായ അല്ലാമ ബലാസ്രിയാണ് സിന്ധ് തീരത്തുള്ള മേധ് ഗോത്രത്തെ (ഇന്നത്തെ മിയോകള്‍) തിരിച്ചറിഞ്ഞത്. സിന്ധിൽ നിന്ന് മിയോകൾ മേവാർ, മാർവാർ, മേവാത്ത് മേഖലകളിലേക്കും പിന്നീട് ചിലർ പഞ്ചാബിലേക്കും കുടിയേറി.

എഡി 715 ൽ മുഹമ്മദ് ഇബ്നു അൽ ഖാസിമിന്റെ ആക്രമണ സമയത്ത് സിന്ധിൽ വച്ചാണ് മിയോകള്‍ ആദ്യമായി മതപരിവർത്തനം നടന്നത്തുന്നത്. പിന്നീട്, 1053ൽ സയ്യിദ് സലാർ മസൂദ് ഗാസിയും ആളുകളെ മതപരിവർത്തനം ചെയ്തു. 1152 ൽ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി ദർഗയിൽ നടന്ന 90,000 ത്തിലധികം ആളുകൾ മതപരിവർത്തനം നടത്തിയതാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മതപരിവർത്തനമായി കണക്കാക്കുന്നത്.

ഹരിയാന: വര്‍ഗീയ സംഘര്‍ഷത്തിനിടയിലെ മേവാത്ത് മേഖലയും മിയോ മുസ്ലീംങ്ങളും; ചരിത്രവും വര്‍ത്തമാനവും
ഹരിയാനയിൽ യുപി മോഡല്‍ 'ബുൾഡോസർ നടപടി' തുടരുന്നു; ഇരുപതോളം കടകൾ പൊളിച്ചുനീക്കി

തൊഴിലില്ലായ്മ പ്രധാന പ്രശ്നം

ജില്ലയിലെ 90 ശതമാനത്തിലധികം ജനങ്ങളുടെയും പ്രധാന വരുമാന മാർഗം കൃഷിയാണ്. എന്നാൽ, ജലസേചനത്തിലെ അഭാവം മൂലം കൃഷി പൂർണ്ണമായും മഴയെ ആശ്രയിച്ചായിരുന്നു. ഈ പ്രദേശത്തെ മണൽ കലർന്ന മണ്ണ്, അത്ര ഫലഭൂയിഷ്ടമല്ല. ഗോതമ്പും കടുകുമാണ് ഇവിടുത്തെ പ്രധാന വിളകൾ. ഖനനം ഇവിടുത്തെ മറ്റൊരു വരുമാനമായിരുന്നു.

എന്നാൽ, 2009 ൽ ഖനനം സുപ്രീം കോടതി നിരോധിച്ചു. തൊഴിലവസരങ്ങളുടെ അഭാവം മേവാത്ത് മേഖലയിലെ യുവാക്കളെ, നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ മുതൽ ലൈംഗിക വീഡിയോകൾ കാണിച്ച് പണം തട്ടുന്ന സെക്സ്ടോർഷന്‍ വരെയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്ന ഒരു സൈബർ സ്കാമിംഗ് ഹബ്ബായി നൂഹ് മാറുന്നതിലെ പ്രധാന കാരണവും ഇത്തരം സാഹചര്യങ്ങള്‍ തന്നെയാണ്.

logo
The Fourth
www.thefourthnews.in