Video|'പെര്‍ഫെക്റ്റ് ഡിപ്ലോമസി മോഡല്‍'; മധ്യസ്ഥശ്രമങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ ജനീവയായി ഖത്തര്‍!

രാജ്യാന്തരസമൂഹം പരക്കെ ആവശ്യപ്പെട്ടിട്ടും വെടിനിര്‍ത്തലിന് വഴങ്ങാതിരുന്ന ഇസ്രയേല്‍ എങ്ങനെയാണ് അതിലേക്ക് എത്തിയത്? ആ ചോദ്യം എത്തിനില്‍ക്കുന്നത് ഖത്തറിലേക്കാണ്

മിഡില്‍ ഈസ്റ്റിലെ ജനീവയെന്നാണ് നയതന്ത്രവൃത്തങ്ങളില്‍ ഖത്തറിന്റെ വിശേഷണം. ഈ കുഞ്ഞ് രാജ്യത്തിന് എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു വിശേഷണം! സമീപകാലത്തെ ചില സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് എളുപ്പം പിടികിട്ടും. ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഖത്തര്‍ നടത്തിയ ഇപെടല്‍ അതിലൊന്നാണ്. ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ മധ്യസ്ഥത വഹിച്ചത് ഖത്തറാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച മധ്യസ്ഥര്‍

ഇസ്രയേലില്‍ കടന്ന് ഹമാസ് ബന്ദിയാക്കിയ അമേരിക്കന്‍ സ്വദേശികളായ അമ്മയെയും മകളെയും ഒക്ടോബര്‍ 20നാണ് ഹമാസ് വിട്ടയയച്ചത്. ഇത് സാധ്യമായതില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നന്ദി പറഞ്ഞത് ഖത്തറിനോടായിരുന്നു. താലിബാന്‍ വിഷയം രൂക്ഷമായ സന്ദര്‍ഭങ്ങളിലും മധ്യസ്ഥത വഹിച്ചത് ഖത്തറായിരുന്നു. ഇറാന്റെ തടഞ്ഞുവച്ച 600 കോടി ഡോളര്‍ അമേരിക്ക രണ്ട് മാസം മുന്‍പ് വിട്ടുനല്‍കുകയും അഞ്ച് തടവുകാരെ വീതം ഇരു രാജ്യങ്ങളും മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും മധ്യസ്ഥന്‍ ഖത്തര്‍ തന്നെ. ഇങ്ങനെ നീളുന്നു അന്താരാഷ്ട്ര നയതന്ത്രമേഖലയില്‍ ഏറെ ചര്‍ച്ച ഉറ്റുനോക്കുന്ന രാജ്യമെന്ന നിലയിലേക്ക് ഖത്തറിനെ ഉയര്‍ത്തിയ സന്ദര്‍ഭങ്ങളുടെ നിര.

രണ്ട് മാസത്തിനടുത്തായി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ മരണം 14,000 കടന്നു. നാരായാട്ട് അവസാനിപ്പിക്കണമെന്ന് പല രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയിലും പുറത്തും ആവശ്യപ്പെട്ടെങ്കിലും വിജയം കാണുന്നതുവരെ പിന്നോട്ടില്ലെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. എന്നാല്‍ അധികം വൈകാതെയാണ് ഖത്തര്‍ ഇടപെടലില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധമായിരിക്കുന്നത്.

വലുപ്പത്തില്‍ ചെറുതാണെങ്കിലും അതിസമ്പന്നമാണ് ഖത്തര്‍. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തി ഒറ്റപ്പെടുത്തിയപ്പോഴും തലയുയര്‍ത്തിനിന്ന് അതിജീവിച്ച രാജ്യം. മികച്ച മധ്യസ്ഥനായി നേരത്തേ തന്നെ അറിയപ്പെട്ടിരുന്ന ഖത്തര്‍, അഫ്ഗാന്‍ പ്രതിസന്ധിയോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ പിന്തുണയോടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് തുടങ്ങാന്‍ അനുവദിച്ചതാണ് ഖത്തറിനെ ആഗോള മധ്യസ്ഥരെന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.

അമേരിക്ക തീവ്രവാദി സംഘടനയെന്ന മുദ്രകുത്തിയ ഹമാസിന്റെ പ്രവര്‍ത്തനകേന്ദ്രം ദോഹയിലാണ്. അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൈനികത്താവളമായ 'അല്‍-ഉദൈദ് എയര്‍ ബേസ്' സ്ഥിചെയ്യുന്നതും ഖത്തറില്‍ തന്നെ. ഒരേ സമയം മുസ്ലിം രാജ്യങ്ങളുമായും പാശ്ചാത്യ രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍.

ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ടെല്‍ അവീവില്‍നിന്ന് നേരെ പോയത് ദോഹയിലേക്കായിരുന്നു. മധ്യസ്ഥശ്രമങ്ങളില്‍ ഖത്തറിനുള്ള സ്വാധീനം മനസ്സിലാക്കിയായിരുന്നു ആ നീക്കം. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ അല്‍ അഖ്സ ഫ്‌ളഡ് ആക്രമണത്തെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഖത്തര്‍, എന്നാല്‍ അധിനിവേശത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഖത്തറിന്റെ നിലപാടിനെ ചൊല്ലി അമേരിക്കയില്‍നിന്ന് ഉള്‍പ്പെടെ വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ ഇന്ന് അതേ ഖത്തര്‍ തന്നെ വേണ്ടിവന്നു വെടിനിര്‍ത്തലിലേക്ക് ഇസ്രയേലിനെ എത്തിക്കാന്‍ എന്നതും ശ്രദ്ധേയം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in