ലോകവിപണിയെ പ്രതിസന്ധിയിലാക്കുന്ന പനാമയും സൂയസും

ലോകത്തെ രണ്ട് സുപ്രധാന കടൽ മാർഗങ്ങൾ; പനാമ കനാലും സൂയസ് കനാലും. ഒന്ന് പസഫിക്കിനെയും അറ്റ്ലാന്റിക് സമുദ്രങ്ങളെയും ബന്ധിപ്പിക്കുമ്പോൾ മറ്റൊന്ന് മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നു.

ലോകത്ത് അങ്ങോളമിങ്ങോളം നടക്കുന്ന ചരക്കുനീക്കത്തിന്റെ 80 ശതമാനവും കടൽ മാർഗമാണ്. അതിൽത്തന്നെ ആഗോള വിപണിയുടെ 17 ശതമാനം വ്യാപാരവും പനാമ - സൂയസ് കനാലുകളിലൂടെയാണ് നടക്കുന്നത്. അങ്ങനെയിരിക്കെ നിലവിൽ സൂയസിലും പനാമ കനാലിലുമുണ്ടായിരിക്കുന്ന പ്രതിസന്ധി ആഗോള വിപണിയെ പലതരത്തിൽ ബാധിച്ചേക്കും.

ലോകത്തെ രണ്ട് സുപ്രധാന കടൽ മാർഗങ്ങൾ- പനാമ കനാലും സൂയസ് കനാലും. ഒന്ന് പസിഫിക്കിനെയും അറ്റ്ലാന്റിക് സമുദ്രങ്ങളെയും ബന്ധിപ്പിക്കുമ്പോൾ മറ്റൊന്ന് മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നു.

പനാമ കനാലിലൂടെയാണെങ്കിൽ അറ്റ്ലാന്റിക്കിൽനിന്ന് പസിഫിക്ക് സമുദ്രത്തിലേക്ക് എത്താൻ കേവലം എട്ട് മുതൽ പത്ത് മണിക്കൂർ വരെയാണ് എടുക്കുക

യൂറോപ്പിൽനിന്ന് ഏഷ്യയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ സമുദ്രപാതയാണ് ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള സൂയസ് കനാൽ. അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം, ഏഷ്യ- പസഫിക് രാജ്യങ്ങൾ എന്നിവയെ യൂറോപ്പുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ കടൽ മാർഗത്തിന്റെ പണി പൂർത്തിയാകുന്നത് 1869 ലാണ്. ഇന്ത്യ പോലുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളെ കോളനികളാക്കി, കൊള്ളയടിക്കാനെത്തിയ യൂറോപ്യൻ രാജ്യങ്ങളായിരുന്നു സൂയസ് കനാലിന്റെ നിർമാണത്തിന് പിന്നിൽ.

സൂയസ് കനാൽ
സൂയസ് കനാൽ

1869ന് വരെ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റിയായിരുന്നു കപ്പലുകൾ സഞ്ചരിച്ചിരുന്നത്. ഇത് ചരക്കുനീക്കത്തെ കൂടുതൽ ദുഷ്കരവും പണച്ചെലവുള്ളതുമാക്കി മാറ്റി. കേപ് ഓഫ് ഗുഡ് ഹോപ് ചുറ്റിയുള്ള ഈ യാത്രയിൽ, കാലാവസ്ഥയും കടൽക്കൊള്ളക്കാരുടെ ഭീഷണിയും അതിജീവിക്കേണ്ടിയിരുന്നു. അങ്ങനെയാണ് ഇതിനെല്ലാം പ്രതിവിധി എന്നോണം സൂയസ് കനാൽ നിർമിക്കുന്നത്.

ഇന്ന് ആഗോള വ്യാപാരത്തിന്റെ 12 ശതമാനം നടക്കുന്നത് 193 കിലോമീറ്റർ നീളമുള്ള ഈ കനാലിലൂടെയാണ്. അത്രത്തോളം വലിയ സ്ട്രാറ്റജിക്‌ പ്രാധാന്യമാണ് സൂയസിനുള്ളത്. ദിവസേന 390 കോടി ഡോളറിന്റെ വ്യാപാരമാണ് ഈ പാതയിലൂടെ നടക്കുന്നത്.

അതേപോലെയാണ് പനാമ കനാലും. 82 കിലോമീറ്റർ നീളമുള്ള, 1904ൽ പണി പൂർത്തിയായ ഈ കനാൽ, ഒരു എഞ്ചിനീയറിങ് അത്ഭുതമാണ്. 1977-ലെ ടോറിയോസ്-കാർട്ടർ ഉടമ്പടി പ്രകാരമാണ് അമേരിക്കയുടെ പൂർണ അധികാരത്തിലുണ്ടായിരുന്ന കനാൽ 1999-ൽ പനാമയ്ക്ക് കൈമാറുന്നത്. പനാമ കനാലിലൂടെയാണെങ്കിൽ അറ്റ്ലാന്റിക്കിൽനിന്ന് പസിഫിക്ക് സമുദ്രത്തിലേക്ക് എത്താൻ കേവലം എട്ട് മുതൽ പത്ത് മണിക്കൂർ വരെയാണ് എടുക്കുക. ഏകദേശം 22 ദിവസത്തെ സമയലാഭമാണ് ഇത് ഉണ്ടാക്കികൊടുക്കുന്നത്.

സൂയസ് കനാൽ
സൂയസ് കനാൽ

എന്താണ് പ്രതിസന്ധി?

സൂയസ് കനാൽ

ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യമൻ വിമത ഗ്രൂപ്പായ ഹൂതികൾ ചെങ്കടലിലൂടെയുള്ള കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. വടക്കൻ യെമന്റെ നിയന്ത്രണമാണ് സൂയസ് കനാലിലേക്ക് നീളുന്ന ബാബ് അൽ മൻടേബ് മേഖല കേന്ദ്രീകരിച്ച് കപ്പലുകളെ ആക്രമിക്കാൻ ഇവരെ സഹായിക്കുന്നത്.

ഇസ്രയേലുമായി ബന്ധപ്പെട്ട എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് നവംബർ 24ന് ഹൂതി ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഹൈജാക്കിങ്ങും ഡ്രോൺ ആക്രമണങ്ങളും പതിവാക്കുന്നത്. ഇതോടെ എണ്ണ വ്യവസായ ഭീമൻമാരായ ബി പി ഉൾപ്പെടെ ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര താത്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു... ആക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന എം വി കെം പ്ലൂട്ടോ എന്ന കപ്പലും ഉൾപ്പെട്ടിരുന്നു.

കാലാവസ്ഥ വ്യതിയാനവും പനാമ കനാലും

കപ്പലുകൾക്ക് സഞ്ചരിക്കാൻ ആവശ്യമായ വെള്ളമില്ല എന്നതാണ് പനാമ കനാലിലെ കപ്പൽ ഗതാഗതം മുടങ്ങാൻ പ്രധാന കാരണം. ഏറ്റവും കുറവ് മഴയാണ് ഈ വർഷം കനാൽ മേഖലയിൽ ലഭിച്ചത്. ഇതോടെ ഏഷ്യയിൽനിന്ന് അമേരിക്കയിലേക്ക് പോകുന്ന ചരക്കു കപ്പലുകൾ ആറു ദിവസം അധികമെടുക്കുന്ന മറ്റ് റൂട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

-

മുൻപ് പ്രതിദിനം 36 കപ്പലുകൾ കടന്നുപോയിരുന്ന ഈ വഴിയേ നിലവിൽ 22 എണ്ണം മാത്രമാണ് കടന്നുപോകുന്നത്. ഇത് ഫെബ്രുവരി ആകുമ്പോഴേക്ക് 18 ആയി കുറച്ചേക്കുന്നും റിപോർട്ടുകൾ പറയുന്നു. കിഴക്കൻ ഏഷ്യയിൽനിന്ന് അമേരിക്കയിലേക്കുള്ള വ്യാപാരത്തിന്റെ 40 ശതമാനം ഈ വഴിയാണ് നടക്കുന്നത്. ഇതിനെല്ലാം തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഗോള വിപണിയെ ബാധിക്കുമോ?

ചെങ്കടലിലെ പ്രശ്നം സങ്കീർണമായതോടെ ബ്രെന്റ് ക്രൂഡിന്റെ വില അഞ്ച് ശതമാനം ഉയർന്നിരുന്നു. ഒപ്പം ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളർ എന്ന നിലയിലേക്കും എത്തിയിട്ടുണ്ട്. യൂറോപ്പിൽ വിലക്കയറ്റ പ്രതിസന്ധി പിടിച്ചുനിർത്താൻ സർക്കാരുകൾ പണിപ്പെടുന്ന സമയത്താണ് വീണ്ടുമൊരു വിഷയം.

ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ, റഷ്യയുമായി നല്ല ബന്ധത്തിലായതുകൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള റഷ്യൻ ഇറക്കുമതിയെ ചെങ്കടൽ ആക്രമണങ്ങൾ സാരമായി ബാധിക്കാൻ ഇടയില്ല

ചെങ്കടൽ വഴിയുള്ള വ്യാപാര പാത ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെയുള്ള ഏകവഴി ആഫ്രിക്ക ചുറ്റി വരിക എന്നത് മാത്രമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വാണിജ്യ കപ്പലുകൾക്ക് ആയിരക്കണക്കിന് മൈലുകൾ അധികം യാത്ര ചെയ്യേണ്ടതായി വരും. ഇത് ചരക്ക് ഇറക്കുമതിയിൽ കാലതാമസമുണ്ടാക്കും ഒപ്പം ചെലവും വർധിപ്പിക്കും. എണ്ണയും ഡീസൽ ഇന്ധനവും പോലെ യൂറോപ്പിന്റെ ഊർജ വിതരണത്തിന്റെ വലിയൊരു ഭാഗം ഈ ജലപാതയിലൂടെയാണ് വരുന്നത്. അതിന് തടസം നേരിടുന്നതോടെ യൂറോപ്പിൽ വിലക്കയറ്റത്തിനും ഊർജ പ്രതിസന്ധിക്കും വഴി വെച്ചേക്കാം.

പനാമ കനാലിലെ പ്രതിസന്ധിയും സമാന സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ പനാമ കനാൽ വഴി കടന്നുപോകണമെങ്കിൽ ഒന്നുകിൽ ആഴ്ചകളോളം പുറംകടലിൽ കാത്ത് കിടക്കുകയോ അല്ലെങ്കിൽ മുൻപുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകി സ്ലോട്ട് ലേലത്തിൽ പിടിക്കുകയോ ചെയ്യണം. ഇങ്ങനെ വരുന്നതോടെ സാധനങ്ങളുടെ വില വലിയ തോതിൽ വർധിക്കാനും വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്ത രീതിയിലേക്ക് മാറാനും സാധ്യതയുണ്ട്. കാരണം 170 രാജ്യങ്ങളിലേക്കുള്ള ചരക്കുഗതാഗതമാണ് ഈ വഴി നടക്കുന്നത്.

ഇന്ത്യയ്ക്ക് ഭയക്കേണ്ടതുണ്ടോ?

ശരിക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ഭയത്തിന്റെ ആവശ്യമില്ല എന്നതാണ് ശരി. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്നത് റഷ്യയെയാണ്. ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ, റഷ്യയുമായി നല്ല ബന്ധത്തിലായതുകൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള റഷ്യൻ ഇറക്കുമതിയെ ചെങ്കടൽ ആക്രമണങ്ങൾ സാരമായി ബാധിക്കാൻ ഇടയില്ല. കെം പ്ലൂട്ടോ പിന്നെന്തുകൊണ്ട് ആക്രമിക്കപ്പെട്ടു എന്ന് ചോദ്യം ഉയർന്നേക്കാം. അതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് കപ്പൽ ഉടമകളുടെ ഇസ്രയേൽ ബന്ധമാണ്.

ചെങ്കടലിലെ ഹൂതി ആക്രമണം നിയന്ത്രിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ 'MULTINATIONAL SECURITY INITIATIVE' എന്ന സുരക്ഷ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും സ്പെയിൻ ഉൾപ്പെടെ പിന്മാറിയതിനാൽ എന്താകും ഭാവിയെന്ന് കാത്തിരുന്ന് കാണണം... പിന്നെയുള്ളത് പനാമ കനാലാണ്, വർഷങ്ങളായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്ന കാലാവസ്ഥ വ്യതിയാനമാണ് ഇവിടെ തിരിച്ചടിയാകുന്നത്. ഇതിനെ മറികടക്കാൻ ഒരു റിസർവോയർ പണിയാൻ കനാൽ അധികൃതർ ആലോചിക്കുന്നുണ്ടെങ്കിലും അതിന് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്... ശരിക്കും മനുഷ്യന്റെ പ്രവൃത്തിയുടെ ദോഷഫലങ്ങളെ മറികടക്കാൻ മനുഷ്യൻ അതിനോടുതന്നെ നടത്തുന്ന യുദ്ധമാണ് പനാമ കനാലിന്റെ കാര്യത്തിൽ നടക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in