പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആധാർ- വോട്ടർ ഐഡി ബന്ധിപ്പിക്കൽ- കമ്മീഷൻ്റെ നടപടികൾ നിയമപരമോ?

രേഖകൾ ബന്ധിപ്പിക്കാത്ത വോട്ടർമാരെ സമ്മർദത്തിലാക്കുകയാണ് പ്രാദേശിക തലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ

വ്യാജന്മാരെ തുരത്തുക എന്ന ലക്ഷ്യത്തോടെ ഓ​ഗസ്റ്റ് ഒന്നു മുതൽ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നിനായി നടപടികൾ ആരംഭിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. രേഖകൾ ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആധാർ വോട്ടർ ഐഡിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. യഥാർത്ഥത്തിൽ ആധാറും വോട്ടർ ഐഡിയും ബന്ധപ്പെടുത്തേണ്ടതുണ്ടോ?

പല വോട്ടർമാർക്കും നിർബന്ധമായും ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്യണമെന്ന നിർദേശം തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരിൽ നിന്ന് ലഭിച്ച് കഴിഞ്ഞു. രേഖകൾ ബന്ധിപ്പിച്ചില്ലെങ്കിൽ ഒരു വർഷത്തിനകം വോട്ടർ ഐഡി റദ്ദാക്കുമെന്നാണ് പലർക്കും ലഭിക്കുന്ന മുന്നറിയിപ്പ്.

PTI

നിയമവശവും സാഹചര്യവും

2021 ഡിസംബറിലാണ് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് നിയമഭേദ​ഗതി ബിൽ കൊണ്ടുവന്നത്. ആധാർ - വോട്ടർ ഐഡി ലിങ്കിങ് സാധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ലംഘിക്കുന്നതാകും ബിൽ എന്ന പ്രതിപക്ഷ എതിർപ്പിനിടയിലായിരുന്നു ഇത്. എന്നാൽ നിർബന്ധമായി രേഖകൾ ബന്ധിപ്പിക്കണമെന്നില്ലെന്നും സ്വമേധയാ തീരുമാനമെടുക്കാനുള്ള അവസരമുണ്ടെന്നുമാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അന്ന് അവകാശപ്പെട്ടത്. ആധാർ നമ്പർ നൽകിയില്ലെന്ന പേരിൽ വോട്ടർ പട്ടികയിൽ ഒരു വ്യക്തിയുടെ പേര് ചേർക്കുന്നതിനുള്ള അപേക്ഷ നിരസിക്കാനോ, പട്ടികയിലെ പേര് നീക്കാനോ പാടില്ലെന്ന് നിയമത്തിൽ പറയുന്നു. എന്നാൽ നിയമത്തിന് മറ്റൊരു വശവുമുണ്ടായിരുന്നു. ഇവ ബന്ധപ്പെടുത്തുന്നില്ലെങ്കിൽ അത് മതിയായ കാരണപ്രകാരമെന്ന വ്യവസ്ഥ നിയമം പ്രത്യേകം മുന്നോട്ട് വെയ്ക്കുന്നു.

ജൂണിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം വോട്ടർ ഐഡിയുമായി ആധാർ ലിങ്ക് ചെയ്യാതിരിക്കുന്നതിനുള്ള മതിയായ കാരണമെന്നതിന് കീഴിൽ സൂചിപ്പിച്ചത് ഒരേയൊരു വ്യവസ്ഥയാണ്. ആധാർ ഇല്ലാത്തവരെ മാത്രം രേഖകൾ ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കാമെന്നതായിരുന്നു അത്. അത്തരമൊരു സാഹചര്യത്തിൽ ഹാജരാക്കേണ്ടുന്ന മറ്റ് 11 തിരിച്ചറിയൽ രേഖകളെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയവയെല്ലാം അതിലുൾപ്പെടും.

നിർദേശത്തിൽ നിന്ന് ഏതൊരു ഉദ്യോ​ഗസ്ഥനും ആധാർ - വോട്ടർ ഐഡി ലിങ്കിങ് നിർബന്ധമാണെന്ന് മാത്രമാണ് മനസിലാക്കുകയെന്ന് നിയമ വിദ​ഗ്ധർ പറയുന്നു

ഇതുപ്രകാരം 2022 ജൂൺ ‍നാലിന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്ക് നൽകിയ അറിയിപ്പിലും ആധാർ നമ്പർ സമർപ്പിക്കേണ്ടത് വോട്ടർമാർക്ക് സ്വമേധയാ തീരുമാനിക്കാമെന്ന് വ്യക്തമാക്കുന്നു. അപ്പോഴും ലിങ്ക് ചെയ്യാതിരിക്കാനുള്ള കാരണമായി മുന്നോട്ടുവെച്ചത് ആധാർ നമ്പർ ഇല്ലാത്ത സാഹചര്യം മാത്രമാണ്. ആധാർ വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യരുതെന്നും ഇലക്ട്രൽ ഓഫീസർമാർക്കുള്ള നിർദേശത്തിൽ പറയുന്നു. 2023 ഏപ്രിൽ ഒന്നുവരെയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇവ തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് നേരെ എന്ത് നടപടിയുണ്ടാകുമെന്ന് വ്യക്തമല്ല.

ലഭിച്ച നിർദേശത്തിൽ നിന്ന് ഏതൊരു ഉദ്യോ​ഗസ്ഥനും മനസിലാക്കുക ആധാർ - വോട്ടർ ഐഡി ലിങ്കിങ് നിർബന്ധമാണെന്ന് മാത്രമാണെന്ന് നിയമ വിദ​ഗ്ധർ പറയുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കുമെന്ന ഭീഷണി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തുടനീളമുള്ള വോട്ടർമാർക്ക് പ്രാദേശിക തലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഫോൺ കോളുകൾ ലഭിക്കുന്നതായാണ് വിവരം. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചില്ലെങ്കിൽ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് അവർ കൈമാറുന്ന സന്ദേശം. ചിലരുടെയെല്ലാം ആധാർ നമ്പർ സ്ഥിരീകരണത്തിനായാണ് ഉദ്യോ​ഗസ്ഥർ വിളിക്കുന്നത്. താൽപര്യമില്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പലരും പറയുന്നത്.

ബ്ലോക്ക് ലെവൽ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ നിലപാട് ഉയർന്ന ഉദ്യോ​ഗസ്ഥർ പറയുന്നത് അനുസരിക്കുന്നു എന്നാണ്. ആസാം ഇലക്ഷൻ കമ്മീഷൻ ഓ​ഗസ്റ്റ് 19ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഉയർന്ന ഉദ്യോ​ഗസ്ഥരിൽ നിന്നുള്ള സ്വാധീനങ്ങളും നിർദേശങ്ങളും വ്യക്തമാക്കുന്നതാണ്. ബ്ലോക്ക് തലത്തിൽ വോട്ടർ ഐഡി - ആധാർ ലിങ്കിങ് ലക്ഷ്യം100 ശതമാനം പൂർത്തീകരിച്ച ഉദ്യോ​ഗസ്ഥന് അഭിനന്ദനവുമായായിരുന്നു ട്വീറ്റ്. ലക്ഷ്യം പൂർത്തീകരിക്കാത്ത ഉദ്യോ​ഗസ്ഥർക്ക് വ്യക്തിപരമായ സന്ദേശങ്ങൾ അയച്ച് ഉദ്യോ​ഗസ്ഥർ ഓർമപ്പെടുത്തും. ഓരോരുത്തരുടേയും പ്രവർത്തനം ദൈനംദിന അടിസ്ഥാനത്തിൽ നിരീക്ഷിക്കും. അതിനാലാണ് പലപ്പോഴും വോട്ടർ ഐഡിയും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുമെന്ന് വ്യക്തികളോട് പറയേണ്ടി വരുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ആധാർ നമ്പർ നൽകാൻ തയ്യാറല്ലെങ്കിൽ നിയമപ്രകാരമുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാനാണ് നിർദേശിക്കാറുള്ളതെന്നും അവർ വ്യക്തമാക്കുന്നു.

ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

വോട്ടർ പട്ടികയിലെ വ്യാജന്മാരെ തുരത്തുക എന്ന ലക്ഷ്യമാണ് ആധാർ - വോട്ടർ ഐഡി ബന്ധിപ്പിക്കലിന്റെ ആവശ്യകതയായി ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഈ പ്രശ്നത്തിന്റെ വ്യാപ്തിയെ പറ്റി ജനങ്ങൾക്ക് കൃത്യമായ ധാരണയില്ല. ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിച്ചാൽ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത് എങ്ങനെയാണെന്നതും വ്യക്തമല്ല. പ്രത്യേകിച്ചും ആധാറിലും വ്യാജ അക്കൗണ്ടുകളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനാൽ ഇതെങ്ങനെ കൃത്യമാകുമെന്ന് വിമർശകർ ചോദിക്കുന്നു. വ്യാജമായതിന്റെ പേരിൽ അഞ്ച് ലക്ഷത്തോളം ആധാർ കാർഡുകൾ റദ്ദാക്കിയെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ സമീപകാല റിപ്പോർട്ടും അവർ ചൂണ്ടിക്കാട്ടുന്നു.

തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി ഏകദേശം 55 ലക്ഷം വോട്ടർമാരെ ആധാർ - വോട്ടർ ഐഡി രേഖകൾ തമ്മിൽ ബന്ധിപ്പിച്ചതിന് ശേഷവും പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു എന്നതാണ് മറ്റൊരു യാഥാർഥ്യം. വ്യാജ ആധാർ നമ്പറുകളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

2020ൽ പുറത്തുവന്ന റിപ്പോർട്ടിൽ ആധാർ നമ്പറുമായി ബന്ധിപ്പിച്ച റേഷൻ കാർഡുകൾ പലതും ഈ മാനദണ്ഡപ്രകാരം റദ്ദാക്കിയതായി വ്യക്തമാണ് .

സുരക്ഷാ കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ഡാറ്റ പ്രൊട്ടക്ഷൻ നിയമം ഇല്ലാത്തതിനാൽ തന്നെ വോട്ടർമാരുടെ വ്യക്തി വിവരങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ആധാർ - വോട്ടർ ഐഡി ബന്ധിപ്പിക്കലിലൂടെ പൗരന്മാരുടെ മൗലിക അവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും ആശങ്കയുയരുന്നു.

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചതിന്റെ പേരിൽ വ്യാജ അക്കൗണ്ടാണെന്ന് കണ്ടെത്തി ആരെയെങ്കിലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയാലും അത് നിയമവിരുദ്ധമാകും

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചതിന്റെ പേരിൽ വ്യാജ അക്കൗണ്ടാണെന്ന് കണ്ടെത്തി ആരെയെങ്കിലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയാലും അത് നിയമവിരുദ്ധമാകും. ഭരണഘടനയുടെ 326--ാം വകുപ്പ് പ്രകാരം വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. രാജ്യത്ത് താമസമില്ലാത്തവർ, മാനസികാസ്വാസ്ഥ്യമുള്ളവർ, കുറ്റകൃത്യം അല്ലെങ്കിൽ അഴിമതി എന്നീ കാരണങ്ങളാൽ മാത്രമെ വോട്ടവകാശം റദ്ദാക്കാൻ ഭരണഘടന അനുമതി നൽകുന്നുള്ളൂ.

logo
The Fourth
www.thefourthnews.in