പോൺതാരത്തിന് പണം നൽകിയ കേസിൽ ക്രിമിനൽ കുറ്റം: ട്രംപിന് മുൻപിൽ ഇനിയെന്ത്?

പോൺതാരത്തിന് പണം നൽകിയ കേസിൽ ക്രിമിനൽ കുറ്റം: ട്രംപിന് മുൻപിൽ ഇനിയെന്ത്?

'രാഷ്ട്രീയ വേട്ടയാട'ലായിട്ടാണ് ട്രംപ് കേസിനെ ചിത്രീകരിക്കുന്നതെങ്കിലും 2024 തിരഞ്ഞെടുപ്പിൽ കേസ് വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയുടെ വിധിയോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ അമേരിക്കൻ മുൻ പ്രസിഡന്റായി മാറിയിരിക്കുകയാണ് ഡോണൾഡ് ട്രംപ്. പോൺ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ അവർക്ക് ട്രംപ് 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപായി പണം നൽകിയെന്നാണ് കേസ്. 'രാഷ്ട്രീയ വേട്ടയാട'ലായിട്ടാണ് ട്രംപ് കേസിനെ ചിത്രീകരിക്കുന്നതെങ്കിലും 2024 തിരഞ്ഞെടുപ്പിൽ കേസ് വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്താണ് ശരിക്കും കേസ്?

പോൺ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ട്രംപിന്റെ വിവാഹേതര ബന്ധം മറച്ചുവയ്ക്കാൻ അദ്ദേഹത്തിന്റ അഭിഭാഷകനായിരുന്ന മൈക്കിൾ കോഹെൻ മുഖേന പണം നൽകിയെന്നതാണ് കേസിനാധാരം. 2006 ജൂലൈയിൽ ചാരിറ്റി ഗോൾഫ് ടൂർണമെന്റിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും ഇരുവരും ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഡാനിയേല്‍സ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. 2016ലെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപ് ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിൾ കോഹെൻ തന്റെ ഷെൽ കമ്പനി വഴി 1,30,000 ഡോളർ നൽകിയെന്നും സ്റ്റോമി ഡാനിയേല്‍സ് പറഞ്ഞിരുന്നു. ആ സമയത്ത് ട്രംപിന്റെ അഭിഭാഷകൻ മൈക്കിൾ കോഹെൻ ഈ വാദത്തെ ശക്തമായി നിഷേധിച്ചിരുന്നു.

ട്രംപിന്‍റെ ഓഫീസിന് മുന്നില്‍ പോലീസ് (പഴയ ചിത്രം)
ട്രംപിന്‍റെ ഓഫീസിന് മുന്നില്‍ പോലീസ് (പഴയ ചിത്രം)

തന്റെ വിവാഹേതര ബന്ധം പ്രസിഡന്റാകാനുള്ള സാധ്യതകൾക്ക് മങ്ങലേല്പിക്കുമെന്ന തിരിച്ചറിവായിരുന്നു ഡാനിയേൽസിനെ നിശബ്ദമാക്കാനുള്ള തീരുമാനത്തിന് പിന്നിൽ

ഓഗസ്റ്റ് 2018ൽ നികുതി വെട്ടിപ്പിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ച കേസിലും കോഹെനെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഡാനിയേൽസിന് നൽകിയ പണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു. ഡാനിയേൽസിന് പണം നൽകിയത് സമ്മതിച്ചുവെങ്കിലും ട്രംപിന് ഇതുമായി ബന്ധമില്ലെന്നായിരുന്നു കോഹെൻ ആദ്യം വാദിച്ചിരുന്നത്. പിന്നീട്, തിരഞ്ഞെടുപ്പിന് മുൻപ് 130,000 ഡോളർ അടയ്ക്കാൻ ട്രംപാണ് തന്നോട് നിർദേശിച്ചതെന്ന് കോഹെൻ വെളിപ്പെടുത്തി. ഇതേത്തുടർന്നാണ് ഡാനിയേല്‍സും ട്രംപുമായുളള ഇടപാടിനെക്കുറിച്ചുള്ള കേസിൽ അന്വേഷണം ആരംഭിക്കുന്നത്.

അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന് എതിരായി അന്വേഷണം നടത്താൻ പാടില്ലെന്ന് ട്രംപിന്‍റെ അഭിഭാഷകർ കോടതിയിൽ വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. അന്ന് മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണിയായിരുന്ന സൈറസ് വാൻസാണ് 2019ൽ അന്വേഷണം ആരംഭിച്ചത്. ട്രംപിന്റെ കമ്പനിയുടെ എട്ടുവർഷത്തെ സാമ്പത്തിക ഇടപാടുകൾ വരെ പരിശോധിക്കപ്പെട്ടു. പിന്നീടാണ് വാൻസിന് പകരക്കാരനായി ആൽവിൻ ബ്രാഗ് എത്തുന്നത്. ഡാനിയൽസിന് പണം കൈമാറിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രംപിന് പങ്കുള്ളതായി ബ്രാഗ് ഡിസംബറില്‍ കണ്ടെത്തി. തുടർന്ന്, താൻ മൂന്നു ദിവസത്തിനുശേഷം അറസ്റ്റ് ചെയ്യപ്പെടുമെന്ന് മാർച്ച് 18ന് ട്രംപ് അറിയിച്ചു.

തന്റെ വിവാഹേതര ബന്ധം പ്രസിഡന്റാകാനുള്ള സാധ്യതകൾക്ക് മങ്ങലേല്പിക്കുമെന്ന തിരിച്ചറിവായിരുന്നു ഡാനിയേൽസിനെ നിശബ്ദമാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. അതിനായി അഭിഭാഷകൻ മൈക്കൽ കോഹെന്റെ ഷെൽ കമ്പനി വഴി ഡാനിയേൽസിന് പണം നൽകിയത്. ട്രംപ്, കോഹെന് പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ ഇതൊന്നും തിരഞ്ഞെടുപ്പ് ചെലവുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. മറിച്ച് നികുതിയിൽ ഇളവ് ലഭിക്കുന്നതിന് കമ്പനിയുടെ റീഇമ്പേഴ്സ്മെന്റ് ഫണ്ടിലാണ് ഈ തുക വകയിരുത്തിയത്. തിരഞ്ഞെടുപ്പിൽ സഹായിക്കാൻ വേണ്ടി ഉപയോഗിച്ച തുക, പ്രചാരണ ഫണ്ടിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ഫെഡറൽ പ്രോസിക്യൂട്ടർമാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

ആല്‍വിന്‍ ബ്രാഗ്
ആല്‍വിന്‍ ബ്രാഗ്

ബന്ധത്തെക്കുറിച്ച് പലതവണ പുറത്തുപറയാൻ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയതിനാലാണ് പിന്മാറിയതെന്നും ഡാനിയേല്‍സ് പറഞ്ഞു. 2016ൽ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ഡാനിയേൽസ്, നിരവധി ചാനലുകളെ സമീപിച്ചെങ്കിലും ആരും കഥ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. തനിക്ക് ട്രംപുമായുണ്ടായ ബന്ധത്തെക്കുറിച്ചും അതേ തുടർന്നുണ്ടായ സംഭവങ്ങളും 2018ലാണ് അമേരിക്കയിലെ മാധ്യമസ്ഥാപനമായ സിബിഎസിന് നൽകിയ അഭിമുഖത്തിൽ ഡാനിയേല്‍സ് വിശദീകരിച്ചത്.

ഇനിയെന്ത്?

തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ സ്വമേധയാ കീഴടങ്ങുകയാണെങ്കിൽ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങില്ല. ട്രംപിനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിന് അദ്ദേഹത്തിന്‍റെ അഭിഭാഷകരുമായി ബന്ധപ്പെട്ടതായി മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി വ്യാഴാഴ്ച വൈകീട്ട് പറഞ്ഞു. ട്രംപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്നാണ് നിലവിലെ വിവരം.

ഡോണള്‍ഡ് ട്രംപ്
ഡോണള്‍ഡ് ട്രംപ്

ഒരു മുൻ പ്രസിഡന്റിന്റെ മേൽ ക്രിമിനൽ കുറ്റം ചുമത്തുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യ സംഭവമായതിനാൽ അറസ്റ്റ് സമയത്ത് വിലങ്ങണിയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ എങ്ങനെയാകുമെന്നതിൽ വ്യക്തതയില്ല. എന്നാൽ കുറ്റാരോപിതനായ ഒരാൾ പോലീസ് കസ്റ്റഡിയിലായാൽ തുടരേണ്ട മിക്ക നടപടികളും ട്രംപിന്റെ കാര്യത്തിലും പാലിക്കപ്പെടും. വിരലടയാളം രേഖപ്പെടുത്തൽ മഗ് ഷോട്ട് ഫോട്ടോയെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ട്രംപിനെ മാൻഹാട്ടൻ കോടതിയിൽ ഹാജരാക്കും. അന്ന് നടക്കുന്ന വിചാരണയിലാകും ട്രംപിന് ജാമ്യം അനുവദിക്കണോ വേണ്ടയോ എന്നതിൽ തീരുമാനമുണ്ടാകുക.

റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപിന്റെ സ്വാധീനത്തിന് ഇതുവരെയും ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഉപദേശകർ അവകാശപ്പെടുന്നത്

ട്രംപിനെ കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ ലോവർ മാൻഹാട്ടനിലെ ക്രിമിനൽ കോടതി ജഡ്ജിയുടെ മുൻപാകെ ഹാജരാകുന്നത് വരെ മുൻ പ്രസിഡന്റിന് ലഭിക്കേണ്ട എല്ലാ സംരക്ഷണവും ട്രംപിന് ലഭിക്കും. സീക്രട്ട് സർവീസ് സായുധ ഉദ്യോഗസ്ഥർ നടപടികളുടെ ഓരോ ഘട്ടത്തിലും ട്രംപിനൊപ്പമുണ്ടാകും.

ട്രംപ് കീഴടങ്ങുമെന്നും അതിനായി ന്യൂയോർക്കിലേക്ക് പോകുമെന്നും ട്രംപിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. കുറ്റപത്രത്തിൽ അക്രമരഹിതമായ കുറ്റാരോപണങ്ങൾ മാത്രമേ ഉള്ളുവെങ്കിൽ സ്വന്തം ജാമ്യത്തിൽ വിടാനും സാധ്യതയേറെയാണ്.

ഡോണള്‍ഡ് ട്രംപ്  അടുത്തിടെ നടത്തിയ റാലിയില്‍
ഡോണള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ റാലിയില്‍

ട്രംപിന് ജയിലിൽ പോകേണ്ടി വരുമോ?

ന്യൂയോർക് സ്റ്റേറ്റ് ലോ പ്രകാരം, പ്രചാരണ-സാമ്പത്തിക നിയമലംഘനം നാലുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ കമ്പനിയുടെ സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ചെവെന്ന ആരോപണവും മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗ് പരിഗണിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ ആരോപണങ്ങളുടെ തീവ്രത കുറയാൻ സാധ്യതയുള്ളതിനാലും കേസിലെ വിധികൾ വ്യത്യാസപ്പെടാം. പൊതുവേ, ക്രിമിനൽ പശ്ചാത്തലുമില്ലാത്ത വ്യക്തിക്ക് താരതമ്യേന തീവ്രത കുറഞ്ഞ ക്രിമിനൽ കുറ്റങ്ങൾക്ക് കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുന്നത് അസാധാരണമാണ്. അതുകൊണ്ട് തന്നെ ട്രംപ് ശിക്ഷിക്കപ്പെട്ടാലും ജയിലിൽ കഴിയേണ്ടി വരുമോ എന്നതിൽ തീർച്ചയില്ല.

ഇനി മത്സരിക്കാനാകുമോ?

കേസിൽ ശിക്ഷിക്കപ്പെട്ടാലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ട്രംപിന് സാധിക്കും. എന്നാൽ മത്സരരംഗത്ത് തന്റെ പേരിലുള്ള ക്രിമിനൽ കേസ് എങ്ങനെ ബാധിക്കുമെന്നതാണ് സംശയമായി നിലനിൽക്കുന്നത്. ഒരു വിഭാഗം ട്രംപിനെ അനുകൂലിച്ചും മറ്റൊരു വിഭാഗം പ്രതികൂലിച്ചും രംഗത്തുണ്ട്. എന്നിരുന്നാലും റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപിന്റെ സ്വാധീനത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഉപദേശകർ അവകാശപ്പെടുന്നത്. തനിക്കെതിരെയുള്ള കേസിനെ രാഷ്ട്രീയ വേട്ടയാടലായി ചിത്രീകരിച്ച് കൂടുതൽ ജനപിന്തുണ നേടിയെടുക്കാൻ ട്രംപ് മുൻപേ തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

logo
The Fourth
www.thefourthnews.in