പള്ളികളുടെ 'ചരിത്രം' ചികയുന്നവർക്ക് അറിയുമോ 1991ലെ  ആരാധാനാലയ നിയമം?

പള്ളികളുടെ 'ചരിത്രം' ചികയുന്നവർക്ക് അറിയുമോ 1991ലെ ആരാധാനാലയ നിയമം?

മതേതര മൂല്യത്തെ സംരക്ഷിക്കാന്‍ നിര്‍മിക്കപ്പെട്ടതെന്ന്‌ സുപ്രീകോടതി തന്നെ പലപ്പോഴായി ഉയര്‍ത്തിക്കാട്ടിയ നിയമമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.

മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളിയുടെ 'ചരിത്രം' തിരയാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിരിക്കകയാണ് അലഹബാദ് ഹൈക്കോടതി. പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ മൂന്നംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ജന്മസ്ഥലത്ത് 1670-ല്‍ മുഗള്‍ രാജാവ് ഔറംഗസേബിന്റെ കാലത്താണ് പള്ളി പണിതതെന്നും അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

കാശിയിലെ ഗ്യാന്‍വാപി പള്ളിക്ക് കീഴെ ക്ഷേത്രമുണ്ടെന്ന വാദത്തെത്തുടര്‍ന്ന് അതിനെക്കുറിച്ചുള്ള പരിശോധനയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ. ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി പണിതതെന്നായിരുന്നു ബാബ്‌റി മസ്ജിദിന്റെ കാര്യത്തിലും ഉന്നയിക്കപ്പെട്ട വാദം.

പള്ളികളുടെ 'ചരിത്രം' ചികയുന്നവർക്ക് അറിയുമോ 1991ലെ  ആരാധാനാലയ നിയമം?
കൃഷ്ണജന്മഭൂമി കേസ്: പരിശോധനയ്ക്ക് കമ്മീഷനെ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

എന്നാല്‍ ഇപ്പോള്‍ ഈ രണ്ടു പള്ളികളുടെയും കാര്യത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ഒരു നിയമം അസാധുവാക്കപ്പെടുകയല്ലേ എന്ന ആശങ്കയാണ് മതേതരവാദികളും, ചരിത്രകാരന്മാരും പല രാഷ്ട്രീയ നിരീക്ഷകരും ചോദിക്കുന്നത്. ബാബ്‌റി മസ്ജിദിന്റെ കാര്യത്തിലൊഴികെ മറ്റൊരു ആരാധാനലയത്തിന്റെയും നിലനില്‍ക്കുന്ന അവസ്ഥ ചോദ്യം ചെയ്യപ്പടാന്‍ പാടില്ലെന്നൊരു നിയമം രാജ്യത്തുണ്ട്. ആ നിയമം നിലനില്‍ക്കെയാണ് നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന പള്ളികളില്‍ പരിശോധന നടക്കുന്നത്.

തൊണ്ണൂറുകളിൽ ബാബ്റി പള്ളി പൊളിക്കാൻ അക്രമോൽസുകമായ മാർഗങ്ങൾ തേടുമ്പോഴാണ് സംഘപരിവാർ ഇങ്ങനെ ഒരു മുദ്രാവാക്യം ഉയർത്തിയത്. 'അയോദ്ധ്യ തോ ബസ് ജാങ്കി ഹേയ്, കാശി മഥുര ബാക്കി ഹേയ്, ജഹാം ജഹാം ദാഗ് ഹൈ സബ് സാഫ് കിയാ ജായേഗ''... അതായത് ''ബാബ്‌റി പള്ളിയില്‍ മാത്രം അവസാനിക്കില്ല, കാശിയും മഥുരയും ബാക്കിയുണ്ട്. എവിടെയൊക്കെ കറയുണ്ടോ അവിടമെല്ലാം വൃത്തിയാക്കും''... ഈ മുദ്രാവാക്യം ശക്തമായപ്പോഴാണ്, 1991 ൽ നരസിംഹ റാവു ഒരു നിയമം കൊണ്ടുവന്നത്; പ്ലേസസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷല്‍ പ്രൊവിഷ്യന്‍സ്) ആക്ട്.

പള്ളികളുടെ 'ചരിത്രം' ചികയുന്നവർക്ക് അറിയുമോ 1991ലെ  ആരാധാനാലയ നിയമം?
കൃഷ്ണ ജന്മഭൂമി കേസ്: മഥുര ഷാഹി ഈദ്ഗാഹില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി

2019ൽ ബാബരി മസ്ജിദ് ഭൂമി ഹിന്ദു ട്രസ്റ്റിന് വിട്ടുനൽകിക്കൊണ്ട് നടത്തിയ വിധിപ്രസ്താവത്തിൽ രാജ്യത്തിൻറെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നിയമമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ച നിയമമാണ് 'പ്ലെയ്‌സസ് ഓഫ് വർഷിപ്പ് ആക്ട്'. എന്നാൽ അതേകോടതിയാണ് ആ ഒരു സ്ഥലത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിനുള്ള നടപടിക്രമം 'പ്ലെയ്‌സസ് ഓഫ് വർഷിപ്പ് ആക്ട്' തടയുന്നില്ലെന്ന് 2022 മേയിൽ പറഞ്ഞത്. വാരാണസിയിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട കേസിലായിരുന്നു നിരീക്ഷണം. ഇതിലൂടെ പള്ളിയിൽ വീഡിയോഗ്രാഫിക് സർവേ നടത്തണമെന്ന വാരണാസി കോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി സാധൂകരിക്കുകയും ചെയ്തു.

പള്ളികളുടെ 'ചരിത്രം' ചികയുന്നവർക്ക് അറിയുമോ 1991ലെ  ആരാധാനാലയ നിയമം?
കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് സർവേ: ഹർജി തള്ളി സുപ്രീം കോടതി

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം, അലഹബാദ് ഹൈക്കോടതി മഥുരയിലെ കൃഷ്ണ ജന്മഭൂമി കേസിലും ഷാഹി ഈദ് ഗാഹിൽ സർവേ നടത്താൻ അഭിഭാഷക സംഘത്തെ നിയമിച്ചിരിക്കുകയാണ്. ഇവിടെയെല്ലാം മതേതര മൂല്യത്തെ സംരക്ഷിക്കാന്‍ നിര്‍മിക്കപ്പെട്ടതെന്ന്‌ സുപ്രീകോടതി തന്നെ പലപ്പോഴായി ഉയര്‍ത്തിക്കാട്ടിയ നിയമമാണ് ചോദ്യംചെയ്യപ്പെടുന്നത്.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ അതുതന്നെ നിലനിർത്തണമെന്നാണ് 'പ്ലെയ്‌സസ് ഓഫ് വർഷിപ്പ് ആക്ട്' വ്യവസ്ഥ ചെയ്യുന്നത്. ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം പരിവർത്തനം ചെയ്യുന്നതിന് ഹർജി ഫയൽ ചെയ്യുന്നതോ മറ്റേതെങ്കിലും നിയമനടപടികൾ ആരംഭിക്കുന്നതോ പോലും 1991-ലെ നിയമത്തിന്റെ നാലാം വകുപ്പ് തടയുന്നുണ്ട്.

കൂടാതെ, ആയോധ്യ വിധിയിൽ മറ്റൊരു നിരീക്ഷണം കൂടി സുപ്രീംകോടതി നടത്തിയിരുന്നു. പൊതു ആരാധനാലയങ്ങളുടെ സ്വഭാവത്തെ ചരിത്രത്തെയും അവയുടെ തെറ്റുകളും കൊണ്ട് നിർണയിക്കരുതെന്നാണ് അന്ന് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. എന്നിട്ടും 2022 മേയിൽ ഗ്യാൻവാപി പള്ളിയുടെ സ്വഭാവം നിശ്ചയിക്കുന്നതിന് വേണ്ടി സർവേ നടത്താനുള്ള അനുമതി സുപ്രീംകോടതി നൽകി. ശരിക്കും സുപ്രീംകോടതിയുടെ മുൻ വിധികളെയും നിരീക്ഷണങ്ങളെയും തകിടം മറിക്കുകയായിരുന്നു അതിലൂടെ നിലവിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചെയ്തതെന്ന് വിമർശനങ്ങളും ഉയർന്നിരുന്നു.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ അതുതന്നെ നിലനിർത്തണമെന്നാണ് 'പ്ലെയ്‌സസ് ഓഫ് വർഷിപ്പ് ആക്ട്' വ്യവസ്ഥ ചെയ്യുന്നത്.

പള്ളികൾ ഹിന്ദുക്കൾക്ക് വിട്ടുനല്കണമെന്ന കാശിയിലെയും മഥുരയിലെയും ഹർജികൾ 1991ലെ നിയമമനുസരിച്ച് പരിശോധിച്ചാൽ അവ ഫയലിൽ സ്വീകരിക്കുക പോലും സാധ്യമല്ലെന്നാണ് പല നിയമജ്ഞരും പറയുന്നത്. അതുകൊണ്ടുതന്നെയാണ് പലപ്പോഴായി ഈ നിയമത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും മറ്റൊരു ഭാഗത്ത് തകൃതിയായി നടക്കുന്നത്. 2020 ജൂലൈയിൽ, ലഖ്‌നൗ ആസ്ഥാനമായുള്ള വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ്, 1991 ലെ ആക്ടിന്റെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 2021 മാർച്ചിൽ അഭിഭാഷകനും ബിജെപി മുൻ വക്താവുമായ അശ്വിനി ഉപാധ്യയും നിയമത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.

രാജ്യത്ത് ഹിന്ദുത്വ ശക്തികൾ പിടിമുറുക്കുകയും ഇന്ത്യൻ ഭരണഘനയുടെ ആത്മാവായ മതേതര മൂല്യങ്ങളെ തച്ചുടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലത്താണ് കോടതികളിൽനിന്ന് ഇത്തരം തീർപ്പുകൾ ഉണ്ടാകുന്നത്. നിലനിൽക്കുന്ന നിയമങ്ങൾ ആരാധനാലയങ്ങളെ സ്വാതന്ത്ര്യം ലഭിച്ച സമയത്തുണ്ടായിരുന്ന പോലെ നിലർനിർത്തണമെന്ന് ആവശ്യപ്പെടുമ്പോഴും ഗ്യാൻവാപിയുടെയും ഷാഹി ഈദ് ഗാഹിന്റെയുമൊക്കെ കാര്യത്തിൽ മറിച്ചുള്ള ഉത്തരവുകളാണ് ഉണ്ടാകുന്നത്. ഈ ആരാധനാലയങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിലൂടെ കോടതികൾ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യം അതുകൊണ്ടുതന്നെ പ്രസക്തമാണ്.

logo
The Fourth
www.thefourthnews.in