പലസ്തീന്റെ ചെറുത്തുനിൽപ്പും ലോകത്തിന്റെ ഐക്യദാർഢ്യവും; അടയാളമായി മാറുന്ന കെഫിയ

പലസ്തീന്റെ ചെറുത്തുനിൽപ്പും ലോകത്തിന്റെ ഐക്യദാർഢ്യവും; അടയാളമായി മാറുന്ന കെഫിയ

പ്രത്യേക പാറ്റേണുകളോടുകൂടിയ ചതുരാകൃതിയിലുള്ള കെഫിയ ആദ്യമായി ഉപയോഗിച്ചിരുന്നത് നാടോടി ഗോത്രവിഭാഗമായ ബദായൂണുകളായിരുന്നു

ഒരുകാലത്ത് മരുഭൂമിയിലെ കൊടും ചൂടിൽനിന്നും പൊടിക്കാറ്റിൽനിന്നും രക്ഷനേടാൻ ധരിച്ചിരുന്ന വസ്ത്രം. ഇന്നത് ലോകത്താകമാനം ചെറുത്തുനില്‍പ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമാണ്. പലസ്തീൻ ജനതയ്ക്കായി ഉയരുന്ന പ്രതിഷേധ പ്രകടനങ്ങളിലെ സ്ഥിരസാന്നിധ്യം. 2023 ഒക്ടോബർ ഏഴിനു ശേഷം, 'കെഫിയ' നീതിക്കുവേണ്ടിയുള്ള മുറവിളിയുടെ ആയുധമായി കൂടിയാണ് പരിഗണിക്കപ്പെടുന്നത്.

പണ്ട് ബെത്ലഹേമിലെ ആരാധനാലയങ്ങളിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പലസ്തീൻ വിമോചനത്തിന്റെ മുന്നണി പോരാളികളിൽ ഒരാളായിരുന്ന യാസർ അറഫാത്തും കുടുംബവും സ്ഥിരസാന്നിധ്യമായിരുന്നു. കുർബാന നടക്കുന്നതിനിടെ പള്ളിയിലേക്കു കയറിച്ചെന്ന അറഫാത്തിനെയും കുടുംബത്തെയും അൾത്താരയിൽ നിന്നിറങ്ങി ചെന്ന് പുരോഹിതന്മാർ സ്വീകരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. പിന്നീട് അറഫാത്തിനെ ഇസ്രയേൽ ഭരണകൂടം തടവിലാക്കിയപ്പോൾ, അദ്ദേഹം തന്റെ കെഫിയ (ടർബൻ) പള്ളിയിലേക്ക് കൊടുത്തയക്കുമായിരുന്നു. അതൊരു കസേരയിൽ വച്ച ശേഷമായിരുന്നു ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയിരുന്നത്. 2004-ൽ അറഫാത്ത് മരിക്കും വരെയും ആ പതിവ് തുടർന്നു. അന്നത് യാസർ അറഫാത്തിലൂടെയായിരുന്നു കൂടുതല്‍ ജനശ്രദ്ധ നേടിയത്.

യാസർ അറഫാത്ത്
യാസർ അറഫാത്ത്

അവിടെനിന്ന് 19 വർഷത്തിനിപ്പുറം, കൃത്യമായി പറഞ്ഞാൽ 2023 ഒക്ടോബർ ഏഴോടെ കെഫിയയെ ലോകം ഏറ്റെടുത്തു. ഓരോ പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങളിലും കെഫിയ പ്രത്യക്ഷപ്പെട്ടു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടങ്ങി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന, അമേരിക്കയിലെ കൊളംബിയ ഉൾപ്പെടെയുള്ള യുണിവേഴ്സിറ്റികളിലും കെഫിയ പ്രതിഷേധസ്വരമായി ഉയർത്തപ്പെട്ടു. കെഫിയ ധരിച്ചെത്തിയ വിദ്യാർഥികൾ പലസ്തീനുവേണ്ടി മുദ്രാവാക്യങ്ങൾ മുഴക്കി. അവർക്ക് സ്വാഭാവിക നീതി ലഭിക്കണമെന്ന് ആവശ്യങ്ങൾ ഉന്നയിച്ചു.

കെഫിയയുടെ ചരിത്രം

പശ്ചിമേഷ്യയിലെ വരണ്ട ഭൂപ്രകൃതിയിൽ നൂറ്റാണ്ടുകളോളം നീളുന്ന, ആഴത്തിൽ വേരുകളുള്ള ഒരു വസ്ത്രമാണ് കെഫിയ. പരുത്തിയിൽനിന്ന് നിർമിക്കുന്ന, പ്രത്യേക പാറ്റേണുകളോട് കൂടിയ ചതുരാകൃതിയിലുള്ള കെഫിയ ആദ്യമായി ഉപയോഗിച്ചിരുന്നത് നാടോടി ഗോത്രവിഭാഗമായ ബദായൂണുകളായിരുന്നു. മരുഭൂമിയിലെ സൂര്യനിൽനിന്നും മണലിൽനിന്നുമുള്ള സംരക്ഷണമായിരുന്നു ഉദ്ദേശ്യം. അത് പിന്നീട് പ്രദേശത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങളിലുടനീളം വ്യാപകമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യഹൂദ- അറബ് സമൂഹങ്ങളും കെഫിയെ ഏറ്റെടുത്തു. ഒട്ടോമൻ- ബ്രിട്ടീഷ് നിയന്ത്രിത പലസ്തീനിലേക്കു കുടിയേറിയ പല ജൂതവിഭാഗങ്ങളും പ്രാദേശിക ജീവിതശൈലിയുടെ ഭാഗായായിരുന്നു കെഫിയയെ കണ്ടത്.

കെഫിയയുടെ അനുരണനം വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും മാത്രം ഒതുങ്ങിയിട്ടില്ല. പലസ്തീൻ പ്രതിഷേധങ്ങളുടെയും ചെറുത്തുനിൽപ്പിൻ്റെയും ചിത്രങ്ങൾ ആഗോളതലത്തിൽ പ്രചരിച്ചതോടെ കെഫിയയും ഒപ്പം സഞ്ചരിച്ചു

കെഫിയയിലെ ഓരോ പാറ്റേണിനും വിവിധ അർത്ഥങ്ങളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അരികുകളിലെ വീതിയുള്ള കറുത്ത വരകൾ പലസ്തീനിലൂടെ സഞ്ചരിച്ചിരുന്ന ചരിത്രപരമായ വ്യാപാരപാതകളെ സൂചിപ്പിക്കുന്നു. മീൻവല പോലുള്ള രൂപകല്പന മെഡിറ്ററേനിയൻ കടലുമായുള്ള ഫലസ്തീനികളുടെ ബന്ധത്തെ പ്രതിനിധീകരിക്കുന്നു. വളഞ്ഞ വരകൾ ഒലിവ് മരങ്ങളോട് സാമ്യമുള്ളതാണ്, ഇത് പലസ്തീനികളുടെ അഭിമാനത്തിൻ്റെ സൂചകമാണ്.

പലസ്തീന്റെ ചെറുത്തുനിൽപ്പും ലോകത്തിന്റെ ഐക്യദാർഢ്യവും; അടയാളമായി മാറുന്ന കെഫിയ
പലസ്തീൻ അനുകൂല പ്രതിഷേധം: പ്രക്ഷോഭകരെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല, നടപടി അന്ത്യശാസനം അവഗണിച്ചതോടെ

പ്രായോഗികതയ്‌ക്കു പുറമേ, വർഗസമരത്തിൻ്റെ പ്രതീകമായും കെഫിയ മാറിയിരുന്നു. പലസ്തീനിലെ ഗ്രാമീണകർഷകരുടെ അടയാളമായിരുന്നു കെഫിയ. 1970-കളിൽ പലസ്തീൻ ദേശീയ പ്രസ്ഥാനമായ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ നേതാവായ യാസർ അറഫാത്ത് ഈ വസ്ത്രം സ്വീകരിക്കുകയും ജനപ്രിയമാക്കുകയും ചെയ്തപ്പോൾ കെഫിയയ്ക്കും പ്രാധാന്യമേറി. അറഫാത്താണ് തലയും തോളുകളും പൊതിയുന്ന കെഫിയെ അവതരിപ്പിക്കുന്നത്, പലസ്തീൻ രാഷ്ട്രമെന്ന ലക്ഷ്യത്തിൻ്റെ തന്നെ പര്യായമായി ഇത് മാറി.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കെഫിയ ധരിച്ച വിദ്യാർഥി
കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കെഫിയ ധരിച്ച വിദ്യാർഥി

കെഫിയയുടെ അനുരണനം വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും മാത്രം ഒതുങ്ങിയിട്ടില്ല. പലസ്തീൻ പ്രതിഷേധങ്ങളുടെയും ചെറുത്തുനിൽപ്പിൻ്റെയും ചിത്രങ്ങൾ ആഗോളതലത്തിൽ പ്രചരിച്ചതോടെ കെഫിയയും ഒപ്പം സഞ്ചരിച്ചു. ലോകമെമ്പാടുമുള്ള പ്രവർത്തകരും അനുഭാവികളും പലസ്തീൻ ലക്ഷ്യത്തോടുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായി കെഫിയെ സ്വീകരിച്ചു. പലസ്തീനികളെ സംബന്ധിച്ചിടത്തോളം, കെഫിയ അവരുടെ സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത ആഗ്രഹത്തെ പ്രതീകപ്പെടുത്തുന്നു. അവരുടെ ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണത്.

logo
The Fourth
www.thefourthnews.in