തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ എങ്ങനെ ഉറപ്പ് വരുത്തും? PoSH ആക്ട് പറയുന്നതെന്ത്?

തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ എങ്ങനെ ഉറപ്പ് വരുത്തും? PoSH ആക്ട് പറയുന്നതെന്ത്?

ഇന്ത്യയിലെ 30 ദേശീയ കായിക ഫെഡറേഷനുകളില്‍ പകുതിയിലും ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013ലെ (PoSH)നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി(ICC) ഇല്ലെന്നതാണ് വസ്തുത

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണമുന്നയിച്ച രാജ്യത്തെ ഗുസ്തി താരങ്ങള്‍ തലസ്ഥാനത്ത് സമരമിരിക്കുകയാണ്. നീതിക്കായി രാപ്പകലില്ലാതെ താരങ്ങള്‍ തെരുവില്‍ കഴിയുമ്പോള്‍ രാജ്യത്ത് തൊഴിലിടങ്ങളില്‍ പീഡനമനുഭവിക്കുന്നവര്‍ക്കായുള്ള നിയമങ്ങളൊക്കെ നോക്കുകുത്തിയാകുകയാണ്.

ഇന്ത്യയിലെ 30 ദേശീയ കായിക ഫെഡറേഷനുകളില്‍ പകുതിയിലും ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013ലെ (PoSH)നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി(ICC) ഇല്ലെന്നതാണ് വസ്തുത. ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മേരി കോമിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണത്തില്‍ ഗുസ്തി ഫെഡറേഷന്റെ കീഴില്‍ ഐസിസി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമം എന്താണ്?

ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക പീഡന നിരോധന നിയമം 2013 ലാണ് പാസാക്കിയത്. PoSH ആക്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ലൈംഗികാതിക്രമം എന്താണെന്നും പീഡനം നേരിടേണ്ടി വന്നാല്‍ പാരാതിപ്പെടാനും അന്വേഷണത്തിനുമുള്ള നടപടി ക്രമങ്ങളും ഇതില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.

PoSH ആക്ട് നിലവില്‍ വന്നത് എങ്ങനെ?

1997ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിലുണ്ടായിരുന്ന മാർഗനിർദേശങ്ങളാണ് PoSH ആക്ടിന് പിന്നില്‍. വിശാഖ ഗൈഡ്‌ലൈന്‍സ് എന്ന പേരിലറിയപ്പെടുന്ന ഈ നിർദേശങ്ങള്‍ 2013ല്‍ വിപുലീകരിക്കുകയും നിയമത്തിന്റെ പിന്തുണ നല്‍കുകയും ചെയ്തു.

1992 ലുണ്ടായ ഒരു സംഭവമാണ് ഇതിനാധാരം. രാജസ്ഥാനില്‍ നിന്നുള്ള ഭന്‍വാരി ദേവി എന്ന സാമൂഹിക പ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായി. അവരുടെ ഗ്രാമത്തിലെ ഒരുവയസ് തികയാത്ത ഒരു പെണ്‍കുഞ്ഞിന്റെ വിവാഹം തടയാന്‍ ശ്രമിച്ചതിനാണ് കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും ക്രൂരമായി പീഡിപ്പിച്ചത്. ഈ സംഭവത്തില്‍ വിശാഖ എന്ന വനിതാ സംഘടനയുള്‍പ്പെടെയുള്ള സ്ത്രീകളുടെ കൂട്ടായ്മകള്‍ ചേര്‍ന്ന് കേസ് ഫയല്‍ ചെയ്തു. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 1997ല്‍ സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളിലുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്ന വിശാഖ ഗൈഡ്‌ലൈന്‍സ് പ്രാബല്യത്തില്‍ വന്നു.

പത്തോ അതിലധികമോ ജീവനക്കാരുള്ള ഓരോ തൊഴിലിടത്തിലും നിര്‍ബന്ധമായും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് PoSH നിയമത്തില്‍ പറയുന്നു

വിശാഖ ഗൈഡ്‌ലൈന്‍സില്‍ ലൈംഗിക പീഡനത്തെ നിര്‍വചിക്കുകയും നിരോധനം, പ്രതിരോധം, പരിഹാരം എന്നിങ്ങനെ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് പ്രധാന ചുമതലകള്‍ നല്‍കുകയും ചെയ്തു. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനായി ഒരു പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിന്നീട് 2013ല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിയമവിധേയമാക്കി.

ഐസിസി സമിതിയെക്കുറിച്ച് പോഷ് നിയമത്തില്‍ എന്താണ് പറയുന്നത്?

പത്തോ അതിലധികമോ ജീവനക്കാരുള്ള ഓരോ തൊഴിലിടത്തിലും നിര്‍ബന്ധമായി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് നിയമത്തില്‍ പറയുന്നു. ഇതില്‍ ലൈംഗികാതിക്രമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും പരാതിയെ അടിസ്ഥാനമാക്കി നടപടിയെടുക്കുന്നതിനെക്കുറിച്ചും കൃത്യമായി പറയുന്നുണ്ട്. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയോ അവിടെ സന്ദര്‍ശിക്കുകയോ ചെയ്യുന്ന എല്ലാ സ്ത്രീകളുടെയും അവകാശങ്ങള്‍ ഈ നിയമം ഉറപ്പ് വരുത്തുന്നുണ്ട്.

ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കപ്പെട്ട ശേഷം പരാതിക്കാരെ സ്വാധീനിക്കുന്നതും കുറ്റകരമാണ്

PoSH നിയമത്തില്‍ ലൈംഗികാതിക്രമങ്ങളെ എങ്ങനെയാണ് നിര്‍വചിച്ചിരിക്കുന്നത്?

നിയമപ്രകാരം, താഴെ പറയുന്ന 'ഇഷ്ടപ്പെടാത്ത പ്രവൃത്തികള്‍ അല്ലെങ്കില്‍ പെരുമാറ്റ'ങ്ങളില്‍ ഏതെങ്കിലും ഒരു കാര്യം നേരിട്ടോ അല്ലാതെയോ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് ലൈംഗികാതിക്രമങ്ങളില്‍ പെടുന്നു.

  • ശാരീരികമായ ഉപദ്രവവും സമീപനവും

  • ലൈംഗിക താല്പര്യങ്ങള്‍ക്കായി ആജ്ഞാപിക്കുകയോ അഭ്യര്‍ഥിക്കുകയോ ചെയ്യുക

  • ലൈംഗിക പരാമര്‍ശങ്ങള്‍

  • അശ്ലീലം കാണിക്കുക

  • ലൈംഗിക സ്വഭാവമുള്ള വാക്കുകള്‍ ആംഗ്യങ്ങള്‍, സ്പര്‍ശനങ്ങള്‍ എന്നിവകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍.

ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് ശേഷം പരാതിക്കാരെ സ്വാധീനിക്കുന്നതും കുറ്റകരമാണ്. ലൈംഗിക പീഡനത്തിന് തുല്യമായ അത്തരത്തിലുള്ള അഞ്ച് സാഹചര്യങ്ങള്‍ കൂടി PoSH ആക്ടില്‍ പരാമര്‍ശിക്കുന്നു

  • ജോലിയില്‍ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് മോശമായ രീതിയില്‍ സമീപിക്കുക

  • മോശമായി പെരുമാറുമെന്ന നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണി

  • പരാതിക്കാരിയുടെ നിലവിലുള്ളതോ അല്ലെങ്കില്‍ ഭാവിയിലെ ജോലി സാഹചര്യങ്ങളെക്കുറിച്ചോ പറഞ്ഞ് ഭീഷണിപ്പെടുത്തുക

  • ജോലിയില്‍ ഇടപെടുകയോ പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്യുക

  • പരാതിക്കാരിയുടെ ആരോഗ്യത്തെയോ സുരക്ഷയെയോ ബാധിക്കുന്ന തരത്തിലുള്ള അപമാനകരമായ പെരുമാറ്റം

പരാതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍

  • ലൈംഗിക അതിക്രമം നടന്നാല്‍ പരാതിയുമായി ഐസിസിസിയെ സമീപിക്കാവുന്നതാണ്. ആക്രമിക്കപ്പെട്ട ആള്‍ക്ക് പരാതി നല്‍കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ ഐസിസി അംഗം അവരെ രേഖാമൂലം പരാതി സമര്‍പ്പിക്കാന്‍ സഹായിക്കണം. ലൈംഗിക അതിക്രമത്തില്‍ ഐസിസിക്ക് പരാതി ലഭിക്കാതെ തന്നെ നേരിട്ട് നടപടി എടുക്കാം.

  • അതിക്രമം നേരിട്ടയാള്‍ മരിക്കുകയോ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുകയോ ചെയ്യുകയാണെങ്കില്‍ അവരുടെ നിയമപരമായ അവകാശിക്ക് പരാതി നല്‍കാം

  • സംഭവം മടന്ന് മൂന്ന് മാസത്തിനുള്ളില്‍ പരാതി നല്‍കണം. നിശ്ചിത കാലയളവിനുള്ളില്‍ സ്ത്രീക്ക് പരാതി നല്‍കാന്‍ കഴിയാതെ വന്നാല്‍ സാഹചര്യം മനസിലാക്കി ഐസിസിക്ക് സമയപരിധി കൂട്ടാന്‍ കഴിയും.

  • ഐസിസി അന്വേഷണത്തിന് മുന്‍പായി ആക്രമിക്കപ്പെട്ട സ്ത്രീക്ക് സമ്മതമെങ്കില്‍ അവരും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളും തമ്മിലുള്ള പ്രശ്‌നം അനുരഞ്ജനത്തിലൂടെ പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളാം. എന്നാല്‍ സാമ്പത്തികമായ ഒത്തുതീര്‍പ്പ് പാടില്ലെന്നും വ്യവസ്ഥയുണ്ട്.

  • ഐസിസിക്ക് വേണമെങ്കില്‍ പരാതി നേരിട്ട് പോലീസിന് കൈമാറാം. അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കാം. വിചാരണ ചെയ്യാനും രേഖകള്‍ പരിശോധിക്കാനും ഹാജരാകാന്‍ ആവശ്യപ്പെടാനും ഐസിസിക്ക് സിവില്‍ കോടതിക്ക് സമാനമായ അധികാരങ്ങളുണ്ട്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഐസിസി അവരുടെ അന്വേഷണ റിപ്പോര്‍ട്ട് തൊഴിലുടമയ്ക്കും നല്‍കണം. കൂടാതെ ഇരുകക്ഷികള്‍ക്കും ലഭ്യമാക്കണം.

  • സ്ത്രീയുടെ ഐഡന്റിറ്റി, ആരോപണവിധേയൻ, സാക്ഷി, അന്വേഷണം, ശുപാര്‍ശ, സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ പാടില്ല.

വിചാരണ ചെയ്യാനും രേഖകള്‍ പരിശോധിക്കാനും ഹാജരാകാന്‍ ആവശ്യപ്പെടാനും ഐസിസിക്ക് സിവില്‍ കോടതിക്ക് സമാനമായ അധികാരങ്ങളുണ്ട്

ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം എന്ത് ?

ലൈംഗികപീഡന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ കമ്പനിയുടെ തൊഴില്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ച് നടപടിയെടുക്കാന്‍ ഐസിസി തൊഴിലുടമയോട് ശുപാര്‍ശ ചെയ്യും. കമ്പനികള്‍ക്കനുസരിച്ച് ഇത് വ്യത്യാസപ്പെടാം. ആക്രമിക്കപ്പെട്ട സ്ത്രീയോ പ്രതിയോ ഈ നടപടിയില്‍ തൃപ്തരല്ലെങ്കില്‍ അവര്‍ക്ക് 90 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കാം.

എന്നാല്‍, നിയമത്തിലെ 14ാം വകുപ്പ് പ്രകാരം പരാതി വ്യാജമോ ദുരുദ്ദേശപരമോ ആണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാം. പക്ഷേ പരാതി തെളിയിക്കുന്നതിനോ മതിയായ തെളിവ് ഹാജരാക്കുന്നതിനോ പരാജയപ്പെട്ടതിന്റെ പേരില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് നിയമം വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in