''താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു''; പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞ ബ്രെന്റണ്‍ ഫ്രേസര്‍

സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥയിലെ നായകൻ

''എനിക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും"- 95-ാമത് ഓസ്‌കര്‍ വേദിയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ബ്രെന്റണ്‍ ഫ്രേസറിന്റെ വാക്കുകളാണിത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് കൂപ്പ് കുത്തി വീണ ഹോളിവുഡ് താരത്തിന്റെ തിരിച്ച് വരവിന്റെ മാറ്റ് കൂട്ടിയ പുരസ്കാരമായിരുന്നു ഓസ്കർ. അതുകൊണ്ട് തന്നെ ഈ വാക്കുകൾ ഉച്ചരിക്കാൻ ബ്രെന്റണ്‍ ഫ്രേസറിനോളം യോഗ്യരായവർ അധികം ഉണ്ടാവില്ല.

ഒരു കാലത്ത് ഹോളിവുഡിന് മാത്രമല്ല, ലോക സിനിമയ്ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു ബ്രെന്റൺ. സ്വര്‍ണ തലമുടിയും നീല കണ്ണുകളും വടിവൊത്ത ശരീരവുമായി കൗമാരക്കാരുടെ മനസിനെ പിടികൂടിയ സുന്ദരനായ ചെറുപ്പക്കാരന്‍. 1990കളിലെ ഹോളിവുഡ് സിനിമാലോകം ബ്രെന്റണ്‍ ഫ്രേസറിന്റേതായിരുന്നു.

1992ല്‍ 'സ്‌കൂള്‍ ടൈസ്' എന്ന സിനിമയിലൂടെയായിരുന്നു ബ്രെന്റണ്‍ ജനശ്രദ്ധനേടിയത്. തുടര്‍ന്ന് പല സിനിമകളിലും ബ്രെന്റണ്‍ സഹവേഷത്തിലെത്തി. 1994ല്‍ പുറത്തിറങ്ങിയ 'എയര്‍ ഹെഡ്‌സ്' എന്ന കോമഡി മ്യൂസിക്കല്‍ സിനിമയിലൂടെ ബ്രെന്റണ്‍ ഫ്രേസര്‍ ഹോളിവുഡിലെ താരമൂല്യമുള്ള നടനായി മാറി. പതിയെ ഹോളിവുഡ് ബ്രെന്റണിന്റേതായി മാറുകയായിരുന്നു.

1997 ബ്രെന്റണിന്റെ കരിയറിലെ തന്നെ നാഴിക കല്ലായ വർഷമായിരുന്നു. ആ വര്‍ഷം പുറത്തിറങ്ങിയ 'സ്റ്റില്‍ ബ്രീത്തിങ്' എന്ന റൊമാന്റിക് കോമഡി ചിത്രം ബ്രെന്റണിന്റെ താരപദവി ഹോളിവുഡില്‍ ഊട്ടി ഉറപ്പിച്ചു. ഒരു നായക സങ്കല്‍പ്പത്തിന് വേണ്ടതായ എല്ലാ ഗുണങ്ങളും ബ്രെന്റണിനുണ്ടായിരുന്നു. മെയ് വഴക്കം കൊണ്ടും സൗന്ദര്യം കൊണ്ടും അനായാസമായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവുകൊണ്ടും ബ്രെന്റണ്‍ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറി. 97ല്‍ തന്നെ റിലീസ് ചെയ്ത ജോര്‍ജ് ഓഫ് ദി ജംഗിള്‍ സൂപ്പര്‍ ഹിറ്റായതോടെ ഹോളിവുഡിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളുടെ നായകനാകാനുള്ള അവസരവും അദ്ദേഹത്തെ തേടിയെത്തി.

ഹോളിവുഡിലെ ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മാതാക്കളായ യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സ് എന്ന സിനിമ നിര്‍മാണ കമ്പനി ബ്രെന്റണിനെ 'ദി മമ്മി' സിനിമകളുടെ നായകനാക്കുന്നു. മമ്മി ലോകമെമ്പാടും കോടികള്‍ വാരികൂട്ടി. കൊച്ചു കുട്ടികള്‍ക്ക് പോലും ബ്രെന്റണ്‍ സുപരിചിതനായി മാറി. പക്ഷേ, ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്ന് പ്രശ്‌സതിയുടെ നെറുകയിലെത്തിയ സൂപ്പര്‍താരത്തിന്റെ സിനിമ ജീവിതം പൊടുന്നനെ താഴേയ്ക്ക് വീഴുകയായിരുന്നു. സിനിമകള്‍ കുറഞ്ഞുതുടങ്ങി.

2008ൽ പുറത്തിറങ്ങിയ ബ്രെന്റണ്‍ ഫ്രേസറിന്റെ 'ദി മമ്മി: ടോംബ് ഓഫ് ദി ട്രാഗണ്‍ എംപയറിന്' തീയറ്ററില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ 'ഫ്യൂറി വെഞ്ചന്‍സും' തീയറ്ററില്‍ പരാജയമായി. പിന്നെ കേൾക്കുന്നത് സ്‌കൈ-ഫൈ ചിത്രമായ 'ജേര്‍ണി ടു ദി സെന്റര്‍ ഓഫ് ദി എര്‍ത്തിന്റെ' രണ്ടാംഭാഗത്തില്‍ നിന്നും ബ്രെന്റണിനെ ഒഴിവാക്കിയെന്നാണ്.

ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പദവി സിനിമ ജീവിതത്തെ മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിച്ചിരുന്നു. വര്‍ഷങ്ങളോളം സിനിമയില്‍ ചെയ്തുവന്ന സംഘട്ടന രംഗങ്ങള്‍ എല്ലുകള്‍ക്ക് തേയ്മാനവും ക്ഷതവും ഉണ്ടാക്കി. ലാമിനക്ടമി ഉള്‍പ്പെടെയുള്ള സര്‍ജറികള്‍ അദ്ദേഹത്തെ സിനിമയില്‍ നിന്നും വിട്ട്നില്‍ക്കുന്നതിലേയ്ക്ക് നയിച്ചു.

ഏതാണ്ട് ഈ സമയം തന്നെ യഥാര്‍ഥ ജീവിതത്തിലും ബ്രെന്റണിന് തിരിച്ചടികള്‍ നേരിടേണ്ടി വന്നു. ഭാര്യ ആഫ്റ്റണ്‍ സ്മിത്തുമായുള്ള വേര്‍പിരിയലും അമ്മയുടെമരണവും എല്ലാം അദ്ദേഹത്തിന്റെ മാനസികാവസ്ഥയെയും ഏറെ ബാധിച്ചു. ഹോളിവുഡ്ഡിന്റെ സൂപ്പര്‍താരം പിന്നീട് സിനിമകളിലെ കൊച്ചു വേഷങ്ങളിലേയ്ക്കായി ചുരുങ്ങി. 2013ല്‍ അദ്ദേഹം അഭിനയത്തില്‍ നിന്നും പൂര്‍ണമായി പിന്മാറി.

2018ല്‍ അഭിനയത്തിലേക്ക് തിരിച്ച് വന്ന ബ്രെന്റണിന്റെ വെളിപ്പെടുത്തല്‍ ഹോളിവുഡിനെ തന്നെ ഞെട്ടിച്ചു. "താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു" വെന്നായിരുന്നു അത്. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെ മുറിവേല്‍പിച്ച ആ നിമിഷത്തെ കുറിച്ച് അദ്ദേഹം വാചാലനായത്. 2003ല്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് ഗോള്‍ഡന്‍ ഗ്ലോബ്ര പുരസ്‌കാരത്തിന്റെ സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്റെ അന്നത്തെ പ്രസിഡന്റ്, ഫിലിപ് ബെര്‍ക്ക്, ലൈംഗികമായി ആക്രമിച്ചു എന്നായിരുന്നു ബ്രെന്റണിന്റെ വെളിപ്പെടുത്തല്‍.

'എനിക്ക് വളരെബുദ്ധിമുട്ട് തോന്നി, ഞാന്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നി പോയി. തൊണ്ടയില്‍ എന്തോ തങ്ങി നില്‍ക്കുന്നത് പോലെ, ഞാന്‍ കരയാന്‍ പോകുന്നു എന്നാണ് എനിക്ക് തോന്നിയത്. എന്റെ മനസില്‍ എന്നില്‍ നിന്ന് എന്തോ എടുത്തുകൊണ്ടു പോയത് പോലെയായിരുന്നു' അഭിമുഖത്തിലെ ബ്രെന്റണിന്റെ വാക്കുകളാണിത്.

ബെര്‍ക്ക് ആരോപണങ്ങളെ തള്ളിയെങ്കിലും പ്രേക്ഷകര്‍ അത് വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. ലൈംഗിക ചൂഷണവും അമ്മയുടെ മരണവും ഭാര്യയുമായുള്ള വിവാഹ മോചനവും ബ്രെന്റണിനെ വിഷാദത്തിലേയ്ക്ക് നയിച്ചു. പരാജയങ്ങളുടെ യഥാര്‍ഥ തുടക്കം അവിടെ നിന്നായിരുന്നു. മാനസികമായും ശാരീരികമായും സംഘര്‍ഷങ്ങള്‍ പലതും നേരിടേണ്ടി വന്നെങ്കിലും തിരിച്ച് വരാന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചു. അതിന് വേണ്ടി പരിശ്രമിച്ചു.

2019ല്‍ ബ്രെന്റണ്‍ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ച് വന്നു. തന്റെ ജീവിത കഥമറച്ചു വയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ആരാധകരുമായുള്ള സംസാരിക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.

2021ല്‍ ഡൂം പെട്രോള്‍ എന്ന ഡി സി സീരിസാണ് ബ്രെന്റണിന്റെ തിരിച്ചുവരവിന് മാറ്റം സൃഷ്ടിച്ചത്. ഒരു ആക്ഷന്‍ കോമഡി താരമായി മാത്രം വിലയിരുത്തപ്പെട്ട ബ്രെന്റണ്‍ ഫ്രേസറിനുള്ളിലെ അഭിനയിതാവിനെ പുറത്തുകൊണ്ട് വരാന്‍ സീരിസിനായി. ജൂലിയ ഫോക്‌സിനോടൊപ്പമുള്ള ''നോ സഡന്‍ മൂവ്' എന്ന ത്രില്ലര്‍ ചിത്രം ബ്രെന്റണിനെ വീണ്ടും പ്രശസ്തിയിലെത്തിച്ചു.

രണ്ടാം വരവ് വെറുതയാക്കാന്‍ ബ്രെന്റണ്‍ ആഗ്രഹിച്ചിരുന്നില്ല. ആ വരവ് വെറുതയുമായില്ല. ഇതുവരെ ഹോളിവുഡിനുണ്ടായിരുന്ന ബ്രെന്റണ്‍ സങ്കല്‍പ്പത്തെ തന്നെ പൊളിച്ചെഴുതി 'ദ വെയിൽസ്ന്ന' എന്ന സിനിമയിലെ പ്രകടനത്തിന് ഓസ്‌കറും സ്വന്തമാക്കി നില്‍ക്കുകയാണ് അദ്ദേഹം. ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും തിരിച്ച് വരണമെന്ന് നമ്മൾ ആഗ്രഹിച്ചാല്‍ മറ്റൊന്നിനും നമ്മെ തടയാന്‍ സാധിക്കില്ല എന്നതാണ് ബ്രെന്റണ്‍ ഫ്രേസര്‍ ജീവിതം കൊണ്ട് കാണിച്ച് തരുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in