എന്താണ് ഏകീകൃത സിവില്‍ കോഡ്?

എന്താണ് ഏകീകൃത സിവില്‍ കോഡ്?

ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുസസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാം

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ഏകീകൃത സിവില്‍ കോഡ് സജീവ ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ രാഷ്ട്രീയമായ സ്വാധീനം സൃഷ്ടിക്കാവുന്ന നീക്കമാണ് ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന വിഷയത്തില്‍ ബിജെപിയെ പിന്തുണച്ച് രംഗത്തെത്തി.

ഗോവ മാത്രമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചത്. ഇതിന് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളും ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

2019 ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് കൂടിയായിരുന്നു ഏകീകൃത സിവില്‍ കോഡ്.

ഏകീകൃത സിവില്‍ കോഡ് എന്താണ് അര്‍ത്ഥമാക്കുന്നത്?

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമം ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥ ചെയ്യുന്നു.

ഭരണഘടനയുടെ 44-ാം അനുച്ഛേദം അനുസസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാം. ഭരണഘടനയുടെ നാലാം ഭാഗത്തില്‍ വിവരിച്ചിരിക്കുന്ന സംസ്ഥാന നയങ്ങളുടെ നിര്‍ദേശക തത്വങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 44. ആര്‍ട്ടിക്കിള്‍ 37 അനുസരിച്ചുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും ഇവ നടപ്പിലാക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം കടമയാണെന്ന് വ്യക്തമാക്കുന്നു.

മൗലികാവകാശങ്ങളും നിര്‍ദേശകതത്ത്വങ്ങളും തമ്മിലുള്ള ബന്ധം എന്താണ്?

ജനാധിപത്യരാജ്യത്തില്‍ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് ഒഴിവാക്കാന്‍ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങള്‍ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുച്ഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ, ഈ മൗലികാവകാശങ്ങള്‍ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിനില്ലെന്ന് ഭരണഘടയില്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ഭരണഘടനയുടെ ഹൃദയഭാഗമെന്നാണ് മൗലികാവകാശങ്ങളെ വിശേഷിപ്പിക്കുന്നത്. ഇവ ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍ പൗരന് കോടതിയെ സമീപിക്കാന്‍ സാധിക്കും.

1980 ല്‍ മിനര്‍വ മില്‍സ് കേസില്‍ സുപ്രീംകോടതി പുറത്തിറക്കിയ വിധി ന്യായത്തില്‍ പറയുന്നത് പ്രകാരം മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ അടിത്തറയിലാണ് ഇന്ത്യന്‍ ഭരണഘടന സ്ഥാപിച്ചിരിക്കുന്നത്. ഒന്നിനുപുറകെ മറ്റൊന്നിന് സമ്പൂര്‍ണ പ്രാധാന്യം നല്‍കുന്നത് ഭരണഘടനയുടെ സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഒന്നായി അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 31-സി അനുസരിച്ച് ഏതെങ്കിലും നിര്‍ദേശ തത്ത്വങ്ങള്‍ നടപ്പിലാക്കാന്‍ ഒരു നിയമമുണ്ടാക്കിയാല്‍, ആര്‍ട്ടിക്കിള്‍ 14, 19 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിന്റെ പേരില്‍ അതിനെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ.

നിലവില്‍ രാജ്യത്തെ വ്യക്തിനിയമങ്ങളില്‍ 'ഏകരൂപം' ഇല്ലേ?

നിലവില്‍ രാജ്യത്തുള്ള മിക്ക സിവില്‍ നിയമങ്ങള്‍ക്കും ഏകീകൃത സ്വഭാവമാണുള്ളത്. കരാര്‍ നിയമം, സിവില്‍ പ്രൊസീജ്യര്‍ കോഡ്, ചരക്ക് വില്‍പന നിയമം, സ്വത്ത് കൈമാറ്റ നിയമം, പങ്കാളിത്ത നിയമം, മുതലായവ ഇതിന് ഉദാഹരണമാണ്. ഇതില്‍ തന്നെ പല നിയമ വ്യവസ്ഥകളിലും ചില സംസ്ഥാനങ്ങള്‍ ഭേദഗതികളും വരുത്തിയിട്ടുണ്ട്. രാജ്യത്തെ മത, സിവില്‍ നിയമങ്ങളില്‍ അടക്കം ഈ വ്യത്യാസം കാണാന്‍ സാധിക്കും.

ഇന്ത്യയിലെ മത നിയമങ്ങള്‍ നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. രാജ്യത്തെ വ്യത്യസ്ത ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ പോലും നിയമ വ്യവസ്ഥകള്‍ക്ക് മാറ്റമുണ്ട്. സമാനമായി ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലെ നിയമങ്ങള്‍ക്കിടയിലും നിരവധി വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ 200-ലധികം ഗോത്രങ്ങള്‍ക്കിടയില്‍ അവരുടേതായ വ്യത്യസ്തമായ ആചാര നിയമങ്ങള്‍ നിലനില്‍ക്കുന്നു. ഭരണഘടയില്‍ നാഗാലാന്‍ഡ് , മേഘാലയ, മിസോറാം സംസ്ഥാനങ്ങളിലെ മത വിഭാഗങ്ങള്‍ക്കും ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്.

എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു

രാജ്യത്തെ ഒന്നിപ്പിക്കുന്ന നിയമ നിര്‍മാണം എന്ന നിലയിലാണ് ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ഈ നിയമം എന്ന് പ്രതികൂലിക്കുന്നവരും വാദിക്കുന്നു. ചില രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെ ഏകീകൃത സിവില്‍ കോഡിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in