സവർക്കർ യഥാർഥത്തിൽ ഇടത് തീവ്രവാദിയായിരുന്നോ?

സവര്‍ക്കറിനെ വീരനാക്കിയതും, ഇന്ത്യ ചരിത്രത്തിലെ മഹാനായ പുത്രനാക്കിയതും ഹിന്ദുത്വമാണ്

ഹിന്ദുത്വത്തിന്റെ ആചാര്യനും നരേന്ദ്ര മോദി ഇന്ത്യയുടെ വീര പുത്രനായി വിലിയിരുത്തുന്ന ആളുമായ വി ഡി സവര്‍ക്കര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ ആര്‍ എസ് എസ്സുകാരല്ല അദ്ദേഹത്തെ വിശുദ്ധനാക്കിയത്. മറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ പ്രസ്താവനയാണ്. സവര്‍ക്കര്‍ തുടക്കത്തില്‍ തീവ്ര ഇടതുപക്ഷക്കാരനായിരുന്നുവെന്നാണ് സിപിഎം നേതാവ് പറയുന്നത്. യഥാര്‍ഥത്തില്‍ സവര്‍ക്കറിന് ഒരു ഇടതുപക്ഷ ഭൂതകാലമുണ്ടോ?

എന്തിനാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ അയാള്‍ക്ക് ഒരു ഇടതുപക്ഷ തീവ്രവാദിയുടെ പരിവേഷം നല്‍കുന്നത്

സവര്‍ക്കറിനെ വീരനാക്കിയതും ഇന്ത്യാ ചരിത്രത്തിലെ മഹാനായ പുത്രനാക്കിയതും ഹിന്ദുത്വമാണ്. അതിന് കാരണമുണ്ട്. ഇന്ത്യ യഥാർഥത്തില്‍ രണ്ട് രാജ്യമാണെന്നും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും രണ്ട് രാജ്യം വേണമെന്നും മുഹമ്മദ് അലി ജിന്നയെക്കാള്‍ മുൻപ് പറഞ്ഞയാളാണ് സവര്‍ക്കര്‍. അതുകൊണ്ട് വിഭാഗീയമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്നവര്‍ക്ക് സവര്‍ക്കര്‍ പ്രിയപ്പെട്ടവനാണ്. അവര്‍ അദ്ദേഹത്തെ വീരനെന്ന് വിളിക്കും. പക്ഷെ വസ്തുതകള്‍ ഇല്ലാതാകില്ല. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞതുകൊണ്ട് സവര്‍ക്കറിനെ തീവ്രമോ അത്ര തീവ്രതയില്ലാത്തതോ ആയ ഇടതുപക്ഷവുമാക്കാന്‍ കഴിയില്ല

സത്യമാണ് സവര്‍ക്കര്‍ ജയിലില്‍ പോയിരുന്നു. അത് അദ്ദേഹം തീവ്ര ഇടതുപക്ഷക്കാരനായതുകൊണ്ടായിരുന്നില്ല. അയാള്‍ക്ക് തീവ്രവാദ സ്വഭാവമുണ്ടായിരുന്നു. അതിനര്‍ഥം അയാള്‍ ഇടതുപക്ഷക്കാരനോ മാര്‍ക്‌സിസ്‌റ്റോ ആയിരുന്നുവെന്നല്ല. പിന്നെ എന്തിനാണ് അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

സവർക്കർ യഥാർഥത്തിൽ ഇടത് തീവ്രവാദിയായിരുന്നോ?
ഗാന്ധി വധ ഗൂഢാലോചന കേസില്‍നിന്ന് വി ഡി സവര്‍ക്കര്‍ രക്ഷപ്പെട്ടതെങ്ങനെ?

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നത് വസ്തുതയാണ്. അതായത് അയാൾ ഹിന്ദുത്വം എന്ന ആശയം രൂപപ്പെടുത്തുന്നതിന് മുൻപ്. അന്ന് അയാള്‍ നിരീശ്വരവാദിയുമായിരുന്നു. ഇന്ത്യയുടെ മോചനത്തിന് ആയുധമെടുത്തുള്ള മുന്നേറ്റം ആവശ്യമാണെന്നായിരുന്നു അയാളുടെ അക്കാലത്തെ നിലപാട്. ഈ ചിന്തയുമായി നടക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. അഭിനവ് ഭാരത് സൊസൈറ്റി യിലെ പ്രവര്‍ത്തകന് നാസിക് കലക്ടര്‍ എഎംടി ജാക്‌സനെ കൊലപ്പെടുത്താന്‍ ആയുധം നല്‍കിയെന്നായിരുന്നു കേസ്. ഇതുള്‍പ്പെടെ മൂന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസുണ്ടായിരുന്നു. ഇത് ഇയാളുടെ ദേശീയതാ ബോധത്തിന്റെ ഉദാഹരണമായാണ് ശിഷ്യന്മാരായ സംഘ്പരിവാറുകാര്‍ പറയുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊണ്ട കാലത്തും അയാള്‍ താന്‍ തന്നെ ആസൂത്രണം ചെയ്യുന്ന കാര്യങ്ങളില്‍ നേരിട്ടിടപെടാതെ മാറി നില്‍ക്കുകയും മറ്റുള്ളവരെ മുന്നിൽ നിർത്തിയുമായിരുന്നു പ്രവർത്തിച്ചുപോന്നത്. അതുതന്നെയാണ് പിന്നീട് ഗാന്ധി വധത്തിലും സംഭവിച്ചതെന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്. ഗാന്ധി വധത്തില്‍ ആറാം പ്രതിയായെങ്കിലും തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് സവര്‍ക്കര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് കപുര്‍ കമ്മീഷന്‍ ഗാന്ധി വധത്തില്‍ സവർക്കർ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഗോഡ്‌സെയെയും കൂട്ടരെയും ആണ് അന്ന് അയാള്‍ മുന്നില്‍ നിര്‍ത്തിയത്.

അതായാത് ഗൂഢാലോചനയായിരുന്നു സവര്‍ക്കറിന്റെ മെയിന്‍ പരിപാടി. നാസിക്ക് കലക്ടറെ കൊലപെടുത്താനും പിന്നില്‍ നിന്ന് ഗൂഢാലോചന നടത്തി. പിന്നീട് പിടിക്കപ്പെട്ടു. അതോടെ അയാളുടെ ബ്രീട്ടീഷ് വിരുദ്ധതയും ഇല്ലാതായി. ബ്രീട്ടീഷ് രാജ്ഞിക്ക് വേണ്ടി എല്ലാ കാലവും പ്രവര്‍ത്തിച്ചോളാം എന്ന് നിരന്തരം മാപ്പപേക്ഷ എഴുതി. ഒടുവില്‍ ജയില്‍മോചിതനായി. ബ്രിട്ടീഷുകാര്‍ക്ക് വാക്കുകൊടുത്തതുപോലെ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രത്യയശാസ്ത്ര പദ്ധതിയുണ്ടാക്കി. അങ്ങനെ സംഘ്പരിവാറിന്റെ ആചാര്യപുരുഷനുമായി.

പക്ഷെ പിന്നെ എന്തിനാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ അയാള്‍ക്ക് ഒരു ഇടതുപക്ഷ തീവ്രവാദിയുടെ പരിവേഷം നല്‍കുന്നത്. അറിയില്ല. പണ്ട് മുഹമ്മദലി അന്തരിച്ചപ്പോള്‍ കേരളത്തിലെ ഏതോ ഫുട്‌ബോള്‍ താരമാണെന്ന് തെറ്റിദ്ധരിച്ചതുപോലെ സവര്‍ക്കറിനെകുറിച്ചും ഇ പി ജയരാജന് തെറ്റിദ്ധാരണ ഉണ്ടായതാകും. പക്ഷെ ചരിത്രം വളച്ചൊടിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്തുനിന്നും തെറ്റിദ്ധരിപ്പിക്കലുകള്‍ ഉണ്ടാകുന്നത് ചരിത്രപരമായ മണ്ടത്തരമാണ്. അതിന് വലിയ വില ചിലപ്പോള്‍ കൊടുക്കേണ്ടി വരും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in