കൂട്ടപിരിച്ചുവിടൽ; ടെക് ഭീമൻമാർക്ക് എന്താണ് സംഭവിക്കുന്നത്?

കൂട്ടപിരിച്ചുവിടൽ; ടെക് ഭീമൻമാർക്ക് എന്താണ് സംഭവിക്കുന്നത്?

ടെക് ഭീമൻമാർക്ക് എന്താണ് സംഭവിക്കുന്നത്?

ഗൂഗിൾ, ട്വിറ്റർ, മെറ്റ, ആമസോൺ തുടങ്ങി ടെക് ഭീമൻമാർ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു.ലോകമെമ്പാടുമുളള 91 ടെക് കമ്പനികള്‍ 2023 ജനുവരിയില്‍ 24,151 ജീവനക്കാരെയാണ് പിരിച്ചുവിട്ടത് . ടെക് മേഖലയില്‍ നിന്നും 2023ല്‍ പ്രതിദിനം 1600 പേർ പുറത്താക്കപെടുമെന്നാണ് കണക്കാക്കുന്നത്.

ഗൂഗിൾ

ടെക് ഭീമൻ ഗൂഗിൾ 12000 ജീവനക്കരെയാണ് പിരിച്ചുവിട്ടത്. കമ്പനിയുടെ വളർച്ച മന്ദഗതിയിയിലായതിനാൽ കൈക്കൊള്ളേണ്ട തീരുമാനായിരുന്നു പിരിച്ചുവിടലെന്ന് സിഇഒ സുന്ദർ പിച്ചൈ വിശദീകരിച്ചു.

മൈക്രോസോഫ്റ്റ്

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിലും പിരിച്ചുവിടൽ ആരംഭിച്ചു. പതിനായിരത്തിലധികം ജീവനെക്കാരെയാണ് പിരിച്ചുവിട്ടത്.

ആമസോൺ

അമേരിക്കയിലെ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന ദിവസമായ ബ്ലാക്ക് ഫ്രൈഡേയ്ക്ക് തൊട്ട് മുൻപാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ പ്രഖ്യാപനം നടത്തിയത്.

കോവിഡ് സമയത്ത് ആരംഭിച്ച വേർച്വൽ ഷോപ്പിംഗ് പ്ലാറ്റഫോമായ ആമസോൺ എക്സ്പ്ലോർ അടച്ചുപൂട്ടുകയും ചെയ്തു.

മെറ്റ

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയുടെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടല്‍നടക്കുന്നു. 11,000 ജീവനക്കാരെയാണ് മെറ്റ പുറത്താക്കുന്നത്.

കോവിഡിന് ശേഷം കമ്പനിയുടെ വളർച്ച പ്രതീക്ഷിച്ച രീതിയിൽ ഉയർത്താൻ കഴിഞ്ഞില്ലെന്നു സിഇഒ മാർക്ക്‌ സക്കർബർഗും വ്യക്തമാക്കി.

ഓൺലൈൻ വാണിജ്യം മുൻകാല ട്രെൻഡുകളിലേക്ക് തിരിച്ചെത്താത്തത് മാത്രമല്ല, മാക്രോ ഇക്കണോമിക് രംഗത്തെ മാന്ദ്യം, വർദ്ധിച്ച മത്സരം, പരസ്യ വരുമാനത്തിലെ നഷ്ടം എന്നിവ വരുമാനം പ്രതീക്ഷിച്ചതിലും കുറയാൻ കാരണമായെന്നും സക്കര്‍ ബര്‍ഗ് ചൂണ്ടിക്കാട്ടി.

ട്വിറ്റർ

മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം സിഇഒ പരാഗ് അഗർവാളിനെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു . തുടർന്ന് ലോകത്താകമാനം എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 3700 ജീവനക്കാരെയും പിരിച്ചുവിട്ടു. വൈകാതെ തന്നെ ട്വിറ്റര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ആപ്പിൾ

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇനി കൂടുതൽ ആളുകളെ എടുക്കേണ്ട എന്നാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നത്.

സ്നാപ്പ്

സ്നാപ്പ് ചാറ്റിന്റെ മാതൃകമ്പനിയായ സ്നാപ്പ്. കഴിഞ്ഞ വർഷം 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 6,400 ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത്.

വരുമാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് സിഇഒ ഇവാൻ സ്പീഗൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ, ബൈജൂസ്, അൺഅകാദമി തുടങ്ങിയ കമ്പനികളും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട് 2500 ജീവനക്കാരെ പിരിച്ചുവിട്ട ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. ഇന്റൽ, ഷെയർ ചാറ്റ്, ക്രൈപ്റ്റോ. കോം, എച്ച്പി, അഡോബ് തുടങ്ങി നിരവധി ടെക് കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. എല്ലാ ടെക് കമ്പനികളും കൂട്ടാപിരിച്ചുവിടലിന് പറയുന്ന കാരണങ്ങൾ സമാനമാണ്.. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവ്‌ ചുരുക്കുന്നുവെന്നാണ് വിശദീകരണം.

ആഗോള ടെക് ഭീമൻമാർക്ക് എന്താണ് സംഭവിക്കുന്നത്?

കോവിഡ് കാലം മറ്റ് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചെങ്കിലും ടെക് മേഖലയ്ക്ക് അത് അനുഗ്രഹമായിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിംഗ് കുതിച്ചുയർന്നു. ഇന്റർനെറ്റ് ഉപയോഗം കൂടി. ഒടിടി പ്ലാറ്റ്ഫോമുകൾ ആളുകൾ ധാരാളമായി ഉപയോഗിച്ചു തുടങ്ങി.

അതോടെ ടെക് കമ്പനികളുടെ എണ്ണം വർധിച്ചു. വലിയ കമ്പനികൾ കൂടുതൽ ജീവനക്കാരെ നിയമിച്ചു. എന്നാൽ ലോക്ക് ഡൗൺ അവസാനിച്ചതോടെ കാര്യങ്ങൾ പഴയപടിയായി. ഇത് കമ്പനികൾക്ക് വലിയ തിരിച്ചടിയാണ് നൽകിയത്.

ഓൺലൈൻ ഇടപാടുകൾ കുറഞ്ഞതോടെ അധികമായി നിയമിച്ച ജീവനക്കാർ കമ്പനികൾക്ക് ബാധ്യതയായി മാറി. ഉപയോക്തക്കൾ ഓൺലൈൻ ഇടപാടുകളിലേക്ക് മാറിയതിനാൽ ഉപയോക്ത വർധന നിലനിൽക്കുമെന്ന കമ്പനികളുടെ കണക്കുകൂട്ടലും പിഴച്ചു.

2023ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത്..

കോവിഡ് വന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ കൂടി ആയപ്പോൾ സമ്പദ് വ്യവസ്ഥ മൊത്തത്തിൽ തകർന്നു. സ്ഥിതി മെച്ചപ്പെട്ടു വന്നപ്പോഴാണ് റഷ്യ യുക്രയ്ൻ യുദ്ധം ആരംഭിക്കുകയും സമ്പദ് വ്യവസ്ഥ കൂടുതൽ തിരിച്ചടികൾ നേരിടുകയും ചെയ്തത്.

ലോകം സാമ്പത്തികം മാന്ദ്യ ഭീഷണി നേരിടുന്നതും ടെക് ഭീമൻമാർക്ക് വലിയ തിരിച്ചടിയായി. ഭാവിയിലെ മാന്ദ്യം ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

പണപ്പെരുപ്പം, ബാങ്ക് നയങ്ങൾ, നിക്ഷേപകരിൽ നിന്നുള്ള സമ്മർദ്ദം, ചെലവ് ചുരുക്കൽ ഇവയൊക്കെയാണ് കൂട്ട പിരിച്ചുവിടലിനു പിന്നിലെ മറ്റ് കാരണങ്ങൾ.

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയും കോവിഡാനന്തരം പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ കുത്തനെ ഉണ്ടായ ഇടിവുമാണ് ഭൂരിഭാഗം കമ്പനികളെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്.

2022ന്റെ അവസാനത്തോടെ ഏകദേശം 80,000ത്തോളം ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 17,000 ജീവനക്കാര്‍ ഇന്ത്യക്കാരാണ്.

ലോകം മാന്ദ്യ ഭീഷണി നേരിടുകയും ടെക് കമ്പനികളിലെ സമ്പത്തിക പ്രതിസന്ധി നിലനിൽക്കുകയും ചെയ്യുന്നതിനാൽ പിരിച്ചുവിടലുകള്‍ ഇനിയും തുടരുമെന്നാണ് കണക്കുകൂട്ടല്‍

logo
The Fourth
www.thefourthnews.in